This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂറാസിക് പാര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂറാസിക് പാര്‍ക്ക്

മൈക്കല്‍ ക്രൈറ്റണ്‍ രചിച്ച (1983) ജൂറാസിക് പാര്‍ക്ക് എന്ന നോവലിനെ ആധാരമാക്കി സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ഇംഗ്ളീഷ് ചലച്ചിത്രം. ടൈറ്റാനിക് എന്ന ചലച്ചിത്രത്തിനു മുമ്പ് ലോകസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ബഹുമതി ജൂറാസിക് പാര്‍ക്കിനായിരുന്നു.

സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് (1993) സംവിധാനം ചെയ്ത ജുറാസിക് പാര്‍ക്ക് എന്ന സിനിമയിലെ ഒരു രംഗം

ജൂറാസിക് യുഗത്തില്‍ ജീവിച്ച്, നാമാവശേഷമായ ദിനോസറുകളെ ശാസ്ത്രജ്ഞര്‍ പുനര്‍ജീവിപ്പിക്കുന്ന സാങ്കല്പിക കഥയാണിത്. ഫോസിലുകളില്‍ നിന്നു വേര്‍തിരിക്കുന്ന ദിനോസര്‍ ജീനുകളില്‍ നിന്ന് ദിനോസറുകളെ പുനഃസൃഷ്ടിക്കാമെന്ന ശാസ്ത്രതത്ത്വത്തെ മുന്‍നിര്‍ത്തിയാണ് ജൂറാസിക് പാര്‍ക്ക് എന്ന നോവല്‍ രചിക്കപ്പെട്ടത്. സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത (1993) ചിത്രത്തില്‍, ജോണ്‍ ഹാമണ്ട് എന്ന കോടീശ്വരന്‍, ശാസ്ത്രവിദ്യയുടെ സഹായത്താല്‍ പുനഃസൃഷ്ടിച്ച ദിനോസറുകളുടെ ഒരു പാര്‍ക്ക് ഉണ്ടാക്കുന്നു. ഈ പാര്‍ക്ക് തകര്‍ന്നടിയുന്നതും ദിനോസറുകളുടെ കൂട്ടത്തില്‍ രക്തദാഹിയായ ടൈനോസറസ് റെക്സ് (T-Rex) അക്രമാസക്തനായി മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെ വിസ്മയകരമാം വണ്ണം ചിത്രീകരിച്ചിരിക്കുന്നു.

സാങ്കേതികവിദ്യയിലൂടെ ഏതു ഭ്രമാത്മകഭാവനയെയും യാഥാര്‍ഥ്യമാക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. കംപ്യൂട്ടര്‍ ഗ്രാഫിക് ഇമേജിങ്ങിലൂടെയാണ് ദിനോസറുകള്‍ സ്ക്രീനില്‍ അവതരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് (ഐഎല്‍എം) എന്ന ചലച്ചിത്ര സാങ്കേതികവിദ്യാസ്ഥാപനമാണ് സ്പില്‍ബര്‍ഗിന്റെ ഭാവനയ്ക്ക് രൂപാവിഷ്കാരം നല്കിയത്. സ്പില്‍ബര്‍ഗിന്റെ ചലച്ചിത്ര നിര്‍മാണ സ്ഥാപനമായ ആംബ്ലിന്‍ എന്റര്‍പ്രൈസസ് ആണ് ഈ ചിത്രം നിര്‍മിച്ചത്. ആയിരം കോടി ഡോളറിലധികമായിരുന്നു ജൂറാസിക് പാര്‍ക്കിന്റെ കളക്ഷന്‍. വിഷ്വല്‍ ഇഫക്ടുകള്‍ക്ക് മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ ഈ ചിത്രം നേടി (1994).

1995-ല്‍ ക്രൈറ്റന്‍ നഷ്ടലോകം (ലോസ്റ്റ് വേള്‍ഡ്) എന്ന പേരില്‍ ജൂറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗം രചിച്ചു. 1997-ല്‍ സ്പില്‍ബര്‍ഗ് ജൂറാസിക് പാര്‍ക്ക്-ലോസ്റ്റ് വേള്‍ഡ് എന്ന പേരില്‍ ഈ ചലച്ചിത്രത്തിന്റെ രണ്ടാംഭാഗം നിര്‍മിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍