This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാത്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാത്ര

ബംഗാളി നാടോടി നാടകം. ഗാനാത്മകതയാണ് ഇതിന്റെ മുഖ്യ സവിശേഷത. ബംഗാളികളുടെ സാമൂഹികവും മതപരവുമായ മിക്ക ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമാണ് ഇത്.

ജാത്ര അരങ്ങേറുന്നു

മതത്തോടു ബന്ധപ്പെട്ട ഒരു ചടങ്ങായിട്ടാണ് ജാത്രയുടെ ഉത്പത്തി. പുറപ്പാട് അഥവാ യാത്ര എന്നാണ് വാക്കിന്റെ അര്‍ഥം. മതപരമായ ആഘോഷങ്ങളില്‍ ദേവിയെയോ ദേവനെയോ എഴുന്നള്ളിച്ചു കൊണ്ടുപോകുമ്പോള്‍ നടത്താറുള്ള ഗാനാത്മകമായ ചടങ്ങുകളോടു ബന്ധപ്പെട്ടാണ് ഈ വാക്കുണ്ടായത് എന്നാണു പൊതുവായ വിശ്വാസം. സംഭാഷണ രൂപത്തിലുള്ള വേദസൂക്തങ്ങളില്‍ നിന്നാണ് ജാത്രയുടെ ഉത്പത്തി എന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ബംഗാളിലെ ചില ഗോത്രവര്‍ഗക്കാര്‍ ഭൂമിയുടെ ഫലസമൃദ്ധിക്കുവേണ്ടി അനുഷ്ഠിച്ചു പോന്ന ചില കര്‍മങ്ങളില്‍ നിന്ന് ഈ നാടന്‍ കലാരൂപം ഉടലെടുത്തുവെന്നും ഒരഭിപ്രായമുണ്ട്.

ജാത്രയിലെ പല ഗാനങ്ങളും രാധാ-കൃഷ്ണന്മാരുടെ പ്രണയകേളികളോടു ബന്ധപ്പെട്ടവയായിരുന്നു. കൃഷ്ണ ജാത്ര, രാസ ജാത്ര, ജൂലാന്‍ ജാത്ര തുടങ്ങിയ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നതു തന്നെ. 15-ാം ശ.-ല്‍ വൈഷ്ണവ ഭക്തി പ്രസ്ഥാന കാലത്ത് ജാത്ര വമ്പിച്ച ജനപ്രീതി നേടുകയുണ്ടായി. 16-ാം ശ.-ല്‍ വൈഷ്ണവാചാര്യനായ ചൈതന്യന്‍ ഭക്തി പ്രചാരണത്തിനുള്ള ഒരു മാര്‍ഗമായി ഇതു സ്വീകരിച്ചു.

ജാത്രാ നാടകങ്ങള്‍ അരങ്ങേറിയിരുന്നത് ദീര്‍ഘചതുരാകൃതിയോ വൃത്താകൃതിയോ ഉള്ള പരന്ന നിലത്തായിരുന്നു. ആദ്യകാലങ്ങളില്‍ നടന്മാരും കാണികളുടെ കൂടെത്തന്നെയാണ് ഇരുന്നിരുന്നത്. ദീപ-ശബ്ദവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയാത്ത സാധാരണ ജനങ്ങളായിരുന്നു ജാത്രയുടെ ആസ്വാദകര്‍. ഭാഷണ രീതി ഉച്ചത്തിലുള്ളതായിത്തീരാന്‍ കാരണം മറ്റൊന്നല്ല.

ഗ്രാമാധിഷ്ഠിതമായ ജന്മിത്ത വ്യവസ്ഥിതിയെ ആശ്രയിച്ചാണ് ജാത്ര നിലനിന്നിരുന്നതെങ്കിലും ജന്മിത്ത വ്യവസ്ഥിതി വേരറ്റുപോയ 19-ാം ശ.-നു ശേഷവും അതു തുടര്‍ന്നു. പ്രതിപാദ്യവിഷയം മാറിയ പരിതഃസ്ഥിതികള്‍ക്ക് ഇണങ്ങുന്നതായിത്തീരുകയും ചെയ്തു. എന്നാല്‍ കല്‍ക്കത്തയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഉന്നത ശ്രേണിക്കാര്‍ ജാത്രയെ താഴേക്കിടക്കാര്‍ക്കുള്ള ഒരുതരം താണ കലയായി കണ്ടു. എന്നാലും വിശാലമായ ഗ്രാമപ്രദേശങ്ങളില്‍ ഒരു നാടന്‍ വിനോദവും പ്രബോധ മാധ്യമവുമായി ജാത്ര നിലനിന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍