This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീന്‍ കലവറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീന്‍ കലവറ

Gene Bank

കാര്‍ഷിക വിളകളുടെയും അവയുടെ വന്യ ഇനങ്ങളുടെയും സാമ്പത്തിക പ്രാധാന്യമുള്ള മറ്റു വിളകളുടെയും ജീനുകള്‍ ജനിതക ശോഷണം (Genetic erosion) മൂലം നഷ്ടപ്പെടുന്നതു തടയാനുള്ള മാര്‍ഗം. ജനിതക ശോഷണം പലവിധത്തില്‍ സംഭവിക്കാം. ചില മേന്മകളുള്ളതും കൂടുതല്‍ ലാഭകരവുമായ ആധുനിക വിത്തിനങ്ങള്‍മാത്രം കൃഷി ചെയ്താല്‍ അമൂല്യ ഗുണങ്ങളുള്ള നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യപ്പെടാതെ നഷ്ടമാവാനിടയാവും. വനനശീകരണം കാര്‍ഷിക വിളകളുടെ വന്യ ഇനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വംശനാശത്തിനു കാരണമാകുന്നു. പുല്‍മേടുകള്‍, ചതുപ്പുകള്‍ തുടങ്ങിയ സ്വാഭാവിക വാസസ്ഥാനങ്ങളുടെ നാശവും അമൂല്യ സസ്യങ്ങളുടെ തിരോധാനത്തിനിടയാക്കും. അന്യ സ്ഥലങ്ങളില്‍ നിന്നെത്തിയ കളസസ്യങ്ങളും ഒരു സ്ഥലത്തെ ജൈവവൈവിധ്യത്തെ ആക്രമിച്ചു നശിപ്പിക്കാം.

വിലപ്പെട്ട ജനിതക സ്രോതസ്സുകളായ സസ്യങ്ങളെ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ രണ്ടു പ്രധാന മാര്‍ഗങ്ങളുണ്ട്: യഥാസ്ഥാന സംരക്ഷണവും (in situ conservation) സ്ഥാന ബാഹ്യസംരക്ഷണവും (ex situ conservation) ജീവജാലങ്ങളെ പ്രകൃതിയില്‍ അവയുടെ സ്വാഭാവിക സ്ഥാനത്തു തന്നെ സംരക്ഷിക്കുന്നതാണ് യഥാസ്ഥാന സംരക്ഷണം. സസ്യങ്ങളെ പ്രകൃതിയില്‍ നിന്നും ശേഖരിച്ചു സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തു നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതാണ് സ്ഥാന ബാഹ്യ സംരക്ഷണം.

ജീവികളെ സ്വാഭാവിക വാസസ്ഥലത്തു തന്നെ സംരക്ഷിക്കാന്‍ ബയോസ്ഫിയര്‍ റിസര്‍വുകള്‍ (Biosphere reserves) ജീന്‍ സാങ്ച്വറികള്‍ (Gene sancturies), നാഷണല്‍ പാര്‍ക്കുകള്‍ (National Parks) തുടങ്ങിയവയുണ്ട്. ഇന്ത്യയില്‍ ജൈവവൈവിധ്യ സമൃദ്ധമായ 25 മേഖലകളെ ബയോസ്ഫിയര്‍ റിസര്‍വുകളായി കണക്കാക്കപ്പെടുന്നു. ഇവയില്‍ പ്രഖ്യാപിക്കപ്പെട്ട ബയോസ്ഫിയര്‍ റിസര്‍വുകള്‍ ഒന്‍പതെണ്ണമാണ്.

സസ്യങ്ങളെ പ്രകൃതിയില്‍ നിന്നും ശേഖരിച്ചു സ്ഥാന ബാഹ്യസംരക്ഷണം കൊടുക്കുന്ന സ്ഥലങ്ങളാണ് ജേംപ്ളാസം ശേഖരങ്ങള്‍ (Germplasm Collections) അഥവാ ജീന്‍ ബാങ്കുകള്‍. ഒരു സ്പീഷിക്കുള്ള മൊത്തം ജീനുകളാണ് ഇതിന്റെ ജേംപ്ലാസമെന്നു പറയുന്നത്.

വിത്തിലൂടെ പ്രത്യുത്പാദനം നടത്തുന്ന ചെടികളുടെ വിത്തുകളും അലൈംഗിക പ്രജനനം നടത്തുന്ന ചെടികളുടെ നടീല്‍ വസ്തുക്കളും ടിഷ്യുകള്‍ച്ചറിലൂടെ നിലനിര്‍ത്താവുന്ന സസ്യങ്ങളുടെ ടിഷ്യുകള്‍ച്ചറും നിയന്ത്രിത പരിതഃസ്ഥിതിയില്‍ ദീര്‍ഘകാലത്തേക്കു ജീന്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ഇവ കൂടാതെ ചെടികളുടെ ഭ്രൂണങ്ങളും ബീജങ്ങളും പോലും ജീന്‍ ബാങ്കില്‍ സൂക്ഷിക്കാം. സസ്യജീനുകളെ ബാക്റ്റീരിയങ്ങളിലും മറ്റും ക്ളോണ്‍ ചെയ്തു സൂക്ഷിക്കുന്ന ജീന്‍ ലൈബ്രറികളും ജീന്‍ ബാങ്കിന്റെ ഭാഗം തന്നെ. ചിലയിനം സസ്യങ്ങളെ നട്ടുവളര്‍ത്തിയാല്‍ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ. ഇവയെ ഫീല്‍ഡ് ശേഖരമായി (field collection) നട്ടു വളര്‍ത്തി സംരക്ഷിക്കുന്നു.

സംഭരണ രീതി. ജീന്‍ കലവറയില്‍ സൂക്ഷിക്കാന്‍ ഏറ്റവും സൌകര്യപ്രദമായതു വിത്താണ്. അത് ഈര്‍പ്പം നിയന്ത്രിച്ച് ഏറെ നാള്‍ സൂക്ഷിക്കാം. വിത്തുകള്‍ മധ്യകാല സംഭരണത്തിനായി 4oC-ലും ദീര്‍ഘകാല സംഭരണത്തിനായി 20oC-ലും സംരക്ഷിക്കുന്നു. ദീര്‍ഘകാല സംരക്ഷണത്തിനു തെരഞ്ഞെടുത്ത വിത്തുകളുടെ ഈര്‍പ്പം നിയന്ത്രിത പരിതഃസ്ഥിതിയില്‍ ഏതാണ്ട് രണ്ടാഴ്ചകൊണ്ട് 3-7% ആയി കുറയ്ക്കുന്നു. ഇവയെ മൂന്നു പാളികളുള്ള അലുമിനിയം ഫോയില്‍ സഞ്ചികളിലാക്കി കാറ്റു കയറാതെ സീല്‍ ചെയ്യുന്നു. ഇവയോരോന്നും ലേബല്‍ ചെയ്തു ജീന്‍ ബാങ്കില്‍ നിശ്ചിത സ്ഥാനത്തു ക്രമീകരിക്കുന്നു. ഓരോ ഇനത്തിന്റെയും പ്രത്യേക സ്വഭാവങ്ങള്‍ കംപ്യൂട്ടറില്‍ (computer database) രേഖപ്പെടുത്തുന്നു. സൂക്ഷിക്കപ്പെടുന്ന വിത്തിന്റെ അങ്കുരണശേഷി 75%-ലും കുറയുമ്പോള്‍ ഇവയെ മാറ്റും.

ഓര്‍ത്തഡോക്സ് വിത്തുകള്‍. ഈര്‍പ്പം കുറയ്ക്കല്‍ പ്രക്രിയക്കു വിധേയമാകുമ്പോള്‍ ജീവന്‍ നഷ്ടപ്പെടാത്തവയാണ് ഓര്‍ത്തഡോക്സ് വിത്തുകള്‍. ഇവയെ 2oC-ല്‍ ദശാബ്ദങ്ങളോളം സൂക്ഷിക്കാം.

റികാല്‍സിട്രന്റ് വിത്തുകള്‍ (Recalcitrant seeds). ഈര്‍പ്പം കുറയ്ക്കല്‍ പ്രക്രിയയ്ക്കു വിധേയമാക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന ഇനം വിത്തുകളെയാണു റികാല്‍സിട്രന്റ് എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ സാധാരണ രീതിയില്‍ വളരെക്കാലം സൂക്ഷിക്കാന്‍ കഴിയില്ല. ക്രയോ-പരിരക്ഷണം ഇവയ്ക്കു പ്രയോജനകരമാണ്.

20oC-തണുപ്പിച്ച കലവറയില്‍ വിത്ത് സൂക്ഷിക്കുന്നു

ക്രയോ-പരിരക്ഷണം (Cryo-preservation). അതി ശീതാവസ്ഥയിലുള്ള പരിരക്ഷണമാണ് ക്രയോ-പ്രിസര്‍വേഷന്‍. ദ്രാവക നൈട്രജന്‍ (196oC) ഇതിനായി ഉപയോഗിക്കുന്നു. സാധാരണയായി സസ്യങ്ങളുടെ ടിഷ്യുകള്‍ച്ചറാണ് ഇപ്രകാരം സൂക്ഷിക്കുന്നത്. റികാല്‍സിട്രന്റ് വിത്തുള്ള ചെടികളുടെ ടിഷ്യുകള്‍ച്ചറുണ്ടാക്കി ഇങ്ങനെ സൂക്ഷിക്കാം. ടിഷ്യുകള്‍ച്ചറിലൂടെയുള്ള സംരക്ഷണമാണ് ഇന്‍വിട്രോ പരിരക്ഷണം ((in vitro conservation). റികാല്‍സിട്രന്റ് വിത്തുള്ള സസ്യങ്ങള്‍ക്കു പുറമേ അലൈംഗിക പ്രജനനമുള്ള സസ്യങ്ങളുടെ പരിരക്ഷണവും ടിഷ്യുകള്‍ച്ചറിലൂടെ പരിമിതമായ സ്ഥലത്തു നടപ്പാക്കാം. വാഴ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഉള്ളി ഇനങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ ഇങ്ങനെ സംരക്ഷിക്കാറുണ്ട്. ടിഷ്യുകള്‍ച്ചറിലല്ലാതെ വിത്ത്, വിത്തില്‍ നിന്നെടുത്ത ഭ്രൂണം, പൂമ്പൊടി തുടങ്ങിയവയും അതിശീതപരിരക്ഷണത്തില്‍ സംരക്ഷിക്കപ്പെടുന്നു.

ഫീല്‍ഡ് ജീന്‍ ബാങ്ക്. വിത്ത് പരിരക്ഷിക്കാന്‍ സാധിക്കാത്തതും ടിഷ്യുകള്‍ച്ചറിലൂടെ പരിരക്ഷിക്കാന്‍ ഉദ്ദേശമില്ലാത്തതുമായ സസ്യങ്ങളെ നട്ടുവളര്‍ത്തി സംരക്ഷിക്കേണ്ടിവരുന്നു. ഉഷ്ണമേഖലാ ഫലവൃക്ഷങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍, അലങ്കാരസസ്യങ്ങള്‍ തുടങ്ങിയവ ഇപ്രകാരം സംരക്ഷിക്കപ്പെടുന്നു.

പരിരക്ഷണം രണ്ടു തരത്തില്‍. ജീന്‍ബാങ്കില്‍ വിത്തുകളുടെയും മറ്റും രണ്ടുതരം ശേഖരങ്ങള്‍ നിലവിലുണ്ട്. പ്രവര്‍ത്തന ശേഖരവും (Active collection) അടിസ്ഥാനശേഖര(Base collection)വും.

പ്രവര്‍ത്തന ശേഖരം. ഇത് ഒരു മധ്യകാല ശേഖരമാണ്. വിത്തുകള്‍ പുതുക്കാനും പെരുക്കാനും വിലയിരുത്താനും വിവരം ശേഖരിക്കാനും വിതരണം ചെയ്യാനും ഉള്ളതാണിത്. ഇവിടെ വിത്തുകള്‍ 4oC-ല്‍ 35-40% ആപേക്ഷിക ആര്‍ദ്രതയില്‍ സൂക്ഷിക്കുന്നു.

അടിസ്ഥാന ശേഖരം. വിത്തുകളുടെ ദീര്‍ഘകാല ശേഖരമാണിത്. ഇവയുടെ ഈര്‍പ്പം 3-5% ആയി കുറച്ച് -20oC-ല്‍ സൂക്ഷിക്കുന്നു. ഓര്‍ത്തോഡോക്സ് വിത്തുകള്‍ 10-50 വര്‍ഷങ്ങളോ അതിലധികമോ ഇങ്ങനെ സൂക്ഷിക്കാം.

ലോകത്തിലെ പ്രമുഖ ജീന്‍ ബാങ്കുകള്‍. ഭൂമുഖത്തെ സസ്യവൈവിധ്യം മനസിലാക്കിയവരില്‍ പ്രമുഖനാണ് റഷ്യന്‍ ശാസ്ത്രജ്ഞനായ നിക്കൊളായ് വാവിലോവ്. ഇദ്ദേഹത്തിന്റെ പേരില്‍ ബൃഹത്തായ ഒരു ജീന്‍ കലവറ റഷ്യയിലുണ്ട്. എല്ലാ രാജ്യങ്ങളിലും ജീന്‍ ബാങ്കുകളുടെ പ്രാധാന്യം മനസ്സിലാക്കുകയും ഇവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്താകെ ഇന്നു ചെറുതും വലുതുമായ 1300-ലേറെ ജീന്‍ ബാങ്കുകളുണ്ട്. ഇവയില്‍ 61 ലക്ഷത്തിലധികം ഇനങ്ങള്‍ സൂക്ഷിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഫോര്‍ പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (IBPGR) ആണ് സമന്വയിപ്പിക്കുന്നത്. പ്രമുഖമായ 15 ജീന്‍ ബാങ്കുകളുടെ വിവരം താഴെ ചേര്‍ത്തിരിക്കുന്നു:

നാഷണല്‍ ബ്യൂറോ ഒഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് - ന്യൂഡല്‍ഹി

ജീന്‍ ബാങ്ക് ഭാരതത്തില്‍. വാവിലോവ് ലോകത്താകെ കണ്ടെത്തിയ പന്ത്രണ്ടോളം മഹാവൈവിധ്യ മേഖലകളില്‍ (Mega diversity region) പ്രധാനപ്പെട്ട ഒന്നാണ് ഇന്തോ-ബര്‍മ സെന്റര്‍ (Indo-Burma Centre). 18,000-ത്തിലധികം സപുഷ്പികളുള്‍പ്പെടെ 50,000-ഓളം സസ്യ സ്പീഷീസ് ഭാരതത്തിലുണ്ട്. ഇതില്‍ 166-ഓളം കാര്‍ഷിക സ്പീഷീസും അവയുടെ 320-ല്‍ അധികം വന്യ ഇനങ്ങളും ഉള്‍പ്പെടും. ഇതില്‍ ധാരാളം സസ്യങ്ങള്‍ ജനവര്‍ഗ-സസ്യവിജ്ഞാന (ethnobotanic) പ്രാധാന്യമുള്ളതും പലതും പ്രാദേശികവും (endemic) ആണ്. ഓരോ സ്പീഷീസിനും നിരവധി ഇനങ്ങള്‍ ഉണ്ട്. ഇവയുടെ പരിരക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) 1 1976-ല്‍ നാഷണല്‍ ബ്യൂറോ ഒഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (NBPGR) രൂപീകരിച്ചു. മുമ്പു മുതല്ക്കേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (IARI) പ്ളാന്റ് ഇന്‍ട്രൊഡക്ഷന്‍ വിഭാഗത്തെ പുനഃസംഘടിപ്പിച്ചാണ് എന്‍.ബി.പി.ജി.ആര്‍. രൂപീകരിച്ചത്. ഇതിന്റെ നാഷണല്‍ ജീന്‍ ബാങ്കിലെ (NGB) മധ്യകാല-ദീര്‍ഘകാല ശേഖരങ്ങളില്‍ (4oC മുതല്‍ -20oC വരെ) ഒരു ദശലക്ഷത്തോളം വിത്ത് ഇനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ ഇവിടെയുള്ള ക്രയോബാങ്കില്‍ (Cryo bank) 2500 ഇനങ്ങളും സൂക്ഷിക്കാന്‍ കഴിയും.

ന്യൂഡല്‍ഹിയിലെ എന്‍.ബി.പി.ജി.ആര്‍. കേന്ദ്രത്തിലുള്ള നാഷണല്‍ ജീന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ജേംപ്ലാസത്തിന്റെ വിവരം (1997 ഒ. 31 വരെയുള്ളത്).

ചിത്രം:Pg726table.png

നാഷണല്‍ ജീന്‍ ബാങ്കിനെ സഹായിക്കാന്‍ പ്രാദേശികമായി നിരവധി സ്ഥാപനങ്ങളുണ്ട്. ഇവയാണു നാഷണല്‍ ആക്റ്റീവ് ജേംപ്ളാസം സൈറ്റുകള്‍ ((National Active Germplasm Sites-NAGS). ജേംപ്ളാസം സംഭരിക്കാനും വിലയിരുത്താനും അതു നാഷണല്‍ ജീന്‍ ബാങ്കിനു നല്കാനുമുള്ള ചുമതല ഇവയ്ക്കുണ്ട്. ഇവയില്‍ പലതിനും മധ്യകാല സംഭരണത്തിനുള്ള സംവിധാനമുണ്ട്.

എന്‍.ബി.പി.ജി.ആര്‍.-ന്റെ നാഷണല്‍ ഫെസിലിറ്റി ഫോര്‍ പ്ളാന്റ് ടിഷ്യുകള്‍ച്ചര്‍ റിപ്പോസിറ്ററി (NFPTCR), നാഷണല്‍ സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിങ്ഗര്‍ പ്രിന്റിങ് (National Centre for DNA Finger Printing) എന്നീ സ്ഥാപനങ്ങളും സസ്യജീന്‍ സംരക്ഷണ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്നു.

പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വിത്തിനങ്ങള്‍, ഇപ്പോള്‍ കൃഷിചെയ്യാതായ ഇനങ്ങള്‍, പുതിയവിത്തിനങ്ങള്‍, സങ്കരയിനങ്ങളുടെ മാതൃ-പിതൃ സസ്യങ്ങള്‍, കാര്‍ഷിക സസ്യങ്ങളുടെ വന്യ ഇനങ്ങള്‍, വിലപ്പെട്ട ജീനുകള്‍ കണ്ടെത്തിയ മറ്റു സസ്യങ്ങള്‍ തുടങ്ങിയവയൊക്കെ നാഷണല്‍ ജീന്‍ ബാങ്കില്‍ ശേഖരിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സികള്‍ രാജ്യത്തേക്കു കൊണ്ടുവരുന്ന വിത്തുകളുടെ ഒരു സാമ്പിള്‍ എന്‍.ജി.ബി.ക്കു നല്‍കേണ്ടതുണ്ട്. സവിശേഷ സ്വഭാവഗുണങ്ങളുള്ള സസ്യങ്ങളുടെ ജേംപ്ളാസശേഖരവും എന്‍.ജി.ബി.ക്ക് നല്കാം. കീടരോഗബാധിതമല്ലാത്ത പാകമായ വിത്തുകള്‍ രാസപ്രക്രിയകള്‍ക്കു വിധേയമാക്കാതെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തി എന്‍.ജി.ബി.ക്ക് അയയ്ക്കാം. ചെടിയുടെ പേര്, സ്ഥലം, തിരിച്ചറിയാനുള്ള സ്വഭാവങ്ങള്‍, മേന്മ, വിളവെടുത്ത വര്‍ഷവും മാസവും തീയതിയും എന്നിവ രേഖപ്പെടുത്തിയിരിക്കണം. സ്വപരാഗണം(self pollination) നടത്തുന്ന സസ്യങ്ങളുടെ 2,000 വിത്തുവീതവും പരപരാഗണം (cross pollination) നടത്തുന്ന ജനിതക വൈവിധ്യം കൂടിയ ചെടികളുടെ 4,000 വിത്തു വീതവും അയയ്ക്കണം. അപൂര്‍വ സസ്യങ്ങളുടെ വിത്തിന്റെ എണ്ണം ഇതിലും കുറവാണെങ്കിലും നാഷണല്‍ സീഡ് ബാങ്ക് സ്വീകരിക്കും.

ശേഖരിക്കുന്ന വിത്തുകള്‍ക്കു പ്രവേശന നമ്പര്‍ (accession number) നല്കുന്നു. ഓരോ സാമ്പിളും പരിശോധിച്ചു കീടാണു ബാധയില്ലാത്തതും, കളവിത്തുകള്‍ കലരാത്തതും വൃത്തിയുള്ളതുമായ വിത്തുകള്‍ മാത്രം സൂക്ഷിക്കാനായി തെരഞ്ഞെടുക്കുന്നു. ഇവയ്ക്ക് മുളയ്ക്കാനുള്ള ശേഷി 85% എങ്കിലും ഉണ്ടായിരിക്കണം. ഇങ്ങനെയല്ലാത്തവയെ വീണ്ടും മുളപ്പിച്ചു വളര്‍ത്തി പുതിയ വിത്തു ശേഖരിക്കാനായി അയയ്ക്കുന്നു.

തിരുവനന്തപുരത്ത് പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( TBGRI ) ഔഷധസസ്യങ്ങളുടെ ഒരു ദേശീയ ജീന്‍ കലവറയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഔഷധ സസ്യങ്ങളെ ഫീല്‍ഡ് ജീന്‍ കലവറ, വിത്തുകളുടെ ശേഖരം, ടിഷ്യുകള്‍ച്ചറിന്റെ ക്രയോ പരിരക്ഷണം തുടങ്ങിയ രീതികളില്‍ സംരക്ഷിച്ചുവരുന്നു.

ദേശീയ അന്തര്‍ദേശീയ ബന്ധങ്ങള്‍. നാഷണല്‍ ജീന്‍ ബാങ്ക് എന്‍.ബി.പി.ജി.ആര്‍.-ന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഐ.സി.എ.ആര്‍.-ന്റെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, ദേശീയ ഗവേഷണ കേന്ദ്രങ്ങള്‍, കാര്‍ഷിക ഗവേഷണ പ്രോജക്റ്റുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ തുടങ്ങിയവയുമായും ബന്ധം പുലര്‍ത്തുന്നു.

ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IRRI), ഫിലിപ്പൈന്‍സ്; ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെയ്സ് ആന്‍ഡ് വീറ്റ് ഇംപ്രൂവ്മെന്റ് (Centre International de Mejoramiento de Maiz Y Trigo-CIMMYT) മെക്സിക്കൊ; ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചര്‍ (Centro International de Agricultura Tropical -CIAT), കൊളംബിയ; ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പൊട്ടറ്റോ (Centro International de papa-CIP), പെറു; ഇന്റര്‍നാഷണല്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ് സെമി ഏരിഡ് ട്രോപ്പിക്സ് (ICRISAT), ഇന്ത്യ; ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍ ഡ്രൈ ഏരിയാസ് (ICARDA) സിറിയ; ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഫോര്‍ പ്ളാന്റ് ജനറ്റിക് റിസോഴ്സസ് (IBPGR തുടങ്ങി സസ്യ ജീന്‍ സംരക്ഷണത്തിലും കാര്‍ഷിക ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന നിരവധി അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി നാഷണല്‍ ജീന്‍ ബാങ്ക് ബന്ധം പുലര്‍ത്തുന്നു. ഇവയ്ക്കു പുറമേ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും (FAO), യുണൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (UNDP), ലോക ബാങ്കും സസ്യ ജീന്‍ സംരക്ഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രാധാന്യവും ചില ന്യൂനതകളും. അമൂല്യ സസ്യങ്ങളുടെ വംശനാശത്തെ തടയാനും സസ്യരോഗങ്ങള്‍ കനത്ത നാശം വിതയ്ക്കുമ്പോള്‍ പ്രതിരോധ ശേഷിയുള്ള സസ്യങ്ങളെ കണ്ടെത്താനും പുതിയ ഇനങ്ങളെ സൃഷ്ടിക്കാന്‍ മാതൃ-പിതൃ സസ്യങ്ങളുടെ ഉറവിടമായും ഒക്കെ ജീന്‍ കലവറകള്‍ പ്രയോജനപ്പെടും. ലഘുവായി രൂപാന്തരപ്പെടുത്തിയ സസ്യങ്ങളെയും മറ്റു ജീവികളെയും പേറ്റന്റ് ചെയ്യാമെന്നിരിക്കെ രാജ്യത്തെ ജനിതക സമ്പത്തിനെപ്പറ്റി വ്യക്തമായി അറിയുന്നതും അതിനെ സംരക്ഷിക്കുന്നതും ഏറ്റവും പ്രധാനമാണ്. ഇതിനുള്ള ഏറ്റവും പ്രായോഗികമായ ഒരു മാര്‍ഗമാണ് ജീന്‍ ബാങ്കുകള്‍. ഇതിനുള്ള അപാകതകള്‍ താഴെ ചേര്‍ക്കുന്നു.

1. സസ്യങ്ങള്‍ക്കു പ്രകൃതിയില്‍ നടക്കുന്ന പരിണാമവും അനുകൂലനങ്ങളും ജീന്‍ ബാങ്കില്‍ സംഭവിക്കുന്നില്ല.

2. ധാരാളം വിത്തിനങ്ങളുടെ ജീവനക്ഷമത (viability) സംഭരണത്തില്‍ നഷ്ടപ്പെടുന്നു. തന്മൂലം ഇവ ചുരുങ്ങിയ കാലയളവുകളില്‍ത്തന്നെ നട്ടു വളര്‍ത്തേണ്ടിവരുന്നു.

3. വിദ്യുച്ഛക്തി തകരാറുകള്‍ ജീന്‍ ബാങ്കിലെ ശീതീകരണത്തിന്റെ കാര്യക്ഷമത കുറയ്ക്കും.

4. തീപിടിത്തമോ മറ്റപകടങ്ങളോ ശേഖരത്തെ നശിപ്പിക്കാം.

5. യുദ്ധത്തില്‍ ജീന്‍ ബാങ്കുകള്‍ ആക്രമണ ലക്ഷ്യമാകാം.

ഇത്തരം കുറവുകളൊക്കെ നിലനില്ക്കെത്തന്നെ, സസ്യങ്ങളുടെ യഥാസ്ഥാന പരിരക്ഷണത്തിനു പകരമാകില്ലെങ്കിലും, ജീന്‍ കലവറകളുടെ പ്രാധാന്യം കൂടിവരികയാണ്.

(പ്രൊഫ. കെ. രാജീവ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍