This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിയോപൊളിറ്റിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിയോപൊളിറ്റിക്സ്

രാഷ്ട്രീയത്തിനുമേല്‍ ഭൗതികശാസ്ത്രത്തിന്റെ പ്രഭാവത്തെ ക്കുറിച്ചുള്ള പഠനം-ഭൗമരാഷ്ട്രീയം. ഭൗമശാസ്ത്ര രാഷ്ട്രീയം എന്നര്‍ഥം വരുന്ന ജിയോഗ്രഫിക്കല്‍ പൊളിറ്റിക്സ് എന്ന ഇംഗ്ലീഷ് സംജ്ഞയുടെ സംക്ഷിപ്തരൂപമാണ് ജിയോപൊളിറ്റിക്സ്.

സ്വീഡിഷ് ഭൗമശാസ്ത്രജ്ഞനായ റുഡോള്‍ഫ് കെല്ലര്‍ (1864-1922) ആണ് ഈ ശാസ്ത്രശാഖയുടെ ഉപജ്ഞാതാവ്. ഭൗമശാസ്ത്രപ്രതിഭാസങ്ങളുടെ രാഷ്ട്രീയദര്‍ശനമാണ് രാഷ്ട്രീയഭൂമിശാസ്ത്രം പഠനവിധേയമാക്കുന്നതെങ്കില്‍ രാഷ്ട്രീയ പ്രതിഭാസങ്ങളുടെ ഭൗമശാസ്ത്രദര്‍ശനമാണ് ഭൗമരാഷ്ട്രീയം പഠനവിധേയമാക്കുന്നത്. ഇവ രണ്ടും അതാതിന്റെ സ്വന്തം ശാസ്ത്രങ്ങളായ ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയില്‍ കേന്ദ്രീകരിച്ചിക്കുന്നു. കേന്ദ്രബിന്ദുവിലും പ്രത്യേകപ്രാധാന്യത്തിലുമുള്ള വ്യത്യാസമേയുള്ളൂ. രാഷ്ട്രീയക്കാരന് ഭൂമിയിന്മേലുള്ള (ഭൂപ്രകൃതിയിലും വിസ്തൃതി വിന്യാസത്തിലും) പ്രഭാവത്തിന് ഭൗമശാസ്ത്രജ്ഞര്‍ ഊന്നല്‍ നല്കുന്നു. രാഷ്ട്രീയ ജീവിതത്തിനുമേല്‍ നൈസര്‍ഗികമോ മനുഷ്യനിര്‍മിതമോ ആയ ഭൗമശാസ്ത്രഘടകങ്ങളുടെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ പ്രഭാവത്തിന് ഭൗമരാഷ്ട്രീയ ശാസ്ത്രജ്ഞര്‍ പ്രാധാന്യം കല്പിക്കുന്നു.

ഭൗമരാഷ്ട്രീയത്തെ പാരിസ്ഥിതിക ഭൗമരാഷ്ട്രീയം, വിസ്തൃതി ഭൗമരാഷ്ട്രീയം, ബൌദ്ധിക ഭൗമരാഷ്ട്രീയം എന്നിങ്ങനെ മൂന്നായി വര്‍ഗീകരിക്കാം. അനുകൂല അവസരങ്ങളോ പരിമിതികളോ ആയി ദൃശ്യമാകുന്ന ഭൗതിക-സാമ്പത്തിക ഭൗമശാസ്ത്ര വസ്തുതകള്‍ക്കാണ് പാരിസ്ഥിതിക ഭൗമരാഷ്ട്രീയം ഊന്നല്‍ നല്കുന്നത്. ഭൂവിതരണത്തിന് (സ്ഥാനികവും വിശിഷ്യ ഭൂതന്ത്രപരവുമായ ഘടകങ്ങള്‍) ഊന്നല്‍ നല്കുന്നതാണ് വിസ്തൃതി ഭൗമരാഷ്ട്രീയം. ഭൗമരാഷ്ട്രീയ വസ്തുതകളെ അപേക്ഷിച്ച് ഭൗമരാഷ്ട്രീയ ദര്‍ശനത്തിനാണ് ബൌദ്ധിക ഭൗമരാഷ്ട്രീയം പ്രാധാന്യം കല്പിക്കുന്നത്. ഭൗമരാഷ്ട്രീയത്തിന്റെ വികസനത്തിനു കളമൊരുക്കാന്‍ വേണ്ടി അതിനെ അക്കാദമിക ലോകത്തേക്കു കൊണ്ടുവരാന്‍ റുഡോള്‍ഫ് കെല്ലറിനൊപ്പം യത്നിച്ചവരാണ് ജര്‍മന്‍ ഭൗമശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ ഫ്രീഡ്റിഹ് റേറ്റ്സല്‍ (1844-1904), ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ സര്‍ ഹാല്‍ഫോഡ് മക്കിന്‍ഡെര്‍ (1864-1947) എന്നിവര്‍. 1920-കളില്‍ ജനറല്‍ കാള്‍ ഫൌഷോഫെര്‍ (1869-1946) മ്യൂണിക്കില്‍ സ്കൂള്‍ ഒഫ് ജിയോപൊളിറ്റിക്സ് സ്ഥാപിച്ചതോടെയാണ് ഈ പഠനശാഖയ്ക്ക് സാര്‍വജനീനത്വം ലഭിച്ചത്. എന്നാല്‍ പിന്നീട് നാസി രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു വേദിയായി ഈ സ്ഥാപനം അധഃപതിച്ചു. നാസി ജര്‍മനിയെപ്പോലെ ഭൗമശാസ്ത്രപരമായ കാരണങ്ങളാല്‍ അക്രമത്തിലൂടെ രാജ്യവിസ്തൃതി വികസിപ്പിക്കുന്നതിനുള്ള അവകാശം സ്ഥാപിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം എന്ന് ജിയോപൊളിറ്റിക്സ് നിര്‍വചിക്കപ്പെടുകയുണ്ടായി.

ഭൗമരാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടനിയോഗം (manifest destiny)എന്ന അമേരിക്കന്‍ ആശയം. മിസിസ്സിപ്പി താഴ്വര അമേരിക്കയുടെ ഹൃത്തടമായിത്തീരുമെന്നും സെന്റ് ലൂയി അമേരിക്കയുടെ തലസ്ഥാനമായിത്തീരുമെന്നും 1836-ല്‍ പ്രവചിച്ച വില്യം ഗില്‍പിന്‍ ആണ് യു.എസ്സിലെ ആദ്യത്തെ ഭൗമരാഷ്ട്രീയ ചിന്തകന്‍. ആല്‍ഫ്രഡ് തായെര്‍ മഹന്‍, ഹോമര്‍ലിയാ, നിക്കോളസ് സ്പിക്മാന്‍ എന്നിവര്‍ ഭൗമതന്ത്രത്തെക്കുറിച്ച് നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. പാരിസ്ഥിതിക ഭൗമരാഷ്ട്രീയത്തിനു കനത്ത സംഭാവനകള്‍ നല്കിയവരില്‍ ശ്രദ്ധേയരാണ് ഫ്രഡറിക് ജെ. ടേര്‍ണര്‍, എല്‍സ്വര്‍ത് ഹണ്ടിങ്ടണ്‍, വാള്‍ട്ടര്‍ പ്രെസ്കോട്ട് വെബ്, ജെയിംസ് സി. മാലിന്‍, കാള്‍ എ വിറ്റഫോഗെല്‍ എന്നിവര്‍. പരിതഃസ്ഥിതികളുടെ ഗ്രഹണം, രാഷ്ട്രം, ജന്മദേശം എന്നീ സങ്കല്പങ്ങള്‍, ഭൗമരാഷ്ട്രീയ പ്രാദേശികവത്കരണം, പരിസ്ഥിതിയും രാഷ്ട്രീയവും എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സമകാലിക ഭൗമരാഷ്ട്രീയ രചനകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍