This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാപ്പനീസ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാപ്പനീസ് ഭാഷയും സാഹിത്യവും

ജപ്പാന്‍ ദ്വീപസമൂഹത്തിലെ ഭൂരിഭാഗം ജനതയുടെ മാതൃഭാഷയാണ് ജാപ്പനീസ്. പന്ത്രണ്ടുകോടിയോളം ജനങ്ങള്‍ ഈ ഭാഷ ഉപയോഗിക്കുന്നു. വടക്കനമേരിക്കയിലും തെക്കനമേരിക്കയിലും മറ്റുമുള്ള ജപ്പാന്‍കാര്‍ മാതൃഭാഷയായും ജപ്പാനില്‍ അധിവസിക്കുന്ന ചൈനക്കാരും കൊറിയക്കാരും ദ്വിതീയഭാഷയായും ഇതുപയോഗിക്കുന്നു.

ജാപ്പനീസ് ഭാഷയ്ക്ക് മറ്റൊരു ഭാഷയുമായും ജനിതകബന്ധമില്ലെന്നാണ് ഒരു വിഭാഗം ഭാഷാപണ്ഡിതരുടെ അഭിപ്രായം. എങ്കിലും കൊറിയന്‍ ഭാഷയുമായുള്ള വാക്യഘടനാസാദൃശ്യവും ചില കാര്യങ്ങളില്‍ അള്‍ടെയ്ക് ഭാഷകളുമായുള്ള സാമ്യവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് ഭാഷയിലെയും മലയോ പോളിനേഷ്യന്‍ ഭാഷകളിലെയും പദസഞ്ചയങ്ങളില്‍ കാണുന്ന സാദൃശ്യങ്ങളും വിവിധ ഏഷ്യന്‍ ഭാഷകളുമായുള്ള ജനിതകബന്ധത്തെ സംബന്ധിച്ചു രൂപംകൊണ്ട സിദ്ധാന്തങ്ങളും ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. വാക്യഘടനാതലത്തില്‍ അള്‍ടെയ്ക്കുമായി സാമ്യമുണ്ടെങ്കിലും പദസഞ്ചയത്തിലും രൂപഘടനയിലും മലയോ പോളിനേഷ്യന്‍ ഭാഷകളുമായാണ് സാദൃശ്യമുള്ളതെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.

ആധുനിക ജാപ്പനീസ് ഭാഷയ്ക്ക് അനേകം ഭാഷാഭേദങ്ങളുണ്ടെങ്കിലും തലസ്ഥാനമായ ടോക്യോവില്‍ പ്രചാരമുള്ള ഭാഷാഭേദമാണ് ഔദ്യോഗിക ഭാഷയായി പരിണമിച്ചത്. വാക്യഘടനയിലും രൂപഘടനയിലും ജാപ്പനീസ് ഭാഷാഭേദങ്ങള്‍ക്കു കാര്യമായ അന്തരമില്ലെങ്കിലും ക്യൂഷൂവിലും (കഗോഷിമ ഭാഷാഭേദം) 1300 കി.മീ. അകലെയുള്ള ഹോണ്‍ഷൂവിലും (അപോമോറിഭാഷാഭേദം) വസിക്കുന്നവര്‍ക്ക് ആശയവിനിമയം നടത്തുവാന്‍ പ്രയാസമാണ്. റിയൂക്യൂ ദ്വീപുകളിലെ ഭാഷാഭേദങ്ങളിലാണ് കൂടുതല്‍ അന്തരം പ്രകടമാകുന്നത്.

ജപ്പാനീസ് ലിപി

ക്യോട്ടോ, ഒസാകാ എന്നീ പട്ടണങ്ങളിലെ ഭാഷാഭേദങ്ങള്‍ മാനകഭാഷയെ ചെറുത്തുകൊണ്ട് വളര്‍ച്ച പ്രാപിച്ചവയാണ്. പരമ്പരാഗത സാഹിത്യത്തിന്റെയും കലകളുടെയും കേന്ദ്രസ്ഥാനമായിരുന്നതിനാല്‍ ക്യോട്ടോയിലെ ഭാഷയ്ക്ക് കൂടുതല്‍ പ്രാമുഖ്യം കൈവരിക്കാന്‍ കഴിഞ്ഞു. പ്രഭുക്കന്മാരുടെ ഭാഷ ക്ളാസ്സിക്കല്‍ ജാപ്പനീസിന് അടിസ്ഥാനമാകുകയും 20-ാം ശ.-ന്റെ ആരംഭം വരെ വരമൊഴിയുടെ മാനകമായി വര്‍ത്തിക്കുകയും ചെയ്തു. ഇഡോ കാലഘട്ടത്തില്‍ (1600-1868) ഭരണ-വ്യാപരകേന്ദ്രമായി വളര്‍ന്ന ഇഡോയിലെയും ഒസാകയിലെയും ഭാഷ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുകയും അത് മാനകഭാഷയായി രൂപാന്തരപ്പെടുകയും ചെയ്തു. മെയ്ജി ഭരണ പുനഃസ്ഥാപനത്തോടെ (1868) ഇഡോയുടെ നാമം ടോക്യോ എന്നായി. ഇവിടത്തെ വിദ്യാസമ്പന്നരുടെ ഭാഷ മാനകഭാഷയായി അംഗീകരിക്കപ്പെട്ടു. മെയ്ജി രാജാവിനെ അനുഗമിച്ച് ക്യോട്ടോയില്‍ നിന്നെത്തിയ പ്രഭുജാതരുടെ ഭാഷയിലെ പല ഘടകങ്ങളും ഇതില്‍ ലയിച്ചുചേര്‍ന്നു. 20-ാം ശ.-ല്‍ വിദ്യാഭ്യാസം കേന്ദ്രീകൃതമായതോടെ ഈ മാനകഭാഷ ജപ്പാനിലാകെ പ്രചരിച്ചു. ഭാഷാ ഭേദങ്ങളുണ്ടെങ്കിലും ജപ്പാനിലെ സിംഹഭാഗം ജനങ്ങളും ഉപയോഗിക്കുന്നത് ഈ മാനകഭാഷയാണ്.

ടോക്യോ ഭാഷ എന്നറിയപ്പെടുന്ന മാനകഭാഷ ടോക്യോവില്‍ പ്രചാരത്തിലുള്ള അനേകം ഭാഷാഭേദങ്ങളില്‍ ഒന്നുമാത്രമാണ്. ക്യോട്ടോ ഭാഷാഭേദത്തിന്റെ സ്വാധീനതയില്‍ ഇത് വളരുകയും അനേകം ചൈനീസ് പദങ്ങള്‍ കടം കൊള്ളുകയും ചെയ്തു. പില്ക്കാലത്ത് ഇംഗ്ലീഷില്‍ നിന്നും മറ്റു യൂറോപ്യന്‍ ഭാഷകളില്‍ നിന്നും അനേകം പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

വര്‍ണവ്യവസ്ഥ. ജാപ്പനീസ് ഭാഷയിലെ ഹ്രസ്വസ്വരങ്ങളായ a, i, u, e, o എന്നിവയുടെ ഉച്ചാരണം സ്പാനിഷ്-ഇറ്റാലിയന്‍ ഭാഷകളിലേതു പോലെയാണ്. ദീര്‍ഘസ്വരങ്ങളായ a , ii, u , ei, o എന്നിവ ഹ്രസ്വസ്വരങ്ങളുടെ ഇരട്ടി ദൈര്‍ഘ്യത്തിലാണ് ഉച്ചരിക്കുന്നത്. ei എന്ന ദീര്‍ഘസ്വരത്തിന്റെ ഉച്ചാരണം പലപ്പോഴും രണ്ടു സ്വരങ്ങളുടെ സംയുക്തമെന്ന രീതിയിലാണ്. അര്‍ഥവ്യത്യാസം സൂചിപ്പിക്കാനാണ് അടിസ്ഥാനപരമായി ഹ്രസ്വദീര്‍ഘസ്വരങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

k, s, sh, t, ch, ts, n, h, f, m, y, r, w, g, j, z, l, b, p എന്നിവയാണ് വ്യഞ്ജനങ്ങള്‍. sh എന്ന ഘര്‍ഷവും ch, ts, j എന്നീ അനഘര്‍ഷികളും ഓരോ വ്യഞ്ജനമായി കണക്കാക്കുന്നു. G എന്ന വ്യഞ്ജനം എല്ലായ്പ്പോഴും ഗ എന്ന ശബ്ദത്തിലാണ് ഉച്ചരിക്കുന്നത്. പലപ്പോഴും ഇത് അനുനാസീകരണത്തിനു വിധേയമാകുന്നു. മറ്റു മിക്ക വ്യഞ്ജനങ്ങളും ഇംഗ്ലീഷ് ഭാഷയിലെതുപോലെയാണ് ഉച്ചരിക്കുന്നത്. f എന്ന വ്യഞ്ജനം ദ്വയോഷ്ഠ്യമായും 'r' ദ്രുതസ്പര്‍ശിയായും , t, d, n എന്നിവ ദന്ത്യമായും ഉച്ചരിക്കുന്നു. 'n' എന്ന ശബ്ദം ഒരു പദാംഗത്തിന്റെ അവസാനഭാഗത്തു വരുമ്പോള്‍ അതൊരു അധോജിഹ്വകപദാംഗാനുനാസികമായി ഉച്ചരിക്കുന്നു. -kk-, -pp-, -tt-, -ss- എന്നീ ദ്വയ വ്യഞ്ജനങ്ങളും -ssh-, -tch- എന്നീ സംയുക്തങ്ങളും ഉച്ചരിക്കുമ്പോള്‍ ഓരോ വ്യഞ്ജനവും അടുത്തടുത്താണ് ഉച്ചരിക്കുന്നത്; ഇംഗ്ലീഷില്‍ bookcase എന്ന പദം ഉച്ചരിക്കുന്നതുപോലെ.

ജാപ്പനീസ് ഭാഷയിലെ പദാംഗം ഒരു ഹ്രസ്വ സ്വരമോ ഒരു വ്യഞ്ജനവും തുടര്‍ന്നുവരുന്ന ഹ്രസ്വ സ്വരവുമടങ്ങിയ സംയുക്തമോ ആണ്. പലപ്പോഴും പദാംഗത്തിന്റെ അന്ത്യത്തില്‍ വരുന്ന വ്യഞ്ജനവും ദീര്‍ഘസ്വരത്തില്‍ വരുന്ന ഓരോ സ്വരവും പദാംഗമായി പരിഗണിക്കുന്ന സമ്പ്രദായമാണ് പരമ്പരാഗതമായ അപഗ്രഥനത്തിലുള്ളത്. ഉദാ.hon (book) എന്ന പദത്തില്‍ രണ്ടു പദാംഗങ്ങള്‍ (ho-n) ഉണ്ടായിരിക്കും. o o k i i (big) എന്ന പദത്തില്‍ നാലു പദാംഗങ്ങളാണ് (o-o-ki-i) ഉള്ളത്. ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ പദാംഗാന്ത്യത്തില്‍ വരുന്ന വ്യഞ്ജനത്തെയും ദീര്‍ഘസ്വരത്തിലെ ഓരോ ഘടകത്തെയും ദീര്‍ഘപദാംഗത്തിന്റെ അതിരായി കണക്കാക്കുന്നു. ഇക്കാരണത്താല്‍ ജാപ്പനീസ് ക്ളാസ്സിക് കവിതകളിലെ വൃത്തപരിഗണനയ്ക്കായുള്ള പദാംഗ പരിശോധന കൂടുതല്‍ ദുഷ്കരമാണ്.

ഇംഗ്ലീഷ് ഭാഷയിലും മറ്റും കാണുന്നതുപോലെ ബലാഘാതം (stress) ജാപ്പനീസ് ഭാഷയിലില്ല. ഓരോ പദാംഗത്തിനും തുല്യമായ ബലാഘാതമാണ് നല്കുന്നത്. അഘോഷ വ്യഞ്ജനങ്ങള്‍ക്കിടയില്‍ വരുന്ന i, u എന്നീ സ്വരങ്ങള്‍ ഉച്ചരിക്കപ്പെടുന്നില്ല. ഉദാ. shitakusa (under growth) എന്ന പദം ഉച്ചരിക്കുന്നത് 'ഷ്തക്സ' എന്നാണ്. പദാന്ത്യത്തിലെ അഘോഷ വ്യഞ്ജനത്തിനുശേഷം വരുന്ന u എന്ന സ്വരവും പലപ്പോഴും ഉച്ചരിക്കപ്പെടാറില്ല. 'desu' എന്ന പദത്തിന്റെ ഉച്ചാരണം ഡെസ് എന്നാണ്.

ജാപ്പനീസ് ഭാഷയിലെ നാമങ്ങള്‍ അപ്രത്യയപദങ്ങളാണ്. ഇവയ്ക്കു ലിംഗവചനങ്ങളില്ല. ഇംഗ്ലീഷ് ഭാഷയിലെന്നപോലെ പദഘടന ഒരു വാക്യത്തിലെ നാമങ്ങളുടെ വ്യാകരണവൃത്തി സൂചിപ്പിക്കുന്നില്ല. നാമത്തെ തുടര്‍ന്നു വരുന്ന വ്യാകരണ നിപാതങ്ങളാണ് വ്യാകരണ വൃത്തിയെ സൂചിപ്പിക്കുന്നത്.

നിശ്ചായക ഉപപദങ്ങളും (definite articles) അനിശ്ചായക ഉപപദങ്ങളും ജാപ്പനീസ് ഭാഷയിലില്ല. ഇംഗ്ലീഷ് ഭാഷയിലെ വേശ, വേമ എന്നീ പ്രയോഗങ്ങള്‍ക്കു പകരമായി ജാപ്പനീസില്‍ മൂന്നു പ്രയോഗങ്ങള്‍ നിലവിലുണ്ട്; അടുത്തുള്ളവയും അടുപ്പമുള്ളവയും അകലെയുള്ളവയും (kono, sono, ano). Kono empitsu, sono empitsu, ano empitsu എന്നീ പ്രയോഗങ്ങള്‍ക്ക് യഥാക്രമം എന്റെ അടുത്തുള്ള പെന്‍സില്‍, ഞാന്‍ ഉദ്ദേശിച്ച പെന്‍സില്‍, അകലെയുള്ള പെന്‍സില്‍ എന്നിങ്ങനെയാണ് അര്‍ഥം.

ജാപ്പനീസിലെ ക്രിയാപ്രത്യയരൂപങ്ങള്‍ പുരുഷവാചകത്തെയോ വചനത്തെയോ സൂചിപ്പിക്കുന്നില്ല. ആധുനികഭാഷയിലെ എല്ലാ ക്രിയകളുടെയും നിഘണ്ടു രൂപങ്ങള്‍ -uഎന്ന സ്വരത്തിലാണ് അവസാനിക്കുന്നത്. ക്രിയാഖ്യാതരൂപങ്ങളെ വ്യഞ്ജന പ്രകൃതികള്‍, സ്വരപ്രകൃതികള്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ആധുനിക ജാപ്പനീസില്‍ രണ്ടു പൂര്‍ണ രൂപാഖ്യാത അനിയമിത ക്രിയകളും [kuru (come); suru (do)], മറ്റേതാനും അനിയമിത ക്രിയകളുമാണുള്ളത്.

കര്‍ത്താവ്, കര്‍മം, ക്രിയ എന്ന ക്രമത്തിലാണ് ജാപ്പനീസിലെ സാധാരണ വാക്യങ്ങള്‍ രൂപംകൊള്ളുന്നത്. സന്ദര്‍ഭമനുസരിച്ച് കര്‍ത്താവോ കര്‍മമോ ഒഴിവാക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നു. ഇംഗ്ലീഷിലേതുപോലെ സംബന്ധവാചി സര്‍വനാമം ഈ ഭാഷയിലില്ല. ആശ്രിത ഉപവാക്യം ഭേദകമായി നാമത്തിനു മുന്നില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

പദസഞ്ചയം. വൈവിധ്യവും സമ്പന്നവുമായ ഒരു പദസഞ്ചയമാണ് ജാപ്പനീസ് ഭാഷയിലുള്ളത്. സ്വദേശപദശേഖരത്തിനു പുറമേ ചൈനീസ് ഭാഷയില്‍ നിന്നു രൂപംകൊണ്ട പദങ്ങളും ഏറെ കാണാം. അക്കപദങ്ങളിലും ദാര്‍ശനിക പദങ്ങളിലും ചൈനീസ് ഭാഷയുടെ സ്വാധീനം പ്രകടമാണ്. 20-ാം ശ.-ല്‍ ഇംഗ്ലീഷ് ഭാഷയില്‍ നിന്നും മറ്റു യൂറോപ്യന്‍ ഭാഷകളില്‍ നിന്നും കടമെടുത്ത പദങ്ങളും കുറവല്ല. 19-ാം ശ.-ലും 20-ാം ശ.-ലും രൂപംകൊണ്ട ധിഷണാപരമായ പദങ്ങളിലധികവും പാശ്ചാത്യ സംജ്ഞകളുടെ ചൈനീസ് പരിഭാഷകളാണ്. ശാസ്ത്ര വിഷയങ്ങളില്‍ പാശ്ചാത്യഭാഷാപദങ്ങള്‍ മാറ്റം കൂടാതെ സ്വീകരിക്കപ്പെടുന്നുമുണ്ട്.

ജാപ്പനീസ് ഭാഷയുടെ മറ്റൊരു സവിശേഷത അനുകരണപദങ്ങളുടെ ആധിക്യമാണ്. ശബ്ദാനുകരണപദങ്ങളും അമൂര്‍ത്തഗുണങ്ങളെ അഭിവ്യഞ്ജിപ്പിക്കുന്ന പദങ്ങളും ദൈനംദിന ഭാഷയ്ക്കു കൂടുതല്‍ ഓജസ് നല്കുന്നു.

ലിഖിത വ്യവസ്ഥ. ചൈനീസ് ലിപി(kanji)കളുടെയും 'കനാ' എന്ന പേരിലറിയപ്പെടുന്ന സ്വനവര്‍ണ ലിപിയുടെ രണ്ടുവകഭേദങ്ങളുടെയും (katakana, hirogana) ഒരു സംയുക്തമാണ് ജാപ്പനീസ് ലിഖിത വ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തുന്നത്. ചില പദങ്ങള്‍ കനാ ലിപിയിലും മറ്റു ചിലത് കഞ്ചി ലിപിയിലും എഴുതുമ്പോള്‍ രണ്ടു ലിപികളുടെയും സങ്കരമുപയോഗിച്ച് എഴുതുന്ന പദങ്ങളുമുണ്ട്. സങ്കരപദങ്ങളില്‍ പ്രകൃതി ചൈനീസ് ലിപികളിലും പ്രത്യയാന്ത്യങ്ങളും മറ്റു പരപ്രത്യയങ്ങളും കനാ ലിപിയിലുമായിരിക്കും. വ്യാകരണ നിപാതങ്ങള്‍ക്കും പ്രകാര്യ പദങ്ങള്‍ക്കും കനാ ലിപി ഉപയോഗിക്കുന്നു. ആധുനിക ജാപ്പനീസ് ഭാഷയില്‍ ഇവയോടൊപ്പം റോമന്‍ ലിപികളും കലര്‍ന്നു കാണാം.

ജാപ്പനീസ് ലിഖിത വ്യവസ്ഥയിലെ മുഖ്യഘടകം ചൈനീസ് ലിപികളാണ്. പാഠപുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനായി ഗവണ്‍മെന്റ് അംഗീകരിച്ചിരിക്കുന്ന 1945 ചൈനീസ് ലിപികളും (ജോയോ കഞ്ചി എന്ന പട്ടിക) പേരുകളും മറ്റും എഴുതുന്നതിനായി അംഗീകരിച്ചിട്ടുള്ള 166 ലിപികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ചൈനീസ് ലിപികള്‍ പഠിച്ചാല്‍ മാത്രമേ പത്രമാസികകളും ഗ്രന്ഥങ്ങളും മറ്റും പ്രയാസം കൂടാതെ വായിക്കാനാകൂ. പണ്ഡിതന്മാര്‍ക്കിടയില്‍ ആയിരത്തിലധികം മറ്റു ലിപികളും പ്രചാരത്തിലുണ്ട്. രണ്ടാം ലോകയയുദ്ധത്തിനുശേഷം നടന്ന ഭാഷാ പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് ഗവണ്‍മെന്റ് മേല്‍ സൂചിപ്പിച്ച ലിപിപട്ടിക അംഗീകരിച്ചത്.

ജാപ്പനീസ് ഭാഷ എഴുതുന്ന രീതിയും സവിശേഷമാണ്. ഓരോ വരിയും മുകളില്‍നിന്നാരംഭിച്ച് താഴെ അവസാനിക്കുന്നു. ഓരോ പേജിലും വലതുഭാഗത്തുനിന്ന് ഇടതുഭാഗത്തേക്കാണ് വരികള്‍ ആരംഭിക്കുന്നത്. അവസാനിക്കുന്ന പേജില്‍ നിന്നാണ് ജാപ്പനീസ് ഗ്രന്ഥം ആരംഭിക്കുന്നത്. ശാസ്ത്രഗ്രന്ഥങ്ങളും മറ്റും അച്ചടിക്കുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാതൃകയില്‍ ഇടത്തുനിന്നും വലത്തോട്ടാണ്. ഇത്തരം സങ്കീര്‍ണതകള്‍ പലതുമുണ്ടെങ്കിലും ജപ്പാനിലെ ഇന്നത്തെ മാനകഭാഷ ആധുനിക ജപ്പാന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

സാഹിത്യം. എ.ഡി. 4-ാം ശ. വരെ ജപ്പാനില്‍ വാങ്മയ സാഹിത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4-ാം ശ.-ല്‍ ചൈനീസ് ലിപി പ്രചാരത്തില്‍ വന്നതോടെയാണ് ലിഖിതസാഹിത്യം പിറന്നത്. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും പാട്ടുകളും വിശ്വാസങ്ങളും മറ്റും സമാഹരിച്ചു രേഖപ്പെടുത്തിയവയായിരുന്നു ആദ്യകാലകൃതികള്‍. അവയില്‍ ഏറ്റവും പഴക്കം ചെന്നത് കൊജികി ആണ് (712). ഇത് പുരാവൃത്തങ്ങളുടെയും പ്രാചീന നാട്ടറിവുകളുടെയും വൈവിധ്യമാര്‍ന്ന ഒരു സമാഹാരമാണ്. പരമ്പരാഗത പ്രപഞ്ചഘടനാശാസ്ത്രം തുടങ്ങിയ നിരവധി അപൂര്‍വ വസ്തുതകള്‍ ഇതിലുണ്ട്. 712-ലാണ് ഇതിന്റെ രചനാകാലമെന്നു കരുതപ്പെടുന്നു.

ആദ്യകാല കൃതികളില്‍ ശ്രദ്ധേയമായ മറ്റു രചനകള്‍ ഫുഡോകി, ഉജിബുമി, നിഹോണ്‍ഷോകി എന്നിവയാണ്. 713-ല്‍ രചിച്ച ഫുഡോകിയില്‍ ഭൂമിശാസ്ത്രപരമായ വസ്തുതകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉജിബുമി വംശാവലീചരിതമാണ്. നിഹോണ്‍ഷോകിയില്‍ ചരിത്രവസ്തുതകളാണുള്ളത്. ഇത് 720-ലാണു രചിച്ചതെന്നു കരുതുന്നു. ഇതിന് 'നിഹോംഗി' എന്നും പേരുണ്ട്.

ആദ്യകാലത്തുണ്ടായ ഏറ്റവും മികച്ച സാഹിത്യകൃതി മന്‍യോഷു ആണ്. സു. 770-ലാണ് ഇതിന്റെ രചനയെന്നു കരുതപ്പെടുന്നു. ജപ്പാനിലെ തനിമയാര്‍ന്ന കാവ്യങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതില്‍ ആയിരക്കണക്കിനു വ്യത്യസ്ത കാവ്യരൂപങ്ങളുണ്ട്. ജാപ്പനീസ് സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് മന്‍യോഷു. ഇതിനെത്തുടര്‍ന്ന് കൊട്ടാരംകവികള്‍ കെയ്ഫ്യൂഷോ എന്ന കാവ്യസമാഹാരം സമ്പാദനം ചെയ്തു. 10-ാം ശ.-ല്‍ പ്രാചീന-ആധുനിക കവിതകളുടെ സമാഹാരം-കൊകിന്‍ത്സുവിലൂടെ കാവ്യരംഗം മറ്റൊരു പടികൂടി കടന്നു. 'കാച്ചിക്കുറുക്കിയ കവിത'കള്‍ എന്നു വിളിക്കാവുന്ന, 31 അക്ഷരങ്ങളിലെഴുതിയ ലഘുകവനങ്ങള്‍ ജാപ്പനീസ് സാഹിത്യത്തില്‍ ഇടംനേടിയത് ഇതിലൂടെയാണ്. ഇത് വാക എന്നും രെങ്ക എന്നും പില്ക്കാലത്ത് അറിയപ്പെട്ടു. വിഖ്യാതമായ ഈ ജാപ്പനീസ് കാവ്യമാതൃകയില്‍ 5, 7, 5, 7, 7 എന്നീ അക്ഷരക്രമത്തിലുള്ള വരികളാണുള്ളത്. രെങ്ക കാവ്യശാഖയിലൂടെ പ്രശസ്തനായിത്തീര്‍ന്ന കവിയാണ് സുറയൂക്കി കിനോ (884-946).

10-ാം ശ.-ല്‍ത്തന്നെ കഥാസാഹിത്യവും ജപ്പാനില്‍ വേരോടിത്തുടങ്ങിയിരുന്നു. തകെനൊറി കഥകള്‍, ഇസെ കഥകള്‍, തൊസാ കുറിപ്പുകള്‍ എന്നിവയാണ് ആദ്യകാല കഥാഗ്രന്ഥങ്ങള്‍. 11-ാം ശ.-ത്തോടെയാണ് കഥാസാഹിത്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഗഞ്ജി മോണൊഗതാരി (ഗഞ്ജിയുടെ കഥ) എന്ന കൃതിയാണ് അതിനു കാരണമായത്. വിശ്വസാഹിത്യത്തിനു ജപ്പാന്‍ നല്കിയ മികച്ച സംഭാവന കൂടിയാണ് ഗഞ്ജി മോണൊഗതാരി. ലേഡി ഷികിബു മുറാസകിയാണ് ഇതെഴുതിയത്. ലോകത്തിലെ മികച്ച നോവലുകളില്‍ ഒന്നായി ഇന്നും ആദരിക്കപ്പെടുന്ന ഈ കൃതിയില്‍ 54 അധ്യായങ്ങളുണ്ട്. 'ഗഞ്ജി' എന്ന സാങ്കല്പിക രാജകുമാരന്റെ കാല്പനിക കാന്തിയുള്ള കഥയാണ് ഈ ബൃഹത് കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. 1925-ല്‍ ആര്‍തര്‍ വാലി ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുന്നതുവരെ ഇതിനെപ്പറ്റി പുറംലോകം അറിഞ്ഞിരുന്നില്ല. 1976-ലാണ് സമ്പൂര്‍ണ പരിഭാഷ പ്രസിദ്ധപ്പെടുത്തിയത്. അതോടെ ഇതു വിശ്വപ്രസിദ്ധമായി. ഗഞ്ജി രാജകുമാരന്റെ കഥാഖ്യാനം എന്നതിലുപരി അക്കാലത്തെ ജപ്പാനിലെ മാടമ്പിവര്‍ഗത്തിന്റെ ജീവിതം, അതിന്റെ വിശദാംശങ്ങളോടെ ചിത്രീകരിച്ചിട്ടുള്ള കൃതി കൂടിയാണിത്. സാഹിത്യഗുണത്തിലും ഇതു സമ്പന്നമാണ്. ഇക്കാരണങ്ങളാല്‍ ജപ്പാന്റെ 'മഹേതിഹാസം' എന്ന് ഈ കാവ്യത്തെ വിശേഷിപ്പിക്കാറുണ്ട്. കഥാസാഹിത്യത്തില്‍ ഇതേ കാലത്തും അല്പംകഴിഞ്ഞും ഉണ്ടായ രചനകളില്‍ മികച്ചവ ഇവയാണ്-ഇസെ മോണൊഗതാരി, യമാറ്റോ മോണൊഗതാരി, ടക്കെ-ടോറി മോണൊഗതാരി, ഉത്സുബോ മോണൊഗതാരി.

9,10,11 ശ.-ങ്ങളിലെ മറ്റൊരു സവിശേഷത സാഹിത്യ രംഗത്തുണ്ടായ സ്ത്രീകളുടെ സജീവ പങ്കാളിത്തമാണ്. ഡയറിക്കുറിപ്പുകളാണ് പ്രധാനമായും അവര്‍ രചിച്ചത്. സെയി-ഷോണോഗൊന്‍ ഇക്കൂട്ടരില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. ഇവരുടെ കൃതിയാണ് മകുരാനൊ സോഷി. സ്ത്രീ സംഭാവനകള്‍ ധാരാളമായുണ്ടായ മറ്റൊരു സാഹിത്യ പ്രസ്ഥാനമാണ് 'ഷൂയിത്സു'; 10-ാം ശ.-ലാണ് ഇതു പ്രചാരത്തില്‍ വന്നത്. 'ഷൂയിത്സു' എന്ന വാക്കിന് 'തൂലികയെ അനുഗമിക്കുക' എന്നാണര്‍ഥം. സുനിയത ഘടനയില്ലാതെ ചിന്തകളെ അതിന്റെ സ്വാഭാവികമായ പ്രവാഹത്തിനനുസരിച്ചു കടലാസിലേക്കു പകര്‍ത്തുന്ന ശൈലിയാണ് ഇതിലുള്ളത്. സാഹിത്യശോഭയാര്‍ന്ന ഈ ചിന്താസമാഹാരങ്ങള്‍ ഒരുതരം ഡയറിക്കുറിപ്പുകള്‍ തന്നെയാണ്. അഭ്യസ്തവിദ്യരായ അന്തഃപുരസ്ത്രീകള്‍ തങ്ങളുടേതായ ഒരു രചനാരൂപത്തിനുവേണ്ടി നടത്തിയ അന്വേഷണമെന്ന നിലയില്‍ ഇതു ശ്രദ്ധേയമാണ്. എങ്കിലും ജപ്പാനിലെ എഴുത്തുകാരികളുടെ ഏറ്റവും മികച്ച സംഭാവനയായി കരുതപ്പെടുന്നത് ലേഡി ഷികിബു മുറാസകിയുടെ ഗഞ്ജി മോണൊഗതാരി തന്നെയാണ്.

10-ാം ശ.-ത്തോടടുപ്പിച്ചുതന്നെ ജാപ്പനീസ് സാഹിത്യത്തില്‍ അനുരാഗഗീതകങ്ങളും റൊമാന്‍സുകളും ആവിര്‍ഭവിച്ചു. ഈ രീതിയിലുള്ള രചനകളെ ചക്രവര്‍ത്തിഭരണം വളരെയേറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റൊമാന്‍സുകളില്‍ ഏറെ പ്രസിദ്ധമായിട്ടുള്ളത് എയ്ഗ മോണൊഗതാരി(മഹത്ത്വത്തിന്റെ കഥ)യാണ്. ഇത് ഫൂജിവാര മിച്ചിനാഗ (966-1028) എന്ന ഫൂജിവാര കുലത്തലവന്റെ വീരേതിഹാസമാണ് ആവിഷ്കരിക്കുന്നത്.

12-ാം ശ.-ത്തോടുകൂടി സാഹിത്യരംഗത്തു കാര്യമായ പതനമുണ്ടായി. ചക്രവര്‍ത്തിമാരില്‍ നിന്ന് ഭരണം യോദ്ധാക്കളിലേക്ക് എത്തിച്ചേര്‍ന്നതുകൊണ്ടാണിതു സംഭവിച്ചത്. 19-ാം ശ.-ന്റെ ഉത്തരാര്‍ധം വരെ ഈ അവസ്ഥ തുടര്‍ന്നു. ഇക്കാലഘട്ടത്തില്‍ നിരവധി യുദ്ധകഥകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവും മികച്ചത് ദ ലോയല്‍ ലീഗ് ആണ്. 47 സമുറായികളുടെ കഥ പറയുന്ന ബൃഹദ്ഗ്രന്ഥമാണിത്. യുദ്ധവുമായി ബന്ധപ്പെട്ട റൊമാന്‍സുകളും യുദ്ധവീരന്മാരെ ആസ്പദമാക്കിയുള്ള നോവലുകളും ഇക്കാലഘട്ടത്തിലെ മറ്റു രചകളില്‍ പെടുന്നു. വ്യത്യസ്ത (തെയ്റ, മിനാമോട്ട...) വംശങ്ങള്‍ തമ്മിലുള്ള കലാപത്തിന്റെ കഥ പറയുന്നവയായിരുന്നു റൊമാന്‍സുകളിലധികവും. 13-17 ശ.-ല്‍ ഉണ്ടായ ഇത്തരം കൃതികളില്‍ പ്രധാനപ്പെട്ടവ ഹോഗല്‍ മോണൊഗതാരി, ഹെയ്ജി മോണൊഗതാരി, ഹെയ്കെ മോണൊഗതാരി എന്നിവയാണ്.

യുദ്ധതത്പരരായിരുന്നുവെങ്കിലും വികാരഭരിതമായ ഹൃദയത്തിന്റെ ഉടമകള്‍ കൂടിയാണ് ജാപ്പനീസ് ജനത എന്ന് അവരുടെ സാഹിത്യം വ്യക്തമാക്കുന്നുണ്ട്. കവിതയിലും നാടകത്തിലും ആര്‍ദ്രതയുടെയും ഊഷ്മളതയുടെയും തലങ്ങള്‍ വളരെയേറെ പ്രകടമാണ്. യുദ്ധകഥകള്‍ പ്രചാരം നേടുന്നതിനിടയിലൂടെത്തന്നെ, വളര്‍ന്നു വികസിച്ച രണ്ടു സാഹിത്യരൂപങ്ങള്‍-കവിതയും നാടകവും-ജാപ്പനീസ് സാഹിത്യത്തിലെ രണ്ടു കൊടുമുടികള്‍ എന്നാണറിയപ്പെടുന്നത്. കവിതയില്‍ ലഘുകവനങ്ങളോടായിരുന്നു അവര്‍ക്കു പ്രിയം. ആദ്യകാലത്തുണ്ടായിരന്ന രെങ്ക കുറേക്കൂടി അക്ഷരങ്ങള്‍ കുറഞ്ഞ 'ഹൈകു'വിനു വഴിമാറിക്കൊടുക്കുകയാണുണ്ടായത്. 5, 7, 5 എന്നീ ക്രമത്തില്‍ 17 അക്ഷരങ്ങളുള്ള ഗീതകമാണ് ഹൈകു. വിശ്വസാഹിത്യത്തില്‍ പ്രതീകാത്മക കവിതയ്ക്കു പ്രചോദനമേകിയ സാഹിത്യരൂപം കൂടിയാണിത്. മാത്സുവോ ബാഷേക (1644-94) ആയിരുന്നു ഇതിന്റെ മുഖ്യ പ്രയോക്താവ്.

നോ, കബുകി എന്നിവയാണ് നാടകരംഗത്തിനു ജപ്പാന്‍ നല്കിയ സംഭാവനകള്‍. ജപ്പാനിലെ ക്ളാസ്സിക് നാടകരൂപമാണ് നോ (നോഹ്). നിരവധി പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായ സെങ്ഗകു, കഗ്ഛ നൃത്തം, സരുഗകു നോ തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ആദിരൂപങ്ങള്‍. സംഗീതാത്മകവും സാഹിത്യഗുണമാര്‍ന്നതുമായ പദ്യങ്ങള്‍, മുഖംമൂടിയണിഞ്ഞ് പതിഞ്ഞ താളത്തില്‍ നടത്തുന്ന നൃത്തം എന്നിവയാണ് ഇതിന്റെ മുഖ്യസ്വഭാവങ്ങള്‍. നോ നാടകങ്ങള്‍ ജപ്പാനിലെ രംഗകലയെ എന്ന പോലെ തന്നെ സാഹിത്യത്തെയും സമ്പന്നമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ നോ നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അന്തഃപുര സ്ത്രീകളുടെ ആഡംബരപൂര്‍ണമായ ജീവിത പശ്ചാത്തലമാണ് ഇതിലെ മുഖ്യ ഇതിവൃത്തം. കിയോ ത്സുഗു കന്നാമി (1333-84), ഇദ്ദേഹത്തിന്റെ പുത്രനായ മോട്ടോ കിയോ സിയാമി (1363-1443) എന്നിവരാണ് പ്രമുഖ നോ-നാടകകൃത്തുകള്‍. ജപ്പാനിലെ ഈ തനതു നാടകം ഡബ്ള്യു.ബി. യേറ്റ്സ് തുടങ്ങിയ പലരിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നോ നാടകത്തെക്കാളും വേഗതയുള്ളതും താരതമ്യേന ജനപ്രിയം ഏറിയതുമായ മറ്റൊരു നാടകമാണ് കബുകി. 47 സമുറായികളുടെ കഥ പറയുന്ന 'ലോയല്‍ ലീഗി'നെ ആസ്പദമാക്കിയുള്ള നാടകമാണ് ഇതിന്റെ മികച്ച മാതൃക. ചികമത്സു മൊണ്‍സേമോണ്‍ ആണ് (1653-1725) വിഖ്യാത കബുകി നാടകകാരന്‍. നോ. ചികമത്സു മൊണ്‍സേമോണ്‍

17, 18, 19 ശ.-ങ്ങളിലെ നോവല്‍ സാഹിത്യം യക്ഷിക്കഥകളെയും അന്യാപദേശകഥകളെയും ആസ്പദമാക്കിയാണ് സാക്ഷാത്കരിക്കപ്പെട്ടിരുന്നത്. അവയിലേറെയും പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം വായിക്കാന്‍ പറ്റിയവയുമായിരുന്നു. 17-19 ശ. വരെയുള്ള ജന്മിത്തവ്യവസ്ഥയുടെ ശൈഥില്യവേളയില്‍ സാഹിത്യചരിത്രം മൂന്നു ധാരകളായാണ് സഞ്ചരിച്ചിരുന്നത്. മധ്യകാലഘട്ടത്തിലെ മതാഭിമുഖ്യതയും പാരമ്പര്യപ്രണയവും പുനഃസ്ഥാപിക്കുന്നതായിരുന്നു ഒരു രീതി. കവിത 'മന്‍യോഷു'വിലേക്കു മടങ്ങാനുള്ള പ്രവണത പുലര്‍ത്തിയത് ഒരുദാഹരണമാണ്. കാഡ അസുമമാരോ(1668-1736)യുടെയും കെയ്മ്യു (1640-1701) എന്ന ബുദ്ധസന്ന്യാസിയുടെയും സാഹിത്യസേവനങ്ങള്‍ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. 'ഹൈകു'വിന്റെ വികാസമാണ് മറ്റൊരു മാതൃക. ഈ വിഭാഗത്തില്‍ ഇഹാറ സൈകകു (1642-93), ചികമത്സു മൊണ്‍സേമോണ്‍ എന്നിവരുടെ രചനകളും ഉള്‍പ്പെടുന്നു. മറ്റൊരു ധാര ഇഡോ (പില്ക്കാലത്തെ ടോക്യോ) കേന്ദ്രീകരിച്ചാണ് വികാസം പ്രാപിച്ചത്. ക്ളാസ്സിക്കല്‍ സാഹിത്യപഠനങ്ങള്‍ക്കായിരുന്നു അത് മുന്‍തൂക്കം കൊടുത്തത്. നിരവധി ഗദ്യരചനകളും ഇതിനിടയില്‍ പ്രചാരം നേടി. മൂന്നാമത്തെ ധാര ബുങ്ക-ബുന്‍-സെയ് യുഗം (1804-31) എന്നറിയപ്പെടുന്ന സാഹിത്യപ്രവണതയാണ്. നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇക്കാലത്തെ കവിതകളില്‍ നിറഞ്ഞു നിന്നിരുന്നത്. ഇസ്സ(1763-1828)യിലൂടെ പുനരുജ്ജീവിച്ച 17 സ്വരങ്ങളുള്ള കാവ്യപ്രസ്ഥാനവും ഇക്കാലയളവിലെ മറ്റൊരു നാഴികക്കല്ലാണ്.

19-ാം ശ.-ന്റെ ഉത്തരാര്‍ധത്തില്‍ ഗദ്യസാഹിത്യം വളരെയേറെ വികാസം പ്രാപിച്ചു. ത്സുബോച്ചി ഷോയോ(1859-1935)യുടെ ഷോ സെറ്റ്സു ഷിന്‍സുയ് (ദി എസ്സന്‍സ് ഒഫ് ദ് നോവല്‍) പോലുള്ള കൃതികളും മോറി ഒഗായിയുടെ സാഹിത്യ വിവരണങ്ങളും ഇക്കാലയളവിലെ ചില പ്രത്യേകതകളാണ്. സ്ത്രീയുടേതായ കാഴ്ചപ്പാടിലൂടെ ജപ്പാനിലെ സാധാരണക്കാരുടെ ജീവിതം അടുത്തറിയാനും ആഴത്തില്‍ വിശകലനം ചെയ്യാനും ശ്രമിച്ചിട്ടുള്ള ഹിഗ്യുചി ഇചിയോ (1872-96) എന്ന എഴുത്തുകാരിയുടെ ജീവിതം ഹ്രസ്വമെങ്കിലും ജാപ്പനീസ് ഗദ്യസാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒരു മുതല്‍ക്കൂട്ടായിരുന്നു. അവര്‍ ഇരുപതു കൃതികള്‍ രചിച്ചിട്ടുണ്ട്.

20-ാം ശ.-ന്റെ ആദ്യവേളയില്‍ നാച്വറലിസ്റ്റു പ്രസ്ഥാനം ജാപ്പനീസ് സാഹിത്യത്തില്‍ വേരൂന്നുകയുണ്ടായി. എമിലി സോളയുടെ സ്വാധീനം സാഹിത്യം വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. കുനികിഡ സോപോ (1871-1908), ഷിമസകി ടോസണ്‍ (1872-1943), തയാമകനായി (1871-1930) എന്നിവരായിരുന്നു ഇതിനു നേതൃത്വം കൊടുത്തത്. ഈ നാച്വറലിസ്റ്റു പ്രസ്ഥാനമാണ് ആധുനിക ജാപ്പനീസ് സാഹിത്യത്തിന് അരങ്ങൊരുക്കിയത്. ഇതോടൊപ്പം തന്നെ അന്നു ജപ്പാനില്‍ നിലവിലിരുന്ന രണ്ടു സാഹിത്യപ്രസ്ഥാനങ്ങളാണ് 'ലെഷര്‍ സ്കൂളും' 'ഏയ്സ്തെറ്റിക്സ് സ്കൂളും' (Leisure school & Aesthetics school). ലെഷര്‍ സ്കൂളിനു നേതൃത്വം നല്കിയിരുന്നത് നത്സുമെ സൊസെകി (1867-1916)യും ഏയ്സ്തെറ്റിക്സ് സ്കൂളിനു നേതൃത്വം നല്കിയിരുന്നത് ടാനിസകി ജൂനിചിറോയും (1886-1965) ആയിരുന്നു. ഇവ രണ്ടും നാച്വറലിസ്റ്റു പ്രസ്ഥാനത്തില്‍ നിന്നും തികച്ചും വിഭിന്നമായ സമീപനങ്ങളായിരുന്നു പുലര്‍ത്തിയിരുന്നത്.

1915 മുതലുള്ള പത്തു പതിനഞ്ചു കൊല്ലക്കാലം ലഘുവായ നോവലുകള്‍ക്കായിരുന്നു പ്രചാരം. ഒന്നാം ലോകയുദ്ധാനന്തരം നാച്വറലിസത്തിനു പുറമേ നിയോ റിയലിസവും നിയോ റൊമാന്റിസിസവും ആധിപത്യം നേടുകയും വൈകാതെ ഒരു പ്രോലിറ്റേറിയന്‍ സാഹിത്യധാര പിറക്കുകയും ചെയ്തു. ഈ പ്രോലിറ്റേറിയന്‍ സാഹിത്യശ്രമങ്ങള്‍ 1930-ല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി നിശ്ശബ്ദമായി. 1941 വരെ സാഹിത്യരംഗത്ത് സര്‍വത്ര ആശയക്കുഴപ്പമായിരുന്നു. ഇതിനിടെ പലപല സാഹിത്യസമീപനങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 1937 മുതലിങ്ങോട്ടു കണ്ട മറ്റൊരു പ്രത്യേകത എഴുത്തുകാരെ പ്രചാരവേലകള്‍ക്കായി ഭരണകൂടം ദത്തെടുത്തിരുന്നു എന്നതാണ്.

രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ സാഹിത്യരംഗം കുറേക്കാലം നിശ്ശബ്ദമായിരുന്നു. കടലാസ് ദൌര്‍ലഭ്യത്തിന്റെ പേരില്‍ പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും അടച്ചുപൂട്ടിച്ചിരുന്നതിനാലാണിത്. സെന്‍ട്രല്‍ റിവ്യൂ, റീ കണ്‍സ്ട്രക്ഷന്‍, ലിറ്റററി ടൈംസ് തുടങ്ങിയ പ്രസിദ്ധമായ സാഹിത്യാനുകാലികങ്ങള്‍ ഇങ്ങനെ നിര്‍ത്തലാക്കിയവയിലുള്‍പ്പെടുന്നു. എന്നാല്‍ 'വില കുറഞ്ഞ യുദ്ധാനുഭവങ്ങ'ളുടെ പ്രസിദ്ധീകരണവും വിലപ്നയും മറുഭാഗത്ത് ദ്രുതഗതിയില്‍ നടക്കുന്നുണ്ടായിരുന്നു.

1945-ല്‍ ജപ്പാന്‍ കീഴടങ്ങിയതോടെ നിരവധി പുതിയ മാസികകള്‍ പിറന്നു. യുദ്ധവേളയില്‍ സ്വതന്ത്രബുദ്ധികളായ ഒരു സംഘം എഴുത്തുകാര്‍ ഒരു ഗ്രന്ഥശാലാസംരംഭം എന്ന രീതിയില്‍ ആരംഭിച്ച പ്രസ്ഥാനം ഇതോടെ ഒരു പ്രസിദ്ധീകരണശാലയായി മാറി. കവാബത്ത യാസുനാരി, തകാമിജൂന്‍, നകയാമ, യോഷിഹിസെ എന്നിവരായിരുന്നു അതിനു നേതൃത്വം കൊടുത്തിരുന്നത്. പുതിയ ഭരണം ആവിഷ്കാരസ്വാതന്ത്യ്രം അങ്ങേയറ്റം ഉദാരമാക്കിയതോടെ ഇടതുപക്ഷസാഹിത്യം ജപ്പാനില്‍ ശക്തിപ്പെട്ടുതുടങ്ങി. 1946-ല്‍ 'ലിറ്റററി അസോസിയേഷന്‍ ഒഫ് ന്യൂ ജപ്പാന്‍' സ്ഥാപിതമായതോടെ ജാപ്പനീസ് സാഹിത്യം പുതിയ മേഖലകളിലേക്കു കടന്നു.

കവാബത്ത യാസുനാരി

പാശ്ചാത്യസാഹിത്യത്തിന് ക്രിസ്തുമതം എന്നപോലെ ജാപ്പനീസ് സാഹിത്യത്തിന് അടിത്തറയായി വര്‍ത്തിച്ചത് ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ സ്വാധീനഫലമായി വിഷാദാത്മകത സാഹിത്യത്തിലെ മുഖ്യഭാവമായി. സാഹിത്യം കൂടുതല്‍ ദാര്‍ശനികമാകുന്നതിനും അതു കാരണമായി. ആത്മീയതയുടെയും ലൌകികതയുടെയും സംഘര്‍ഷം ജാപ്പനീസ് സാഹിത്യത്തിലെ ഒരന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ഇതു കൊണ്ടാണ്.

1868 മുതലാണ് ജാപ്പനീസ് സാഹിത്യത്തില്‍ പാശ്ചാത്യസ്വാധീനം ഉണ്ടായത്. അത് ജാപ്പനീസ് സാഹിത്യത്തെ ഉടച്ചുവാര്‍ത്തു. പാശ്ചാത്യകൃതികളുടെ വിവര്‍ത്തനവും പാശ്ചാത്യ സങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള രചനകളും അതോടെ ആവിര്‍ഭവിച്ചു. നാസുമെസോസെകി (1867-1916), ടാനിസകി ജൂനിയിറോ എന്നിവര്‍ നിരവധി നോവലുകളെഴുതി. പാശ്ചാത്യ ജീവിത മാതൃകകള്‍ വച്ചു കൊണ്ട് നിരവധി നോവലുകള്‍ പലരും എഴുതി. കോബയാഷി തകിജിയുടെ കാനികോസന്‍ (1929), കവാബത്ത യാസുനാരി(1899-1972)യുടെ നോവലുകള്‍ എന്നിവ ഇതിന്റെ പരിണത ഫലങ്ങളാണ്.

നോബല്‍ സമ്മാന ജേതാവായ ജാപ്പനീസ് സാഹിത്യകാരനാണ് കവാബത്ത യാസുനാരി. ഒരു അനാഥന്റെ വികാരങ്ങളാണ് തന്റെ ജീവിതത്തിന്റെയും കൃതികളുടെയും അഗാധതയില്‍ പ്രവഹിക്കുന്നത് എന്നു പ്രഖ്യാപിച്ചുകൊണ്ട് രചന നിര്‍വഹിച്ച യാസുനാരിയുടെ മികച്ച നോവലുകളാണ് ഇസുവിലെ നര്‍ത്തകി, ലിറിക്കല്‍ സോങ്സ്, ഫ്ലോറല്‍ വാള്‍ട്ട്സ്, ബര്‍ഡ്സ്, ബീറ്റ്സ്, സ്നോ കണ്‍ട്രി, സൗണ്ട് ഒഫ് മൗണ്ടന്‍, സ്ലീപ്പിങ് ബ്യൂട്ടി എന്നിവ. 1960-ലെഴുതിയ സ്ലീപ്പിങ് ബ്യൂട്ടിയാണ് ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്. 1962-ല്‍ കവാബത്തയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.

നിരവധി പാശ്ചാത്യ പ്രവണതകള്‍ക്കു വശംവദമായിട്ടും ജാപ്പനീസ് സാഹിത്യം അതിന്റെ തനിമ കൈവിടാതിരിക്കുവാന്‍ അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. നാടകരംഗം ഇതിന്റെ മികച്ച മാതൃകയായി നിലനില്ക്കുന്നു. മിഷിമ യുകിയോ(1920-)യുടെ നാടകങ്ങള്‍ ഒരുദാഹരണം. ലോകത്തില്‍ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങളുള്ള രാജ്യമാണ് ജപ്പാന്‍. അവിടത്തെ ജനതയുടെ ഉന്നതമായ വായനാശീലമാണ് അതിനു പ്രചോദകമായിട്ടുള്ളത്. ഓരോ വീട്ടുകാരും ശരാശരി രണ്ടു പത്രങ്ങളെങ്കിലും പ്രതിദിനം വായിക്കുന്നുവെന്നാണ് കണക്ക്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍