This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ കുന്നപ്പള്ളി, ഫാദര്‍ (1905 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ കുന്നപ്പള്ളി, ഫാദര്‍ (1905 - )

വ്യാകരണ പണ്ഡിതനും ഗ്രന്ഥകാരനുമായ വൈദികന്‍. 1905 മാ. 1-ന് ചിറക്കടവ് കുന്നപ്പള്ളി കുടുംബത്തില്‍ ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് പുത്തന്‍പള്ളി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1929-ല്‍ വൈദികനായി. 1934-ല്‍ വിദ്വാന്‍പരീക്ഷ പാസ്സായി. ക്രൈസ്തവ ദൈവശാസ്ത്രത്തിലും സംസ്കൃത വ്യാകരണസിദ്ധാന്തത്തിലും അഗാധപാണ്ഡിത്യം നേടിയ ഇദ്ദേഹം 1932 മുതല്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു.

1965-ല്‍ പ്രസിദ്ധീകരിച്ച വ്യാകരണസാഹ്യവും 1972-ല്‍ പ്രസിദ്ധീകരിച്ച പ്രക്രിയാഭാഷ്യവും ഇദ്ദേഹത്തെ മലയാളത്തിലെ അപൂര്‍വം വൈയാകരണന്മാരില്‍ ഒരാളാക്കിത്തീര്‍ത്തു. 'സംസ്കൃതവ്യാകരണത്തില്‍ നിന്നു മലയാളത്തിന് ആവശ്യമായ ഭാഗങ്ങള്‍ തനി മലയാളത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥമാണ് വ്യാകരണസാഹ്യം. അതേ ഗ്രന്ഥത്തെ, അതിലെ നിയമങ്ങള്‍ക്കാധാരമായ പാണിനീയ സൂത്രങ്ങളോടെ പുനഃസൃഷ്ടി നടത്തിയതാണ് പ്രക്രിയാഭാഷ്യം. പാണിനീയ സൂത്രങ്ങളുടെ സഹായം കൂടാതെ സംസ്കൃത വ്യാകരണം പഠിക്കുവാനും ആവശ്യമെങ്കില്‍ സൂത്രങ്ങള്‍ നോക്കുവാനും സൗകര്യമുണ്ടാകത്തക്ക തരത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിട്ടുള്ളത്. പാണിനിയുടെ വിധികളെ അന്ധമായി പിന്തുടരാതെ സാമാന്യയുക്തിക്കു പ്രാധാന്യം നല്കിക്കൊണ്ട് വിധികള്‍ നിര്‍ദേശിക്കുകയും ഉദാഹരണങ്ങള്‍ നല്കി വിവരിക്കുകയും ചെയ്തിട്ടുള്ള ഈ ഗ്രന്ഥം ഒരു പ്രൗഢവ്യാകരണ കൃതിയെന്ന അംഗീകാരം നേടിയിട്ടുണ്ട്.

ശബ്ദസൗഭഗം, സംസ്കൃത ധാതുരൂപാവലി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു വ്യാകരണഗ്രന്ഥങ്ങള്‍. ആവിഷ്കൃത സത്യങ്ങളും ആധുനിക ചിന്താഗതിയും, ഫാദര്‍ സക്കറിയാസ്, കുട്ടികള്‍ക്കു വിശുദ്ധരാകണോ എന്നീ കൃതികളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച ലേഖനസമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവ കന്യകാമാതാവ്, കമ്യൂണിസ്, പുരാതനശാസ്ത്രവും ആധുനികവിശ്വാസവും, നീതിയും സ്നേഹവും (12 ഭാഗങ്ങള്‍) എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍