This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂലിയസ് സീസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂലിയസ് സീസര്‍

Julius Caesar

ഷെയ്ക്സ്പിയര്‍ നാടകം. 1623-ല്‍ ഫോളിയോ എഡിഷനില്‍ ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച ജൂലിയസ് സീസര്‍ ഷെയ്ക്സ്പിയറുടെ മൂന്നു റോമന്‍ ചരിത്രനാടകങ്ങളില്‍ ആദ്യത്തേതാണ്. 1599-ല്‍ രചിച്ചതാണെന്ന് അനുമാനിക്കാം. ജീവചരിത്രകാരനായ പ്ളൂട്ടാര്‍ക്കിന്റെ 'ജീവിതകഥകള്‍' (ലൈവ്സ്-1579) ആണ് നാടകത്തിനാധാരമായ കൃതി. സര്‍ തോമസ് നോര്‍ത്ത് ഇത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയില്‍ നിന്നുമാണ് ഷെയ്ക്സ്പിയര്‍ തന്റെ റോമന്‍ നാടകങ്ങള്‍ക്ക് കഥാവസ്തു തെരഞ്ഞെടുത്തത്.

ജൂലിയസ് സീസര്‍ എന്ന നാടകത്തിലെ ഒരു രംഗം

അഞ്ച് അങ്കങ്ങളുള്ള നാടകത്തിന്റെ യഥാര്‍ഥ പ്രമേയം രാഷ്ട്രീയവും സദാചാരവുമാണ്. റിപ്പബ്ലിക്കന്‍-സ്വേച്ഛാധികാരശക്തികള്‍ തമ്മിലുള്ള വടംവലിയില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് അതു കാണിച്ചുതരുന്നു. ജനങ്ങളുടെ ജാഗരൂകത ഒന്നുകൊണ്ടുമാത്രമേ റിപ്പബ്ലിക്കുകള്‍ നിലനില്ക്കൂ. എന്നാല്‍ എത്ര തന്നെ മഹത്തായ ആശയങ്ങളുടെ പേരിലായാലും വഞ്ചന, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ക്ഷന്തവ്യമല്ല എന്ന് ബ്രൂട്ടസ്, കാഷ്യസ് മുതലായവരുടെ അന്ത്യം നമ്മെ ഒര്‍മിപ്പിക്കുന്നു. തുടക്കത്തില്‍ ഒരു റിപ്പബ്ലിക്കന്‍ സ്റ്റേറ്റായിരുന്ന റോമിന്റെ സാമ്രാജ്യ വികസനത്തോടൊപ്പം സീസറുടെ അധികാരവും അപകടകരമാംവിധം വര്‍ധിച്ചുവരുന്നതായി ഭയന്ന ബ്രൂട്ടസ് കാഷ്യസിന്റെ പ്രേരണയാല്‍ തന്റെ ആത്മസുഹൃത്തായ സീസറെ വധിക്കുന്നു. ദേശഭക്തി ഒന്നു മാത്രമായിരുന്നു ബ്രൂട്ടസിനെ ഇതിനു പ്രേരിപ്പിച്ചത്. പക്ഷേ കാഷ്യസ് തുടങ്ങിയ കുത്സിത ശക്തികള്‍ ഇയാളെ വഴിതെറ്റിക്കയായിരുന്നു. മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കേണ്ടതാണ്; റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ ബ്രൂട്ടസ് തെരഞ്ഞെടുത്ത മാര്‍ഗം വഞ്ചനയുടെയും കൊലപാതകത്തിന്റേതുമായിരുന്നു. അതിനയാളും കൂട്ടരും തക്കതായ ശിക്ഷ ഏറ്റുവാങ്ങുന്നു. സ്വേച്ഛാധിപത്യ വിരുദ്ധനെന്നു ഭാവിക്കുന്നെങ്കിലും സീസറോടുള്ള ഒടുങ്ങാത്ത അസൂയയും പകയുമാണ് കാഷ്യസിനെ കൊലയ്ക്കു പ്രേരിപ്പിക്കുന്നത്. ബ്രൂട്ടസും കൂട്ടരും ഭയന്ന സ്വേച്ഛാധിപത്യം തന്നെയാണ് റോമിനായി കാലം ഒരുക്കിയത്. സീസര്‍ മരിച്ചെങ്കിലും ആന്റണി, ഒക്ടേവിയസ്, ലെപിഡെസ് തുടങ്ങിയവയരുടെ പരിശ്രമഫലമായി ഗൂഢാലോചനക്കാരെ ഇല്ലായ്മ ചെയ്യുകയും സീസറിസം പുനഃസ്ഥാപിതമാകുകയും ചെയ്തു. ആദ്യത്തെ രണ്ട് അങ്കങ്ങളിലായി ഗൂഢാലോചനയും അടുത്തതില്‍ കൊലപാതകവും അതിന്റെ പരിണതഫലങ്ങളും അവതരിപ്പിക്കപ്പെടുന്നു. നാലും അഞ്ചും അങ്കങ്ങള്‍ കുറ്റവാളികള്‍ക്ക് തിരിച്ചടി കാഴ്ചവയ്ക്കുന്നു.

സീസറുടെ അവസാനനാളുകളാണ് ഈ നാടകത്തിന് ആധാരമാക്കിയിട്ടുള്ളത് എന്നതുകൊണ്ട് 'ജൂലിയസ് സീസര്‍' എന്ന തലക്കെട്ട് ഏറ്റവും അനുയോജ്യം തന്നെ. എന്നാല്‍ ചരിത്രപുരുഷനായ സീസറും നാടകത്തിലെ സീസറും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. യുദ്ധനൈപുണ്യവും സ്വഭാവമഹിമയും കൊണ്ട് ചരിത്രത്താളുകളില്‍ നിറഞ്ഞുനില്ക്കുന്ന സീസര്‍ ഷെയ്ക്സ്പിയര്‍ നാടകത്തില്‍ വൃദ്ധനും കായികശേഷി ഇല്ലാത്തവനും പ്രജ്ഞ നശിച്ചവനും തകര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തിയുമാണ്. അഹങ്കാരിയും പൊങ്ങച്ചക്കാരനും അന്ധവിശ്വാസിയും പ്രശംസാതത്പരനും ചഞ്ചലചിത്തനുമായ സീസറെയാണ് ഷെയ്ക്സ്പിയര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥാപാത്രമെന്ന നിലയ്ക്ക് ഹീറോയുടെ മിഴിവ് നല്കപ്പെട്ടിരിക്കുന്നത് ബ്രൂട്ടസിനാണ്. എല്ലാ അര്‍ഥത്തിലും നല്ലവനായിരുന്നു ബ്രൂട്ടസ്: ഒരു വിശ്വസ്ത സുഹൃത്ത്, നല്ല യജമാനന്‍, സ്നേഹലോലുപനായ ഭര്‍ത്താവ്. മാര്‍ക്ക് ആന്റണിയുടെ അഭിപ്രായത്തില്‍ 'This was the noblest Roman of them all' പക്ഷേ ഈ ആദര്‍ശപരത ഒന്നുതന്നെ അയാള്‍ക്ക് ജീവിതത്തില്‍ പരാജയകാരണമാകുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്കു സ്ഥാനമില്ല എന്ന കാര്യം ബ്രൂട്ടസ് മനസ്സിലാക്കിയതേയില്ല. കാഷ്യസിന്റെ അസൂയാകലുഷിതമായ മനസ്സു കണ്ടെത്താന്‍ കഴിയാതിരുന്നതുപോലെ തന്നെ ആന്റണിയുടെ സ്വഭാവവും യഥാര്‍ഥ കഴിവുകളും തിരിച്ചറിയുന്നതിലും അയാള്‍ പരാജയപ്പെട്ടു. റോമന്‍ ജനതയുടെ തനിസ്വഭാവം കണക്കിലെടുക്കാതെയാണ് അവരോട് സംസാരിക്കാന്‍ വാഗ്മിയായ ആന്റണിയെ അനുവദിച്ചത്. സീസറുടെ മൃതശരീരം സാക്ഷിയാക്കി റോമന്‍ ജനതയെ അഭിസംബോധന ചെയ്യാന്‍ ലഭിച്ച അവസരം കുശാഗ്രബുദ്ധിയായ ആന്റണി ശരിക്കും മുതലാക്കി. ചഞ്ചലചിത്തരായ റോമന്‍ ജനത ബ്രൂട്ടസിനോടുള്ള ആരാധന വെടിഞ്ഞ് സീസറുടെ മരണത്തില്‍ കോപാക്രാന്തരായി ബ്രൂട്ടസിനെതിരെ തിരിയുന്നു. "Friends, Romans, Countrymen...' എന്നു തുടങ്ങുന്ന ആന്റണിയുടെ വാഗ്ധോരണി പ്രസംഗകലയുടെ കരുത്തിന്റെ ഉത്തമോദാഹരണമായി എക്കാലവും പ്രകീര്‍ത്തിക്കപ്പെടുന്നു.

കഥാപാത്രങ്ങളുടെ സഹജസ്വഭാവങ്ങള്‍ അവരുടെ വിധി നിര്‍ണയിക്കുന്ന ഒരു ദുരന്തനാടകമാണ് ജൂലിയസ് സീസര്‍. സീസറുടെ അധികാരക്കൊതിയും അഹങ്കാരവും അയാള്‍ക്ക് ദുരന്തകാരണമാകുന്നു. അപ്രായോഗികമായ ആദര്‍ശങ്ങള്‍ ബ്രൂട്ടസിന്റെയും അസൂയയും വെറുപ്പും കാഷ്യസിന്റെയും പതനം സുനിശ്ചിതമാക്കുന്നു. കാഷ്യസിന്റെ മൃതശരീരം നോക്കി ബ്രൂട്ടസ് അദ്ഭുതം കൂറുന്നു.

O Julius Caesar, thou art mighty yet

Thy spirit walks abroad, and turns our swords

In our own proper entrails (V. iii. 94-96)

കുറേക്കൂടി കഴിഞ്ഞ് തന്റെ മരണവും അനിവാര്യമെന്നു കണ്ട് സ്വന്തം വാള്‍മുനയില്‍ ജീവനൊടുക്കുമ്പോള്‍ അയാള്‍ പറയുന്നു:

Caesar, now be still

I kill'd not thee with half so good a will

(V.V. 50-51 )

കൊല ചെയ്യപ്പെട്ട സീസര്‍ അങ്ങനെ ജീവിച്ചിരുന്ന സീസറെക്കാള്‍ കരുത്തേറിയവനായി. സീസര്‍ മരിച്ചു. പക്ഷേ സീസറിസം നിലനില്ക്കേണ്ടത് ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ബ്രൂട്ടസിന്റെ വീരോചിതഗുണങ്ങള്‍ കണ്ടു മതിമറന്ന ചഞ്ചലചിത്തരായ റോമന്‍ ജനത അടുത്ത സീസറായി ബ്രൂട്ടസിനെ അവരോധിക്കണമെന്നുവരെ ആഗ്രഹിച്ചതില്‍ നിന്നും അവര്‍ അര്‍ഹിക്കുന്നത് ജനായത്ത ഭരണമല്ല എന്നതു സ്പഷ്ടമാണ്. ഒക്ടേവിയസ് സീസറിന്റെ നേതൃത്വത്തില്‍ സീസര്‍ ഭരണം പുനഃസ്ഥാപിതമാകുന്നിടത്താണ് നാടകത്തിനു തിരശ്ശീല വീഴുന്നത്.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍