This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലസസ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലസസ്യങ്ങള്‍

പൂര്‍ണമായോ ഭാഗികമായോ ജലത്തില്‍ നിമഗ്നമായി വളരുന്ന സസ്യങ്ങള്‍. ഈര്‍പ്പം ധാരാളമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങളും ജലസസ്യങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏറ്റവും ചെറിയ സപുഷ്പിയായ വോള്‍ഫിയ മുതല്‍ ഏറ്റവും വലിയ വിക്ടോറിയ റീജിയ പോലുള്ള വാട്ടര്‍ ലില്ലി വരെ ഇതിലുള്‍പ്പെടുന്നു. ഏകകോശ ശൈവാലങ്ങള്‍ മുതല്‍ പന്നല്‍ വര്‍ഗത്തിലെ ആഫ്രിക്കന്‍ പായല്‍ വരെ ജലസസ്യങ്ങളിലുണ്ട്.

കടലിലും കായലിലും നദികളിലും ശുദ്ധജലതടാകങ്ങളിലും ജലസസ്യങ്ങള്‍ കാണപ്പെടുന്നു. ചെങ്കടലിന്റെ ചുവന്ന നിറത്തിനു കാരണം ശൈവാലങ്ങളില്‍പ്പെടുന്ന ട്രൈക്കോഡെസ്മിയത്തിന്റെ ചില സ്പീഷീസ് കൂട്ടംകൂട്ടമായി വളരുന്നതാണ്. കരയില്‍ വളരുന്ന സസ്യങ്ങള്‍ രൂപത്തിലും ഘടനയിലും വെള്ളത്തില്‍ വളരുന്നവയെക്കാള്‍ വളരെയേറെ വൈരുധ്യങ്ങളുള്ളവയാണ്. ജലവും വായുവുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ജലസസ്യങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി ഭാഗിച്ചിരിക്കുന്നു.

1. പ്ലവക സസ്യങ്ങള്‍ (free-floating plants). ജലത്തില്‍ പൊങ്ങിക്കിടക്കുന്ന വോള്‍ഫിയ, ലെമ്ന, സ്പൈറോഡില, അസോള, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയവയാണ് പ്ലവകങ്ങള്‍. ഇവ ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് ഇവ കണ്ടുവരുന്നത്. വേരുകള്‍ മണ്ണിലുറച്ചു വളരാത്തതിനാല്‍ ഇവയ്ക്ക് സ്ഥിരമായ ആസ്ഥാനം ഉണ്ടായിരിക്കുകയില്ല. ജലത്തില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ അന്തരീക്ഷവായുവും സൂര്യപ്രകാശവും ലഭ്യമാകുന്ന ഇത്തരം സസ്യങ്ങളുടെ എല്ലാ കോശങ്ങളിലും ആഹാരം നിര്‍മിക്കപ്പെടുന്നു. നിര്‍മിക്കപ്പെട്ട ആഹാരം ഒരു കോശത്തില്‍ നിന്ന് മറ്റൊന്നിലേക്കു കൊണ്ടുപോകേണ്ട ആവശ്യമില്ലാത്തതിനാല്‍ സംവഹന കല ചെറുതായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. കുടപ്പായലിലും (Pistia) കുളവാഴയിലും (Eicchornia) വേരുകള്‍ സന്തുലനമൂലങ്ങള്‍ (balancing roots) ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ജലത്തിനടിയിലുള്ള സസ്യഭാഗങ്ങള്‍ക്കെല്ലാംതന്നെ ജലവും ലവണങ്ങളും അവശോഷണം ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇവയ്ക്കു വേരുകള്‍ കുറവായിരിക്കും. ആഫ്രിക്കന്‍ പായലിനും വോള്‍ഫിയയ്ക്കും വേരുകളില്ല. കുടപ്പായയിലും ലെമ്നയിലും വേരുകളുടെ വളര്‍ച്ച നിലച്ച് മൂലാഗ്രമകുടം കൊഴിഞ്ഞുപോകുന്നു. മൂലാഗ്രമകുടത്തിനു പകരമായി വേരുകളുടെ അഗ്രഭാഗത്ത് റൂട്ട് പോക്കറ്റുകള്‍ കാണപ്പെടുന്നു. റൂട്ട് പോക്കറ്റിന്റെ കോശങ്ങള്‍ അയവുള്ളതും വായു നിറഞ്ഞതുമായിരിക്കും. ജലസസ്യങ്ങള്‍ക്ക് മൂലലോമങ്ങളില്ല (root hairs). വെള്ളത്തില്‍ പൊങ്ങിക്കിടന്നു കാറ്റിന്റെ ഗതിക്കനുസരിച്ചു ചലിക്കുന്നതുകൊണ്ട് ഇവയ്ക്ക് ദാരുകല (mechanical tissue) വളരെ കുറവായിരിക്കും. സസ്യശരീരത്തിലുള്ള വായു അറകളാണ് ഇതിനെ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നത്. കുളവാഴയുടെ ഇലത്തണ്ടിലുള്ള വായുസഞ്ചികളാണ് ഇതിനെ ഒഴുകുന്നതിനു സഹായിക്കുന്നത്. രൂപാന്തരം പ്രാപിച്ചു വേരുപോലെയായിത്തീര്‍ന്നിരിക്കുന്ന ഇലകളാണ് ആഫ്രിക്കന്‍ പായലിനെ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ ഇലകള്‍ സ്പോഞ്ചുപോലെയായതിനാല്‍ നനവു തട്ടാത്തതുകൊണ്ട് ആസ്യരന്ധ്രങ്ങള്‍ അടഞ്ഞുപോവുകയില്ല. മിക്ക ജലസസ്യങ്ങളുടെയും ഇലകള്‍ മെഴുകുപോലുള്ള പദാര്‍ഥം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇലകള്‍ക്കു നനവു തട്ടുകയില്ല.

സസ്യപ്രജനനം അധികവും കായികപ്രവര്‍ധനം (vegetative propagation) മൂലമാണ്. ഓരോ ചെടിയില്‍ നിന്നും ധാരാളം ചെറുശാഖകള്‍ പൊട്ടിപ്പൊട്ടി ഉണ്ടായി പരസ്പരം യോജിപ്പിക്കപ്പെട്ട നിലയില്‍ ഒരു കൂട്ടംപോലെ വളരുന്നു. വളരെ വേഗത്തില്‍ കായികപ്രവര്‍ധനം നടക്കുന്നതിനാല്‍ ജലാശയങ്ങളില്‍ ഇത്തരം സസ്യങ്ങള്‍ പെട്ടെന്നു നിറയും. സസ്യശരീരത്തില്‍ അധികവും പാരന്‍കൈമ കോശങ്ങളായിരിക്കും. ഈ കോശങ്ങള്‍ക്കിടയിലുള്ള വായു അറകള്‍ വാതകവിനിമയത്തെ സഹായിക്കുന്നതോടൊപ്പംതന്നെ സസ്യത്തെ ജലത്തില്‍ പൊങ്ങിക്കിടക്കാനും സഹായിക്കുന്നു.

ജലത്തിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന സര്‍ഗാസം, ലെമ്ന മുതലായ സസ്യങ്ങള്‍ക്ക് ജലവുമായി മാത്രമേ ബന്ധമുള്ളു. പലപ്പോഴും ജലത്തില്‍ പൊന്തിക്കിടക്കുകയും ചിലപ്പോള്‍ തങ്ങിനില്ക്കുകയും ചെയ്യുന്ന ഇവയില്‍ സസ്യസ്വേദനം നടക്കുന്നില്ല. വാതക വിനിമയം ഇവയ്ക്ക് എപ്പോഴും പ്രശ്നംതന്നെയാണ്.

2. ജലനിമഗ്ന സസ്യങ്ങള്‍. പൂര്‍ണമായും ജലത്തിനടിയില്‍ വളരുന്ന സസ്യങ്ങളാണിവ. കാര (Chara), ഹൈഡ്രില (Hydrilla), സെറാറ്റോഫില്ലം (Ceratophyllam), ബ്ലിക്സാ, ഒറ്റേലിയ, യൂട്രിക്കുലേറിയ, നാജാസ് (Najas) തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ജലനിമഗ്ന സസ്യങ്ങള്‍. വണ്ണം കുറഞ്ഞ ശാഖോപശാഖകളോടുകൂടിയവയാണ് ഇളം പച്ച നിറത്തിലുള്ള ഈ സസ്യങ്ങള്‍. ചെറുതോ നാടപോലെയോ ഉള്ള ഇരകള്‍ക്ക് ആസ്യരന്ധ്രങ്ങള്‍ ഇല്ല. ജലവിസര്‍ജനം നടത്തുന്നത് ഇലകളുടെ അഗ്രഭാഗത്തുള്ള ഹൈഡത്തോടു (hydathode) കളുടെ ഗട്ടേഷന്‍ (guttation) മൂലമാണ്. ജലത്തില്‍ക്കൂടി കടന്നുവരുന്ന സൂര്യപ്രകാശം മാത്രമേ ഇലകള്‍ക്കു ലഭിക്കുന്നുള്ളു. ഇലകളില്‍ ക്ലോറന്‍കൈമ വളരെ കുറവായിരിക്കും. ബാഹ്യചര്‍മം സുതാര്യമായതിനാല്‍ ശരീരോപരിതലം മുഴുവന്‍ ആഗിരണം നടത്തുന്നതുകൊണ്ട് വേരുകളുടെ ആവശ്യമില്ല. യൂട്രിക്കുലേറിയയ്ക്കും സെറാറ്റോഫില്ലത്തിനും വേരുകളില്ല; ഉള്ളവയ്ക്കുതന്നെ സസ്യത്തെ ജലത്തില്‍ ലംബമായി നിര്‍ത്തുകയാണ് ധര്‍മം. ജലാവശോഷണം സുഗമമായതിനാല്‍ ജലംകൊണ്ടുപോകുന്നതിന് ഖരവ്യൂഹത്തില്‍ വാഹികള്‍ (xylem vessels) ഇല്ല; ചിലതില്‍ ഖരവ്യൂഹം തന്നെയില്ല. കാണ്ഡത്തിന്റെ മധ്യഭാഗത്തായി സംവഹനകല കാണപ്പെടുന്നു. ഇലകളില്‍ സംവഹനകല വളരെ കുറവായിരിക്കും. ജലത്തിന്റെ ഗതിക്കനുസരിച്ചു നീങ്ങാനുള്ള പ്രവണത മൂലമായിരിക്കാം സസ്യശരീരത്തിന് ബലവും ഉറപ്പും കൊടുക്കുന്ന ദാരുകല നാമമാത്രമായിരിക്കുകയോ ഇല്ലാതായിരിക്കുകയോ ചെയ്യുന്നത്. കോശങ്ങള്‍ക്കിടയ്ക്കുള്ള വായു നാളികളും വായു സഞ്ചികളും വായും സംഭരിക്കാനുതകുന്നു. വഴുവഴുപ്പുള്ള ഇലകളും വായു അറകളും വായു സഞ്ചികളും സസ്യങ്ങളെ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ മാത്രമല്ല, വാതകവിനിമയത്തിനും സഹായിക്കുന്നു. നിമഗ്നസസ്യങ്ങളുടെ വംശവര്‍ധന അംഗജപ്രജനനം മൂലമായിരിക്കും. ചെറിയ സസ്യങ്ങള്‍ മാതൃസസ്യത്തില്‍ നിന്ന് പൊട്ടി വേര്‍പെട്ടു സ്വതന്ത്രമായി ജീവിക്കുന്നു. വളരെ അപൂര്‍വമായി മാത്രം പുഷ്പിക്കുന്ന ഇവയ്ക്ക് വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക. ഹൈഡ്രിലയിലും വാലിസ്നേറിയയിലും വെള്ളത്തിനടിയിലുണ്ടാകുന്ന പെണ്‍പുഷ്പങ്ങളുടെ തണ്ട് (flower stalk) വളര്‍ന്ന് ജലനിരപ്പിനു മുകളിലെത്തുമ്പോള്‍ പുഷ്പങ്ങള്‍ വിരിയുന്നു. ഇതേസമയം ആണ്‍പുഷ്പങ്ങള്‍ സസ്യത്തില്‍ നിന്ന് വേര്‍പെട്ട് വെള്ളത്തിനു മുകളില്‍ എത്തുന്നു. വെള്ളത്തിന്റെ ഒഴുക്കിലൊ കാറ്റിലൊ ആണ്‍പുഷ്പങ്ങള്‍ പെണ്‍പുഷ്പങ്ങളില്‍ തട്ടി പരാഗണം നടക്കുന്നു. ദളങ്ങള്‍ക്കിടയിലുള്ള ചെറിയ വായു അറകളാണ് പുഷ്പങ്ങളെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നത്. പരാഗണത്തിനുശേഷം പെണ്‍പുഷ്പത്തിന്റെ തണ്ട് ചുരുണ്ട് ജലനിരപ്പിനടിയിലേക്കു പോകുന്നു. അവിടെ വച്ചു ഫലങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. ഇവയുടെ വിത്തുകള്‍ക്കു വായു നിറഞ്ഞതോ വഴുവഴുപ്പുള്ളതോ ആയ പ്രത്യേക കവചം (aril) ഉണ്ടായിരിക്കും. തന്മൂലം വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുക്കില്‍പ്പെട്ടു വിത്തുവിതരണം നടത്തുന്നു. വിത്തുകളിലുണ്ടാകാറുള്ള ലോമങ്ങളും നേരിയ മുള്ളുകളും വിതരണത്തെ സഹായിക്കുന്നു.

ജലനിമഗ്ന സസ്യങ്ങളായ പോഡോസ്റ്റെമേസി (Podostemaceae) യിലെ ഇനങ്ങള്‍ക്ക് സപുഷ്പികളോട് ഒട്ടുംതന്നെ സാദൃശ്യമില്ല. ഇവ പരന്നു കനം കുറഞ്ഞ തകിടുപോലെയോ വിഭജിക്കപ്പെട്ട നാടപോലെയോ നൂലുപോലെയോ ആണു കാണപ്പെടുന്നത്. ഇവ കുതിച്ചൊഴുകുന്ന പുഴകളിലും മറ്റും പാറകളില്‍ പറ്റിപ്പിടിച്ച രീതിയിലാണു കാണപ്പെടുക. വേരുകളില്ലാത്ത ഇത്തരം സസ്യങ്ങളെ പാറകളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത് പ്രത്യേകം രൂപാന്തരം പ്രാപിച്ച സംലഗ്നകങ്ങ(hold fast)ളാണ്. വായു അറകളോ വായു സംഭരണമോ ഇവയ്ക്കില്ല. ബലമുള്ള സസ്യശരീരമാണ് ഒഴുക്കിനെ ചെറുത്തുനില്ക്കാന്‍ സഹായിക്കുന്നത്. വേനല്‍ക്കാലത്തു ജലനിരപ്പു കുറഞ്ഞ് ചെടികള്‍ക്കു കൂടുതല്‍ സൂര്യപ്രകാശം ലഭിക്കാന്‍ തുടങ്ങുമ്പോള്‍ ഇവ പുഷ്പിക്കുന്നു. വരള്‍ച്ച ബാധിച്ചാലും ഇവയുടെ വിത്തുകള്‍ നശിച്ചുപോകുന്നില്ല. മഴക്കാലമെത്തുമ്പോള്‍ ഇവ മുളയ്ക്കുന്നു.

3. ഭാഗിക ജലനിമഗ്ന സസ്യങ്ങള്‍. വേരുകള്‍ മണ്ണിലുറച്ച് സസ്യഭാഗങ്ങള്‍ ജലത്തിനു മുകളില്‍ കാണപ്പെടുന്ന ലിംനോഫില, നെയ്യാമ്പല്‍ (Limnanthemum), സജിറ്റേറിയ, താമര, ആമ്പല്‍, വിക്ടോറിയ റീജിയ ഇവയെല്ലാം ഭാഗിക ജലനിമഗ്ന സസ്യങ്ങളാണ്. ജലത്തിനും കരയിലും വളരുന്ന സസ്യങ്ങളുടെ സ്വഭാവങ്ങള്‍ ഇവയിലുണ്ട്. ജലത്തിനടിയിലുള്ള സസ്യഭാഗങ്ങള്‍ക്കു ജലസസ്യങ്ങളുടെ ശരീരഘടനയാണുള്ളത്. ജലപ്പരപ്പില്‍ കിടക്കുന്നതുകൊണ്ട് ഇവയ്ക്ക് സൂര്യപ്രകാശവും വായുവും ലഭിക്കുന്നു. കട്ടികൂടിയ ഇലകളുടെ ആസ്യരന്ധ്രങ്ങള്‍ ഇലകളുടെ മുകള്‍ഭാഗത്താണ് കാണപ്പെടുന്നത്. ഏറ്റവും വലിയ ഇലകളുള്ള വിക്ടോറിയ റീജിയയുടെ ഇലകളുടെ അടിഭാഗത്ത് അവയെ താങ്ങിനിര്‍ത്താന്‍ മാത്രം കെല്പുള്ള കട്ടികൂടിയ മുള്ളുകളുണ്ട്. പരാഗണത്തെ സഹായിക്കുന്ന ആകര്‍ഷകമായ നിറവും മണവും തേനും ഉള്ള പുഷ്പങ്ങളാണിവയുടെത്. ജലം മൂലമാണ് വിത്തുവിതരണം നടക്കുന്നത്. ലിംനോഫില, കബംബ (Cabomba), റാനന്‍കുലസ്, സജിറ്റേറിയ എന്നിവയുടെ ജലത്തിനടിയിലുള്ള ഇലകള്‍, ജലനിരപ്പിനു മുകളിലുള്ളവയെക്കാള്‍ വ്യത്യസ്തമാണ്. ജലവിതാനത്തിനു മുകളിലുള്ളതു സാധാരണ ഇലകളായിരിക്കും. ജലത്തിനടിയിലുള്ളവ നീളമുള്ള ലോലതന്തുക്കള്‍പോലെ ചെറുശാഖകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ജലത്തിനടിയിലെ ശക്തിയേറിയ ഒഴുക്കിന് എതിരായി നില്ക്കാതിരിക്കാനും ഉപരിതല വിസ്തീര്‍ണം വര്‍ധിച്ച് ശ്വസനം ത്വരിതപ്പെടുത്താനും ഈ പത്രദ്വിരൂപത (leaf dimorphism) സഹായിക്കുന്നു.

ചിലയിനം സപുഷ്പികള്‍ ആഴംകുറഞ്ഞ സമുദ്രതീരങ്ങളില്‍ വളരുന്നുണ്ട്. ഇവയുടെ കാണ്ഡം മണലില്‍ പുതഞ്ഞുവളരുന്നു. ഇത്തരം ചെടികള്‍ കടലില്‍ നിന്നാണ് ആഹാരവും വായുവും ആഗിരണം ചെയ്യുന്നത്. കാണ്ഡം മണലില്‍ പുതഞ്ഞുവളരുന്നതുകൊണ്ടു വളരെ ശക്തിയേറിയ തിരയിലും ഇവ ഒഴുകിപ്പോകുന്നില്ല. വളരെ നേരിയ ഇലകളും മുകളിലേക്കു വളരുന്ന ചെറുശാഖകളും ഒഴുക്കിനനുകൂലമായിരിക്കുന്നതിനാല്‍ ഇവ മുറിഞ്ഞുപോകുന്നില്ല. ജലസസ്യങ്ങളുടെ കാണ്ഡത്തിനു സാധാരണയായി ദ്വിതീയവൃദ്ധി ഉണ്ടാകാറില്ല. തന്മൂലം കാണ്ഡവും ശാഖകളും ദുര്‍ബലമായിരിക്കും.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍, ആമ്പല്‍ കാണ്ഡത്തിലും യൂട്രിക്കുലേറിയ മുകുളത്തിലും സജിറ്റേറിയ കിഴങ്ങുകളിലും ഭക്ഷണം ശേഖരിച്ചു വയ്ക്കാറുണ്ട്.

താമരയുടെയും ആമ്പലിന്റെയും കായല്‍പ്പൂവിന്റെയും വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. കളിപ്പാട്ടം, തൊപ്പി, കൃത്രിമ പുഷ്പങ്ങള്‍, പുല്‍പ്പായ, കടലാസ് തുടങ്ങിയവയുടെ നിര്‍മാണത്തിന് ചിലയിനങ്ങള്‍ ഉപയോഗിക്കുന്നു. വയമ്പ്, കായല്‍പൂവ്, വലിയ ആമ്പല്‍, താമര, നീലത്താമര, ട്രാപ, നെപ്ടൂണിയ, വയല്‍ച്ചുള്ളി, ലിംനോഫില, മോണോക്കാരിയ തുടങ്ങിയവ ഔഷധനിര്‍മാണത്തിനുപയോഗിക്കുന്നു.

അര്‍ധജലസസ്യമായ നെല്ലാണ് ഏറ്റവും സാമ്പത്തികമായി പ്രാധാന്യമുള്ളത്. ആഴം കുറഞ്ഞ ജലത്തില്‍ വളരുന്ന നെല്ലിന്റെ ഇലകളും തണ്ടുകളും അന്തരീക്ഷത്തിലേക്കു വളരുന്നു. റ്റൈഫ, നെല്ല് തുടങ്ങിയവ ഉഭയവാസിസസ്യങ്ങളെന്ന് അറിയപ്പെടുന്നു. ആഫ്രിക്കന്‍ പായല്‍, കുളവാഴ മുതലായ സസ്യങ്ങള്‍ നെല്‍പ്പാടങ്ങളില്‍ വളര്‍ന്നുപെരുകി നെല്‍ക്കൃഷി തന്നെ സാധ്യമല്ലാതാക്കിത്തീര്‍ത്തിട്ടുണ്ട്. തോടുകളിലും കായലുകളിലും ഇവ ഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസ്സം സൃഷ്ടിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍