This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൊഹാന്നെസ്ബര്‍ഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൊഹാന്നെസ്ബര്‍ഗ്

Johnannesburg

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരവും ഗൗട്ടെങ് പ്രവിശ്യയുടെ തലസ്ഥാനവും. ദക്ഷിണാഫ്രിക്കയുടെ 'സാമ്പത്തിക ഹൃദയം' എന്നാണ് ഈ നഗരം വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്വര്‍ണഖനന മേഖലയായതിനാല്‍ ഇതിന് 'സുവര്‍ണനഗരം' എന്നും പേരുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വര്‍ണഖനികള്‍ കൊണ്ടു പേരുകേട്ട വിറ്റ്വാട്ടേഴ്സ്സ്റാന്‍ഡ്(റാന്‍ഡ്) മലനിരയുടെ തെക്കന്‍ ചരുവിലാണ് ഈ നഗരം പടുത്തുയര്‍ത്തിയിട്ടുള്ളത്. 1886-ല്‍ വിറ്റ്വാട്ടേഴ്സ്റാന്‍ഡില്‍ സ്വര്‍ണം കണ്ടെത്തിയതോടെ അവിടെ ഒരു ഗ്രാമം സ്ഥാപിതമായി. ബ്രിട്ടനിലെ വജ്ര രാജാവായ സെസില്‍ റോഡ്സ് ഇതേ വര്‍ഷം ഇവിടെ കണ്‍സോളിഡേറ്റഡ് ഗോള്‍ഡ് ഫീല്‍ഡ്സ് ലിമിറ്റഡ് എന്ന ഖനനസ്ഥാപനം സ്ഥാപിച്ചു. സ്വര്‍ണഖനനത്തില്‍ അഭൂതപൂര്‍വമായ വികസനം ദൃശ്യമായതോടെ മനുഷ്യാധിവാസം വിസ്മയകരമായ തോതില്‍ വളര്‍ന്നു. 20-ാം ശതകത്തിന്റെ തുടക്കത്തില്‍ ഇവിടത്തെ ജനസംഖ്യ ഒരു ലക്ഷം കവിഞ്ഞു. 1991-ലെ സെന്‍സസ് അനുസരിച്ച് ഇവിടത്തെ ജനസംഖ്യ 19,16,063 ആണ്.

ജൊഹാന്നെസ്ബര്‍ഗ്

ലിംപോപോ, വാള്‍ നദീവ്യൂഹങ്ങളുടെ മധ്യത്തുള്ള പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന ജൊഹാന്നെസ് ബര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 1750 മീ. ഉയരത്തിലാണ്. പ്രസന്നമായ കാലാവസ്ഥയാണിവിടെ. ശരാശരി താപനില 15.5°C. പ്രതിവര്‍ഷം 750 മി.മീ. മഴ ലഭിക്കുന്നു. എലോഫ് തെരുവിനു ചുറ്റുമുള്ള പ്രദേശമാണ് പ്രധാന വാണിജ്യവിനോദ കേന്ദ്രം. നഗരത്തില്‍ പബ്ലിക് ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, മ്യൂസിയങ്ങള്‍, തിയറ്റര്‍ എന്നിവയുണ്ട്. നഗരത്തിന്റെ വടക്കുഭാഗത്താണ് കാഴ്ചബംഗ്ലാവ്. അന്താരാഷ്ട്ര പ്രശസ്തിയുള്ള വാനനിരീക്ഷണശാല നഗരത്തിന്റെ കിഴക്കുഭാഗത്താണ്. കായിക കലാവിനോദങ്ങള്‍ക്കു ധാരാളം സൗകര്യമിവിടെയുണ്ട്.

ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള യൂണിവേഴ്സിറ്റി ഒഫ് ദ വിറ്റ് വാട്ടേഴ്സ്റാന്‍ഡ്, ആഫ്രിക്കാന്‍സ് ഭാഷ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള റാനിഡ് ആഫ്രിക്കാന്‍സ് യൂണിവേഴ്സിറ്റി, ഖനന എന്‍ജിനീയറിങ്ങില്‍ വിദഗ്ധ പരിശീലനം നല്കുന്ന വിറ്റ്വാട്ടേഴ്സ്റാന്‍ഡ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍, സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച് എന്നിവയുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൊഹാന്നെസ്ബര്‍ഗില്‍ സ്ഥിതിചെയ്യുന്നു.

ഇവിടത്തെ ജനങ്ങളില്‍ 32 ശ.മാ. വെള്ളക്കാരാണ്. ഇവര്‍ ഇംഗ്ലീഷ്, ആഫ്രിക്കാന്‍സ് ഭാഷകള്‍ സംസാരിക്കുന്നു. 59 ശ.മാ. വരുന്ന കറുത്ത വര്‍ഗക്കാര്‍ സുളു, ഹോസ, ത്സ്വനാ, പേഡി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു. കറുത്തവര്‍ഗക്കാരില്‍ നല്ലൊരു ശതമാനത്തിന് ആഫ്രിക്കാന്‍സിനു പുറമെ ഇംഗ്ലീഷും കൈകാര്യം ചെയ്യാനാകും.

മധ്യജൊഹാന്നെസ്ബര്‍ഗിന് 25 കി.മീ. തെ. പടിഞ്ഞാറായുള്ള സോവെറ്റോയിലാണ് കറുത്ത വര്‍ഗക്കാര്‍ കൂടുതലായുള്ളത്. ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്നു.

1940-കള്‍ക്കുശേഷം സ്വര്‍ണഖനന കേന്ദ്രം റാന്‍ഡിന്റെ പടിഞ്ഞാറേയറ്റത്തുള്ള ക്ളെര്‍ക്സ് ഡോര്‍പിലേക്കു മാറ്റിയെങ്കിലും വന്‍കിട വ്യവസായങ്ങളുടെ വികസനംമൂലം ജൊഹാന്നെസ് ബര്‍ഗിന്റെ വളര്‍ച്ചയ്ക്ക് ഇടിവുണ്ടായിട്ടില്ല. ലോഹസംസ്കരണം, ഭക്ഷ്യസംരക്ഷണം, യന്ത്രനിര്‍മാണം എന്നിവയ്ക്കു പുറമെ വൈദ്യുതോപകരണങ്ങള്‍, രാസപദാര്‍ഥങ്ങള്‍, തുണി, അച്ചടിയന്ത്രം തുടങ്ങിയ വ്യവസായങ്ങള്‍ ഇവിടെ വന്‍തോതില്‍ നടക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ സമ്പന്നര്‍ വസിക്കുന്ന പ്രദേശമെന്ന ഖ്യാതിയും ജൊഹാന്നസ്ബര്‍ഗിനുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖബാങ്കുകളുടെയും വന്‍കിട വ്യാപാര വാണിജ്യസ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളും മുഖ്യ കാര്യാലയങ്ങളും ഇവിടെയാണ്. രാഷ്ട്രത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവും സൗത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ആസ്ഥാനവും ഇവിടെയാണ്. വിവിധ ഭാഷകളിലുള്ള ദിനപത്രങ്ങളും, ആനുകാലികങ്ങളും ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്നു. പുസ്തക പ്രസിദ്ധീകരണ വ്യവസായം ഇവിടെ വന്‍തോതില്‍ നടക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഗതാഗത ശൃംഖലയുടെ കേന്ദ്രം ജൊഹാന്നസ്ബര്‍ഗാണ്. നഗരത്തിനു പുറത്തുള്ള സ്മട്ട്സ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഡര്‍ബന്‍, കേപ്ടൌണ്‍ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളോടൊപ്പം പ്രാധാന്യമുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഖനനം, വ്യവസായങ്ങള്‍, വാര്‍ത്താവിനിമയം, വാണിജ്യം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയുടെ കേന്ദ്രബിന്ദുവായ ജൊഹാന്നെസ്ബര്‍ഗിന് ദക്ഷിണാഫ്രിക്കയിലെ മുഖ്യവിപണി എന്ന സ്ഥാനമുണ്ട്. കാലുഷ്യമാര്‍ന്ന വര്‍ണവിവേചനമാണ് ഈ സുവര്‍ണ നഗരത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ശാപം. ജനങ്ങളെ സത്യഗ്രഹത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി മഹാത്മാഗാന്ധിയെ ജയിലിലടച്ചത് ജൊഹാന്നെസ്ബര്‍ഗിലായിരുന്നു (1908 ജനു.). മഹാത്മജിയുടെ ആദ്യത്തെ ജയില്‍വാസവും ഇതുതന്നെയാണ്. വെള്ളക്കാരുടെ അപ്പാര്‍ത്തൈഡ് പരിപാടിക്കെതിരെ കറുത്തവര്‍ഗക്കാര്‍ ജൊഹാന്നെസ്ബര്‍ഗില്‍ നടത്തിയ (1949 ജനു. 29) ലഹളയും തുടര്‍ന്ന് ഇരുപതിനായിരത്തോളം കറുത്തവര്‍ഗക്കാര്‍ ജൊഹാന്നെസ്ബര്‍ഗ് വളഞ്ഞതും (1960 മാ. 21) മറ്റും കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനു വഴിതെളിച്ച സംഭവങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍