This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല

യു.എസ്സിലെ ഒരു സ്വകാര്യസര്‍വകലാശാല. മെരിലാന്‍ഡ് സ്റ്റേറ്റിലെ ബാള്‍ട്ടിമോറില്‍ സ്ഥിതി ചെയ്യുന്ന ഈ സര്‍വകലാശാല 1876-ല്‍ ഡാനിയല്‍ കോയിറ്റ് ഗില്‍മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മെരിലാന്‍ഡ് സ്വദേശിയായ ജോണ്‍സ് ഹോപ്കിന്‍സ് എന്ന ഒരു വ്യാപാരിയുടെ ഒസ്യത്തില്‍ നീക്കിവച്ചിരുന്ന ഏഴു ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സ്ഥാപിച്ചത്. തത്ത്വശാസ്ത്ര വിഭാഗമാണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്.

1889-ല്‍ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയും 1893 ഒക്റ്റോബറില്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഒഫ് മെഡിസിനും പ്രവര്‍ത്തനമാരംഭിച്ചു. പൊതുകാര്യങ്ങളില്‍ തത്പരരായ ചില സ്ത്രീകള്‍ സംഭാവന ചെയ്ത 5,00,000 ഡോളര്‍ ഉപയോഗിച്ചാണ് സ്കൂള്‍ ഒഫ് മെഡിസിന്‍ ആരംഭിച്ചത്. സര്‍വകലാശാലാ പ്രവേശനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്കണം എന്ന ഉപാധിയോടുകൂടിയാണ് ഇവര്‍ സംഭാവന നല്കിയത്.

1912-ല്‍ സ്കൂള്‍ ഒഫ് എന്‍ജിനീയറിങ് സ്ഥാപിക്കപ്പെട്ടു. ആരംഭത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് കെമിക്കല്‍ എന്‍ജിനീയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, സാനിറ്ററി എന്‍ജിനീയറിങ് എന്നിവയും ആരംഭിച്ചു.

1918-ല്‍ സ്കൂള്‍ ഒഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂള്‍ സ്ഥാപിക്കുവാന്‍ റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്‍ ധനസഹായം നല്കിയിരുന്നു. പൊതുജനാരോഗ്യ സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്കുക എന്നതാണ് ഈ സ്കൂളിന്റെ ലക്ഷ്യം. ബാള്‍ട്ടിമോര്‍ നഗരത്തിന്റെ കിഴക്ക് ഭാഗത്തായി, സ്കൂള്‍ ഒഫ് മെഡിസിന്റെയും ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയുടെയും സമീപത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

1947-ല്‍ മാക്കോയ് കോളജ് സ്ഥാപിതമായി. പാര്‍ട്ട്-ടൈം അടിസ്ഥാനത്തില്‍ അധ്യയനം നടക്കുന്ന ഒരു സ്ഥാപനമാണ് ഇത്. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ്, ബിസിനസ്-എഡ്യൂക്കേഷന്‍, എന്‍ജിനീയറിങ് എന്നീ നാലു വിഭാഗങ്ങളാണ് ഇവിടെയുള്ളത്. ബാള്‍ട്ടിമോര്‍ നഗരത്തിന്റെ ഉത്തര-മധ്യഭാഗത്തുള്ള ഹോംവുഡ് കാമ്പസിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

1950-ല്‍ സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ലയിപ്പിച്ചു. ഈ സ്കൂളിന്റെ പ്രധാന കേന്ദ്രം വാഷിങ്ടണ്‍ ഡി.സി.യിലാണ്. ഒരു ശാഖ ഇറ്റലിയിലെ ബൊളോഞ്ഞയിലും പ്രവര്‍ത്തിക്കുന്നു.

ആയോധന സംബന്ധിയായ ഗവേഷണത്തിനു പ്രാധാന്യം നല്കുന്ന ഹോവാര്‍ഡ് കൗണ്‍ടിയിലുള്ള അപ്ളൈഡ് ഫിസിക്സ് ലബോറട്ടറിയും ചെവിചേസിലുള്ള ഓപ്പറേഷന്‍സ് റിസര്‍ച്ച് ആഫീസും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയോടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളാണ്.

സര്‍വകലാശാലയുടെ ഭാഗമായി ജോണ്‍സ് ഹോപ്കിന്‍സ് പ്രസും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വകലാശാലയുടെ പ്രധാന പ്രസിദ്ധീകരണങ്ങളായ ദ ജോണ്‍സ് ഹോപ്കിന്‍സ് മാഗസിന്‍, ബുള്ളറ്റിന്‍ ഒഫ് ദ ഹിസ്റ്ററി ഒഫ് മെഡിസിന്‍, ഹ്യൂമന്‍ ഫാക്റ്റേര്‍സ്, അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് ഫിലോളജി, അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് മാത്തമാറ്റിക്സ്, അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് എപിഡമോളജി, ബുള്ളറ്റിന്‍ ഒഫ് ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റല്‍ എന്നിവ ഇവിടെനിന്നാണ് പ്രസിദ്ധീകരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍