This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍ ക്ലാരന്‍സ്, എല്‍. (1910 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍ ക്ലാരന്‍സ്, എല്‍. (1910 - )

Johnson Clarance. L

എല്‍. ജോണ്‍സണ്‍ ക്ലാരന്‍സ്

അമേരിക്കന്‍ ഏറോനോട്ടിക്കല്‍ എന്‍ജിനീയര്‍. 1910 ഫെ. 27-ന് മിഷിഗനില്‍ ജനിച്ചു. മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്നും ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.എസ്. (1933) ബിരുദം നേടിയശേഷം ലോക്ഹീഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനില്‍ ടൂള്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് ചീഫ് എന്‍ജിനീയര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വരെ അലങ്കരിച്ചു. 1975-ല്‍ ലോക്ഹീഡില്‍ നിന്നും വിരമിച്ചുവെങ്കിലും ലോക്ഹീഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും സീനിയര്‍ അഡ്വൈസറായും തുടര്‍ന്നും സേവനമനുഷ്ഠിച്ചു. ഇംഗ്ലണ്ടിനും യു.എസിനുംവേണ്ടി നിര്‍മിച്ച 44 യുദ്ധവിമാനങ്ങളുടെ രൂപകല്പന നിര്‍വഹിച്ചതും ഈ സാങ്കേതിക ഉപയോഗിച്ച് അജീന-ഡി (Agena-D) എന്ന ഉപഗ്രഹം നിര്‍മിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഫ്ളൈറ്റ് ടെസ്റ്റ് എന്‍ജിനീയര്‍ എന്ന നിലയില്‍ ഇദ്ദേഹം 2300 മണിക്കൂര്‍ വിമാനം പറപ്പിച്ചിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എറോനോട്ടിക്കല്‍ സയന്‍സസിന്റെ ലോറന്‍സ് സ്പെറി അവാര്‍ഡ് (1937), സില്‍വാനസ് ആല്‍ബര്‍ട്ട് റീഡ് അവാര്‍ഡ് (1956, 66), നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ് (1960), പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണ്‍ സമ്മാനിച്ച മെഡല്‍ ഒഫ് ഫ്രീഡം (1964) നാഷണല്‍ അക്കാദമി ഒഫ് എന്‍ജിനീയറിങ്ങിന്റെ ആറാം വാര്‍ഷിക ഫൗണ്ടേഷന്‍ മെഡല്‍ (1971), എയര്‍ഫോഴ്സ് എക്സെപ്ഷണല്‍ സര്‍വീസ് അവാര്‍ഡ് (1974), റൈറ്റ് ബ്രദേഴ്സ് മെമ്മോറിയല്‍ അവാര്‍ഡ് (1975) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഒഫ് എന്‍ജിനീയറിങ്, നാഷണല്‍ അക്കാദമി ഒഫ് സയന്‍സ് എന്നീ സമിതികളിലെ അംഗ(1965)വും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എറോനോട്ടിക്സ് ആന്‍ഡ് അസ്ട്രോനോട്ടിക്സ്, റോയല്‍ ഏറോനോട്ടിക്കല്‍ സൊസൈറ്റി എന്നിവയിലെ ഫെലോയുമായിരുന്നു ജോണ്‍സണ്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍