This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേക്കബ്, എ.എല്‍. (1911 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജേക്കബ്, എ.എല്‍. (1911 - 95)

എ.എല്‍.ജേക്കബ്

കേരളത്തിലെ മുന്‍ മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും. 1911 ഏ. 11-നു വൈപ്പിന്‍കരയിലുള്ള അറയ്ക്കല്‍വീട്ടില്‍ ലിഗറി ജേക്കബിന്റെ മകനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കല്‍ക്കത്തയില്‍ പോയി 12 വര്‍ഷം ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചു. 1932-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് 1942-ല്‍ ജയിലിലായി. ജയില്‍മോചിതനായ ശേഷം 1944-ല്‍ കല്‍ക്കത്തയില്‍ നിന്നു മടങ്ങിയെത്തി കൊച്ചിയില്‍ പ്രജാമണ്ഡലത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ചു. 1948-49-ല്‍ കൊച്ചി രാജ്യപ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി ചേരാനല്ലൂര്‍ മണ്ഡലത്തില്‍ നിന്നു കൊച്ചി നിയമസഭാംഗമായി. തുടര്‍ന്ന് തിരു-കൊച്ചി നിയമസഭയില്‍ രണ്ടു തവണ അംഗമായി (1949, 1952). 1957-59, 60-64, 70-77, 77-79, 80-82, 82-87 എന്നീ വര്‍ഷങ്ങളില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും കേരള നിമസഭയില്‍ അംഗമായി. 1978 ഒ. 29 മുതല്‍ 79 ഒ. 7 വരെ ജേക്കബ് കേരള സംസ്ഥാനത്ത് കൃഷിവകുപ്പുമന്ത്രിയായിരുന്നു. 1983-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ഇദ്ദേഹം വീക്ഷണം ദിനപത്രത്തിന്റെ ചെയര്‍മാനും മരണംവരെ വീക്ഷണം ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്നു. 1987-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചെങ്കിലും കൊച്ചിയിലെ തന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തി. 1959-ല്‍ മാര്‍പ്പാപ്പയില്‍ നിന്ന് ഇദ്ദേഹത്തിന് 'ബേനെ മെരേന്തി' ബഹുമതി ലഭിച്ചു. കേരള-കൊച്ചി സര്‍വകലാശാലകളുടെ സെനറ്റില്‍ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. ദീര്‍ഘകാലം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. എറണാകുളം ജിംനേഷ്യത്തിന്റെ സ്ഥാപകാംഗമായ ജേക്കബ് 1952 മുതല്‍ അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കേരള വെയ്റ്റ്ലിഫ്റ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. 1995 സെപ്. 20-നു എറണാകുളത്ത് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍