This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂറാ പര്‍വതനിരകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂറാ പര്‍വതനിരകള്‍
പശ്ചിമ-മധ്യയൂറോപ്പില്‍, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയിലുള്ള മലനിരകള്‍. തെ. പടിഞ്ഞാറന്‍ ദിശയില്‍ നിന്നു വ. കിഴക്കന്‍ ദിശയിലേക്കു വ്യാപിച്ചിരിക്കുന്ന ഈ മലനിരകള്‍ ആല്‍പ്സ് പര്‍വതനിരകളുടെ തുടര്‍ച്ചയാണ്. ഇരു രാജ്യങ്ങളുടെയും പൊതുവായ അതിര്‍ത്തിയില്‍ സമാന്തരനിരകളായി സ്ഥിതിചെയ്യുന്ന ഇവയ്ക്ക് 290 കി. മീറ്ററിലധികം നീളമുണ്ട്. ഫ്രഞ്ചധീനതയിലുള്ള ആങ്, ജൂറാ, ഡൂ (Doubs) എന്നിവയും സ്വിസ്-അധീനതയിലുള്ള വോ (Vaud), ന്യൂ ഷാറ്റല്‍, ബേണ്‍, സോളൊറ്റ്യൂറ്ന്‍, ബാസല്‍ എന്നിവയുമാണ് ഈ പര്‍വതഭാഗത്തു വരുന്ന പ്രധാന പ്രദേശങ്ങള്‍. മലനിരകളുടെ പരമാവധി വീതി 64 കി. മീറ്ററാകുന്നു. ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ ക്രെഡ് ലനെഷ് (1723 മീ.), മൊങ് റെക്യൂള്‍ (1721 മീ.) എന്നിവ ഫ്രാന്‍സിലാണ് സ്ഥിതിചെയ്യുന്നത്. ഡോള്‍ (1525 മീ.), കൊളമ്പിയെ ഡ് ജെഷ് (1691 മീ.), മൊ തോങ് (1682 മീ.) എന്നിവ മറ്റു പ്രധാന കൊടുമുടികളാണ്.
ജൂറാ പര്‍വതത്തിന്റെ തെ. പടിഞ്ഞാററ്റത്ത് റോണ്‍ നദിയും വ. കിഴക്കേയറ്റത്ത് റൈന്‍ നദിയും കാണപ്പെടുന്നു. റൈനിന്റെ മറുകരയില്‍ കാണുന്ന തെ. പടിഞ്ഞാറന്‍ ജര്‍മനിയിലുള്ള ജൂറാ പര്‍വതശാഖ 'സ്വേബിയന്‍ ആല്‍ബ്' എന്ന് വിവക്ഷിക്കപ്പെടാറുണ്ട്. പലപ്പോഴും സ്വേബിയന്‍-ഫ്രാങ്കോണിയന്‍ അപ്ലന്‍ഡ്സ് എന്നും ഇത് പരാമൃഷ്ടമാകുന്നു. മൊങ് ബ്ലാങ്ങിന് 80 കി.മീ. വ. പടിഞ്ഞാറുള്ള കോള്‍ഡ് ല ഫൊസീല്‍, ബസാങ് സൊങ്ങിന് 5 കി.മീ. തെക്കായുള്ള പോന്താര്‍ലിയെ ഗാപ് എന്നിവയാണ് പ്രധാന ചുരങ്ങള്‍.
ജൂറാ പര്‍വതനിരകളില്‍ കാണുന്ന ജീവാശ്മ സമൃദ്ധമായ ചുണ്ണാമ്പുകല്ലുകള്‍ ഇവിടത്തെ ഒരു സുപ്രധാന ഭൂഗര്‍ഭരൂപീകരണമാണ്. ജൂറാസിക് യുഗത്തിന് ഈ പേരു ലഭിക്കാന്‍ കാരണവും ഇവ തന്നെ. ഈ പാറകളും പലപ്പോഴും 'ജൂറാസിക്' എന്നു വിവരിക്കപ്പെടുന്നുണ്ട്.
വനനിബിഡമാണ് ജൂറാ പര്‍വതനിരകള്‍. 1674 മീറ്ററിലധികം ഉയരമുള്ള ധാരാളം കൊടുമുടികള്‍ ഈ മലനിരകളിലുണ്ട്. പര്‍വതനിരകളില്‍ നിന്നുദ്ഭവിക്കുന്ന പ്രധാന നദികള്‍ ആങ്, ഡൂ എന്നിവയാകുന്നു. ഇവ രണ്ടും ഫ്രാന്‍സിലേക്കാണൊഴുകുന്നത്. ഈ പര്‍വത നിരകളില്‍ കാണുന്ന മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. കുന്നിന്‍ ചരിവുകളില്‍ നിന്ന് തടി ലഭിക്കുന്നു. പൊതുവേ ജനസാന്ദ്രത കുറഞ്ഞ ഈ പര്‍വതപ്രദേശത്തെ പ്രധാന വ്യാവസായികോത്പന്നങ്ങളില്‍ വാച്ചുകള്‍, ക്ളോക്കുകള്‍, കൈകൊണ്ടുണ്ടാക്കുന്ന തടിയുത്പന്നങ്ങളായ കളിപ്പാട്ടങ്ങള്‍, മരസ്സാമാനങ്ങള്‍ എന്നിവയും പെടുന്നു. ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ്, ആലബാസ്റ്റര്‍ (ഒരിനം ജിപ്സം) എന്നിവ വിസ്തൃതമായ ക്വാറികളായി കാണപ്പെടുന്നത് ധാരാളമായി വെട്ടിയെടുക്കുന്നുണ്ട്.