This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറിക്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറിക്കോ

Jericko

ജോര്‍ദാനിലെ ഇസ്രയേലധിനിവേശപ്രദേശത്തുള്ള ഒരു പട്ടണം. ജറുസലേമിന് 24 കി.മീ. വടക്കു കിഴക്കുമാറി ജോര്‍ദാന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്നു. ചാവുകടലിന് 8 കി.മീ. വടക്കായുള്ള ഈ നഗരം കടല്‍നിരപ്പിന് 248 മീ. താഴെയാണ്. അറബിയില്‍ എറീഹ എന്നു പേരുള്ള ഈ പട്ടണം മുമ്പ് പലസ്തീനിലെ ഒരു പ്രധാന നഗരമായിരുന്നു. 1920-ല്‍ ബ്രിട്ടീഷ് പലസ്തീനിന്റെ ഭാഗമായി. 1948-49-ലെ ഇസ്രേല്‍ അറബ് യുദ്ധത്തിനുശേഷം ഇത് ജോര്‍ദാനിലെ ഹാഷിം രാജഭരണത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ജറൂസലേം-അമ്മാന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ആധുനിക പട്ടണമായ ജെറിക്കാ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. 'എലിഷയുടെ നീരുറവ' (Elisha's Fountain) എന്നു വിളിക്കുന്ന ഒരു ചെറുനദി ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുന്നു. നഗരത്തിന് 1.5 കി.മീ. വടക്കുമാറിയുള്ള ടെലസ് സുല്‍ത്താന്‍ എന്ന കുന്നിന്റെ പടിഞ്ഞാറന്‍ ചരിവില്‍ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പന, റോസ്, ബാള്‍സം, മുന്തിരി മുതലായവ ഇവിടെ സമൃദ്ധമായി വളരുന്നു.

ഈജിപ്തില്‍ നിന്നു കൂട്ടത്തോടെ പലായനം ചെയ്ത ഇസ്രയേലികള്‍ പലസ്തീനിലെത്തി ആദ്യമായി ജെറിക്കോ നഗരത്തെ കീഴ്പ്പെടുത്തി. ജോഷ്വായുടെ നേതൃത്വത്തില്‍ ഇവിടം ആക്രമിച്ച ഇസ്രയേലികള്‍ നഗരം നശിപ്പിക്കുകയും ജനങ്ങളെ മുഴുവനും കൊന്നൊടുക്കുകയും ചെയ്തു. അന്ന് ഈ നഗരത്തിന് നാലുചുറ്റും സുരക്ഷാമതിലുകള്‍ ഉണ്ടായിരുന്നു. പുരോഹിതന്മാര്‍ കാഹളംമുഴക്കിയതോടെ ഈ 'മതില്‍ തകര്‍ന്നു വീണു' എന്നാണ് ഇതിനെപ്പറ്റി ജോഷ്വായുടെ പുസ്തകത്തില്‍ വിവരിക്കുന്നത് (6:20).

ബൈബിള്‍ കഥകളിലും മറ്റു സ്വീകാര്യമായ പ്രസ്താവനകളിലും ഇസ്രയേലികള്‍ കാനാനിലേക്കു കടക്കുവാനായി ഈ നഗരം കീഴടക്കി എന്നു പറയുന്നുണ്ട്. 'ബെഥ് ഹീലല്‍' (Beth Hillel) ഇതിനെ പുനഃസ്ഥാപിച്ചുവെന്നു വിശ്വസിക്കുന്നു. പിന്നീട് വെസ്പാസിയന്‍ ഈ നഗരം നശിപ്പിക്കുകയും ഹാഡ്രിയന്‍ പുതുക്കിപ്പണിയുകയും ചെയ്തതായി പറയപ്പെടുന്നുണ്ട്. ഇവിടെയുള്ള പഴത്തോട്ടങ്ങള്‍ ആന്റണി ക്ലിയോപാട്രയ്ക്ക് സമ്മാനിച്ചവയായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം.

പല കൈകള്‍ മറിഞ്ഞ് അവസാനം ഈ പ്രദേശം മഹാനായ ഹെരോദിന്റെ കൈയിലെത്തിച്ചേര്‍ന്നു. അദ്ദേഹം ഇവിടെ പുതുതായി ഒരു നഗരം പണിതുയര്‍ത്തി. പക്ഷേ ഇത് വീണ്ടും അറബികളും പേര്‍ഷ്യക്കാരും ചേര്‍ന്ന് നശിപ്പിച്ചു. പലസ്തീനിന്റെ രക്ഷയ്ക്കായി പടയ്ക്കിറങ്ങിയ കുരിശുയുദ്ധക്കാര്‍ ഇതേ സ്ഥലത്തുതന്നെ വീണ്ടും ഇപ്പോഴുള്ള നഗരം പടുത്തുയര്‍ത്തി. പുരാതന ജെറിക്കോ നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നടത്തിയ പഠനങ്ങളില്‍നിന്ന് ഈജിപ്തിലും സുമേറിയയിലും ഉടലെടുത്ത സംസ്കാരങ്ങള്‍ക്കും മൂവായിരം വര്‍ഷം മുമ്പുതന്നെ ജെറിക്കോയില്‍ സമ്പന്നമായൊരു സംസ്കാരം നിലനിന്നിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍