This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവഘടികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവഘടികാരം

Biological Clock

ജീവജാലങ്ങള്‍ക്കുള്ളിലെ സാങ്കല്പിക ഘടികാരം. ഒരു ജൈവതാള പ്രതിഭാസം.

മനുഷ്യന്‍ വ്യാപരിക്കുന്ന സമസ്തമണ്ഡലങ്ങളെയും സമയം എന്ന പ്രതിഭാസം ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ജൈവ ഘടികാരംപോലെ ഒന്ന് എല്ലാ ജീവജാലങ്ങളിലും ആന്തരികമായി സ്ഥിതിചെയ്യുന്നു. ചെടികളിലും ജന്തുക്കളിലും അണുജീവികളിലും മനുഷ്യരിലും അവയുടെയെല്ലാം ജീവപ്രക്രിയകളെ സ്വാധീനിച്ചു നിമിഷംപ്രതി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സാങ്കല്പിക ജൈവഘടികാരത്തെക്കുറിച്ച് ജീവശാസ്ത്രരംഗത്തു നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

എല്ലാ ജീവജാലങ്ങളെയും വിശേഷിച്ച് സസ്യങ്ങളെ, പ്രകാശവും അന്ധകാരവും താപവ്യതിയാനങ്ങളും സ്വാധീനിക്കുന്നു. ഇതു നിത്യേനയുള്ള പ്രകാശത്തിന്റെ വ്യതിയാനമോ, ഋതുക്കളിലുള്ള വ്യതിയാനമോ ആകാം. ജീവജാലങ്ങള്‍ ഈ വ്യതിയാനങ്ങളാകുന്ന പരിസ്ഥിതി മാറ്റത്തോട് അനുകൂലനം ചെയ്യുക പതിവാണ്. ഇതു ശരീരശാസ്ത്രപരവും ജൈവരാസപരവുമായ സ്വഭാവവിശേഷങ്ങളെ ബാധിക്കുകയും ചെയ്യുന്നു. താളാത്മകമായ ഒരു പ്രതിഭാസമാണിത്. ക്ലോക്കില്‍ സമയം തിരിച്ചറിയുന്നതുപോലെ, ഓരോ ജീവജാലത്തിനും സമയം തിരിച്ചറിയാന്‍ ആന്തരികമായ ഒരു സംവിധാന നിലവിലുണ്ട്. പൂവന്‍കോഴി സമയനിഷ്ഠയോടെ കൂവുന്നതും മഴക്കാറു പ്രത്യക്ഷമായാല്‍ മയില്‍ ചിറകുവിടര്‍ത്തി ആടുന്നതും പുളിമരത്തിന്റെ കൊച്ചു കൊച്ചു ഇലകള്‍ സന്ധ്യയായാല്‍ കൂനിക്കൂടി ഉറങ്ങുന്നതും ആയിരക്കണക്കിനു കിലോമീറ്റര്‍ ദൂരം താണ്ടി സൈബീരിയന്‍ കൊക്കുകള്‍ ഇന്ത്യയില്‍ ചേക്കേറുന്നതും ശൈത്യകാലമടുക്കുമ്പോള്‍ ചില ജീവികള്‍ ശിശിരനിദ്രയിലാണ്ടുപോകുന്നതുമെല്ലാം ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനംമൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

പക്ഷികള്‍ കൃത്യനിഷ്ഠയോടെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു പലായനം നടത്തുന്നതിന്റെ പിന്നില്‍ ജൈവ ഘടികാരത്തിന്റെ പ്രേരണ ഉണ്ടെന്നു ഗവേഷകന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആന്തരികമായ പ്രേരണയാണ് സ്ഥലംമാറിപ്പോകലിന്റെ പിന്നിലെ ശക്തിയായി അവര്‍ കരുതുന്നത്. പ്രവാസികളായ പക്ഷികളുടെ സഞ്ചാരപഥം നിര്‍ണയിക്കുന്നത് അവയുടെ ശ്രവണേന്ദ്രിയത്തിലെ വായു മര്‍ദവ്യതിയാനമാണെന്ന വാദവും ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷികളുടെ കുടിയേറ്റത്തില്‍ ഭൂഗോളത്തിന്റെ ഭ്രമണസ്വഭാവവും കാര്യമായ പങ്കുവഹിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷികളുടെ കണ്ണുകള്‍ക്ക് ചില പ്രത്യേക കാഴ്ചകള്‍ കാണാനും അവ മാര്‍ഗനിര്‍ദേശകമായി ഭവിക്കാനുമുള്ള സാധ്യതയും ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഏതായാലും യാത്രാവേളയില്‍ പക്ഷികളെ നിരവധി ബാഹ്യവും ആന്തരികവുമായ ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. പക്ഷികളുടെ ദേശാന്തരയാത്ര വീക്ഷിക്കുക, പഠിക്കുക തുടങ്ങിയവ ഇന്നു വളരെ ഗൗരവമുള്ള ശാസ്ത്രപ്രവര്‍ത്തനമായി തീര്‍ന്നിരിക്കുന്നു. നിരീക്ഷണത്തിനായി പ്രത്യേക അടയാളങ്ങള്‍, കാലില്‍ വളപോലെയിട്ടു പക്ഷികളെ പറക്കാന്‍ വിടുന്ന രീതിയും മറ്റുമുണ്ട്. ഇവയെ നിരീക്ഷിക്കാന്‍ ടെലസ്കോപ്പ്, ബൈനോക്കുലേഴ്സ്, റഡാര്‍ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കുന്നു. സൈബീരിയന്‍ കൊക്കുകള്‍ വര്‍ഷന്തോറും ഒക്ടോബറില്‍ മധ്യപ്രദേശിലെ ഭരത്പൂരില്‍ പറന്നെത്തുന്നതുപോലെ 'റിങ്ങ് ഗ്രേ വാഗ്ടൈല്‍' എന്ന പക്ഷി ഹിമാലയത്തില്‍ നിന്നു പറന്നു മുംബൈയിലെ ഒരു ചെറിയ പുല്‍പ്രദേശത്തു വന്നുചേരുന്നു. പക്ഷികളുടെ ആന്തരികമായ ജൈവതാളത്തിനൊപ്പിച്ചു നടക്കുന്ന ഈ സഞ്ചാരത്തെക്കുറിച്ച് പക്ഷിനിരീക്ഷകന്‍ ഡോ. സലിം അലി പഠനം നടത്തിയിരുന്നു.

എലികളും പാറ്റകളും മൂങ്ങകളും മറ്റും പകല്‍ സമയത്ത് ഒളിച്ചിരിക്കുന്നതും രാത്രി സമയത്തു കൂടുതല്‍ പ്രവര്‍ത്തന നിരതരാകുന്നതും പുതുമഴയില്‍ പ്രത്യക്ഷപ്പെടുന്ന തവളക്കുഞ്ഞുങ്ങള്‍ പരമ്പരാഗതമായി കൈവന്ന ഒരു സിദ്ധിപോലെ തലമുറകള്‍ എത്ര കഴിഞ്ഞാലും ഒരേ കുളം ലക്ഷ്യമാക്കി നീങ്ങുന്നതും കൃത്യനിഷ്ഠയുള്ള ആന്തരികചേതനയുടെ ഫലമായാണ്.

റിസ്റ്റ്വാച്ച് സമയം ബോധ്യപ്പെടുത്തിത്തരുന്ന രീതിയില്‍ത്തന്നെയാണ് തേനീച്ചകളെയും പൂമ്പാറ്റകളെയും വണ്ടുകളെയും മറ്റും ആന്തരികമായി പ്രവര്‍ത്തിക്കുന്ന സമയപ്രേരണ സ്വാധീനിക്കുന്നത്. യു.എസ്സിലും കാനഡയിലും കാണുന്ന സമയനിഷ്ഠയോടെയുള്ള ദേശാടനത്തിനു പേരുകേട്ട 'മൊണാര്‍ക്ക്' പൂമ്പാറ്റകള്‍ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്നതും ഭംഗിയാര്‍ന്ന ചിറകുകളുള്ളതുമാണ്. അമേരിക്കയുടെ ദക്ഷിണപ്രദേശം ലക്ഷ്യം വച്ചു സഞ്ചരിക്കുമ്പോള്‍ ഇവ രണ്ടു ചേരിയായി തിരിഞ്ഞ് അവിടങ്ങളില്‍ കാണുന്ന പ്രത്യേകതരം മരങ്ങളില്‍ പാര്‍ക്കുന്നു. തുടര്‍ന്നു വടക്കോട്ടുള്ള യാത്രയില്‍ പൂമ്പാറ്റകള്‍ സാന്‍ഫ്രാന്‍സായിലെ ഒരു കൊച്ചുവനത്തിലെ മരങ്ങളില്‍ ദീര്‍ഘകാലം കഴിച്ചുകൂട്ടുന്നു. മൊണാര്‍ക്ക് പൂമ്പാറ്റകള്‍ തപസ്സിരിക്കുന്ന ഈ മരങ്ങളെ 'പൂമ്പാറ്റാ വൃക്ഷങ്ങള്‍' എന്നാണ് പറയുന്നത്. മൊണാര്‍ക്കു പൂമ്പാറ്റകള്‍ക്കു പരമ്പരാഗതമായി കൈവന്ന ഈ സമയനിഷ്ഠ, ഓര്‍മശക്തി എന്നിവ അദ്ഭുതാവഹമാണ്. ആദ്യത്തെ പൂമ്പാറ്റകളുടെ പിന്മുറക്കാര്‍ മുറ തെറ്റാതെ ഈ സഞ്ചാരപഥം ഇന്നും തുടരുന്നു.

ഫിഡ്ലര്‍ ഞണ്ട്

സൂര്യപ്രകാശം നിലവിലില്ലാത്ത അവസ്ഥയില്‍ ഇലകള്‍ക്ക് ആകാശത്തിനഭിമുഖമായിരിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതിനാല്‍ അവ കൂനിക്കൂടുന്നു. പ്യൂപ്പയില്‍ നിന്നു പുറത്തുവരുന്ന ശലഭം സായംസന്ധ്യയ്ക്കു മാത്രം തോടു പൊട്ടിച്ചു വരുന്നത് ശക്തിയേറിയ പകല്‍വെളിച്ചം ഒഴിവാക്കാനാകണം. ഫിഡ്ലര്‍ എന്ന ഞണ്ട് തീവ്രമായ പകല്‍വെളിച്ചത്തില്‍ കറുത്ത നിറത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. രാത്രി രക്തത്തില്‍ മന്തുരോഗാണുക്കള്‍ കൂടുന്നതു രോഗപ്രചാരകരായ കൊതുകുകള്‍ക്കു വിജയപ്രദമായി രോഗം പരത്താന്‍ ഇടനല്കാനായിരിക്കും. വലിയൊരു വിഭാഗം കടല്‍ക്കളയില്‍ സ്ത്രീ-പുരുഷബീജങ്ങള്‍ നിരവധിയായി ഒരേസമയത്ത് ഉത്പാദിപ്പിക്കുന്നത് ബീജസങ്കലനത്തിനു സാധ്യത കൂട്ടാനാണെന്നു സൂക്ഷ്മപഠനം തെളിയിച്ചിട്ടുണ്ട്.

വിവിധതരം ജീവികളില്‍ മാത്രമല്ല മനുഷ്യരിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമയബന്ധിതമാണ്. മനുഷ്യശരീരം സ്വയം നിയന്ത്രിതവ്യവസ്ഥയുള്ള സങ്കീര്‍ണസ്വരൂപമാണ്. ഒരു അവയവത്തിന്റെ പ്രവര്‍ത്തനം എന്നു പറയുന്നത് നിരവധി ഉപാംഗങ്ങളുടെ ചാക്രികമായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണെന്നു പറയാം.

ഈ താളക്രമം ജൈവഘടികാരത്തിന്റെ നിയന്ത്രണത്തിലാണ്. ശരീരത്തില്‍ ജരാനരകള്‍ ബാധിക്കുന്നതും, ഔഷധസേവകൊണ്ടു രോഗം മാറുന്നതും ഈ താളാത്മകതയുടെ ഫലമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്വീഡിഷ് ശാസ്ത്രജ്ഞനായ വിലാന്‍ഡര്‍, അഗ്രാര്‍, ജോഴ്സ് എന്നിവര്‍ കരളിലെ ഗ്ലൈക്കോജന്‍ ചാക്രികമായി അതിന്റെ സാന്നിധ്യവും അസാന്നിധ്യവും പ്രകടമാക്കുന്നു എന്നു കണ്ടുപിടിച്ചു. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പിനു ചില പ്രത്യേക സമയങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇതിനു കാരണമായി അവര്‍ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു 24 മണിക്കൂര്‍ ക്ലോക്കിന്റെ വരുതിയിലാണെന്നതാണ്.

രക്തം, മൂത്രം, ആമാശയരസങ്ങള്‍ എന്നിവ ഒരു പ്രത്യേക സമയത്തു പരിശോധിക്കുന്നതിലും ചാക്രികമായി പ്രകടമാക്കുന്ന ശാരീരിക സ്വഭാവങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്. രക്തസമ്മര്‍ദത്തിനുള്ള ചികിത്സയും, മാനസികരോഗങ്ങളുടെ ഏറ്റക്കുറച്ചിലും നിര്‍ണയിക്കുന്നതിന് സമയത്തിനും ശരീരത്തിന്റെ ആന്തരികതാളത്തിനും സ്വാധീനമുണ്ടെന്നു തെളിഞ്ഞിരിക്കയാണ്. പൊതുവേ ഒരു സമയബന്ധിത-ചാക്രികമായ വ്യതിയാനം മനുഷ്യശരീരത്തില്‍ പ്രകടമാണ്. സ്വേദഗ്രന്ഥികളുടെയും ഉമിനീര്‍ഗ്രന്ഥികളുടെയും വൃക്കയുടെയും താളാത്മകമായ പ്രവര്‍ത്തനം, പേശികളുടെ നിഷ്ക്രിയാവസ്ഥ, കൃഷ്ണമണിയുടെ നിറവ്യത്യാസം, ചെന്നിക്കുത്ത്, അപസ്മാരം എന്നിവയുടെ പ്രഭാവം തുടങ്ങിയവയിയെല്ലാം ചാക്രികമായ ഏറ്റക്കുറച്ചിലുണ്ട്.

ആധുനികയുഗത്തില്‍ ജൈവഘടികാരത്തിന്റെ നിലനില്പിനെ വെല്ലുവിളിച്ചുകൊണ്ട് അപായകരമായി ജീവിക്കുകയാണ് ഇന്നത്തെ മനുഷ്യന്‍. പക്ഷേ അവനു നിത്യസംഭവങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ജൈവഘടികാര നിയന്ത്രണം അവഗണിക്കാന്‍ പറ്റുകയില്ല. മനുഷ്യശരീരം രാവിലെ 2 മണിമുതല്‍ 5 മണിവരെ വളരെ ദുര്‍ബലമായിരിക്കും. 8 മണി മുതല്‍ 12 മണിവരെ കായികമായ കരുത്തു ശരീരത്തില്‍ ഏറിയിരിക്കും. ഉച്ചയ്ക്കുശേഷം 2 മുതല്‍ 5 വരെ ശരീരത്തിനു കായികശേഷി കൂടുതലാണ്. ഇതു ശാരീരികമായ താളബന്ധിത പ്രക്രിയകളുടെ പ്രകടനമാണ്.

കൃഷിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ജൈവതാളത്തിന് ഏറിയ പ്രായോഗികതയുണ്ട്. മത്സ്യങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ പിന്നിലെ താളക്രമത്തിന്റെ രഹസ്യം അക്വേറിയങ്ങളുടെ പഠനത്തില്‍ നിന്ന് അറിയുകയും അതു മത്സ്യക്കൃഷിയില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവരുന്നു. ദിനദൈര്‍ഘ്യം കുറയുന്നത് രോമങ്ങളും തൂവലുകളും കൂടുതല്‍ വളരുന്നതിനു കാരണമാണ് എന്ന അറിവ് രോമവ്യവസായ പുരോഗതിക്കു മുതല്‍ക്കൂട്ടാണ്. ചെമ്മരിയാടുകളെ ഇരുട്ടു നിറഞ്ഞ ഷെഡ്ഡുകളില്‍ കൂടുതല്‍ നേരം നിര്‍ത്തിയാല്‍ രോമം കൂടുതല്‍ ഉത്പാദിപ്പിക്കാം എന്ന പ്രായോഗികജ്ഞാനം നാമ്പിട്ടത് ജൈവഘടികാരത്തില്‍ ഊന്നിക്കൊണ്ടാണ്. ചെടികള്‍ പുഷ്പിക്കുന്നതിന് ആവശ്യമായ പ്രകാശദൈര്‍ഘ്യത്തെക്കുറിച്ചറിഞ്ഞാല്‍ ഹരിതഭവനങ്ങളില്‍ പ്രകാശവും ഇരുട്ടും നിയന്ത്രിച്ച് ഏറ്റവും അനുകൂലമായ അവസ്ഥ സംജാതമാക്കാം. ഹ്രസ്വമായ പ്രകാശദിനമുള്ള വയലുകളില്‍ കൃത്രിമമായി പ്രകാശം നല്കി വിളവുകള്‍ കൂടുതല്‍ കൊയ്യാം. രക്തത്തിലെ കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, അഡ്രീനലിന്‍, ഇന്‍സുലിന്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന്റെ കുറവും ആധിക്യവും പ്രത്യേക സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില രോഗങ്ങള്‍ക്കു ചികിത്സിക്കുമ്പോള്‍ ഈ ഏറ്റക്കുറച്ചിലിന്റെ പിന്നിലെ ഘടികാരം ഓര്‍ക്കേണ്ടതുണ്ട്. ഭൂഖണ്ഡാന്തരയാത്ര നടത്തുന്ന വൈമാനികരും മറ്റും തങ്ങളുടെ ആന്തരിക ജൈവഘടികാരം പുറമേയുള്ള ഭൌതികാവസ്ഥയുമായി പൊരുത്തപ്പെടുത്തിയില്ലെങ്കില്‍ അവര്‍ക്ക് ഒരുതരം വിഭ്രമം ഉണ്ടാകാറുണ്ട്.

24 മണിക്കൂറില്‍ ഒരിക്കല്‍ മാറ്റങ്ങള്‍ കാണിക്കുന്ന ജൈവപ്രക്രിയയ്ക്കു നിദാനമായ ജൈവഘടികാരത്തെ സിര്‍ക്കാഡ്യന്‍ (circadian) എന്നാണു പറയുന്നത് (ദിവസത്തെ സംബന്ധിക്കുന്നത് എന്നര്‍ഥം). ആന്തരികമായ 'ഡൈയൂര്‍ണല്‍' മാറ്റങ്ങള്‍ ആദ്യം ശ്രദ്ധിച്ചത് മഹാനായ അലക്സാണ്ടറുടെ സൈന്യാധിപന്‍ ആന്‍ട്രോസ്തനീസ്സാണ്. 18-ാം ശ.-ത്തില്‍ ഡിമൈറാന്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ ഇലകളുടെ ഉറക്കത്തെ ഡൈയൂര്‍ണല്‍ (Diurnal) റിഥം എന്നു വിളിച്ചു. ചില വഴിയോരവൃക്ഷങ്ങളിലെയും പുളിമരങ്ങളിലെയും ഇലകള്‍ ഒരു ഇടവേള വച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതു കൃത്യസമയത്താണ്. ഇതാണ് ജൈവതാളത്തെ ജൈവഘടികാരമെന്നു വിളിക്കാന്‍ തന്നെ കാരണം. ജൈവപ്രക്രിയകളുടെ ക്രമത്തിന്റെ സാന്നിധ്യമാണ് ജൈവതാളം. അണുജീവികള്‍ മുതല്‍ മനുഷ്യന്‍ വരെ പരിശോധിച്ചാല്‍ ഈ താളത്തിന്റെ സ്വഭാവം, ദൈര്‍ഘ്യം, രീതി, വ്യാപ്തി എന്നിവ മാറിമാറി വരും. സസ്യങ്ങളില്‍ തന്മാത്രാ തലത്തിലും രാസരചനയിലും ഒതുങ്ങിനില്ക്കുന്ന താളം ജന്തുക്കളിലാകുമ്പോള്‍, രക്തചംക്രമണത്തിന്റെയും നാഡീവ്യൂഹത്തിന്റെയും ഏകോപനം വരെ സാധ്യമാക്കുന്നു.


(പ്രഭാകര്‍ പൊതുവാള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍