This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെവോണ്‍സ്, വില്യം സ്റ്റാന്‍ലി (1835 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെവോണ്‍സ്, വില്യം സ്റ്റാന്‍ലി (1835 - 82)

Jevons, William Stanley

വില്യം സ്റ്റാന്‍ലി ജെവോണ്‍സ്

ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രജ്ഞന്‍. ലിവര്‍പൂളിലെ ഇരുമ്പുവ്യാപാരിയായിരുന്ന തോമസ് ജെവോണ്‍സിന്റെ മകനായി 1835 സെപ്. 1-നു ജനിച്ച ജെവോണ്‍സ്, ലിവര്‍പൂള്‍ മെക്കാനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈസ്കൂളിലും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളജില്‍ ശാസ്ത്രവിഷയങ്ങളാണ് അഭ്യസിച്ചതെങ്കിലും ക്രമേണ ജെവോണ്‍സിന്റെ ആഭിമുഖ്യം സാമൂഹിക-സാമ്പത്തിക വിഷയങ്ങളിലേക്കു തിരിഞ്ഞു. 1863-ല്‍ മാഞ്ചസ്റ്റര്‍ ഓവന്‍സ് കോളജില്‍ ജനറല്‍ ട്യൂട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്ത് ഇദ്ദേഹം പ്രസിദ്ധീകരിച്ച ബ്രീഫ് എക്കൗണ്ട് ഒഫ് എ ജനറല്‍ മാത്തമാറ്റിക്കല്‍ തിയറി ഒഫ് പൊളിറ്റിക്കല്‍ ഇക്കോണമി (Brief Account of a General Mathematical Theory of Political Economy) എന്ന പ്രബന്ധം ജെവോണ്‍സിന് പണ്ഡിതലോകത്ത് അംഗീകാരവും പ്രശസ്തിയും നേടിക്കൊടുത്തു. 1865-ല്‍ ദ കോള്‍ ക്വസ്റ്റിന്‍ (The Coal question) എന്ന കൃതി പ്രസിദ്ധീകൃതമായതോടെ ജെവോണ്‍സിനു ദേശീയ അംഗീകാരവും ബഹുമതിയും ലഭിച്ചു. 1866-ല്‍ ഇദ്ദേഹം ഓവന്‍സ് കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കറന്‍സിയെയും നാണയത്തെയും സംബന്ധിച്ച് മൗലികതയുള്ള പല പ്രബന്ധങ്ങളും ഇദ്ദേഹം രചിക്കുകയുണ്ടായി. ധനതത്ത്വശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ജെവോണ്‍സ് 1872-ല്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1876-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ പ്രൊഫസറായി ചേര്‍ന്ന ജെവോണ്‍സ്, 1880-ല്‍ ജോലി രാജിവച്ച് പൂര്‍ണസമയഗവേഷണ-രചനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1882-ല്‍ കുടുംബസമേതം വേനല്‍ക്കാല വിനോദയാത്രയിലേര്‍പ്പെട്ടിരുന്ന ജെവോണ്‍സ്, ഹേസ്റ്റിംഗ്സിനു സമീപം ഒരു നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിക്കുകയാണുണ്ടായത്.

ധനതത്ത്വശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക്  ജെവോണ്‍സിനെ ആഗോളപ്രശസ്തനാക്കിയത്, 1871-ല്‍ പ്രസിദ്ധീകരിച്ച ദ തിയറി ഒഫ് പൊളിറ്റിക്കല്‍ ഇക്കോണമി (The Theory of Political Economy) എന്ന കൃതിയാണ്. ഈ കൃതിയുടെ പ്രസാധനത്തെത്തുടര്‍ന്ന് 'സീമാന്ത സാമ്പത്തികശാസ്ത്ര'(Marginalists economics)ത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായി ജെവോണ്‍സ് അറിയപ്പെടാന്‍ തുടങ്ങി. ജെവോണ്‍സിന്റെ സമകാലികരായിരുന്ന ആസ്റ്റ്രിയന്‍ ധനതത്ത്വശാസ്ത്രജ്ഞന്‍ കാള്‍ മെന്‍ഗറും (1840-1921), ഫ്രഞ്ച് ധനതത്ത്വശാസ്ത്രജ്ഞന്‍ ലിയോണ്‍ വാല്‍റാസുമാണ് സീമാന്ത സാമ്പത്തിക ശാസ്ത്രത്തിന്റെ മറ്റു രണ്ടു വക്താക്കള്‍. ചരക്കിന്റെ മൂല്യത്തെ നിര്‍ണയിക്കുന്ന അതിന്റെ ഉപയുക്തതയാണെന്നു ജെവോണ്‍സ് സിദ്ധാന്തിച്ചു. 'ആകെ ഉപയുക്തത' (total utility), 'ഉപയുക്തതയുടെ അവസാന ഏകകം'(final digree of utility) എന്നിവ വ്യതിരിക്ത സങ്കല്പങ്ങളാണെന്നും അവയുടെ വിശകലനമാണ് ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമേയമെന്നും ഇദ്ദേഹം സിദ്ധാന്തിക്കുകയുണ്ടായി.

സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ച ഒരു സമഗ്രസിദ്ധാന്തമല്ല തന്റെ കൃതിയെന്നു ജെവോണ്‍സ് വായനക്കാരെ ഓര്‍മിപ്പിക്കുന്നുണ്ട്. സാമ്പത്തികശാസ്ത്രത്തിന്റെ പരിചിന്തനവിഷയത്തെക്കുറിച്ച് ജെവോണ്‍സ് പറയുന്നു: "വ്യത്യസ്ത ആവശ്യങ്ങളും ഉത്പാദനശേഷിയുമുള്ള ഭൂമിയും മറ്റ് അസംസ്കൃത സാമഗ്രികളും നിശ്ചിത അളവില്‍ ലഭ്യമായ ഒരു ജനത, ഉത്പന്നത്തിന്റെ ഉപയുക്തത പരമാവധി ലഭിക്കത്തക്ക രീതിയില്‍ തങ്ങളുടെ അധ്വാനശക്തി എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് സാമ്പത്തികശാസ്ത്രം ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം. ജെവോണ്‍സ് തന്റെ ധനതത്ത്വശാസ്ത്ര വിശകലനങ്ങളില്‍ മുഖ്യമായും അവലംബമാക്കിയത്, ഇംഗ്ലീഷ് തത്ത്വചിന്തകനായിരുന്ന ജെറെമിബന്താ (1748-1832)വിന്റെ ഉപയുക്തതാദര്‍ശനത്തെ(utilitarian philosophy)യായിരുന്നു. ക്ലാസിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞര്‍ മൂല്യത്തെ നിര്‍വചിച്ചത് അധ്വാനസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജെവോണ്‍സ് 'അധ്വാന'മെന്ന സങ്കല്പത്തില്‍ നിന്നു മൂല്യസിദ്ധാന്തത്തെ മോചിപ്പിക്കുകയും ഉപയുക്തതാസിദ്ധാന്തത്തിലധിഷ്ഠിതമാക്കുകയും ചെയ്തു.

ധനതത്ത്വശാസ്ത്രരംഗത്ത് ക്ലാസിക്കല്‍-നിയോക്ലാസിക്കല്‍ വീക്ഷണങ്ങളെ വേര്‍തിരിക്കുന്ന അടിസ്ഥാന ഘടകം മൂല്യസിദ്ധാന്തമാണ്. മൂല്യത്തിന്റെ അധ്വാനസിദ്ധാന്ത(labour theory of value)മാണ് ക്ലാസിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞര്‍ ആവിഷ്കരിച്ചതെങ്കില്‍, ആത്മനിഷ്ഠമൂല്യസിദ്ധാന്ത(subjective theory of value) മാണ് നിയോക്ലാസിക്കല്‍ വീക്ഷണത്തിന് ആധാരമായി വര്‍ത്തിക്കുന്നത്. ക്ളാസിക്കല്‍ സിദ്ധാന്തത്തിനും നിയോക്ലാസിക്കല്‍ സിദ്ധാന്തത്തിനും ഇടയ്ക്കുള്ള പരിവര്‍ത്തനഘട്ടത്തിലാണ് ജെവോണ്‍സ് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. അതിനാല്‍ നിയോക്ളാസിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ പൂര്‍വികനായി കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍