This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൂബിലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൂബിലി
Jubilee
വ്യക്തികളുടെയോ സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍, ഗവണ്‍മെന്റുകള്‍ എന്നിവയുടെയോ സവിശേഷ വാര്‍ഷികങ്ങള്‍ കൊണ്ടാടാന്‍ നിശ്ചിത കാലയളവുകളില്‍ നടത്തുന്ന ആഘോഷം. 25-ാം വാര്‍ഷികം രജതജൂബിലിയും 50-ാം വാര്‍ഷികം കനകജൂബിലിയും 60-ാം വാര്‍ഷികം വജ്രജൂബിലിയും 75-ാം വര്‍ഷം പ്ളാറ്റിനം ജൂബിലിയുമാണ്.
മുട്ടനാടിന്റെ കൊമ്പ് എന്ന് അര്‍ഥം വരുന്ന യോബല്‍ (yobel) എന്ന ഹീബ്രു പദത്തില്‍ നിന്നാണ് മലയാളം കടംകൊണ്ട 'ജൂബിലി' എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിട്ടുള്ളത്. പുരാതന ജൂതന്മാര്‍ ഏഴു ശാബത വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള എല്ലാ 50-ാമത്തെ വര്‍ഷവും മഹോത്സവമായി കൊണ്ടാടിയിരുന്നതായി ബൈബിള്‍ 'പഴയനിയമ'ത്തില്‍ പറയുന്നു. ജൂബിലി വര്‍ഷത്തില്‍ അടിമകളെ സ്വതന്ത്രരാക്കുകയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തരിശിടാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. മുട്ടനാടിന്റെ കൊമ്പുകൊണ്ടു കാഹളമൂതിയായിരുന്നു ജൂബിലി വര്‍ഷാചരണം വിളംബരം ചെയ്തിരുന്നത്. തങ്ങളുടെയും ഭൂമിയുടെയും മുകളില്‍ ദൈവത്തിനുള്ള ആധിപത്യത്തെയാണ് ജൂബിലി വര്‍ഷത്തില്‍ ജൂതന്മാര്‍ ആഘോഷിച്ചിരുന്നത്.
റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ എല്ലാ 25-ാം വര്‍ഷവും സാധാരണ ജൂബിലി (Ordinary jubilee) അഥവാ വിശുദ്ധ വര്‍ഷം (Holy year) ആഘോഷിക്കുന്നു. ചെയ്തുപോയ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും റോമിലേക്കു തീര്‍ഥാടനം നടത്തുകയും ചെയ്യുന്നവര്‍ക്കായി 25 വര്‍ഷത്തിലൊരിക്കല്‍ പോപ്പ് പാപം ഇളവും ചെയ്തു കൊടുക്കുന്ന ചടങ്ങാണിത്. 1975-ലാണ് അവസാനമായി 'സാധാരണ ജൂബിലി' ആഘോഷിക്കപ്പെട്ടത്. പോപ്പിന്റെ സ്ഥാനാരോഹണത്തിന്റെ 50-ാം വാര്‍ഷികം പോലുള്ള പ്രത്യേകാവസരങ്ങളിലാണ് 'സവിശേഷ ജൂബിലി'കള്‍ (extra ordinary jubilee) ആഘോഷിക്കാറുള്ളത്.
രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം നേടിയതിന്റെ ജൂബിലികള്‍, ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ജൂബിലികള്‍, പ്രഖ്യാപനങ്ങളുടെ ജൂബിലികള്‍ എന്നിവ പ്രസിദ്ധങ്ങളാണ്. ഇന്ത്യ സ്വതന്ത്രയായതിന്റെ സുവര്‍ണജൂബിലി 1997-98 കാലയളവില്‍ രാജ്യമെമ്പാടും ആഘോഷിക്കപ്പെട്ടു. ജൂബിലി സ്മാരകമായി സ്തൂപങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കുക, സ്റ്റാമ്പ് നാണയങ്ങള്‍ എന്നിവ പുറത്തിറക്കുക തുടങ്ങിയ പതിവുകളുമുണ്ട്. ഉദാ. വിക്ടോറിയാ ജൂബിലി ടൗണ്‍ ഹാള്‍ (തിരുവനന്തപുരം).