This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലാല്‍ഖാന്‍ ലോദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജലാല്‍ഖാന്‍ ലോദി
ഇബ്രാഹിം ലോദിയോടൊപ്പം രാജ്യം പങ്കിട്ടുഭരിക്കാന്‍ ശ്രമിച്ച ലോദി വംശത്തിലെ അംഗം. ഇദ്ദേഹം ഇബ്രാഹിം ലോദിയുടെ (ഭ.കാ. 1517-26) സഹോദരനായിരുന്നു. ഇബ്രാഹിം ലോദി ഭരണമേറ്റപ്പോള്‍ (1517 ന.) രാജ്യത്തിന്റെ ഒരു ഭാഗം ജലാല്‍ഖാന്റെ ഭരണത്തിലാക്കാന്‍ വ്യവസ്ഥയുണ്ടാക്കി. അധികാരം ഏറ്റെടുക്കാന്‍ ജലാല്‍ഖാന്‍ ജാന്‍പൂരിലേക്കു പോയി. ഇതിനിടെ രാജ്യം വിഭജിക്കുന്നതിനെതിരായ അഭിപ്രായമുണ്ടായി. തുടര്‍ന്ന് അധികാരം എറ്റെടുക്കുന്നതില്‍ നിന്നും ജലാല്‍ഖാനെ പിന്തിരിപ്പിക്കാന്‍ ചില പ്രഭുക്കന്മാര്‍ ശ്രമിച്ചു. ജലാല്‍ഖാന്‍ വഴങ്ങാന്‍ തയ്യാറായില്ല. കാല്പിയില്‍ കേന്ദ്രീകരിച്ചുകൊണ്ട് അധികാരം സ്ഥാപിക്കാന്‍ ജലാല്‍ഖാന്‍ ശ്രമിച്ചു. ഇദ്ദേഹം ചില പ്രഭുക്കന്മാരുടെ പിന്തുണ നേടി. ഈ സാഹചര്യത്തില്‍ ഇബ്രാഹിം ജലാലിനെതിരെ യുദ്ധത്തിനൊരുങ്ങിയതോടെ (1518 ജനു.) പല പ്രഭുക്കന്മാരും ജലാലിനെ ഉപേക്ഷിച്ച് ഇബ്രാഹിമിനോടു കൂറു പ്രഖ്യാപിച്ചു. ഇബ്രാഹിം കാല്പി ആക്രമിച്ചു. ഇതിനിടെ ആഗ്രയിലേക്കു നീങ്ങിയ ജലാല്‍ഖാന്‍ അവിടത്തെ ഗവര്‍ണറുമായി നിലനില്പിനുവേണ്ടിയുള്ള ചര്‍ച്ചയിലേര്‍പ്പെട്ടു. ജലാല്‍ഖാനെ വധിക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. ഇതോടെ ജലാല്‍ഖാന്‍ ഗ്വാളിയോറില്‍ അഭയം പ്രാപിച്ചു. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഗ്വാളിയറില്‍ ആക്രമണം നടന്നതോടെ ജലാല്‍ഖാന്‍ മാള്‍വയിലേക്കു കടന്നു. അവിടെനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചില സെമീന്ദാര്‍മാര്‍ ഇദ്ദേഹത്തെ പിടികൂടി ഇബ്രാഹിമിനെ ഏല്പിച്ചു. ഹാന്‍സി കോട്ടയിലേക്കു കൊണ്ടുപോയ ജലാല്‍ഖാനെ ഇബ്രാഹിമിന്റെ ആജ്ഞപ്രകാരം വധിച്ചു.