This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂലിയന്‍ (ഫ്ളാവിയസ് ക്ളോഡിയസ് ജൂലിയാനസ്) (331 - 363)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂലിയന്‍ (ഫ്ളാവിയസ് ക്ളോഡിയസ് ജൂലിയാനസ്) (331 - 363)

Julian (Flavius Claudius Julianus)

റോമന്‍ ചക്രവര്‍ത്തി (ഭ.കാ. 361-363). ക്രിസ്തുമതവിരുദ്ധ നയം സ്വീകരിച്ചതിനെത്തുടര്‍ന്ന് 'ദി അപ്പോസ്റ്റേറ്റ്' (സ്വമത പരിത്യാഗി) എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ജൂലിയസ് കോണ്‍സ്റ്റന്‍ഷ്യസിന്റെ മകനായി 331-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ (ഇപ്പോഴത്തെ ഇസ്താന്‍ബൂള്‍) ജനിച്ചു. റോമന്‍ ചക്രവര്‍ത്തിമാരായിരുന്ന കോണ്‍സ്റ്റന്റീന്‍ I-ന്റെ അനന്തരവനും കോണ്‍സ്റ്റന്‍ഷ്യസ് II-ന്റെ പിന്തുടര്‍ച്ചക്കാരനുമാണ് ഇദ്ദേഹം. കോണ്‍സ്റ്റന്‍ഷ്യസ് 355 ന. 6-നു ജൂലിയനെ 'സീസര്‍' (പിന്തുടര്‍ച്ചാവകാശമുള്ള ഉപ ഭരണാധിപന്‍) ആയി നിയമിച്ച് ഗാളിലെ ഭരണച്ചുമതല ഏല്പിച്ചു. ഇദ്ദേഹം ജര്‍മന്‍ ഗോത്രക്കാരുമായുള്ള യുദ്ധങ്ങളില്‍ വിജയിക്കുകയും സൈന്യത്തിന്റെ പ്രീതി നേടുകയും ചെയ്തു. കോണ്‍സ്റ്റന്‍ഷ്യസ് ചക്രവര്‍ത്തി പേര്‍ഷ്യന്‍ യുദ്ധത്തിനായി ജൂലിയനോട് സൈനികസഹായം ആവശ്യപ്പെട്ടു (359). ജൂലിയനെ അമര്‍ച്ച ചെയ്യുവാനുള്ള ചക്രവര്‍ത്തിയുടെ ഗൂഢനീക്കമാണിതെന്നു കരുതി ഗാളിലെ സൈനികര്‍ ഈ ആവശ്യത്തിനെതിരെ ലഹളയ്ക്കൊരുങ്ങുകയും ജൂലിയനെ 'അഗസ്റ്റസ്' (പ്രധാന ഭരണാധിപന്‍) ആയി പ്രഖ്യാപിക്കുകയും ചെയ്തു (360). ഇത് അംഗീകരിക്കാന്‍ ചക്രവര്‍ത്തി തയ്യാറായില്ല. ജൂലിയനെതിരായി ഒരു യുദ്ധത്തിനു നീങ്ങവേ ചക്രവര്‍ത്തി ആകസ്മികമായി മരണമടഞ്ഞതുമൂലം യുദ്ധം ചെയ്യാതെ ജൂലിയന് 361 ഡി. 11-ന് ചക്രവര്‍ത്തിയാകാന്‍ കഴിഞ്ഞു. ഇദ്ദേഹം വിഗ്രഹാരാധനയെ (Paganism)അനുകൂലിച്ചിരുന്നു. ക്രിസ്തുമത വിരുദ്ധ നടപടി സ്വീകരിച്ചിരുന്നു (ക്രിസ്ത്യാനിയായിരുന്ന ജൂലിയന്‍ വിദ്യാഭ്യാസകാലത്ത് ക്രിസ്തുമതം ഉപേക്ഷിച്ചിരുന്നു). നല്ല ഭരണാധിപനായി അറിയപ്പെടുന്നെങ്കിലും ഇദ്ദേഹത്തിന്റെ മതനയം പല വിഭാഗങ്ങളുടെയും എതിര്‍പ്പിന് ഇടയാക്കി. പേര്‍ഷ്യക്കാരുമായുള്ള യുദ്ധത്തില്‍ 363 ജൂണ്‍ 26-ന് ജൂലിയന്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍