This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂതന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂതന്മാര്‍

Jews

യഹൂദമത വിശ്വാസികളായ ഇസ്രയേല്‍ ഗോത്രങ്ങളുടെ പിന്‍മുറക്കാര്‍.

ഹീബ്രുഭാഷയിലെ 'യഹൂദി' ലത്തീന്‍ ഭാഷയിലെ 'ജൂദായീസ്' ഗ്രീക്ക് ഭാഷയിലെ 'എദേയിസ്' എന്നീ പദങ്ങളില്‍ നിന്നാണ് ജൂതന്‍ എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. ജൂത ഗോത്രത്തലവനായിരുന്ന ജേക്കബിന്റെ നാലാമത്തെ പുത്രനായ യഹൂദായുടെ പിന്‍മുറക്കാര്‍ എന്ന അര്‍ഥത്തിലാണ് 'ജൂത'പദം വ്യവഹരിക്കപ്പെടുന്നത്. ജൂതന്മാര്‍ ഒരു പ്രത്യേക വംശം അല്ലെന്നാണ് ആധുനിക നരവംശ ശാസ്ത്രം പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ജൂതന്മാര്‍ നിറം, ആകൃതി, പൊക്കം, രക്തഗ്രൂപ്പ് എന്നീ കാര്യങ്ങളില്‍ ഭിന്നത പുലര്‍ത്തുന്നുണ്ട്. 'പഴയനിയമ'ത്തില്‍ പറയുന്ന ഹീബ്രുകള്‍ വിവിധ വംശങ്ങള്‍ ഇടകലര്‍ന്നുണ്ടായ ഒരു സങ്കര ജനതയാണെന്ന് ബൈബിളില്‍ പരാമര്‍ശങ്ങളുണ്ട്.

ജൂതന്മാരെ ജൂതന്മാരായി നിലനിര്‍ത്തിയതും നിലനിര്‍ത്തുന്നതും വംശീയമായ സമാനതകളല്ല, മറിച്ച് ചരിത്രപരവും മതപരവും ദേശീയവുമായ ചില മൂല്യങ്ങളോടുള്ള വൈകാരികബന്ധമാണ്. 1959-ല്‍ ഇസ്രയേലില്‍ 'ആരാണ് യഥാര്‍ഥ ജൂതന്‍' എന്നൊരു ചര്‍ച്ച നടക്കുകയുണ്ടായി. രക്ഷിതാക്കള്‍ ജൂതനാണെന്നു പ്രഖ്യാപിക്കുന്ന ഏതൊരു ശിശുവും ജൂതനാണ്. അഥവാ, സ്വയം ജൂതനാണെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും ജൂതനായി കണക്കാക്കാം എന്നായിരുന്നു ഭൂരിപക്ഷം ഇസ്രയേലികളുടെയും അഭിപ്രായം.

പലസ്തീനിന്റെയും ഇസ്രയേലിന്റെയും ചരിത്രമാരംഭിക്കുന്നത് 'അമാര്‍നാ'യുഗത്തിലാണ്. ബി.സി. 15-ാം ശ.-ത്തോട് അടുപ്പിച്ചുള്ള ഈ കാലഘട്ടത്തില്‍ പലസ്തീനില്‍ ഭരണം നടത്തിയിരുന്നത് ഈജിപ്തിന്റെ ആശ്രിതരായ രാജാക്കന്മാരായിരുന്നു. 'ഹാബിറൂ' എന്ന ഒരു ഗോത്രവിഭാഗം പലസ്തീന്‍ ആക്രമിച്ചു കീഴടക്കിയതായും 'ഹീബ്രു' എന്ന പദം നിഷ്പന്നമായത് 'ഹാബിറൂ' എന്ന വാക്കില്‍ നിന്നാണെന്നും ഒരഭിപ്രായമുണ്ട്. ബി.സി. 19-ാം ശ.-ത്തില്‍ അര്‍, സുമേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയ പാശ്ചാത്യസെമിറ്റിക് വംശജരായ അമോറൈറ്റുകള്‍ ആണ് ജൂതന്മാരുടെ പൂര്‍വികരെന്ന് കരുതപ്പെടുന്നു. പലസ്തീനിലെത്തിയ അബ്രഹാമിന്റെ പൌത്രനായ ജേക്കബിന്റെ സന്തതിപരമ്പരകളാണ് ഇസ്രയേലികള്‍. 'ജേക്കബിന്റെ രാജ്യം' എന്ന അര്‍ഥത്തിലാണ് 'ഇസ്രയേല്‍' എന്ന പദം ആവിര്‍ഭവിച്ചത്. ജേക്കബ് മാലാഖയുമായി നടത്തിയ സംവാദത്തെ അനുസ്മരിപ്പിക്കുന്നതിനുവേണ്ടിയാണ് ജൂത പൂര്‍വികര്‍ 'ഇസ്രയേലിന്റെ മക്കള്‍' എന്നു സ്വയം വിശേഷിപ്പിച്ചിരുന്നത്. ബൈബിള്‍ സാഹിത്യമനുസരിച്ച് ഹീബ്രുകളുടെ ആദിമവാസസ്ഥാനം മെസൊപ്പൊട്ടേമിയ ആണ്. 'അരാമായിക്ക്' ആദിമഭാഷയും. അര്‍ധനായാടി ഗോത്രമായിരുന്ന ഇവര്‍ കാര്‍ഷികവൃത്തിയിലും ഏര്‍പ്പെട്ടിരുന്നു.

ബി.സി. 13-ാം ശ.-ത്തില്‍ ഗോഷന്‍ പ്രദേശത്ത് അധിവസിച്ചിരുന്ന ജൂതന്മാര്‍ ഈജിപ്ഷ്യന്‍ അടിമത്തത്തില്‍ നിന്നും വിമോചനം നേടി മോസ്സസ്സിന്റെ നേതൃത്വത്തില്‍ ചെങ്കടല്‍ കടന്ന് സിനായ് കുന്നുകളിലേക്കു പലായനം ചെയ്തു. യഹൂദമതത്തിന്റെയും ദേശീയബോധത്തിന്റെയും ആധാരം ഈ പലായനത്തെക്കുറിച്ച് മായാതെ നില്ക്കുന്ന ചരിത്രസ്മൃതികളാണ്. ഈ പാലായന കാലത്ത് മോസസ് വിളംബരം ചെയ്ത 'പത്തു കല്പന'കളാണ് യഹൂദമതത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്നത്. മോസസ്സിന്റെ ശിഷ്യനായ ജോഷ്വായുടെ മരണശേഷം ഗോത്രത്തലവന്മാരായ 'ജഡ്ജസി'ന്റെ കാലമാകുമ്പോഴേക്കും ജോര്‍ദാനു പടിഞ്ഞാറുള്ള മിക്ക സ്ഥലങ്ങളും ഇസ്രയേലികളുടെ അധീനതയിലായി. ബി.സി. 10-ാം ശ.-ത്തോടടുപ്പിച്ച് വിവിധ ഇസ്രയേല്‍ ഗോത്രങ്ങള്‍ ഒന്നിച്ച് ജൂതരാജ്യം സ്ഥാപിച്ചു. ശൌല്‍ ആദ്യ ജൂതരാജാവായി വാഴിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പലസ്തീന്‍-സിറിയന്‍ പ്രദേശത്തെ ശക്തമായ ഒരു രാജ്യമായി ഇസ്രയേല്‍ മാറുന്നത് ദാവീദിന്റെ നേതൃത്വത്തിലാണ്. ദാവീദ് ജെബൂസൈറ്റ്വില്‍ നിന്നും പിടിച്ചെടുത്ത ജറൂസലേമിനെ രാജ്യത്തിന്റെ തലസ്ഥാനമാക്കി. ജറുസലേമില്‍ രാജകൊട്ടാരവും ദേവാലയവും നിര്‍മിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു.

ദാവീദിന്റെ മകനായ സോളമന്‍ (ബി.സി. 965-928) പിതാവിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചു. 'യഹോവ' എന്നു വിളിക്കുന്ന ദൈവത്തിനുവേണ്ടി ജറൂസലേമില്‍ ദേവാലയം നിര്‍മിച്ചു. ജൂതചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായിട്ടാണ് സോളമന്‍ അറിയപ്പെടുന്നത്. സോളമന്റെ മരണത്തെത്തുടര്‍ന്ന് ഇസ്രയേല്‍ ഗോത്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ന്നു. വിഘടിത ഗോത്രങ്ങളുടെ രാജ്യം ഇസ്രയേല്‍ എന്നും ദാവീദിന്റെ രാജ്യം ജൂദരാജ്യം എന്നും അറിയപ്പെടാന്‍ തുടങ്ങി. ജൂദ-ഇസ്രയേല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഗോത്രപ്പക 200 വര്‍ഷത്തോളം നീണ്ടുനിന്നു. ഇതിനുശേഷമാണ് പ്രവാചകന്മാരുടെ കാലഘട്ടം ആരംഭിക്കുന്നത്. സമൂഹത്തിന്റെ തിന്മകള്‍ യഹോവയ്ക്കെതിരായ പാപമാണെന്നും അന്ത്യവിധി നിര്‍ണയദിനം (യഹോവയുടെ ദിനം) വരുമെന്നും പ്രവാചകന്മാര്‍ പ്രഖ്യാപിച്ചു. ഈ പ്രവാചകര്‍ ഏകദൈവവിശ്വാസം പ്രചരിപ്പിച്ചു. ബി.സി. 722-ല്‍ അസ്സീറിയക്കാര്‍ ഇസ്രയേല്‍ ആക്രമിച്ചു കീഴടക്കി. ബി.സി. 586-ല്‍ ജൂദ, ബാബിലോണിനു കീഴിലാവുകയും ജറുസലേം ദേവാലയം ആക്രമിക്കപ്പെടുകയും ചെയ്തു. ജൂതന്മാര്‍ കൂട്ടത്തോടെ ബാബിലോണിയയിലേക്കു പലായനം ചെയ്തു. ബി.സി. 538-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യസ്ഥാപകനായ സൈറസ് ബാബിലോണിയ കീഴടക്കിയപ്പോള്‍ ജൂതന്മാരെ സ്വദേശത്തേക്കു മടങ്ങാനും ജറൂസലേം ദേവാലയം പുനര്‍നിര്‍മിക്കാനും അനുവദിച്ചു. ബി.സി. 516-ല്‍ ദേവാലയ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. തുടര്‍ന്ന് ജൂതഭരണം പുനഃസ്ഥാപിക്കുകയും ജൂദ ഒരു മതാധിഷ്ഠിത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അധിനിവേശത്തെത്തുടര്‍ന്ന് ജൂതന്മാര്‍ റോമന്‍ ആധിപത്യത്തിന്‍ കീഴിലായി. എ.ഡി. 70-ല്‍ റോമന്‍ രാജാവായിരുന്ന റ്റൈറ്റസ് ജറൂസലേം ദേവാലയം നിശ്ശേഷം തകര്‍ക്കുകയും ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തു. ആയിരക്കണക്കിനു പുരോഹിതരെ ദേവാലയങ്ങളില്‍ വച്ചുതന്നെ ക്രൂരമായി വധിക്കുകയുണ്ടായി. ജറൂസലേം ദേവാലയത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ പീഡനങ്ങളും ജൂതചരിത്രത്തില്‍ പുതിയൊരധ്യായത്തിനു തുടക്കം കുറിച്ചു. ജൂതന്മാര്‍ കൂട്ടത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു പലായനം ചെയ്തു. ഈ സംഭവം 'ഡയസ്പോറ' എന്നാണറിയപ്പെടുന്നത്. വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിയോടിയ ജൂതന്മാര്‍, പക്ഷേ വിശുദ്ധ ഭൂമിയായ ജറൂസലേമിലേക്കു മടങ്ങി വരാന്‍ കഴിയുമെന്നും തങ്ങളുടെ 'വാഗ്ദത്തഭരണം' പുനഃസ്ഥാപിക്കപ്പെടുമെന്നും വിശ്വസിച്ചു. ഇസ്രയേല്‍ തങ്ങളുടെ 'വാഗ്ദത്ത ഭൂമി'യാണെന്ന വിശ്വാസം ആവിര്‍ഭവിക്കുന്നത് ഈ പ്രവാസകാലത്താണ്. പലായനത്തിന്റെയും പ്രവാസത്തിന്റെയും വര്‍ണനാതീതമായ പീഡനങ്ങളെ അതിജീവിക്കാന്‍ ജൂതന്മാരെ പ്രാപ്തരാക്കിയത് 'വാഗ്ദത്ത ഭൂമി'യിലേക്ക് എന്നെങ്കിലും മടങ്ങാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു. തങ്ങള്‍ 'ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത'യാണെന്ന വിശ്വാസം സുദീര്‍ഘമായ പ്രവാസകാലത്തുടനീളം ജൂതന്മാര്‍ മുറുകെ പിടിച്ചിരുന്നു.

7-ഉം 8-ഉം ശ.-ങ്ങളില്‍ മധ്യപൗരസ്ത്യദേശത്ത് അറബി അധിനിവേശം ഉണ്ടായതോടെ ജൂതന്മാരുടെ ജീവിതത്തില്‍ ഗണ്യമായ മാറ്റങ്ങളുണ്ടായി. കീഴടക്കപ്പെട്ട ജനവിഭാഗങ്ങളെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിനു വിധേയമാക്കിയെങ്കിലും സ്വന്തം മതവിശ്വാസം പുലര്‍ത്തുന്നതിനു ജൂതന്മാരെ അനുവദിച്ചിരുന്നു. മുസ്ലിം രാജ്യങ്ങളില്‍ അധിവസിച്ചിരുന്ന ജൂതന്മാരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികാവസ്ഥയില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. 10-13 ശ.-ങ്ങളില്‍ ഇസ്ലാമിക ഭരണത്തിന്‍കീഴിലായിരുന്ന സ്പെയിനിലെ ജീവിതം മധ്യകാലഘട്ടത്തിലെ ജൂതന്മാരുടെ 'സുവര്‍ണയുഗ'മെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടത്തിലാണ് ജൂതവിശുദ്ധഗ്രന്ഥങ്ങളിലൊന്നായ 'സൊഹര്‍' (Zohar) രചിക്കപ്പെട്ടത്. മോസസ്ദ് ലിയോണ്‍ ആണ് ഗ്രന്ഥകര്‍ത്താവ്. എന്നാല്‍, സ്പെയിന്‍ ക്രിസ്ത്യന്‍ ആധിപത്യത്തിലായതോടെ ജൂതന്മാര്‍ വന്‍തോതില്‍ പീഡിപ്പിക്കപ്പെടാന്‍ തുടങ്ങി. 15-ാം ശ.-ത്തിന്റെ അവസാനത്തോടെ ജൂതന്മാരെ സ്പെയിനില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും പൂര്‍ണമായി നാടുകടത്തി. ക്രിസ്തീയ രാജ്യങ്ങളിലെല്ലാം ജൂതന്മാര്‍ പീഡിപ്പിക്കപ്പെടുകയും 'ദൈവത്തിന്റെ ശത്രു'ക്കളായി മുദ്രകുത്തപ്പെടുകയും ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തെത്തുടര്‍ന്ന് ജൂതന്മാര്‍ യൂറോപ്പിലെ മിക്ക സ്ഥലങ്ങളിലും കുടിയേറി. 17-ാം ശ.മാവുമ്പോഴേക്കും യൂറോപ്പിനകത്തും പുറത്തുമുള്ള മിക്ക പ്രദേശങ്ങളിലും ജൂതന്മാര്‍ അധിവാസമുറപ്പിച്ചുകഴിഞ്ഞു. 18-ാം ശ.-ത്തില്‍ പൂര്‍വയൂറോപ്പില്‍ 'ഹാസിഡിസം', പാശ്ചാത്യ-മധ്യ യൂറോപ്പില്‍ 'ഹസ്കലാ' എന്നീ മതപ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത് ജൂതചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്. പോളണ്ടിലെ ഇസ്രയേല്‍ ബെന്‍ എലൈസര്‍ ആണ് ഹാസിഡിസത്തിന്റെ ഉപജ്ഞാതാവ്. ഇത് പ്രധാനമായും ഒരു ഭക്തിപ്രസ്ഥാനമാണ്. ഹസ്ക്കലാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു നേതൃത്വം നല്കിയത് മോസസ് മെന്‍ഡല്‍ സോണ്‍ ആണ്. മതാചാരങ്ങളും അനുഷ്ഠാനങ്ങളും നവീകരിക്കുകയും ആധുനിക യൂറോപ്യന്‍ സംസ്കാരം സ്വാംശീകരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ, ജൂതവിമോചനം സാധ്യമാവുകയുള്ളൂവെന്ന് ഒരു മതനവോത്ഥാന പ്രസ്ഥാനമായ ഹസ്ക്കലാ ഉദ്ഘോഷിച്ചു.

19-ാം ശ.-ത്തില്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ജൂതന്മാര്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ക്രമേണ, സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ ജൂതന്മാര്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുകയുണ്ടായി. എന്നാല്‍, ജൂതന്മാരുടെ ഈ ഉയര്‍ച്ച കണ്ട്, പലയിടങ്ങളിലും അവര്‍ക്കെതിരായ എതിര്‍പ്പുകളും വളര്‍ന്നുവന്നു. നവോത്ഥാന യൂറോപ്പിന്റെ മഹാന്മാരായ നായകരില്‍ ഒരാളായ ഗൊയ്ഥെ പോലും ജൂതര്‍ക്കെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. ഈ കാലഘട്ടത്തിലാണ് ആന്റിസെമിറ്റിക് മനോഭാവം യൂറോപ്പില്‍ വ്യാപകമായിത്തീര്‍ന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് സയണിസ്റ്റു പ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്. ആസ്ട്രിയന്‍ പത്രപ്രവര്‍ത്തകനായിരുന്ന തിയഡോര്‍ ഹെര്‍സല്‍ ആണ് സയണിസത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം രചിച്ച ദ് ജൂയിസ് സ്റ്റേറ്റ് (1896) എന്ന കൃതിയില്‍, ജൂതവിമോചനത്തിനുള്ള ഏകമാര്‍ഗം ഒരു സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണമാണെന്നു പ്രഖ്യാപിച്ചു. തുടര്‍ന്ന്, 1897-ല്‍ ബേസലില്‍ ആദ്യത്തെ ലോക സയണിസ്റ്റ് കോണ്‍ഗ്രസ് ചേര്‍ന്നു.

ഒന്നാം ലോകയുദ്ധത്തില്‍ ജൂതന്മാര്‍ ഇരുഭാഗത്തുമുള്ള സൈന്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1919-ലെ വെഴ്സെയ് സമാധാന സമ്മേളനത്തില്‍ 'ദ് കമ്മിറ്റി ഒഫ് ജൂയിസ് ഡെലിഗേഷന്‍സ്' എന്ന സംഘടന പങ്കെടുത്തു. റഷ്യ ഒഴികെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും ജൂതന്മാരെ ഒരു ദേശീയ ന്യൂനപക്ഷമായി ഈ സമ്മേളനം അംഗീകരിച്ചു. 1933-ല്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതോടെ ജൂതചരിത്രത്തിലെ ഏറ്റവും ഭീകരമായ വേട്ടയാടല്‍ ആരംഭിച്ചു. ജൂതന്മാരെ വംശഹത്യ ചെയ്യുകയെന്നതായിരുന്നു നാസിസത്തിന്റെ മുഖ്യപരിപാടി. ഒരു ജൂതവിരുദ്ധ പ്രസ്ഥാനമായിട്ടാണ് നാസിസം ആവിര്‍ഭവിച്ചതുതന്നെ. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 6 ദശലക്ഷത്തിലധികം ജൂതന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നാസി കൂട്ടക്കുരുതികളെ ഭയന്ന് ലക്ഷക്കണക്കിനു ജൂതന്മാര്‍ വിവിധ രാജ്യങ്ങളില്‍ അഭയം തേടി. വലിയൊരു വിഭാഗം പലസ്തീനിലേക്കും കുടിയേറുകയുണ്ടായി. 1936-ല്‍ ലോക ജൂതകോണ്‍ഗ്രസ് സ്ഥാപിതമായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് 'യുണൈറ്റഡ് നേഷന്‍സ് സ്പെഷല്‍ കമ്മിറ്റി ഓണ്‍ പലസ്തീന്‍' രൂപീകരിക്കാന്‍ 1947 ഏപ്രിലില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി തീരുമാനിച്ചു. പലസ്തീന്‍ വിഭജിക്കാനും ജൂതന്മാര്‍ക്കും അറബികള്‍ക്കും പ്രത്യേക രാഷ്ട്രങ്ങള്‍ രൂപീകരിക്കാനും ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഭൂരിപക്ഷ പിന്തുണയോടെ ശിപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടു. എന്നാല്‍, ഇതേത്തുടര്‍ന്ന്, അറബ്, ജൂതസംഘട്ടനവും ആരംഭിച്ചു. 1948 മേയ് 14-നു ടെല്‍ അവീവില്‍ വച്ച് ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപനമുണ്ടായി. അമേരിക്ക അന്നുതന്നെ ഇസ്രയേലിനെ അംഗീകരിച്ചു. മേയ് 17-ന് സോവിയറ്റ് യൂണിയനും അംഗീകാരം നല്കി. അറബികള്‍ യുദ്ധം തുടര്‍ന്നെങ്കിലും, ഈ പ്രദേശങ്ങളില്‍ നിന്ന് അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. 1948 അവസാനത്തോടെ ചെയിം വെയിസ്മാന്‍ പ്രസിഡന്റും ഡേവിഡ് ബെന്‍ഗു റിയോണ്‍ പ്രധാനമന്ത്രിയുമായുള്ള ഗവണ്‍മെന്റ് രൂപീകൃതമായി. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതജനതയില്‍ ഗണ്യമായ ഒരു വിഭാഗം ഇസ്രയേലിലേക്കു മടങ്ങിവന്നു. ശതകങ്ങളായി ശത്രുതയിലായിരുന്ന ജൂത-ക്രിസ്ത്യന്‍ ബന്ധം, ഇസ്രയേല്‍ രൂപീകരണത്തെത്തുടര്‍ന്ന് സൌഹൃദപരമായിത്തീര്‍ന്നു.

1949 മേയ് 11-ന് ഇസ്രയേലിന് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം ലഭിച്ചു. യു.എസ്സിന്റെ ഉദാരമായ സാമ്പത്തിക-സൈനിക സഹായം ലഭിച്ചതിനാല്‍ ഇസ്രയേല്‍ പ്രബലമായ ഒരു സൈനികശക്തിയായി വളര്‍ന്നു.

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ദൈവത്തോടുള്ള വിധേയത്വവുമാണ് ജൂതമതത്തിന്റെ പ്രത്യേകത. ഇത് റബ്ബിമതം എന്നും അറിയപ്പെടുന്നു. ജൂദായിസത്തിന്റെ പ്രവാചക പരമ്പരയില്‍പ്പെട്ടവര്‍ റബ്ബികള്‍ എന്നാണറിയപ്പെടുന്നത്. റബ്ബികള്‍ രചിച്ച 'താല്‍മുദ്' ജൂദായിസത്തിന്റെ അടിസ്ഥാന പ്രമാണമാണ്. 'പഴയ നിയമം' ആണ് വിശുദ്ധഗ്രന്ഥം. 'ഏകദൈവവിശ്വാസം' ലോകമത തത്ത്വചിന്തയ്ക്ക് ജൂതമതം നല്കിയ സംഭാവനയാണ്. ധാര്‍മികതയാണ് മതജീവിതത്തിന്റെ അന്തഃസത്തയെന്ന് ജൂതമതം പ്രഖ്യാപിക്കുന്നു. ക്രിസ്തുവിനു നൂറുവര്‍ഷം മുമ്പു ജീവിച്ച റബ്ബി ഹില്ലല്‍ ജൂതമതവിശ്വാസങ്ങള്‍ ഇങ്ങനെ സംഗ്രഹിച്ചു. 'നിങ്ങള്‍ ഇഷ്ടപ്പെടാത്തതെന്തോ അതു നിങ്ങളുടെ സഹജീവികളോട് ചെയ്യാതിരിക്കുക, ധാര്‍മിക നിയമങ്ങള്‍ മുഴുവന്‍ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. മറ്റെല്ലാം തന്നെ അതിന്റെ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ജൂതമതത്തിലെ ധാര്‍മികസിദ്ധാന്തങ്ങള്‍ ലോകത്തെവിടെയുമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രസക്തമാണ്. മോസസ്സിന്റെ പഞ്ചഗ്രന്ഥത്തിലെ അഞ്ചാം പുസ്തകം, പതിനാറാം അധ്യായം ഇരുപതാമത് സൂക്തം ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'നീതി, നീതി, നിങ്ങളുടെ മാര്‍ഗം അതാകട്ടെ'.

അതിപ്രാചീനകാലം തൊട്ടുതന്നെ ജൂതന്മാര്‍ കേരളവുമായി ബന്ധപ്പെട്ടിരുന്നു. സോളമന്റെ കാലത്ത് വിദേശനാടുകളുമായുണ്ടായിരുന്ന വാണിജ്യബന്ധങ്ങളുടെ ഫലമായി ജൂതന്മാരുടെ ആദ്യസംഘം മലബാറിലെത്തി എന്നാണ് ബസ്നാഗെ എന്ന പണ്ഡിതന്റെ അഭിപ്രായം. ബി.സി. 6-ാം ശ.-ത്തില്‍ അസ്സീറിയയുടെ പതനത്തെത്തുടര്‍ന്നു ചില ജൂതഗോത്രങ്ങള്‍ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നതായി ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കൊച്ചി ദേശത്തേക്ക് വന്‍തോതില്‍ ജൂതകുടിയേറ്റമുണ്ടായത് എ.ഡി. 70-ല്‍ ജറുസലേമിലെ ദേവാലയം തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ്. കൊടുങ്ങല്ലൂരിലെത്തിയ ജൂതന്മാരെ കൊച്ചിയിലെ ഭരണാധികാരികള്‍ സ്വീകരിക്കുകയും വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

എ.ഡി. 1500-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ എത്തിയതോടെയാണ് കൊച്ചി, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ജൂതസങ്കേതങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു കൈയില്‍ വാളും മറു കൈയില്‍ കുരിശുമായി വന്ന പോര്‍ച്ചുഗീസുകാരുടെ കാലം ജൂതന്മാരുടെ പീഡനകാലമാണ്. കൊടുങ്ങല്ലൂരിലെ ജൂതസമൂഹത്തെ പോര്‍ച്ചുഗീസുകാര്‍ ഉന്മൂലനം ചെയ്യുകയും കൊച്ചിയിലെ ജൂതപട്ടണം നശിപ്പിക്കുകയും ചെയ്തു. എ.ഡി. 1661-ല്‍ പ്രസിദ്ധമായ പരദേശി ജൂതപ്പള്ളി പോര്‍ച്ചുഗീസുകാര്‍ തകര്‍ക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്നുവന്ന ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും കാലത്ത് ജൂതന്മാര്‍ക്ക് സമാധാന ജീവിതം നയിക്കാന്‍ കഴിഞ്ഞു.

1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ വലിയൊരുവിഭാഗം ജൂതന്മാരും കപ്പല്‍ കയറി. മാളയിലെ ജൂതസമൂഹം ഒന്നടങ്കം തങ്ങളുടെ വാഗ്ദത്തഭൂമിയായ ഇസ്രയേലിലേക്കു പോയി. കേരളത്തില്‍ അവശേഷിക്കുന്ന ജൂതന്മാര്‍ കൊച്ചിയിലാണുള്ളത്. മട്ടാഞ്ചേരിയിലെ ജൂതദേവാലയം പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍