This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിബ്രോള്‍ട്ടര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജിബ്രോള്‍ട്ടര്‍
Gibralter
ഐബീരിയന്‍ ഉപദ്വീപിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ബ്രിട്ടീഷ് മറുനാടന്‍ കോളനി. ഒരു പട്ടണം, കോട്ട, പര്‍വതമുനമ്പായ ജിബ്രോള്‍ട്ടര്‍ പാറ എന്നിവ ഇതില്‍പ്പെടുന്നു. മെഡിറ്ററേനിയനിലേക്കുള്ള പ്രവേശനവും നിര്‍ഗമനവും കാത്തുസൂക്ഷിക്കുന്നതും ഇതിന്റെ ജോലിയാണ്. ആഫ്രിക്കയിലെ സ്പാനിഷ് തുറമുഖവും വലയിതപ്രദേശവുമായ സ്യൂട്ട ഇവിടെനിന്ന് 23 കി.മീ. തെക്കുമാറി സ്ഥിതി ചെയ്യുന്നു. അതിര്‍ത്തികള്‍: വ. സ്പെയിന്‍; കി. മെഡിറ്ററേനിയന്‍ കടല്‍; തെ. ജിബ്രോള്‍ട്ടര്‍ ജലസന്ധി; പ. ആള്‍ജിസിറസ് ഉള്‍ക്കടല്‍. ഉപദ്വീപിന്റെ വിസ്തീര്‍ണം: 6.8 ച.കി.മീ.
കോട്ട, നാവിക-വ്യോമത്താവളങ്ങള്‍ എന്നീ നിലകളിലുള്ള പ്രത്യേകതകള്‍ മൂലം മെഡിറ്ററേനിയന്റെ 'പശ്ചിമകവാടം' എന്ന് ജിബ്രോള്‍ട്ടര്‍ വിശേഷിപ്പിക്കപ്പെടുന്നു. ബ്രിട്ടന്റെ ഒരു ചെറിയ നാവികത്താവളം കൂടിയാണിത്.
ജിബ്രോള്‍ട്ടറിന്റെ വടക്കുഭാഗത്തു കാണുന്ന മണല്‍ നിറഞ്ഞ സമതലം സമുദ്രനിരപ്പിന് ഏകദേശം 3 മീ. ഉയരെയാണ്. ഇവിടെ നിന്ന് ഏതാണ്ട് 1.6 കി.മീ. ദൂരെയുള്ള ജിബ്രോള്‍ട്ടര്‍ പാറയുടെ അടിവാരം വരെ ഇതു വ്യാപിച്ചിരിക്കുന്നു. ഒന്നിനു മീതെ മറ്റൊന്ന് എന്ന രീതിയില്‍ കാണപ്പെടുന്ന രണ്ടു പീഠഭൂമികള്‍ ഇതിനു തെക്കുമാറി സ്ഥിതിചെയ്യുന്നു. 90-125 മീ. ഉയരത്തിലുള്ള പൊക്കം കൂടിയ പീഠഭൂമിക്ക് 'വിന്‍ഡ് മില്‍ ഹില്‍ ഫ്ലാറ്റ്സ്' എന്നാണ് പേര്‍. ഇതിന്റെ തെ. വശത്തായുള്ള കിഴുക്കാംതൂക്കായ പാറകള്‍ക്ക് 60 മീറ്ററോളം ഉയരമുണ്ട്. ഇതിനും തെക്കുവശത്ത് തീരത്തിനടുത്തായിക്കാണുന്ന പൊക്കം കുറഞ്ഞ പീഠഭൂമിയെ 'യൂറോപ്പ് ഫ്ലാറ്റ്സ്' എന്നു വിളിക്കുന്നു. സമുദ്രാഭിമുഖമായുള്ള ചെങ്കുത്തായ ഭാഗങ്ങള്‍ക്ക് ഇവിടെ 15 മുതല്‍ 30 മീ. വരെ ഉയരമുണ്ട്.
മെഡിറ്ററേനിയന്‍ കാലാവസ്ഥ അനുഭവപ്പെടുന്ന ജിബ്രോള്‍ട്ടര്‍ പ്രദേശത്ത് മഞ്ഞുകാലത്ത് പടിഞ്ഞാറന്‍ കാറ്റുകള്‍ മഴ പെയ്യിക്കുന്നു. ശരാശരി വാര്‍ഷിക വര്‍ഷപാതം: 722 മി.മീ. വേനല്‍ക്കാലത്ത് ഇവിടെ സുഖകരമായ കാലാവസ്ഥയാണ്. എന്നാല്‍ വേനലിലും വരണ്ട കാലാവസ്ഥയിലും കുടിവെള്ളം ഇവിടെ വളരെക്കാലത്തേക്ക് ഒരു പ്രശ്നമായിരുന്നു. പാറയുടെ ഉയര്‍ന്ന തടങ്ങളിലെത്തുന്ന മഴവെള്ളം ഭൂഗര്‍ഭ സംഭരണികളില്‍ ശേഖരിച്ച് ഉപയോഗിക്കുകയായിരുന്നു പതിവ്. ഈ പ്രത്യേകാവശ്യത്തിലേക്കായി വിശേഷരീതിയില്‍ നിര്‍മിച്ചവയായിരുന്നു പാറത്തടങ്ങള്‍. 1964-ലും 68-ലുമായി നിര്‍മിച്ച ജലശുദ്ധീകരണശാലകള്‍ (desalting plants) സമുദ്രജലം ശുദ്ധമാക്കിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമം കുറെയേറെ പരിഹൃതമായിരിക്കുന്നു.
500 ഇനത്തിലേറെ ചെടികള്‍ ജിബ്രോള്‍ട്ടറിലുണ്ട്. 'ജിബ്രോള്‍ട്ടര്‍ കാന്‍ഡി ടഫ്റ്റ്' എന്ന പുല്ല് ഇവിടെ കാണപ്പെടുന്ന ഒരു സവിശേഷയിനമാണ്.
ജനങ്ങളിലധികവും റോമന്‍ കത്തോലിക്കരാണ്. സ്പാനിഷ്, ഇംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ഭാഷകള്‍. നാണയം ബ്രിട്ടീഷ് പൌണ്ടും ജിബ്രോള്‍ട്ടര്‍ പൌണ്ടും. 5-15 വയസ്സുവരെ കുട്ടികള്‍ക്കു സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം നല്കുന്നു. ബ്രിട്ടീഷ് മാതൃകയിലുള്ളതാണ് നീതിന്യായ വ്യവസ്ഥ. ചീഫ് ജസ്റ്റീസ് മുഖ്യ ന്യായാധിപനാണ്.
പ്രാഥമിക പാലിയോലിതിക് കാലം മുതല്ക്കുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. 1944-ലെ പുരാവസ്തുഗവേഷണത്തില്‍ കണ്ടെത്തിയ 'ഗ്രായംസ് കേവ്' പാലിയോലിതിക് മുതല്‍ റോമന്‍കാലഘട്ടം വരെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിനുള്ള തെളിവുകള്‍ നല്കുന്നതാണ്.
ചരിത്രം. ആഫ്രിക്കയില്‍ നിന്നും താരിഖ് ഇബ്ന് സിയാദിന്റെ നേതൃത്വത്തില്‍ സ്പെയിന്‍ ആക്രമിക്കാന്‍ പുറപ്പെട്ട മൂറുകള്‍ 711-ല്‍ ജിബ്രോള്‍ട്ടറില്‍ ആധിപത്യം സ്ഥാപിച്ചു. 1309-ല്‍ സ്പെയിന്‍ ഈ പ്രദേശം തിരിച്ചു പിടിച്ചു. 1333-ല്‍ ഇത് വീണ്ടും മൂറുകളുടെ കൈവശമായി. 1462-ല്‍ സ്പെയിന്‍ ഇവിടം മൂറുകളില്‍ നിന്നും മോചിപ്പിച്ചു. സ്പാനിഷ് പിന്‍തുടര്‍ച്ചാ യുദ്ധത്തില്‍ 1704-ല്‍ ജിബ്രോള്‍ട്ടര്‍ ബ്രിട്ടന്റെ കൈവശം വന്നു. 1726-ലും 1779 മുതല്‍ 83 വരെയും ഈ പ്രദേശം തിരിച്ചുപിടിക്കാന്‍ സ്പെയിന്‍ ശ്രമിച്ചു. 1830-ല്‍ ജിബ്രോള്‍ട്ടര്‍ ബ്രിട്ടന്റെ ക്രൌണ്‍ കോളനി ആയി. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ജിബ്രോള്‍ട്ടര്‍ സൈനികത്താവളമായിരുന്നു. 1940-41-ല്‍ ഇവിടം നിരന്തരമായ ബോംബാക്രമണത്തിനു വിധേയമായി. 1950-കളുടെ ഒടുവില്‍ സ്പെയിന്‍ ജിബ്രോള്‍ട്ടറിനു വേണ്ടി അവകാശമുന്നയിച്ചു. തുടര്‍ന്ന് സ്പെയിനും ഇംഗ്ളണ്ടും തമ്മിലുള്ള ബന്ധം മോശമായി. 1967-ല്‍ ജിബ്രോള്‍ട്ടറില്‍ നടത്തിയ ജനഹിത പരിശോധന ബ്രിട്ടനുമായുള്ള ബന്ധത്തിന് അനുകൂലമായിരുന്നു. സ്പെയിന്‍ ജിബ്രോള്‍ട്ടറുമായുള്ള അതിര്‍ത്തി അടച്ചത് (1969) ജിബ്രോള്‍ട്ടറിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. 1985-ല്‍ അതിര്‍ത്തി തുറന്നു കൊടുത്തുവെങ്കിലും ജിബ്രോള്‍ട്ടറിനുമേല്‍ സ്പെയിന്‍ തുടര്‍ന്നും അവകാശം ഉന്നയിക്കുന്നുണ്ട്.
ഒരു 'ഡ്യൂട്ടി ഫ്രീ' തുറമുഖമാണ് ജിബ്രോള്‍ട്ടര്‍. ഇതിനടുത്തുള്ള പ്രദേശങ്ങളില്‍ വ്യവസായങ്ങള്‍ വിരളമാണ്. ജനങ്ങളുടെ വരുമാനമാര്‍ഗത്തില്‍ വിനോദ സഞ്ചാരം മുഖ്യപങ്കു വഹിക്കുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തി നിയമിക്കുന്ന ഗവര്‍ണര്‍ 1969-ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടനയിലൂടെ സ്ഥാപിതമായ ജിബ്രോള്‍ട്ടര്‍ ഹൌസ് അസംബ്ലിയുടെ സഹായത്തോടെ ഭരണം നടത്തുന്നു. 1996 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പീറ്റര്‍ കുവാണു മുഖ്യമന്ത്രിയായി. സര്‍ റിച്ചാര്‍ഡ് ലൂസ് ആണ് ഗവര്‍ണറും സൈന്യാധിപനും.