This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂനിയര്‍ റെഡ്ക്രോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂനിയര്‍ റെഡ്ക്രോസ്

Junior Red Cross

റെഡ്ക്രോസിന്റെ ഒരു ശാഖ. സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇതിലെ അംഗങ്ങള്‍. ലോകത്തൊട്ടാകെയുള്ള 75 നാഷണല്‍ റെഡ് ക്രോസ് സൊസൈറ്റികള്‍ക്ക് ജൂനിയര്‍ റെഡ് ക്രോസ് ബ്യൂറോകള്‍ ഉണ്ട്. വ്യത്യസ്തമായ സാംസ്കാരിക വംശീയ പശ്ചാത്തലങ്ങളുള്ള കുട്ടികളില്‍ സൗഹൃദവും പരസ്പര ധാരണയും ഊട്ടി വളര്‍ത്തുകയാണ് ഇവയുടെ ലക്ഷ്യം.

റെഡ്ക്രോസ് സൊസൈറ്റി അതിന്റെ സമാധാനകാല പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായും ഉപയോഗിക്കുന്നത് ജൂനിയര്‍ ശാഖകളെയാണ്. അത്യാഹിതങ്ങളില്‍പ്പെട്ടവരെ രക്ഷപ്പെടുത്തല്‍, ആരോഗ്യപരിപാലനം, ആതുര ശുശ്രൂഷ, ശുചിത്വപരിപാലനം തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇവര്‍ നിര്‍വഹിക്കാറുണ്ട്. പല സൊസൈറ്റികളും വിദ്യാലയ ശുചിത്വത്തില്‍ സവിശേഷശ്രദ്ധ പതിപ്പിക്കാറുണ്ട്. വൃദ്ധജനങ്ങള്‍ക്കും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നവര്‍ക്കും അന്ധര്‍ക്കും വേണ്ടിയുള്ള പ്രത്യേക കേന്ദ്രങ്ങള്‍ നടത്തുന്ന സൊസൈറ്റികളും നിരവധിയുണ്ട്. ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ ഇവിടങ്ങളില്‍ നിത്യസന്ദര്‍ശനം നടത്തുകയും വേണ്ട സഹായങ്ങള്‍ നല്കുകയും ചെയ്യുന്നു.

യു.എസ്സിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നാണ് അമേരിക്കന്‍ ജൂനിയര്‍ റെഡ്ക്രോസ്. ഒന്നാം ലോകയുദ്ധകാലത്ത് 1917-ല്‍ യു.എസ്സിലെ യുവജനങ്ങളുടെയും കുട്ടികളുടെയും യുദ്ധകാല സേവനം ഉറപ്പാക്കാന്‍ ഉതകുന്ന ഒരു പദ്ധതി ആവിഷ്കരിക്കാന്‍ വിദ്യാഭ്യാസ വിചക്ഷണര്‍ റെഡ്ക്രോസിനോട് ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് വൂഡ്രോ വില്‍സന്റെ ഒരു വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ജൂനിയര്‍ റെഡ് ക്രോസ് സ്ഥാപിതമായത്. 1960-കളില്‍ ഇതിന്റെ അംഗസംഖ്യ നിരവധി ലക്ഷങ്ങള്‍ കവിയുകയുണ്ടായി. സമ്മാനപ്പെട്ടി വിതരണം, പ്രദര്‍ശന പരിപാടികള്‍, കലാപരിപാടികള്‍, സംഗീതമേളകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഈ സംഘടന വര്‍ഷന്തോറും സംഘടിപ്പിക്കാറുണ്ട്. അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഈ പരിപാടികള്‍ ഉപയോഗപ്പെടുത്തുന്നു. നോ. റെഡ് ക്രോസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍