This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, സാമുവല്‍ (1709 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, സാമുവല്‍ (1709 - 84)

Johnson, Samuel

സാമുവല്‍ ജോണ്‍സണ്‍

ഇംഗ്ലീഷ് ഗദ്യകാരനും കവിയും നിഘണ്ടുകാരനും. ഇംഗ്ലണ്ടിലെ ലിച്ഫീല്‍ഡില്‍ പുസ്തക വ്യാപാരിയായിരുന്ന മൈക്കിള്‍ ജോണ്‍സണിന്റെ പുത്രനായി 1709 സെപ്. 18-നു ജനിച്ചു. ലിച്ഫീല്‍ഡ് ഗ്രാമര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിതാവിന്റെ പുസ്തകശാലയിലെ അനേകം ഗ്രന്ഥങ്ങള്‍ ചെറുപ്രായത്തില്‍ത്തന്നെ വായിക്കുന്നതില്‍ താത്പര്യം കാട്ടി. 1728-ല്‍ ഓക്സ്ഫഡിലേക്കു പോയെങ്കിലും ഹ്രസ്വമായ ഒരു കാലയളവു മാത്രമേ അവിടെ കഴിഞ്ഞുള്ളു. ഇദ്ദേഹത്തിന്റെ ഗണനീയമായ സംഭാവനകളുടെ പേരില്‍ ഡബ്ളിന്‍ സര്‍വകലാശാല (1765)യും ഓക്സ്ഫഡ് സര്‍വകലാശാല(1775)യും നല്കിയ ഓണററി ബിരുദങ്ങളുടെ പേരിലാണ് ഡോക്ടര്‍ ജോണ്‍സണ്‍ എന്നറിയപ്പെട്ടു തുടങ്ങിയത്.

സ്കൂള്‍ അധ്യാപകനാകാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലിച്ഫീല്‍ഡില്‍ ജോണ്‍സണ്‍ സ്വന്തമായി ഒരു സ്കൂള്‍ ആരംഭിച്ചു. ഇതിലും വിജയം കണ്ടെത്താനായില്ല. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥികളില്‍ ഒരാളായ ഡേവിഡ് ഗാര്‍ലിക്കിനെയും കൂട്ടി 1737-ല്‍ ലണ്ടനിലേക്കു പോയി (പില്ക്കാലത്ത് പ്രശസ്തനായ നടനായിത്തീര്‍ന്നു ഗാര്‍ലിക്). ഇക്കാലത്ത് ജോണ്‍സണ്‍ ജെന്റില്‍മാന്‍സ് മാഗസിനു വേണ്ടി ജോലിചെയ്തു. ലണ്ടനിലേക്കു പോകുന്നതിനുമുമ്പ് ലിച്ഫീല്‍ഡിലുള്ള മിസിസ് എലിസെബത്ത് (റ്റെറ്റി) പോര്‍ട്ടര്‍ എന്ന വിധവയെ വിവാഹം കഴിച്ചു. ഇദ്ദേഹത്തെക്കാള്‍ വളരെ പ്രായക്കൂടുതല്‍ ഉണ്ടായിരുന്ന മിസിസ് പോര്‍ട്ടര്‍ക്ക് പ്രായപൂര്‍ത്തിയായ മക്കളുമുണ്ടായിരുന്നു. പ്രശസ്തി ജോണ്‍സനെ തേടിയെത്തുന്നതിനു തൊട്ടുമുമ്പ് റ്റെറ്റി അന്തരിച്ചു (1752).

മുന്നൂറു പവന്റെ ഒരു വാര്‍ഷിക പെന്‍ഷന്‍ ഗവണ്‍മെന്റു ഏര്‍പ്പെടുത്തിയതോടെ (1762) ജോണ്‍സണിന്റെ സാമ്പത്തിക ഞെരുക്കത്തിന് അറുതിവന്നു. ജോണ്‍സണ്‍ ഇതിനിടയിലാണ് ജെയിംസ് ബോസ്വെലിനെ (1763)യും മിസിസ് ഗെസ്റ്റര്‍ ത്രെയിലിനെയും (1765) കണ്ടുമുട്ടിയത്. ഈ സൗഹൃദങ്ങള്‍ ജോണ്‍സണിന്റെ ജീവിതസാഹാഹ്നത്തിനു ലാഘവമേറ്റി. ജോണ്‍സണിന്റെ വ്യക്തിപ്രഭാവവും സാഹിത്യസംഭാവനകളും കാരണം അദ്ദേഹത്തിന്റെ പ്രശസ്തിയും ജനസമ്മതിയും അടിക്കടി വര്‍ധിച്ചുവന്നു. 'സാഹിത്യത്തിന്റെ ഖാന്‍ ബഹദൂര്‍' എന്നര്‍ഥമുള്ള 'ദ ഗ്രെയ്റ്റ് കം ഒഫ് ലിറ്ററെച്ചര്‍' എന്ന നാമധേയത്തില്‍ ജോണ്‍സണ്‍ അറിയപ്പെട്ടുതുടങ്ങി. ലണ്ടനിലെത്തുന്നതിനു മുമ്പുതന്നെ ജോണ്‍സണ്‍ കാവ്യദുരന്തനാടകമായ ഐറീന്‍ (Irene) രചിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം സാഹിത്യവൃത്തങ്ങളില്‍ പ്രശസ്തനാകുന്നതുവരെയും അത് അരങ്ങിലോ അച്ചുകൂടത്തിലോ എത്തിയിരുന്നില്ല. ഫാദര്‍ ജെറോണിമോ ലോബോയുടെ വോയെജ് റ്റു അബിസീനിയയുടെ ഫ്രഞ്ച് പാഠാന്തരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ജോണ്‍സണ്‍ 1735-ല്‍ പ്രസിദ്ധീകരിച്ചു. ജെന്റില്‍മാന്‍സ് മാഗസിനിലാണ് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്സ് ഒഫ് ദ സെനറ്റ് ഒഫ് ലിലിപുട്ട് പ്രസിദ്ധീകൃതമായത്. ജൂവനേലിയന്‍ സറ്റയര്‍ രൂപത്തിലുള്ള ലണ്ടന്‍ (1738) എന്ന നീണ്ട കവിതയാണ് ജനശ്രദ്ധ നേടിയ ആദ്യരചന. ഇതേ മട്ടില്‍ ദ വാനിറ്റി ഒഫ് ഹ്യൂമന്‍ വിഷസ് എന്ന മറ്റൊരു കൃതികൂടി ജോണ്‍സണ്‍ രചിച്ചു. നിഘണ്ടുനിര്‍മാണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എട്ടുവര്‍ഷത്തെ ശ്രമഫലമായി (1747-55) തയ്യാറാക്കപ്പെട്ട എ ഡിക്ഷ്ണറി ഒഫ് ദ ഇംഗ്ലീഷ് ലാങ്ഗ്വേജ്. പണ്ഡിതോചിതമെങ്കിലും നിഘണ്ടുകാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ നിഴലാട്ടങ്ങള്‍ ഇതില്‍ക്കാണാം. മറ്റു രചനകളിലെന്നപോലെ ഹിസ്റ്ററി ഒഫ് റാസെലസ്, ദ പ്രിന്‍സ് ഒഫ് അബിസീനിയ (1759) എന്ന നോവലിലും ധാര്‍മികോപദേശപരമായ രചനാരീതി തുടരുന്നു. 1765-ല്‍ ഇദ്ദേഹം ഷേക്സ്പിയര്‍ നാടകങ്ങളുടെ ഒരു പതിപ്പ് പ്രസിദ്ധീകരിച്ചു. വിശ്വമഹാകവിയുടെ മഹത്വം വിശകലനം ചെയ്യുന്ന ഇതിലെ ആമുഖം വിഖ്യാതമാണ്. ബോസ്വെലിനോടൊപ്പം നടത്തിയ സഞ്ചാരങ്ങളുടെ വിവരണമാണ് ജേര്‍ണി റ്റു ദ വെസ്റ്റേണ്‍ ഐലന്‍ഡ്സ് ഒഫ് സ്കോട്ട്ലന്‍ഡ് (1775). ഈ യാത്രകളെ ബോസ്വെല്‍ എങ്ങനെ വീക്ഷിച്ചു എന്നത് അദ്ദേഹത്തിന്റെ ജേര്‍ണല്‍ ഒഫ് എ റ്റൂര്‍ റ്റു ദ ഹീബ്രിഡീസ് (1785) എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ലൈവ്സ് ഒഫ് ദി ഇംഗ്ലീഷ് പോയറ്റ്സിന്റെ (1779-81) രചന 1775-ല്‍ ആരംഭിച്ചു. ജീവചരിത്രപരവും നിരൂപണപരവുമായ രീതിയില്‍ ചോസര്‍ മുതല്‍ എബ്രഹാം കൌലി വരെയുള്ള 52 കവികളെയാണ് ജോണ്‍സണ്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്വന്തം കവിതകളെയും ഇതില്‍ വിലയിരുത്തുന്നുണ്ട്. സ്വകാര്യവൃത്തങ്ങളില്‍പ്പെട്ടവര്‍ക്ക് രസകരമായും ശ്രോതാവിന് മാനസിക പ്രബുദ്ധതയുണ്ടാക്കുന്ന തരത്തിലും വ്യക്തികളെയും വസ്തുതകളെയും വിശദീകരിക്കുന്നതില്‍ അസാമാന്യപാടവം പ്രദര്‍ശിപ്പിച്ചിരുന്ന സംഭാഷണ ചതുരനായിരുന്നു ഡോ. ജോണ്‍സണ്‍. 'ലിറ്റററി ക്ലബ്ബി'ന്റെ സ്ഥാപകാംഗങ്ങളില്‍ (1764) ഒരാളായിരുന്നു ഇദ്ദേഹം. വിവിധ അവസരങ്ങളിലായി അവിടെവച്ചു നടത്തിയ സംഭാഷണങ്ങള്‍ സമകാലികര്‍ക്കിടയില്‍ സാഹിത്യരംഗത്തെ അതികായന്‍ എന്ന പ്രശസ്തി നേടിയെടുക്കാന്‍ സഹായകമായി. ജീവിതത്തിലെ അവസാന നാളുകള്‍ സന്തോഷപ്രദമായിരുന്നില്ല. സുഹൃത്തായിരുന്ന മിസിസ് റത്രയ്ല്‍ ഇറ്റാലിയന്‍ ഗായകനായ ഗബ്രിയേല്‍ പിയോസ്സിയെ വിവാഹം ചെയ്തത് ഒരു കാരണമായിരുന്നു. ഏതാണ്ട് അഞ്ചുമാസം കഴിഞ്ഞ് 1784 ഡി. 13-ന് ഡോ. ജോണ്‍സണ്‍ ലണ്ടനില്‍ അന്തരിച്ചു. ജയിംസ് ബോസ്വെല്‍ രചിച്ച ലൈഫ് ഒഫ് ജോണ്‍സണ്‍ (1791) ഏറെ പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍