This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാംബവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാംബവാന്‍

രാമായണാദികളില്‍ പ്രസിദ്ധനായ വയോവൃദ്ധനായ കരടിക്കുരങ്ങ്. സുഗ്രീവന്റെ മന്ത്രിയായിരുന്ന ജാംബവാന്‍, ഋക്ഷപുങ്ഗവനായും ഋക്ഷരാജനായും മറ്റും വര്‍ണിച്ചിട്ടുള്ളതുകൊണ്ട് (വാല്മീകിരാമായണം ബാലകാണ്ഡം 17-ാം സര്‍ഗം) കരടിയാണെന്നും ഒരഭിപ്രായമുണ്ട്. രാമനായി അവതരിക്കുമ്പോള്‍ രാവണ നിഗ്രഹത്തില്‍ തന്നെ സഹായിക്കുവാന്‍ ദേവന്മാര്‍ സ്വാംശങ്ങള്‍ കൊണ്ട് ഭൂമിയില്‍ വാനരന്മാരായി ജനിക്കണമെന്നു മഹാവിഷ്ണു നിര്‍ദേശിച്ചുവെന്നും ബ്രഹ്മാവ് ഈ നിര്‍ദേശത്തെക്കുറിച്ച് ചിന്തിച്ചിരിക്കവേ കോട്ടുവായിട്ടുവെന്നും അതില്‍ നിന്നും ഉദ്ഭൂതനാണു ജാംബവാനെന്നും പുരാണങ്ങളില്‍ കാണുന്നു. വിഷ്ണുവിന്റെ കര്‍ണമലത്തില്‍ നിന്നും ജനിച്ച മധുകൈടഭന്മാരെ കണ്ടു ഭയന്നു വിയര്‍ത്ത ബ്രഹ്മാവിന്റെ വിയര്‍പ്പില്‍ നിന്നാണു ജാംബവാന്റെ ജനനമെന്നും അതുകൊണ്ട് 'അംബുജാതന്‍' എന്നു പേരുണ്ടായിയെന്നും മറ്റൊരു കഥയും കാണുന്നു.

കിഷ്കിന്ധയില്‍ നിന്നു സീതാന്വേഷണത്തിനായി തെക്കേ ദിക്കിലേക്കു തിരിച്ച ഹനൂമദാദികളുടെ കൂട്ടത്തില്‍ ജാംബവാനുണ്ടായിരുന്നു. സമുദ്രലംഘനത്തിനു മടിച്ചുനിന്ന ഹനൂമാനെ പൂര്‍വകഥാനുസ്മരണം കൊണ്ടു പ്രവൃദ്ധവീര്യനാക്കി കര്‍ത്തവ്യനിര്‍വഹണത്തിനു പ്രേരിപ്പിച്ചത് ജാംബവാനാണ്. രാവണവധം കഴിഞ്ഞപ്പോള്‍ മുമ്പേതന്നെ വിഭീഷണനു വാഗ്ദത്തമായിരുന്ന ഐശ്വര്യ സമ്പന്നമായ ലങ്കാരാജ്യത്തെ ശ്രീരാമന്‍ ഉറ്റുനോക്കുന്നതുകണ്ട് തെറ്റിദ്ധരിച്ച ജാംബവാന്‍ 'രഘുപതേ ഞാന്‍ മഥനത്തിനു മുമ്പുള്ള പാലാഴിയെയും ദ്വിനേത്രനായ ഇന്ദ്രനെയും പഞ്ചാനനനായ ബ്രഹ്മാവിനെയും മറ്റും കണ്ടിട്ടുണ്ട്. ദത്താപഹാരം മാത്രം കണ്ടിട്ടില്ല' എന്നു പറഞ്ഞുവത്രേ. ഇതു ജാംബവാന്റെ വയോവൃദ്ധതയാണു സൂചിപ്പിക്കുന്നത്. കൃഷ്ണാവതാരത്തില്‍ സ്യമന്തകം എന്ന ദിവ്യരത്നം അന്വേഷിച്ചു പുറപ്പെട്ട ശ്രീകൃഷ്ണന്‍ ജാംബവാന്റെ ഗുഹയില്‍ ജാംബവതിയുടെ കൈയിലിരുന്ന സ്യമന്തകരത്നം തിരിച്ചെടുക്കുവാന്‍ ശ്രമിക്കവേ അവിടെ വന്നു ചേര്‍ന്ന ജാംബവാനുമായി ഇരുപത്തിയെട്ടു ദിവസം ദ്വന്ദ്വയുദ്ധം നടത്തിയെന്നും ഒടുവില്‍ പരാജിതനായ ഋക്ഷരാജന്‍ ശ്രീകൃഷ്ണന്‍ മഹാവിഷ്ണു തന്നെയാണെന്നു മനസ്സിലാക്കി സ്വപുത്രിയായ ജാംബവതിയോടൊപ്പം സ്യമന്തകരത്നം അദ്ദേഹത്തിനു സമര്‍പ്പിച്ചുവെന്നും ശ്രീമദ്ഭാഗവതത്തില്‍ വര്‍ണിച്ചുകാണുന്നു.

മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും കണ്ടിട്ടുള്ള ഈ ഋക്ഷരാജന്‍ 'കാലപ്പഴമ'യുടെ പര്യായമായിത്തീര്‍ന്നിട്ടുണ്ട്. 'അവനൊരു ജാംബവാനാണ്', 'അതു ജാംബവാന്റെ കാലത്തെ കഥയാണ്' എന്നിങ്ങനെയുള്ള ഭാഷാശൈലിയും ശ്രദ്ധേയമാണ്.

(പ്രൊഫ. ആര്‍. വാസുദേവന്‍പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍