This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെര്‍ബോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെര്‍ബോവ

Jerboa

ജെര്‍ബോവ

കംഗാരു എലിയോടു സാദൃശ്യമുള്ള വര്‍ഗം. ശാസ്ത്രനാമം: ജാക്കുലസ് ഓറിയെന്റാലിസ് (Jaculus Orientalis). ഡൈപ്പോഡിഡേ (Dipodidae) കുടുംബത്തില്‍പ്പെടുന്ന ജെര്‍ബോവയ്ക്ക് ഇരുപത്തഞ്ചോളം സ്പീഷീസുണ്ട്. ഏഷ്യയിലെ മരുഭൂമികളിലും ഭാഗിക മരുഭൂമികളിലും ഇവ കാണപ്പെടുന്നു. ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഇവയുടെ മൂന്നു സ്പീഷീസ് കണ്ടെത്തിയിട്ടുണ്ട്. 'മാംസളമായ ഇടുപ്പ്' എന്നര്‍ഥമുള്ള 'യാര്‍ബൂ' എന്ന അറബി പദത്തില്‍ നിന്നാണ് ജെര്‍ബോവ എന്നു പേരുണ്ടായത്.

7.5-15 സെ.മീ. നീളമുള്ള ജെര്‍ബോവയുടെ വാലിന് 20 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. വാലിന്റെ അഗ്രത്തില്‍ കറുത്തുനീണ്ടരോമങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നു. കംഗാരുവിനെപ്പോലെ ചാടിച്ചാടി സഞ്ചരിക്കുന്ന ഇവയ്ക്ക് ഒറ്റച്ചാട്ടത്തില്‍ ഏകദേശം 3 മീ. ദൂരം കടക്കാന്‍ കഴിയും. മുന്‍കാലുകളെയപേക്ഷിച്ചു വളരെ നീളംകൂടിയ പിന്‍കാലുകള്‍ ഇതിനു സഹായിക്കുന്നു. നീളം കൂടിയ വാല്‍ ചാടുമ്പോള്‍ ഒരു സന്തുലനോപാധി (balancing organ) ആയി വര്‍ത്തിക്കുന്നു. തറയില്‍ ഇരിക്കുമ്പോള്‍ പിന്‍ കാലുകളോടൊപ്പം മൂന്നാമതൊരു കാലുപോലെ വാല് ഉപയോഗപ്പെടുത്തുന്നു. മുന്‍കാലുകളിലെ മൂന്നുവിരലുകളുപയോഗിച്ചാണ് ഭക്ഷണസാധനങ്ങള്‍ പിടിക്കുന്നത്. കൂടുതല്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍ ഇവ പകല്‍സമയങ്ങളില്‍ മണ്ണിലെ മാളങ്ങളില്‍ കഴിച്ചുകൂടുന്നു. ചൂടുകൂടുതല്‍ അനുഭവപ്പെടാതിരിക്കാന്‍ ഇവ മാളങ്ങളുടെ മുന്‍വശം അടച്ചുവയ്ക്കാറുണ്ട്. രാത്രികാലങ്ങളിലാണ് ജെര്‍ബോവ ആഹാരം തേടുന്നത്. ഇവയ്ക്ക് 16-18 പല്ലുകള്‍ ഉണ്ടായിരിക്കും. ധാന്യങ്ങളും വേരുകളും കിഴങ്ങുകളുമാണ് ആഹാരം. അഞ്ചുവിരലുകളുള്ള ഒരിനം പ. ഏഷ്യന്‍ ജെര്‍ബോവയ്ക്കു (Allaetaga elater) ശരീരത്തിന്റെ നീളത്തിന്റെ 40 മടങ്ങു ദൂരം ചാടാന്‍ കഴിയും. വര്‍ഷത്തില്‍ രണ്ടിലധികം പ്രാവശ്യം പ്രസവിക്കുന്ന ജെര്‍ബോവയുടെ ഗര്‍ഭകാലം 25-42 ദിവസമാണ്. ഒരു പ്രസവത്തില്‍ 2-6 കുഞ്ഞുങ്ങളുണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍