This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെഫേഴ്സണ്‍, തോമസ് (1743 - 1826)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെഫേഴ്സണ്‍, തോമസ് (1743 - 1826)

Jefferson, Thomas

തോമസ് ജെഫേഴ്സണ്‍

യു.എസ്സിന്റെ മൂന്നാമത്തെ പ്രസിഡന്റ് (1801-09). പീറ്റര്‍ ജെഫേഴ്സന്റെയും ജെയിന്‍ റാന്‍ഡോള്‍ഫിന്റെയും മകനായി 1743 ഏ. 13-ന് ഷാഡ്വില്ലില്‍ തോമസ് ജെഫേഴ്സണ്‍ ജനിച്ചു. വില്യം ആന്‍ഡ് മേരി കോളജില്‍ നിന്നു ബിരുദമെടുത്തു (1762). നിയമപഠനം 1767-ല്‍ പൂര്‍ത്തിയാക്കി. 1772-ല്‍ വിവാഹം കഴിച്ചു. രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസില്‍ (1775-76) പ്രതിനിധിയായിരുന്ന ജെഫേഴ്സണ്‍ അമേരിക്കന്‍ 'സ്വാതന്ത്ര്യപ്രഖ്യാപനം' തയ്യാറാക്കാന്‍ നിയുക്തനായിരുന്നു. ഇത് ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1776 മുതല്‍ 79 വരെ വെര്‍ജീനിയ നിയമസഭയില്‍ അംഗമായി. 1779 മുതല്‍ 81 വരെ ജെഫേഴ്സണ്‍ വെര്‍ജീനിയയില്‍ ഗവര്‍ണറായിരുന്നു. 1783-84-ല്‍ ഇദ്ദേഹം വീണ്ടും കോണ്ടിനെന്റല്‍ കോണ്‍ഗ്രസില്‍ അംഗമായി. 1784 മുതല്‍ 89 വരെ ഫ്രാന്‍സിലേക്കുള്ള മന്ത്രിയായിരുന്നു. ജോര്‍ജ് വാഷിങ്ടണ്‍ യു.എസ്. പ്രസിഡന്റായപ്പോള്‍ ഇദ്ദേഹം സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആയി നിയമിതനായി (1790-93). വാഷിങ്ടന്റെ ധനകാര്യ സെക്രട്ടറിയായിരുന്ന ഹാമില്‍ട്ടനുമായി രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളില്‍ ഇദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായി. ഇതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍; 1828 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) എന്ന പുതിയ പാര്‍ട്ടി സ്ഥാപിക്കുന്നതിന് ഇദ്ദേഹം മുന്‍കൈ എടുത്തു. 1796-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇദ്ദേഹം യു.എസ്. വൈസ്പ്രസിഡന്റായി. 1800-ലെ തിരഞ്ഞെടുപ്പില്‍ ജെഫേഴ്സണ്‍ യു.എസ്. പ്രസിഡന്റായി. ഫ്രാന്‍സിന്റെ പക്കല്‍ നിന്നും ലൂയിസിയാനാ പ്രദേശം വാങ്ങിയത് (1803) ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാന നേട്ടമായിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമാക്കി യു.എസ്. ഭരിച്ച ആദ്യപ്രസിഡന്റാണ് ഇദ്ദേഹം. 1804-ല്‍ ഇദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. നിഷ്പക്ഷത പാലിച്ചുകൊണ്ടുള്ള വിദേശനയമാണ് ഇദ്ദേഹം കൈക്കൊണ്ടത്. 1809-ല്‍ ജെഫേഴ്സണ്‍ പ്രസിഡന്റു പദവിയില്‍ നിന്നു വിരമിച്ചു; തുടര്‍ന്ന് വെര്‍ജീനിയയില്‍ വിശ്രമജീവിതം നയിച്ചു. വെര്‍ജീനിയ സര്‍വകലാശാല സ്ഥാപിക്കുന്നതിന് ഇദ്ദേഹം മുന്‍കൈ എടുത്തു. 1826 ജൂല. 4-ന് ഇദ്ദേഹം വെര്‍ജീനിയയിലെ മോണ്ടിസെല്ലോയില്‍ മരണമടഞ്ഞു. വാഷിങ്ടണില്‍ 1943-ല്‍ (ഇരുനൂറാം ജന്മവാര്‍ഷികം) ഇദ്ദേഹത്തിന്റെ സ്മാരകം സ്ഥാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍