This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെര്‍ബില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെര്‍ബില്‍

Gerbil

ആഫ്രിക്കയിലെയും ഏഷ്യയിലെയും മരുപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരിനം കരണ്ടുതീനി. സസ്തനികളിലെ റൊഡന്‍ഷ്യ (Rosentia) ഓര്‍ഡറിലെ മ്യൂറിഡ (Muridae) കുടുംബത്തിന്റെ ഉപകുടുംബമായ ജെര്‍ബില്ലിഡേ (Gerbillidae) കുടുംബത്തില്‍പ്പെടുന്നു. ജെര്‍ബില്ലസ് (Gerbillus) ജീനസിന് നൂറിലധികം സ്പീഷീസുകളുണ്ട്. മണല്‍ എലി, 'ജെര്‍ഡ്' (Jird) എന്നിങ്ങനെയും ഇവ അറിയപ്പെടുന്നു.

ജെര്‍ബില്‍

ജെര്‍ബിലുകളുടെ പുറംഭാഗം ഇളം മഞ്ഞയോ തവിട്ടുനിറമോ, കീഴ്ഭാഗം വെള്ളയോ ഇളം മഞ്ഞയോ ആയിരിക്കും. ഉടലിന് 5-20 സെ.മീ. ഉം വാലിന് 5-23 സെ.മീ. ഉം നീളമുണ്ടായിരിക്കും. കറുത്ത രോമങ്ങള്‍ കൊണ്ടുള്ള ഒരു ചെണ്ടുപോലിരിക്കും വാലിന്റെ അഗ്രം. ജെര്‍ബിലിന് 28-100 ഗ്രാം തൂക്കം വരും. ഇവയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്. നീളം കൂടിയ പിന്‍കാലുകളുടെ സഹായത്താല്‍ ഒന്നരമീറ്റര്‍ നീളത്തില്‍വരെ ഇവയ്ക്ക് ചാടാന്‍ കഴിയും.

മണലില്‍ മാളങ്ങളുണ്ടാക്കി ഒറ്റയായോ കൂട്ടമായോ ജീവിക്കുന്നു. മാളങ്ങള്‍ക്ക് ഒന്നിലധികം പ്രവേശനദ്വാരങ്ങളുണ്ടായിരിക്കും; ദ്വാരങ്ങള്‍ ഇവ മണല്‍ കൊണ്ട് അടച്ചുവയ്ക്കുന്നു. വിത്ത്, ഇല, വേര്, തണ്ട് ഇവയൊക്കെയാണ് പ്രധാന ഭക്ഷണം. ചിലയവസരങ്ങളില്‍ കീടങ്ങളെയും ഭക്ഷിക്കാറുണ്ട്. മുഖ്യമായും രാത്രികാലങ്ങളിലാണ് ഇരതേടുന്നത്. പകല്‍സമയത്തും പകലും രാത്രിയും ഇരതേടുന്നവയുമുണ്ട്. ഭക്ഷണം മാളങ്ങളില്‍ കരുതിവയ്ക്കുന്നു.

ഗര്‍ഭകാലം 25-29 ദിവസമാണ്. ഒരു പ്രസവത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ വരെ കാണും. മൂന്നാഴ്ചയാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയെത്തുന്നു.

യു.എസില്‍ മംഗോളിയന്‍ ജെര്‍ബിലുകളാണ് (Meriones unguiculatus) കാണപ്പെടുന്നത്. അഴകുള്ളതും പ്രത്യേക ഗന്ധമില്ലാത്തവയുമായ ഇവ പരിസ്ഥിതിയോട് എളുപ്പം ഇണങ്ങിച്ചേരുന്നതിനാല്‍ ഇവയെ വളര്‍ത്താറുണ്ട്. അസാധാരണമായ ഘ്രാണശേഷിയുള്ളതിനാല്‍ പരിശീലനം ലഭിച്ച ജെര്‍ബിലുകളെ വിമാനത്താവളങ്ങളില്‍ ബോംബു കണ്ടെത്താനുപയോഗിക്കാറുണ്ട്. ഗവേഷണപഠനങ്ങള്‍ക്കും ഇത്തരം ജെര്‍ബിലുകളെ ഉപയോഗപ്പെടുത്തിവരുന്നു. ആപ്പിള്‍, കാരറ്റ്, ബിസ്കറ്റ്, പച്ചില, സൂര്യകാന്തിവിത്ത് തുടങ്ങിയവ ഭക്ഷിക്കും. അഞ്ചു വര്‍ഷത്തോളം ഇവയ്ക്ക് ആയുസ്സുണ്ട്. മംഗോളിയന്‍ ജെര്‍ബിലുകളുടെ വന്യ ഇനങ്ങള്‍ ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളില്‍ പറ്റങ്ങളായി വളരുന്നുണ്ട്.

ഇന്ത്യയില്‍ രണ്ടിനം ജെര്‍ബിലുകളുണ്ട്: ഇന്ത്യന്‍ ജെര്‍ബില്‍ എന്നറിയപ്പെടുന്ന ടറ്റീറ ഇന്‍ഡിക്ക (Tatera indica) യും ഇന്ത്യന്‍ മരുജെര്‍ബില്‍ എന്നറിയപ്പെടുന്ന മെരിയോനസ് ഹരിയാനേ(Meriyones hariyanae)യും ഇന്ത്യന്‍ ജെര്‍ബിലുകളിലെ ആണ്‍പെണ്‍ ഇനങ്ങള്‍ വെവ്വേറെ മാളങ്ങളിലായാണ് ജീവിക്കുന്നത്. ഇന്ത്യന്‍ മരുജെര്‍ബിലുകള്‍ തരിശുഭൂമികളില്‍ പറ്റമായി ജീവിക്കുന്നു. ഭയമുണ്ടാകുന്ന അവസരങ്ങളില്‍ പിന്‍കാലുകള്‍ നിലത്തുകൊട്ടി ശബ്ദമുണ്ടാക്കുക ഇവയുടെ സ്വഭാവമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍