This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിബ്രോള്‍ട്ടര്‍ ജലസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിബ്രോള്‍ട്ടര്‍ ജലസന്ധി

മെഡിറ്ററേനിയന്‍ കടലിനെ അത്ലാന്തിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലസന്ധി. 57 കി.മീറ്ററിലധികം നീളമുള്ള ഈ കടലിടുക്കിന് 12 മുതല്‍ 43 കി.മീ. വരെ വീതിയുണ്ട്. വടക്കുഭാഗത്ത് സ്പെയിനും ജിബ്രോള്‍ട്ടറും തെക്കുഭാഗത്ത് മൊറോക്കോയും അതിരിടുന്ന ഈ ജലസന്ധി യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ തമ്മില്‍ വേര്‍തിരിക്കുകയും ചെയ്യുന്നു.

ജിബ്രോള്‍ട്ടര്‍ കടലിടുക്ക് വാണിജ്യപരമായും യുദ്ധതന്ത്രപരമായും പ്രാധാന്യമുള്ളതാണ്. പടിഞ്ഞാറുഭാഗത്തിന് കിഴക്കുഭാഗത്തെ അപേക്ഷിച്ച് ആഴം കുറവാണെങ്കിലും പടിഞ്ഞാറുഭാഗത്ത് പരമാവധി വീതി (43 കി.മീ.) കണ്ടെത്താം. സമുദ്രശാസ്ത്രപരമായും ഈ സമുദ്രഭാഗം വളരെയേറെ പ്രാധാന്യം നേടിയെടുത്തിരിക്കുന്നു. ഇവിടത്തെ ഒഴുക്കിന്റെ പ്രത്യേകതയാണ് ഇതിനു കാരണം. സമുദ്രോപരിതലത്തു നിന്ന് 165 മീ. വരെ ആഴത്തിലുള്ള ജലം അത്ലാന്തിക്കില്‍ നിന്നും കിഴക്കോട്ടൊഴുകുമ്പോള്‍ അതിനും താഴെയായിക്കാണുന്ന ഉപ്പുരസവും സാന്ദ്രതയും കൂടിയ ജലം അത്ലാന്തിക്കിലേക്ക് പടിഞ്ഞാറന്‍ ദിശയിലൊഴുകിയെത്തുന്നു. ഇപ്രകാരം രണ്ടു വ്യത്യസ്ത പാളികളായി, വിഭിന്ന ദിശകളിലേക്കൊഴുകുന്ന ജലം മെഡിറ്ററേനിയന്‍ കടലിലെ വായുപ്രവാഹം വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ ഓക്സിജന്‍ സമൃദ്ധമായുള്ള ഉപരിതല പ്രവാഹം മത്സ്യങ്ങള്‍ പെറ്റു പെരുകുന്നതിനും സഹായകമാകുന്നു. ജലസന്ധിയുടെ അടിത്തട്ടില്‍ 320 മീറ്ററിനു താഴെയായി ഒരു ഉയര്‍ന്ന തിട്ട് കാണാം. ഇത് ഒരു ആഗ്നേയ ശിലാപാളിയാണ്. ഈ തിട്ട് (ridge) അത്ലാന്തിക് സമുദ്രത്തില്‍ ഒഴുകിയെത്തുന്ന ശീതജലപ്രവാഹത്തെ തടുത്തു നിര്‍ത്തി മെഡിറ്ററേനിയന്‍ ജലത്തെ മിതോഷ്ണമാക്കി മാറ്റുന്നു. നോ. ജിബോള്‍ട്ടര്‍ പാറ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍