This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന്‍കിന്‍, (ഹെന്റി ചാള്‍സ്) ഫ്ളെമിങ് (1833 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന്‍കിന്‍, (ഹെന്റി ചാള്‍സ്) ഫ്ളെമിങ് (1833 - 85)

Jenkin, (Henry Charles) Fleeming

ബ്രിട്ടീഷ് എന്‍ജിനീയര്‍. ഇംഗ്ലണ്ടിലെ കെന്റില്‍ ഡങ്കിനെസ്സിനടുത്ത് 1833 മാ. 25-ന് ജനിച്ചു. ജെനോവ സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദമെടുത്തശേഷം ഒരു ദശാബ്ദക്കാലത്തോളം വിവിധ എന്‍ജിനീയറിങ് കമ്പനികളില്‍ സേവനമനുഷ്ഠിച്ചു. അന്തര്‍സമുദ്ര ടെലിഗ്രാഫ് കേബിള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പന, നിര്‍മാണം എന്നിവയിലായിരുന്നു ഇക്കാലത്ത് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍. 1859-ല്‍ ഇദ്ദേഹത്തോടൊപ്പം വില്യം തോംസണും (പില്ക്കാലത്തെ കെല്‍വിന്‍ പ്രഭു) പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഗറ്റ-പെര്‍ച്ച [(C5H8)x] എന്ന മരക്കറയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വിലപ്പെട്ടതാണ്. വെള്ളം കയറി നശിക്കാതെ അന്തര്‍സമുദ്ര കേബിളുകളും അനുബന്ധോപകരണങ്ങളും സൂക്ഷിക്കുന്ന കവചമായും ഗോള്‍ഫ് പന്ത്, ച്യൂയിങ്ഗം എന്നിവയുടെ നിര്‍മാണത്തിനും ഉപയോഗിച്ചിരുന്നത് മലേഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സുലഭമായുള്ള ഒരു വൃക്ഷ palaquinm oblongifolia)ത്തിന്റെ കറയാണ്. തവിട്ടുനിറത്തില്‍ തുകല്‍പോലെയിരിക്കുന്ന ഈ കറ ഗറ്റ-പെര്‍ച്ച എന്നാണറിയപ്പെടുന്നത്.

വില്യം തോംസണിന്റെ സഹായത്തോടെ ഇദ്ദേഹത്തിന് 'കമ്മിറ്റി ഒഫ് ഇലക്ട്രിക്കല്‍ സ്റ്റാന്‍ഡേഡ്സ് ഒഫ് ദ് ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് സയന്‍സ്' എന്ന സമിതിയില്‍ റിപ്പോര്‍ട്ടര്‍ പദവി ലഭിച്ചു (1861). ഈ സമിതിയിലൂടെ ഇദ്ദേഹം സമാഹരിച്ചു പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ 'ഓം' (ohm) ആണ് വൈദ്യുത പ്രതിരോധകത്തിന്റെ കേവല യൂണിറ്റ് എന്നു സമര്‍ഥിച്ചു.

റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് പദവി (F.R.S.)ലഭിച്ച ഇദ്ദേഹം ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെയും (1865) എഡിന്‍ ബര്‍ഗ് സര്‍വകലാശാലയിലെയും (1868) എന്‍ജിനീയറിങ് പ്രൊഫസറായി നിയമിതനായി. ഇലക്ട്രിസിറ്റി ആന്‍ഡ് മാഗ്നറ്റിസം എന്ന പാഠപുസ്തകം രചിച്ച ജെന്‍കിന്‍ 'ടെല്ഫ്റെജ്' എന്ന ഉപകരണത്തിന്റെ (വ്യവസായ ആവശ്യത്തിനായുള്ള അസംസ്കൃത പദാര്‍ഥങ്ങള്‍ മോണോറെയില്‍, കേബിള്‍ കാര്‍ എന്നിവയിലൂടെ വൈദ്യുതിയുടെ സഹായത്താല്‍ സ്വചലമായി കൊണ്ടുപോകാനുള്ള സംവിധാനം) ഉപജ്ഞാതാവുമാണ്.

സ്കോട്ട് ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ 1885 ജൂണ്‍ 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍