This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവന്‍മുക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീവന്‍മുക്തി

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സംസാരബന്ധങ്ങളില്‍നിന്നും മുക്തിനേടുന്ന അവസ്ഥ.

പ്രപഞ്ചകാരണതത്ത്വമായ പരമാര്‍ഥ വസ്തുവിനെക്കുറിച്ചുള്ള അജ്ഞാനം മൂലം, ജീവാത്മാവ് താനും ലോകവും രണ്ടാണെന്ന ഭേദചിന്തയ്ക്ക് വശപ്പെടുകയും കര്‍മബന്ധങ്ങളിലേര്‍പ്പെടുകയും അന്ധകാരനിബിഢമായ സംസ്കാരം ആര്‍ജിക്കുകയും ചെയ്യുന്നു. അത് ജനനമരണാദിബന്ധങ്ങളിലേക്കും അതുമൂലം സുഖദുഃഖാനുഭവങ്ങളിലേക്കും വീണുകൊണ്ടിരിക്കുന്നു.

ഈ പ്രപഞ്ചം മായാനിര്‍മിതമാണ്. ത്രിഗുണ (സത്ത്വം, രജസ്, തമസ്) സമ്പന്നമായ മായാശക്തി സമഷ്ടിതലത്തില്‍ ആദ്യന്തവിഹീനമായ മായയായിത്തന്നെയും, വൃഷ്ടിതലത്തില്‍ അജ്ഞാനമായും അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ കാരണമായ അസ്തിത്വ-ബോധ-ആനന്ദരൂപമായ ബ്രഹ്മത്തെ ഈ മായ ആവരണം ചെയ്യുകയും കാല-ദേശ-നാമ രൂപങ്ങളോടുകൂടിയ ഇന്ദ്രിയഗോചരമായ ദൃശ്യപ്രപഞ്ചത്തെ വിക്ഷേപിക്കുകയും ചെയ്യുന്നു. മായാശക്തിയുടെ വൃഷ്ടിതലത്തില്‍ വര്‍ത്തിക്കുന്ന അജ്ഞാനം ഈ പ്രപഞ്ചത്തെ ബ്രഹ്മത്തില്‍ ആരോപിക്കുന്നു. അജ്ഞാനത്താല്‍, പ്രപഞ്ചവും ജീവാത്മാവും രണ്ടാണെന്നുള്ള ഭേദചിന്ത ഉടലെടുക്കുകയും താന്‍ ശരീരമാണെന്ന് ജീവാത്മാവ് അഭിമാനിക്കുകയും ചെയ്യുന്നു. ഈ മിഥ്യാധാരണയില്‍നിന്നും കര്‍മം ഉദ്ഭവിക്കുന്നു. ഇതാണ് സംസാരജീവിതത്തിന്നാധാരം. ലൌകിക ജീവിതത്തിനുള്ള നിവൃത്തി അജ്ഞാനമകറ്റി അവനവന്റെ യഥാര്‍ഥരൂപം അറിയുക എന്നതാണ്.

രാജയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം എന്നീ മാര്‍ഗങ്ങളിലൂടെ ഈ അജ്ഞാനത്തെ മാറ്റാം. അജ്ഞാന നാശം വന്നാല്‍ താന്‍ ശരീരമല്ലെന്നും, നേരെ മറിച്ച് ആത്മാവാണെന്നുമുള്ള ശുദ്ധ സത്യബോധം ഉദിക്കുകയും ആത്മസാക്ഷാത്കാരത്തിലെത്തിച്ചേരുകയും ചെയ്യുന്നു. ആത്മസാക്ഷാത്കാരത്തോടെ വാസനാബന്ധവും അതുമൂലമുണ്ടാകുന്ന കര്‍മവും അറ്റുപോകുന്നു. അപ്പോള്‍ സുഖദുഃഖ-ജനനമരണബന്ധമായ സംസാരബന്ധങ്ങളില്‍നിന്നും വ്യക്തി മോചിതനാകും. ആത്മദര്‍ശിക്ക് ബ്രഹ്മം മാത്രം സത്യമെന്നും ജഗത്ത് മിഥ്യയെന്നും ജീവാത്മാവ് പരമാത്മാവില്‍നിന്നും അന്യമല്ലെന്നുമുള്ള വസ്തുബോധം ഉണ്ടാകും. സകലചരാചരങ്ങളിലും ബോധാനന്ദസ്വരൂപമായ ആത്മാവ് സര്‍വഗതനാണെന്നു കാണാം. ഈ സര്‍വഗതനായ ആത്മാവ് പരബ്രഹ്മമാകുന്നു. ഇത് ദര്‍ശിക്കുന്ന സത്യാന്വേഷിയുടെ ബുദ്ധി അചഞ്ചലമാണ്; ബ്രഹ്മനിഷ്ഠന്റെ ബുദ്ധി സ്ഥിരമായിരിക്കുന്നു. ഇതാണ് ബുദ്ധിയുടെ നിത്യസ്ഥിതി. ലൗകികങ്ങളായ ദ്വന്ദാനുഭവങ്ങളില്‍ മനസ്സിന്റെ സമനിലയാണ് ആത്മനിഷ്ഠ അഥവാ യോഗം. ബ്രഹ്മബുദ്ധി പൂര്‍ണമായി അനുഭവിച്ചറിയുകയാണ് ജീവിതലക്ഷ്യമെന്ന് ഉറപ്പുവരുത്തുന്ന ആത്മനിഷ്ഠന് ഇഹപരലോകങ്ങളില്‍ താത്പര്യമില്ല. സംസാരബന്ധങ്ങളില്‍നിന്നും മുക്തി നേടിയശേഷം നിസ്സംഗനായി ജീവിക്കുന്ന ഈ ജീവാത്മാവിന്റെ അവസ്ഥയാണ് ജീവന്‍മുക്തി. ഏക ബുദ്ധിയിലുറച്ചിരിക്കുന്ന ജീവന്‍മുക്തന് അസാധാരണമായ ആനന്ദവും ശാന്തിയും അനുഭവപ്പെടുന്നു. ത്രിഗുണാതീതനും ഭേദചിന്തയില്ലാത്തവനും ലൌകികമായ ആഗ്രഹങ്ങളില്ലാത്തവനും എപ്പോഴും ആത്മാനന്ദമനുഭവിക്കുന്നവനുമാണ് ജീവന്‍മുക്തന്‍. ജീവന്‍മുക്തനെ ഭഗവദ്ഗീതയില്‍ സ്ഥിതപ്രജ്ഞന്‍ എന്നുപറയുന്നു.

ജീവാത്മ-പരമാത്മൈക്യം കൊണ്ടുളവാകുന്ന നിര്‍വികല്പവും കേവലബോധ സ്വരൂപവുമായ അനുഭവമാണ് 'പ്രജ്ഞ'. ഇത് സ്ഥിരമായുള്ളവനാണ് സ്ഥിതപ്രജ്ഞന്‍. സ്ഥിതപ്രജ്ഞന്‍, ഗുണാതീതന്‍, പരമഹംസര്‍, മഹായോഗി എന്നൊക്കെ അറിയപ്പെടുന്നത് ഈ ജീവന്‍മുക്തനാണ്. ഇദ്ദേഹം ആത്മാവുകൊണ്ട് ആത്മാവില്‍ത്തന്നെ ആനന്ദം അനുഭവിക്കുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കഴിവുള്ള ജീവന്‍മുക്തന്‍ ബാഹ്യങ്ങള്‍, ആന്തരങ്ങള്‍, വാസനാമാത്രരൂപങ്ങള്‍ എന്നീ മൂന്നുവിധ കാലങ്ങളെയും പുറന്തള്ളിയവനാണ്.

ഇന്ദ്രിയനിഗ്രഹമാണ് സ്ഥിതപ്രജ്ഞന്റെ മറ്റൊരു ലക്ഷണം. സകല ഇന്ദ്രിയങ്ങളെയും സത്യം മാത്രം അനുഭവിക്കാന്‍ പഠിപ്പിക്കലാണ് യഥാര്‍ഥ ഇന്ദ്രിയനിഗ്രഹം. ബ്രഹ്മദര്‍ശനത്തിന്റെ ഫലമായി ജീവന്‍മുക്തന് രാഗബീജം ഇല്ലാതായിത്തീര്‍ന്നു. മായ ഇദ്ദേഹത്തെ പ്രലോഭിപ്പിക്കുകയില്ല. വിഷയബുദ്ധി നശിച്ച് ജീവന്‍മുക്തന് ബ്രഹ്മബുദ്ധി ദൃഢമായിത്തീരുന്നു. ഇരുട്ടുകൊണ്ട് സകലജീവികള്‍ക്കും മറയ്ക്കപ്പെട്ടിരിക്കുന്ന ബ്രഹ്മസത്തയില്‍ ജീവന്‍മുക്തന്‍ സദാ ഉണര്‍ന്നിരിക്കുന്നു.

ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നും മറ്റുമുള്ള കര്‍തൃത്വവും ഭോക്തൃത്വവും ജീവന്‍മുക്തന്‍ ഏറ്റെടുക്കുന്നില്ല. നിത്യമുക്തനായ ആത്മാവിനെ കര്‍മം സ്പര്‍ശിക്കുന്നില്ല. ജീവന്‍ മുക്തന് കര്‍മംകൊണ്ട് ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ല. രാഗം, ഭയം, ക്രോധം, ദുഃഖം എന്നീ വികാരങ്ങള്‍ ബാധിക്കുകയോ സുഖങ്ങളില്‍ നിമഗ്നനാവുകയോ ചെയ്യാതെ ഇദ്ദേഹം വര്‍ത്തിക്കുന്നു.

പൂര്‍ണമായ വാസനക്ഷയമാണ് ജീവന്‍മുക്തന്റെ മറ്റൊരു ലക്ഷണം. ജീവന്‍മുക്തി നേടിയാല്‍ കാമങ്ങളെല്ലാം സ്വാഭാവികമായി അകലും. ജനനമരണ സുഖദുഃഖാനുഭവങ്ങളില്‍ പെട്ടുഴലാന്‍ പിന്നീട് ഇടവരുന്നില്ല. ജീവന്‍മുക്തനെക്കൊണ്ട് കര്‍മം ചെയ്യിക്കാന്‍ മായാശക്തിക്ക് സാധ്യമല്ല; ഈശ്വരനുപോലും അധികാരമില്ല. ജീവന്‍മുക്തന്‍ എന്തു നിശ്ചയിക്കുന്നുവോ അതാണദ്ദേഹത്തിന്റെ വിധിയും നിഷേധവും. ലോകരക്ഷണത്തിനായി ജീവിക്കുന്ന ഇദ്ദേഹത്തിന്റെ ബോധം സ്ഥിരമാണ്. ആത്മസന്തുഷ്ടി സ്വാഭാവികമായിക്കഴിഞ്ഞാല്‍ എല്ലാ ദുഃഖങ്ങള്‍ക്കും നാശം സംഭവിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍