This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറ്റ് സ്റ്റ്രീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറ്റ് സ്റ്റ്രീം

Jet Stream

അന്തരീക്ഷത്തിലെ ട്രോപസ്ഫിയറില്‍, മണിക്കൂറില്‍ 100-430 കി.മീ. വേഗതയില്‍ തിരശ്ചീനതലത്തില്‍ സഞ്ചരിക്കുന്ന പശ്ചിമവാതപ്രവാഹം. അന്തരീക്ഷത്തില്‍ 12,000 മീറ്ററിനു മുകളിലായാണ് ഇവ സാധാരണ കാണപ്പെടുന്നത്. ട്രോപപോസ്, സ്റ്റ്രാറ്റപോസ്, മീസപോസ് എന്നീ പാളികളിലോ അവയോടടുത്തോ രൂപമെടുക്കുന്ന ഈ വായൂപ്രവാഹങ്ങളില്‍ ട്രോപപോസ് ജെറ്റ് സ്റ്റ്രീമിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. സ്റ്റ്രാറ്റപോസിനടുത്തായുണ്ടാകുന്ന ജെറ്റ് സ്റ്റ്രീം 50 കി.മീറ്ററിനുള്ളില്‍ രൂപമെടുക്കുന്നതാണ്. മഞ്ഞുകാലങ്ങളിലാണ് ഇതിനെ വ്യക്തമായി കാണാനാവുക. ജെറ്റ് സ്റ്റ്രീമിന്റെ ഇരുവശങ്ങളിലുമായി കാണുന്ന വായുപാളികളുടെ വേഗത വളരെ കുറവാണ്.

ജെറ്റ് സ്റ്റ്രീമിന്റെ അച്ചുതണ്ട് വാതവേഗം ഏറ്റവുമധികമുള്ളിടത്തായി കേന്ദ്രീകരിച്ചിരിക്കുന്നു. കാറ്റിന്റെ വേഗത ഏറ്റവും അധികമായിരിക്കുന്ന ഈ ഭാഗത്ത് ഈ പ്രത്യേക വായുപ്രവാഹത്തിനു കുറുകെ പോകുന്ന ശക്തിയുള്ള മറ്റു കാറ്റുകളും കാണുന്നുണ്ട്. പൊതുവേ ജെറ്റ് സ്റ്റ്രീമിന് ആയിരക്കണക്കിനു കിലോമീറ്ററിലേറെ നീളവും നൂറുകണക്കിനു കിലോമീറ്ററിലേറെ വീതിയും ഏതാനും കി.മീ. ആഴവും ഉണ്ടായിരിക്കും. ആഗോള പശ്ചിമവാതങ്ങളുടെ മേഖലയില്‍ രൂപംകൊള്ളുന്ന ഈ വായുപ്രവാഹം ചിലപ്പോള്‍ ലോയര്‍ ട്രോപസ്ഫിയറിലെ കൊടുങ്കാറ്റുകളുണ്ടാകുന്ന മേഖലകളുമായി ഏകീഭവിക്കാറുണ്ട്. ജെറ്റ് സ്റ്റ്രീമുകളുടെ രൂക്ഷത പലപ്പോഴും വ്യോമയാന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ഭൗമോപരിതലത്തിലെ കാലാവസ്ഥാവിന്യാസത്തില്‍ ജെറ്റ് സ്റ്റ്രീമിന് സുപ്രധാന പങ്കുണ്ട്. ഓരോ ജെറ്റ് സ്റ്റ്രീമിന്റെയും ഗതിയും വേഗതയും ഉയരവും ഓരോ ദിവസവും വ്യത്യസ്തമാണ്. പതിനായിരങ്ങളോളം കി.മീ. ദൈര്‍ഘ്യമുള്ള ഇവ ചിലപ്പോള്‍ ഭൂഗോളത്തെ മുഴുവനായി ആവരണം ചെയ്തും കാണാറുണ്ട്. ഇത്തരത്തില്‍പ്പെട്ടവയ്ക്ക് 150 കി.മീ.ലധികം വീതിയുമുണ്ടാകും. വാണിജ്യ-യുദ്ധവിമാനങ്ങള്‍ തങ്ങളുടെ പറക്കലിനിടയില്‍ ഈ വായുപ്രവാഹങ്ങളെ ആശ്രയിക്കുക അപൂര്‍വമല്ല. ഇന്ധനലാഭത്തിനും പതിവില്‍ക്കവിഞ്ഞ വേഗതയ്ക്കും വേണ്ടിയാണിത്. അക്ഷാശം 30°വ. ഭൂമിയെ ചുറ്റി ഒരു ഉപോഷ്ണമേഖലാ ജെറ്റ് സ്റ്റ്രീം മഞ്ഞുകാലങ്ങളില്‍ രൂപം കൊള്ളാറുണ്ട്. ഈ വായുപ്രവാഹം വേനല്‍കാലമാവുമ്പോള്‍ അവിടവിടെയായി മുറിയുന്നു. ഏഷ്യാവന്‍കരയില്‍ ഇതേസമയത്ത് ഈ വായുപ്രവാഹത്തിനു തുല്യമായതും മണ്‍സൂണ്‍ കാറ്റുകളോടു കൂടിയതുമായ ഒരു പൂര്‍വ ജെറ്റ് സ്റ്റ്രീം രൂപംകൊള്ളുന്നതായി കാണാം.

ദിവസേനയുണ്ടാകുന്ന ജെറ്റ് സ്റ്റ്രീമുകള്‍ കൂടുതലും പടിഞ്ഞാറന്‍ ദിശയിലുള്ളവയാണ്. എന്നാല്‍ മധ്യ-അക്ഷാംശീയ മേഖലകളില്‍ അന്തരീക്ഷത്തിന്റെ മേല്‍പാളികളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസൃതമായി ഇവയ്ക്ക് വടക്കോട്ടോ തെക്കോട്ടോ കിഴക്കോട്ടോ ദിശാവ്യത്യാസമുണ്ടാകുന്നു. ഈ ദൈനംദിന വ്യതിയാനങ്ങള്‍ പൊതുവേ ദക്ഷിണാര്‍ധ ഗോളത്തില്‍ കുറവും ഉത്തരാര്‍ധഗോളത്തില്‍ കൂടുതലും ആയാണ് അനുഭവപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍