This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവപിണ്ഡം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവപിണ്ഡം

Biomass

ഭൗമോപരിതലത്തിലെ ഒരു നിശ്ചിത വിസ്തീര്‍ണത്തില്‍ നിന്നു കിട്ടുന്ന ജൈവ വസ്തുക്കളുടെ പരിമാണം. വൃക്ഷങ്ങളുടെ കാതല്‍, കശേരുകികളുടെ മുടി, തൂവല്‍ തുടങ്ങിയ ജീവനില്ലാത്ത വസ്തുക്കളുടെ ഭാരവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ജലാംശം നീക്കം ചെയ്തശേഷമുള്ള ഭാരമായിട്ടാണ് സാധാരണയായി ജൈവപിണ്ഡം രേഖപ്പെടുത്താറുള്ളത്. ഇതിനെ ഒരു അവസ്ഥാചര(state variable)മായി കരുതാം. ആഹാരം കഴിക്കുമ്പോഴും ശ്വസിക്കുമ്പോഴും ജൈവപിണ്ഡത്തിനു വൃദ്ധിയും വിസര്‍ജിക്കുമ്പോഴും ഉച്ഛ്വസിക്കുമ്പോഴും അതിനു നാശവും സംഭവിക്കുന്നു. ഭൌമോപരിതലത്തിലെ സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെയുള്ള ജീവവ്യവസ്ഥ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചാണ് ജൈവപിണ്ഡം കണക്കാക്കേണ്ടത്. എന്നാല്‍ മണ്ണിലുള്ള സൂക്ഷ്മജീവികളുടെ ജൈവപിണ്ഡം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയ ഏതെങ്കിലും ഒരു മൂലകത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ജൈവപിണ്ഡം രേഖപ്പെടുത്താറുള്ളത്. ഏകകം (Unit) lm-2 . ജീവനുള്ളവയില്‍ നിന്നു പ്രത്യക്ഷമായോ പരോക്ഷമായോ കിട്ടുന്ന ഇന്ധനോര്‍ജത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ജൈവപിണ്ഡം എന്ന സംജ്ഞ സവിശേഷപ്രാധാന്യം കൈവരിക്കുന്നത്. തടി, വയ്ക്കോല്‍, ചാണകം തുടങ്ങിയവയില്‍ നിന്നു കിട്ടുന്ന ജൈവപിണ്ഡോര്‍ജമാണ് അവികസിത രാജ്യങ്ങളുടെ ഊര്‍ജവ്യവസ്ഥയുടെ അടിസ്ഥാനം. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ കരിമ്പില്‍ നിന്നു കിട്ടുന്ന ചാരായമുപയോഗിച്ചു വാഹനങ്ങളോടിക്കാനുള്ള ഇന്ധനമുണ്ടാക്കുന്നുണ്ട്. ചാണകത്തില്‍ നിന്നു കിട്ടുന്ന ഗോബര്‍ ഗ്യാസ് നല്ലൊരു പാചകവാതകമാണ്. ഇപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ധാരാളമായി ലഭ്യമായതുകൊണ്ടു ജൈവപിണ്ഡത്തില്‍ നിന്ന് ഊര്‍ജോത്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ഗവേഷണപ്രവര്‍ത്തനങ്ങളില്‍ കാര്യമായ മുന്നേറ്റമുണ്ടാകുന്നില്ല.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍