This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാതക കഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാതക കഥകള്‍

ശ്രീബുദ്ധന്റെ പൂര്‍വജന്മവുമായി ബന്ധപ്പെട്ട കഥകള്‍. ബുദ്ധമതത്തിലെ പുനര്‍ജന്മവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിട്ടുള്ള ഈ കഥകള്‍ ശ്രീബുദ്ധനെ മഹത്ത്വവത്കരിക്കുകയും ബൗദ്ധതത്ത്വങ്ങളെയും ധര്‍മസന്ദേശങ്ങളെയും ജനകീയവത്കരിക്കുകയും ചെയ്യുന്നു. ഇവ ശ്രീബുദ്ധന്‍ നേരിട്ടുപറഞ്ഞവയായിട്ടാണ് വിശ്വസിച്ചുപോരുന്നത്. പില്ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ ഇതു പ്രചരിപ്പിച്ചു നടന്നു. ഇങ്ങനെ പരശ്ശതം കഥകളുണ്ടാക്കി. ഇവയിലെല്ലാമുള്ള കേന്ദ്രകഥാപാത്രത്തെ ഏതെങ്കിലും തരത്തില്‍ ശ്രീബുദ്ധന്റെ പൂര്‍വാവതാരമായി ചിത്രീകരിച്ചിട്ടുള്ളതായി കാണാം. അവ രാജാവ്, മന്ത്രി, കച്ചവടക്കാരന്‍ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള മനുഷ്യരോ ചിലപ്പോള്‍ ദേവനോ പിശാചോ മൃഗമോ ആയിരിക്കും. കൗതുകകരമായ വസ്തുത ഈ കഥകളിലേറെയും ഭാരതത്തിന്റെ സമ്പന്നമായ വാങ്മയ പാരമ്പര്യത്തില്‍ ഉള്‍പ്പെട്ടവയാണെന്നതാണ്. നിലവിലുണ്ടായിരുന്ന നാടോടിക്കഥകളെ ശ്രീബുദ്ധന്റെ പൂര്‍വജന്മങ്ങളില്‍ ഒന്നിനെ കേന്ദ്രകഥാപാത്രമാക്കി പുനഃസൃഷ്ടിച്ചവയാകാം ഇവയെന്ന അനുമാനത്തിനടിസ്ഥാനം ഇതാണ്. ഇങ്ങനെ ബോധിസത്വന്റെ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നതിലാണ് ഇതിന് ജാതകകഥകള്‍ എന്ന പേരു വന്നത്.

ഈ കഥകളുടെ ആദ്യലിഖിത മാതൃതകള്‍ പാലിഭാഷയിലാണുള്ളത്. ത്രിപിടകങ്ങളില്‍ പല ഭാഗത്തുമായി ജാതക കഥകളുണ്ട്. അതിലുള്‍പ്പെട്ട ചരിയാപിടകത്തില്‍ 35 കഥകളാണുള്ളത്. അവ ചരിയകള്‍ എന്ന് അറിയപ്പെടുന്നു. ഖുദകനികായത്തിലെ പത്താം പുസ്തകത്തില്‍ 6,653 പദ്യങ്ങളോടു കൂടിയ 547 ജാതകങ്ങള്‍ കാണാം. ഓരോ കഥയിലുമുള്ള പദ്യത്തിന്റെ എണ്ണത്തിനനുസരിച്ച് (ഒരു പദ്യമുള്ളത് ഏക നിപാതത്തില്‍ എന്ന ക്രമത്തില്‍) ഇവയെ 22 നിപാതങ്ങളായി വിഭജിച്ചിട്ടുള്ളത്. ഇതിലെ പദ്യങ്ങള്‍ കഥയുടെ സന്ദേശം വിവരിക്കുന്നവയായിരിക്കും. അപൂര്‍വം ചിലത് ആഖ്യാനത്തിനിടയില്‍, സംഭാഷണമെന്ന നിലയില്‍ ചേര്‍ത്തിട്ടുള്ളവയാണ്.

ജാതക കഥകളുടെ വിസ്തൃതമായ ഗദ്യപുനരാഖ്യാനം ആദ്യമായി നിര്‍വഹിച്ചത് ബുദ്ധഘോഷനാണ്. അദ്ദേഹത്തിന്റെ ജാതകത്ഥവന്നനാ എന്ന കൃതിയെ അവലംബിച്ചുണ്ടായ വിവര്‍ത്തനങ്ങളും പുനരാഖ്യാനങ്ങളുമാണ് ഇന്ന് നിലവിലുള്ള ജാതക കഥകള്‍. ഓരോ കഥയ്ക്കും 5 ഭാഗങ്ങളുണ്ട്.

1. പച്ചുപ്പന്നവത്തു (വര്‍ത്തമാനകാലകഥ). ഇത് ബുദ്ധന്‍ പ്രസ്തുത കഥ പറയാനിടയായ സന്ദര്‍ഭം വ്യക്തമാക്കുന്ന ആമുഖമാണ്.

2. അതിനിടവത്തു (ഭൂതകാലകഥ). ബുദ്ധന്റെ പൂര്‍വജന്മത്തെക്കുറിച്ചു പരാമര്‍ശിക്കുന്നു.

3. ഗാഥ. കഥയുടെ സത്ത് വ്യക്തമാക്കുന്ന ശ്ളോകമോ ശ്ളോകങ്ങളോ ആണ് ഇതിലുള്‍പ്പെടുന്നത്.

4. വൈയാകരണ. ഗാഥയുടെ ലഘുവ്യാഖ്യാനം.

5. സമോധാന. ശ്രീബുദ്ധന്റെ പ്രഭാഷണമാണ് ഈ ഭാഗം. ഇതിലൂടെ പ്രസ്തുത കഥയെ പൂര്‍വാവതാരവുമായി ബന്ധിപ്പിക്കുന്നു.

ഇവയുടെ കാലഗണന അസാധ്യമാണെന്ന് ബൂഹ്ളെര്‍, റിസ് ഡേവിഡ് തുടങ്ങിയ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 3-4 ശ.-ത്തിലേതാണ് ഇവയെന്നാണ് പൊതുവേ വിശ്വസിച്ചുപോരുന്നത്. ബാര്‍ഹതി, സാഞ്ചി, അമരാവതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിരവധി ജാതക കഥാദൃശ്യങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ഈ കഥകളുടെ ഉത്പത്തി 3-ാം ശ.-ത്തിലായിരിക്കാം എന്ന അനുമാനത്തെ ബലപ്പെടുത്തുന്നുണ്ട്.

മിക്ക ഭാരതീയ ഭാഷകളിലും ഇവയുടെ വിവര്‍ത്തനമോ പുനരാഖ്യാനമോ ഉണ്ടായിട്ടുണ്ട്. ചൈന, തിബത്ത്, ശ്രീലങ്ക, തായ്ലന്‍ഡ്, മ്യാന്മര്‍, ജപ്പാന്‍ എന്നിവിടങ്ങളിലും ഇവ നിലനിന്നിരുന്നു. ജാവയിലെ ബറോബൂഡര്‍, മ്യാന്മറിലെ പേജന്‍, തായ്ലന്‍ഡിലെ സുഖോദയ എന്നിവിടങ്ങളില്‍ ഇതിനെ അടിസ്ഥാനമാക്കിയുള്ള ശില്പങ്ങള്‍ കാണാം. ശ്രീബുദ്ധന്റെ പൂര്‍വാവതാരങ്ങളെക്കുറിച്ചുള്ള അഞ്ഞൂറോളം ശില്പങ്ങള്‍ സിലോണില്‍ ഉണ്ടായിരുന്നതായി ഫാഹിയാന്‍ തന്റെ സന്ദര്‍ശനവേളയില്‍ (400 എ.ഡി.) രേഖപ്പെടുത്തിയിട്ടുണ്ട്.

കൗതുകകരമായ ഒരു ബാലസാഹിത്യനിധിയാണ് ജാതകകഥകള്‍. ഇവയില്‍ ബ്രഹ്മദത്തന്റെ മകനായി ബുദ്ധന്‍ കാശിയില്‍ ജനിച്ച നാളത്തെ കഥകള്‍, കൊല്ലന്റെ മകനായി ജനിച്ച ബോധിസത്വന്‍ ഗ്രാമത്തലവന്റെ മകളെ വിവാഹം കഴിച്ച കഥ, മുയലായി ജനിച്ചപ്പോള്‍ നടത്തിയ ത്യാഗത്തിന്റെ കഥ, ബ്രാഹ്മണനായി ജനിച്ചത്, ഗന്ധര്‍വനായി ജനിച്ചത് തുടങ്ങി രസകരവും ഗുണപാഠങ്ങളടങ്ങിയതുമായ നിരവധി കഥകളുണ്ട്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം, നാഗരികത, തത്ത്വചിന്ത, ജീവിതവീക്ഷണം, തൊഴില്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിലപ്പെട്ട രേഖകളായ കഥകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. മനുഷ്യജീവിതത്തിന്റെ നിസ്സാരത, സമ്പത്തിന്റെ നിരര്‍ഥകത, സ്നേഹം, ദയ, നിസ്വാര്‍ഥത എന്നീ സ്വഭാവഗുണങ്ങളുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന കഥകളും ഈ ശേഖരത്തിലുണ്ട്.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഐതിഹ്യകഥകളുടെ കൂട്ടത്തില്‍പ്പെടുന്ന കഥാസമാഹാരമാണ് ബൗദ്ധസാഹിത്യത്തിലെ ഈ മികച്ച സംഭാവന.

ജാതകകഥകള്‍ക്ക് ഈസോപ്പു കഥകള്‍, പഞ്ചതന്ത്ര കഥകള്‍, ആര്‍തര്‍ രാജാവിന്റെ കഥകള്‍, ചോസറിന്റെ കാന്റര്‍ബറി കഥകള്‍ എന്നിവയുമായി സാദൃശ്യമുണ്ട്. ഈ കഥാസമാഹാരങ്ങളുടെ രചനയെ ജാതകകഥകള്‍ സ്വാധീനിച്ചിട്ടുണ്ട്. ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസിന്റെ ചരിത്രവിവരണങ്ങളിലെ പരാമര്‍ശങ്ങളും ജാതകകഥകളുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ബൊക്കാച്ചിയോ കഥകളിന്മേലും ജാതകകഥകളുടെ സ്വാധീനം പ്രകടമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍