This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂ ഷി-ചിയെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂ ഷി-ചിയെ
Chu Shih-Chieh
ചൈനീസ് ഗണിതശാസ്ത്രജ്ഞന്‍. ഹാന്‍-ചിങ് എന്ന പേരിലും അറിയപ്പെടുന്നു. സമവാക്യ സിദ്ധാന്തം (Theory of equations), ശ്രേണി സിദ്ധാന്തം (Theory of series), പരിമിത ഭേദമാര്‍ഗം (Method of finite differences) എന്നീ ശാഖകളിലാണ് ജൂ ഷി-ചിയെയുടെ മുഖ്യ സംഭാവനകള്‍. സുങ് (Sung) രാജവംശകാലത്ത് (960-1280) ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ. ബീജിങ്ങിന് അടുത്തുള്ള യെന്‍ഷാനില്‍ ജീവിച്ചിരുന്നതായി കരുതുന്ന ഇദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന കാലഘട്ടം 1280-നും 1303-നും ഇടയിലാണ്. ഇക്കാലത്ത് അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ ചൈനയില്‍ പലയിടത്തും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
ഗണിതശാസ്ത്രത്തിന് ജൂ ഷി-ചിയെ നല്കിയ പ്രധാന സംഭാവന സ്യു-യൂആന്‍-യൂ-ചീന്‍ (Precious mirror of four elements, 1303), സ്വാന്‍-ഹെസുക് ചീമെങ് (Introduction to mathematical studies, 1299) എന്നീ കൃതികളാണ്. 14-ാം ഘാതം വരെയുള്ള ബീജീയ സമീകരണങ്ങളെക്കുറിച്ചും അവയുടെ നിര്‍ധാരണത്തിനായി 'ഫാന്‍ ഫാ' എന്ന രൂപാന്തരണരീതിയെക്കുറിച്ചും ഇവയില്‍ പ്രതിപാദിച്ചു കാണുന്നു. ബ്ളെയ്സ് പാസ്കല്‍ (1623-62)-നു ശേഷം 'പാസ്കല്‍ ത്രികോണം' എന്ന പേരില്‍ അറിയപ്പെടുന്ന അങ്കഗണിത ചിത്രം, 'കു-ഫാ' എന്ന പേരില്‍ വളരെ മുമ്പേ ജൂ ഷി-ചിയെ തന്റെ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 15-ാം ശ.-ത്തില്‍ ജപ്പാനിലും കൊറിയയിലും ഈ പുസ്തകങ്ങള്‍ ആധികാരിക പഠനഗ്രന്ഥങ്ങളായി അംഗീകരിച്ചിരുന്നു. അങ്കഗണിത-ജ്യാമിതീയ ശ്രേഢി (progressions)കളെക്കുറിച്ചും ശ്രേണി (series) കളെക്കുറിച്ചും ഉള്ള ജൂ ഷി-ചിയെയുടെ പഠനങ്ങളും ശ്രദ്ധേയങ്ങളാണ്.