This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂറിസ് പ്രൂഡന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂറിസ് പ്രൂഡന്‍സ്
Jurisprudence
നിയമശാസ്ത്രം, നിയമവ്യവസ്ഥകളുടെ സൈദ്ധാന്തിക സങ്കല്പങ്ങളെക്കുറിച്ചും നിയമത്താല്‍ പരിരക്ഷിക്കപ്പെടുന്ന സാമൂഹിക താത്പര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ശാസ്ത്രശാഖ നിയമത്തിന്റെ ദര്‍ശനവുമാണ്. അവകാശം, നിയമം എന്നീ അര്‍ഥങ്ങളുള്ള ജൂസ് (Jus) വൈദഗ്ധ്യം എന്നര്‍ഥമുള്ള പ്രൂഡെന്‍ഷ്യാ (prudntia) എന്നീ ലത്തീന്‍ പദങ്ങളില്‍ നിന്ന് നിയമശാസ്ത്രം എന്നര്‍ഥമുള്ള ജൂറിസ് പ്രൂഡെന്‍ഷ്യ എന്ന ലത്തീന്‍ സംജ്ഞയും അതില്‍ നിന്ന് 'ജൂറിസ് പ്രൂഡന്‍സ്' എന്ന ഇംഗ്ലീഷ് സംജ്ഞയും നിഷ്പന്നമായി. നിയമങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങളുടെ തീര്‍പ്പില്‍ അവ പ്രയോഗിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് നിയമശാസ്ത്രം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ചിന്തകര്‍ നിയമശാസ്ത്രത്തെ ദര്‍ശനമായും സാമൂഹിക ശാസ്ത്രമായും വ്യാഖ്യാനിച്ചിട്ടുണ്ട്. നിമയത്തിന്റെ സ്വഭാവം, ധര്‍മം എന്നിവയെക്കുറിച്ചാണ് ജൂറിസ്പ്രൂഡന്‍സ് വിശകലനം ചെയ്യുന്നത്. എന്താണ് നിയമം, നിയമത്തിന്റെ ചരിത്രപരമായ ആവിര്‍ഭാവം, നിയമം പ്രയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ജൂറിസ് പ്രൂഡന്‍സിന്റെ പ്രമേയങ്ങള്‍. പ്രാകൃത സമൂഹങ്ങളില്‍ നിന്നു തുടങ്ങി ആധുനിക സമൂഹങ്ങളുടെ സങ്കീര്‍ണമായ നിയമവ്യവസ്ഥവരെ നിയമതത്ത്വങ്ങള്‍ ആവിഷ്കരിക്കപ്പെട്ടതിനെക്കുറിച്ചും അവയുടെ വികാസ-പരിണാമങ്ങളെക്കുറിച്ചും ജൂറിസ് പ്രൂഡന്‍സ് അപഗ്രഥിക്കുന്നു.
ഗ്രീക്കു ദര്‍ശനത്തില്‍ നിന്നാണ് ജൂറിസ് പ്രൂഡന്‍സ് ആവിര്‍ഭവിക്കുന്നത്. സാര്‍വത്രിക പ്രസക്തിയുള്ള തത്ത്വങ്ങളുടെ സമാഹാരമാണ് നിയമം എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് പ്രാചീന ഗ്രീസിലെ ജൂറിസ്റ്റുകളാണ്. പ്രാചീന ഗ്രീസിലെ സിറ്റി സ്റ്റേറ്റുകളിലെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടാണ് ചിന്തകര്‍ നിയമസംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ബി.സി. 5, 4 ശ.-ത്തില്‍ സോഫിസ്റ്റുകള്‍ പ്രകൃതിയും നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതുകയുണ്ടായി. നിയമം പ്രയോജനവാദപരമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. നിയമത്തെ വിലയിരുത്തുന്നതിനുവേണ്ടി സോക്രട്ടീസ് (ബി.സി. 470-399), പ്ളേറ്റോ (ബി.സി. 428-348), അരിസ്റ്റോട്ടല്‍ (ബി.സി. 384-322) എന്നീ ദാര്‍ശനികര്‍ ചില മാനദണ്ഡങ്ങള്‍ ആവിഷ്കരിച്ചു. നിയമശാസ്ത്രത്തിന്റെ വികാസത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച അരിസ്റ്റോട്ടലിന്റെ അഭിപ്രായത്തില്‍, നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം നന്മയാണ്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിയന്ത്രിക്കുന്ന നിയമവ്യവസ്ഥ യുക്തിഭദ്രവും നിഷ്പക്ഷവുമായിരിക്കണമെന്നും ഉടമ്പടികളുടെ ലംഘനം നിയമനിഷേധമായി കണക്കാക്കണമെന്നും അരിസ്റ്റോട്ടല്‍ വാദിച്ചു. സാര്‍വലൗകികമായിരിക്കുമ്പോള്‍ മാത്രമേ, നിയമം പരിശുദ്ധമാവുകയുള്ളു. പ്രാചീന ഗ്രീസിലെ നിയമവ്യവസ്ഥയുടെ പരിധിയില്‍ അടിമകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. നിയമപരമായ അധികാരങ്ങളും അവകാശങ്ങളും പൗരന്മാര്‍ക്കു മാത്രമേ ലഭ്യമായിരുന്നുള്ളു. അടിമസമ്പ്രദായത്തെ ന്യായീകരിച്ച അരിസ്റ്റോട്ടല്‍, പക്ഷേ, യജമാനന്മാര്‍ അടിമകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും സൂചിപ്പിച്ചിരുന്നു. സെന്റ് അഗസ്റ്റിന്‍ (354-430) ആവിഷ്കരിച്ച ആശയങ്ങള്‍ നിയമദര്‍ശനത്തിനു പുതിയൊരു വ്യാഖ്യാനം നല്കി. ഇദ്ദേഹം നിയമദര്‍ശനത്തെ ദൈവശാസ്ത്രവുമായി ബന്ധിപ്പിച്ചു. പാപിയായ മനുഷ്യന്റെ ഏക പ്രതീക്ഷ ദൈവകാരുണ്യമാണ്. ദൈവനിയമത്തിന്റെ പ്രതീകം പള്ളിയാണ്. അതിനാല്‍ മനുഷ്യര്‍ ആവിഷ്കരിക്കുന്ന നിയമം വിശുദ്ധ നിയമത്തിന് എതിരാകാന്‍ പാടില്ല. നിയമത്തിന്റെ ആത്യന്തികമായ വിധികര്‍ത്താവ് പള്ളിയും പുരോഹിതന്മാരുമാണെന്നും സെന്റ് അഗസ്റ്റിന്‍ ഉപദര്‍ശിച്ചു. നിയമദര്‍ശനത്തിന് ജൂതമതപാരമ്പര്യം നല്കിയ സംഭാവനകള്‍ ഗണനീയമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും ജൂതപാരമ്പര്യം പ്രാധാന്യം നല്കി. മനുഷ്യനും ദൈവവും തമ്മിലുള്ള 'വിശുദ്ധ ഉടമ്പടി'യുടെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ചുമതലകള്‍ക്ക് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെട്ടു. ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേലികള്‍ സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് ബോധവാന്മാരായിരുന്നു. ദൈവത്തിന്റെ പരമാധികാരത്തെ മാത്രമേ മനുഷ്യന്‍ അംഗീകരിക്കേണ്ടതുള്ളുവെന്നു ജൂതമതം പ്രഖ്യാപിക്കുന്നു.
നിയമത്തിന്റെ ദാര്‍ശനിക വശത്തെക്കുറിച്ചാണ് ഗ്രീക്കു ചിന്തകന്മാര്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍, നിയമത്തിന്റെ പ്രായോഗികവശത്തിനാണ് റോമക്കാര്‍ ഊന്നല്‍ നല്കിയത്. നിയമപ്രയോഗരംഗത്ത് റോമക്കാര്‍ ആര്‍ജിച്ച അനുഭവസമ്പത്തും അവര്‍ നടത്തിയ നിയമത്തിന്റെ ക്രോഡീകരണവും ആധുനിക നിയമശാസ്ത്രത്തിന്റെ വികാസത്തിന് അനുഗുണമായിരുന്നു. മധ്യകാല യൂറോപ്യന്‍ നിയമവ്യവസ്ഥയുടെ ആധാരശില, റോമാസാമ്രാജ്യം പിന്തുടര്‍ന്ന നിയമസങ്കല്പങ്ങളായിരുന്നു. നിയമപഠനത്തിനു ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുണ്ടാകണമെന്ന് റോമന്‍ ചിന്തകനായ സിസറോ (ബി.സി. 106-43) സിദ്ധാന്തിച്ചു. മനുഷ്യമനസ്സിനെയും സമൂഹത്തെയും കുറിച്ചുള്ള സൂക്ഷ്മജ്ഞാനത്തില്‍ നിന്നായിരിക്കണം നിയമചിന്ത ആരംഭിക്കേണ്ടതെന്നും അദ്ദേഹം ഉപദര്‍ശിച്ചു.
റോമാ സാമ്രാജ്യം ശിഥിലമായതിനെത്തുടര്‍ന്ന്, സ്വതന്ത്രദേശീയ രാഷ്ട്രങ്ങള്‍ രൂപംകൊള്ളുകയും ആധുനിക നിയമസിദ്ധാന്തങ്ങള്‍ വികസിക്കുകയും ചെയ്തു. ഈ കാലയളവില്‍ ആവിഷ്കരിക്കപ്പെട്ട നിയമസിദ്ധാന്തങ്ങളെ ദേശീയ പരമാധികാരത്തിലും കേവല രാജാധിപത്യത്തിലും അധിഷ്ഠിതമായ നിയമചിന്ത; ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയെ സംബന്ധിച്ച വീക്ഷണങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. വ്യക്തിസ്വാതന്ത്ര്യത്തെ വാഴ്ത്തുന്നതാണ് രണ്ടാമത്തെ വീക്ഷണം. വ്യക്തികള്‍ പരസ്പര ധാരണയോടും വിശ്വാസത്തോടും ജീവിക്കുന്ന സാമൂഹികക്രമത്തില്‍ മാത്രമേ യുക്തിഭദ്രമായ ഒരു നിയമസംവിധാനം നിലനില്ക്കുകയുള്ളുവെന്നും ഈ വീക്ഷണം വ്യക്തമാക്കുന്നു. യൂറോപ്യന്‍ നവോത്ഥാനവും വിപ്ളവകരമായ ആശയ പരിവര്‍ത്തനങ്ങളുമാണ് ആധുനിക നിയമശാസ്ത്രത്തിന് അടിത്തറ പാകിയത്. 17, 18 ശ.-ങ്ങളോടെ ജൂറിസ്പ്രൂഡന്‍സ് ദൈവശാസ്ത്രത്തില്‍ നിന്നു സ്വതന്ത്രമായെങ്കിലും രാഷ്ട്രമീമാംസയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു.
ഒരു പ്രത്യേക വിജ്ഞാനശാഖയെന്ന നിലയ്ക്ക് ജൂറിസ് പ്രൂഡന്‍സ് വികസിപ്പിക്കുന്നത് 19-ാം ശ.-ത്തിലാണ്. തോമസ് ഹോബ്സ് (1588-1679), ജോണ്‍ ലോക്ക് (1632-1704), മൊണ്ടെസ്ക്യൂ (1689-1755), റൂസ്സോ (1712-78) തുടങ്ങിയ ചിന്തകരാണ് ആധുനിക നിയമശാസ്ത്രത്തെ സ്വതന്ത്രശാസ്ത്രത്തിന്റെ പദവിയിലേക്കുയര്‍ത്തിയത്. കേവലാധികാരത്തിന്റെ വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്ന ജോണ്‍ലോക്ക്, നിയമപരിപാലനത്തിനാവശ്യമായ അധികാരങ്ങള്‍ മാത്രമേ രാഷ്ട്രത്തിനു വ്യക്തി അടിയറ വയ്ക്കാവൂ എന്നു വാദിക്കുകയുണ്ടായി. ഭരണകൂടാധികാരത്തെ അദ്ദേഹം നിയമനിര്‍മാണം, ഭരണനിര്‍വഹണം, ജുഡിഷ്യറി എന്നിങ്ങനെ മൂന്നായി വിഭജിച്ചു. ഈ മൂന്ന് അധികാരരൂപങ്ങള്‍ ഒരു വ്യക്തിയിലോ സ്ഥാപനത്തിലോ കേന്ദ്രീകരിക്കാന്‍ പാടില്ല. അത് സ്വേച്ഛാധിപത്യത്തിനു കാരണമാകുമെന്ന് ലോക്ക് വിശ്വസിച്ചു. രാജാധിപത്യത്തെയും സമഗ്രാധിപത്യത്തെയും നിശിതമായി എതിര്‍ത്ത ചിന്തകരാണ് മൊണ്ടെസ്ക്യൂവും റൂസ്സോയും. മൊണ്ടെസ്ക്യുവിന്റെ 'അധികാര വിഭജനസിദ്ധാന്തം' ആധുനിക നിയമശാസ്ത്രത്തിന്റെ വികാസചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അധികാരത്തെ അദ്ദേഹം ലജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡിഷ്യറി എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. ഈ മൂന്നു സ്ഥാപനങ്ങള്‍ക്കും പ്രായോഗികമായി സ്വാച്ഛന്ദ്യമുണ്ടായിരിക്കണമെന്നും മൊണ്ടെസ്ക്യു വാദിച്ചു. ഈ അധികാരരൂപങ്ങള്‍ തമ്മിലുള്ള ഏകീകരണം അധികാരകേന്ദ്രീകരണത്തിനും സമഗ്രാധിപത്യത്തിനും വഴിതെളിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തികള്‍ തങ്ങളുടെ അവകാശങ്ങള്‍ ഏതെങ്കിലുമൊരു പരമാധികാരിക്ക് വിധേയമാക്കരുത്. അതാണ് സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള മുന്നുപാധി എന്ന് റൂസ്സോ സിദ്ധാന്തിച്ചു. നിയമത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ പൊതുവായ ഇച്ഛയാണെന്ന് റൂസ്സോ പ്രഖ്യാപിക്കുകയുണ്ടായി.
ഒരു സവിശേഷ വിജ്ഞാനശാഖ എന്ന നിലയില്‍ ജൂറിസ് പ്രൂഡന്‍സിനെ ചിട്ടപ്പെടുത്തുന്നതില്‍ ജോണ്‍ ഓസ്റ്റിന്‍ വഹിച്ചിട്ടുള്ള പങ്ക് നിര്‍ണായകമാണ്. നിയമശാസ്ത്രത്തെ സംബന്ധിച്ച അപഗ്രഥനാത്മക ചിന്താപദ്ധതിക്കു ജന്മം നല്കിയത് ഓസ്റ്റിനാണ്. ജൂറിസ് പ്രൂഡന്‍സിന്റെ യഥാര്‍ഥ സ്വഭാവം, ധര്‍മം എന്നിവയെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ഓസ്റ്റിന്‍ സിദ്ധാന്തിക്കുകയുണ്ടായി. ജൂറിസ് പ്രൂഡന്‍സിന്റെ മുഖ്യവിഷയം തന്നെ നിയമത്തിന്റെ അപഗ്രഥനമാണെന്ന് അദ്ദേഹം വാദിച്ചു. പരമാധികാരത്തിന്റെ ശാസനയും നിര്‍വഹണവുമാണ് ആധുനിക നിയമത്തിന്റെ അടിസ്ഥാനമെന്ന് ഓസ്റ്റിന്‍ വ്യക്തമാക്കി.
ജൂറിസ് പ്രൂഡന്‍സിന്റെ അടിസ്ഥാന സങ്കല്പം. രണ്ടോ അതിലധികമോ വ്യക്തികള്‍ തമ്മിലുള്ള നിയമപരമായ ബന്ധമാണ്. വ്യത്കികള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും നല്കുന്നതുപോലെ, നിയമം, കടമകളും ബാധ്യതകളും നിര്‍വചിക്കുന്നുണ്ട്. നിയമപരമായ ബന്ധങ്ങളെ സംബന്ധിച്ച പരികല്പനകളെ ശാസ്ത്രീയമായി വിശദീകരിക്കുക എന്നതാണ് നിയമവിശകലനത്തിന്റെ ധര്‍മം. സാമൂഹികാധികാരത്തിന്റെ ഒരു പ്രകാശനവിധം എന്ന നിലയ്ക്ക് വികസിച്ചുവന്ന നിയമവ്യവസ്ഥയുടെ സാന്നിധ്യം മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്നതിനും സാമൂഹികമായ സമവായം സ്ഥാപിക്കുന്നതിനും അനിവാര്യമാണ്. പൗരന്മാര്‍ തമ്മിലുള്ള ബന്ധങ്ങളും പെരുമാറ്റരീതികളും നിയന്ത്രിതമായിരുന്നെങ്കില്‍ മാത്രമേ, സാമൂഹിക ഭദ്രത നിലനില്ക്കുകയുള്ളൂ. ഒരു നിയമവ്യവസ്ഥ വിജയകരമാകണമെങ്കില്‍, നിയമത്തിന്റെ അനുശാസനങ്ങള്‍ അംഗീകരിക്കാനുള്ള സന്നദ്ധത സമൂഹത്തിനുണ്ടായിരിക്കുകയും വേണം. നിയമത്തിന്റെ ലക്ഷ്യവും മാര്‍ഗങ്ങളും സമൂഹത്തിന്റെ നന്മയ്ക്കാണെന്ന് ജനങ്ങള്‍ക്കു ബോധ്യമുണ്ടായിരിക്കണമെന്നാണ് വിവക്ഷിക്കുന്നത്.
അപഗ്രഥനാത്മക ചിന്താപദ്ധതിക്കു പുറമേ ഹിസ്റ്റോറിക്കല്‍ സ്കൂള്‍, മെറ്റാഫിസിക്കല്‍ സ്കൂള്‍, സോഷ്യോളജിക്കല്‍ സ്കൂള്‍ എന്നിവയും ആധുനിക നിയമശാസ്ത്രത്തിന്റെ പ്രധാന ശാഖകളാണ്. 1868-ല്‍ ആവിഷ്കരിക്കപ്പെട്ട 'മെയിന്‍സ് സിദ്ധാന്ത'മാണ് ചരിത്രപരമായ ജൂറിസ് പ്രൂഡന്‍സിന് ആധാരം. ലോകത്തിലെ വിവിധ ജനവിഭാഗങ്ങളുടെയും നാഗരികതകളുടെയും നിയമവ്യവസ്ഥകളെക്കുറിച്ചുള്ള പഠനത്തിനു മെയിന്‍സ് സിദ്ധാന്തം പ്രചോദനമായി. സാമൂഹികാചാരങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും രൂപംകൊണ്ട മൌലികവും പരമ്പരാഗതവുമായ സങ്കല്പങ്ങളായാണ് ഹിസ്റ്റോറിക്കല്‍ സ്കൂളിലെ ചിന്തകര്‍ നിയമത്തെ വീക്ഷിച്ചത്. പടിപടിയായുള്ള ഒരു പരിണാമപ്രക്രിയയുടെ ഫലമായിട്ടാണ് നിയമങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് ഇവര്‍ സിദ്ധാന്തിക്കുകയുണ്ടായി.
നിയമത്തെ സംബന്ധിച്ച് ഒരു ദാര്‍ശനിക സമീപനമാണ് മെറ്റാഫിസിക്കല്‍ ചിന്തകര്‍ ആവിഷ്കരിച്ചത്. നിയമങ്ങള്‍ക്കാധാരമായി വര്‍ത്തിക്കുന്ന അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ചാണ് ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. നന്മതിന്മകളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ധാരണകളാണ് ഇവര്‍ അവലംബമാക്കിയത്. കേവലമായ ചില മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമത്തിന്റെ ലക്ഷ്യമെന്തെന്നു കണ്ടെത്താനാണ് മെറ്റാഫിസിക്കല്‍ ജൂറിസ്റ്റുകള്‍ ശ്രമിച്ചത്. മാറിവരുന്ന സാമൂഹിക താത്പര്യങ്ങള്‍ക്കും സമൂഹത്തിന്റെ കെട്ടുറപ്പിനും സഹായകരമായ രീതിയില്‍ എങ്ങനെ നിയമനിര്‍മാണവും നിര്‍വഹണവും നടത്താം എന്നതാണ് സാമൂഹിക ശാസ്ത്രചിന്താപദ്ധതി ചര്‍ച്ച ചെയ്യുന്നത്. ഉള്ളടക്കത്തെക്കാള്‍ നിയമത്തിന്റെ പ്രായോഗികവശത്തിനാണ് ഈ ചിന്തകള്‍ പ്രാധാന്യം കല്പിച്ചത്. സാമൂഹിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സാമൂഹിക സമവായം പരമാവധി സൃഷ്ടിക്കുക എന്നതാണ് നിയമവ്യവസ്ഥയുടെ ധര്‍മം. ഈ അര്‍ഥത്തില്‍ ജൂറിസ് പ്രൂഡന്‍സിന് ഇതര സാമൂഹികശാസ്ത്രങ്ങളുമായി ഗാഢമായ ബന്ധമുണ്ട്.