This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെസ്നേറിയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെസ്നേറിയേസി

Gesneriaceae

ദ്വിബീജപത്രികകളില്‍പ്പെടുന്ന സസ്യകുടുംബം. ഏകദേശം നൂറു ജീനസുകളും 1100 സ്പീഷീസുമുള്ള ഇവ പ്രധാനമായും വളരുന്നത് ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലുമാണ്. ഇവയിലധികവും ഓഷധികളും കുറ്റിച്ചെടികളുമാണ്; അപൂര്‍വമായി ചില വൃക്ഷങ്ങളുമുണ്ട്. ചിലയിനങ്ങള്‍ വൃക്ഷങ്ങളില്‍ കയറിപ്പടരുന്നു. പര്‍വസന്ധികളില്‍ നിന്നുണ്ടാകുന്ന അപസ്ഥാനിക മൂലങ്ങളാണ് ഇവയെ പടര്‍ന്നുകയറാന്‍ സഹായിക്കുന്നത്.

ജെസ്നേറിയേസിയിലെ ജീനസുകളില്‍ ഇലകള്‍ക്ക് സമ്മുഖവിന്യാസമാണ്. ഇവയ്ക്ക് അനുപര്‍ണങ്ങളില്ല. പുഷ്പങ്ങളുണ്ടാകുന്നത് ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ്. പ്രാണികള്‍മൂലം പരാഗണം നടത്തുന്നതിന് അനുയോജ്യമാണ് പുഷ്പങ്ങളുടെ ഘടന. ഏകവ്യാസ സമമിതം ആയ പുഷ്പങ്ങള്‍ക്ക് അഞ്ചുബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും സംയുക്തമായിരിക്കും. ദളനാളി വികസിച്ചതും രണ്ടായി പിളര്‍ന്നതുമാണ്. ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന നാല് ദീര്‍ഘദ്വയകേസര(didynamous)ങ്ങളുണ്ട്. റാമോന്‍ഡിയ(Ramondia) യില്‍ അഞ്ചു കേസരങ്ങള്‍ ഉണ്ടായിരിക്കും. ഒന്നോ രണ്ടോ അറകളുള്ള ഉദ്വര്‍ത്തി അണ്ഡാശയമാണിതിന്. അനേകം നമ്രാണ്ഡങ്ങളുണ്ടായിരിക്കും. വര്‍ത്തിക സരളവും വര്‍ത്തികാഗ്രം രണ്ടുപാളികളുള്ളതുമാണ്. ഫലം കാപ്സ്യൂളോ ബെറിയോ ആയിരിക്കും. ബെറിയില്‍ അനേകം ചെറിയ വിത്തുകളുണ്ട്. ചിലയിനങ്ങളില്‍ മാത്രം വിത്തുകള്‍ക്ക് ബീജാന്നമുണ്ട്.

അണ്ഡാശയത്തിന്റെ സ്ഥാനഭേദമനുസരിച്ച് ജെസ്നേറിയേസിയെ രണ്ടു കുടുംബങ്ങളായി തിരിച്ചിരിക്കുന്നു: ഊര്‍ധ്വവര്‍ത്തിഅണ്ഡാശയമുള്ള സിര്‍റ്റാന്‍ഡ്രോയിഡിയെയും (cyrtandroideae) അധോവര്‍ത്തി (inferior)അണ്ഡാശയമുള്ള യുജെസ്നേറിയേയും (eugesnereae).

സ്ക്രോഫുലാരിയേസി, ഒറോബാങ്കേസി, ബിഗ്നോസിയേസി എന്നീ കുടുംബങ്ങളോട് ജെസ്നേറിയേസി വളരെയധികം സാദൃശ്യം പുലര്‍ത്തുന്നു. ഈ നാലു കുടുംബങ്ങളും തമ്മില്‍ വളരെ ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ. ബിഗ്നോസിയേസിയുടെ സിലിഖഫലവും ചിറകുകളുള്ള വിത്തുകളും വിഭാജിത ഇലകളും തണ്ടിന്റെ അസാധാരണ ദ്വിതീയ വൃദ്ധിയും ഇവയെ ജെസ്നേറിയേസിയില്‍ നിന്നും വേര്‍തിരിക്കുന്നു. സ്ക്രോഫുലാരിയേസിയുടെ ഒറ്റ ലോക്യൂള്‍ മാത്രമുള്ള അണ്ഡാശയവും ഒറോബാങ്കേസിയുടെ പരാദ സ്വഭാവവും ഇവയെ ജെസ്നേറിയേസിയില്‍ നിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു.

ജെസ്നേറിയേസിയിലെ സസ്യങ്ങള്‍ പുഷ്പങ്ങള്‍ക്കുവേണ്ടിയാണ് നട്ടുവളര്‍ത്തുന്നത്. 35-ഓളം സ്പീഷീസുള്ള ജെസ്നേറിയ (Gesneria), 50-ലധികം സ്പീഷീസുള്ള ബെസ്ലേറിയയും (Besleria) സ്ട്രെപ്റ്റോകാര്‍പസും (Streptocarpus), 100-ലധികം സ്പീഷീസുള്ള കൊളംനിയയും (Columnea) ഡിഡിമോകാര്‍പസും (Didymocarpus) 4 സ്പീഷീസുള്ള റാമോന്‍ഡിയ(Ramondia) യുമാണ് ജെസ്നേറിയേസിയിലെ പ്രധാന ഇനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍