This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലപാതകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലപാതകള്‍

ഗതാഗതത്തിനനുയോജ്യമായ ജലാശയഭാഗം. കപ്പല്‍-ബോട്ട് ഗതാഗത സാധ്യമായ വഴികളാണ് ജലപാതകള്‍. തടാകങ്ങള്‍, നദികള്‍, സമുദ്രം തുടങ്ങിയ നൈസര്‍ഗിക ജലാശയങ്ങളും കനാല്‍ പോലെയുള്ള കൃത്രിമജലാശയങ്ങളും ഇതിന്റെ ഭാഗം തന്നെ. ഈറി കനാല്‍, പാനമ കനാല്‍, സെന്റ് ലോറന്‍സ് സീ വേ, സൂയസ് കനാല്‍ തുടങ്ങിയവ പ്രമുഖ കൃത്രിമ ജലപാതകളാകുന്നു.

പനാമ കനാല്‍

ഗതാഗതയോഗ്യമായ ഉള്‍നാടന്‍ കനാലുകള്‍, നദികള്‍, തടാകങ്ങള്‍ എന്നിവ ഉള്‍നാടന്‍ ജലപാതകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു. പെട്രോളിയം, മണല്‍, കല്‍ക്കരി തുടങ്ങി ഭാരം കൂടുതലുള്ള ചരക്കുകളുടെ ഗതാഗതത്തിനാണ് ഇത്തരം ജലപാതകളില്‍ പ്രാധാന്യം. റെയില്‍-ട്രക്ക് ഗതാഗതത്തെക്കാള്‍ ഇത് കൂടുതല്‍ ലാഭകരമാണെന്നതാണ് മുഖ്യകാരണം. നദികളിലെയും കനാലുകളിലെയും ഗതാഗതത്തിന് പൊതുവേ ബാര്‍ജുകള്‍ ഉപയോഗിക്കുന്നു. ഒരു വലിയ ബാര്‍ജിന് അന്‍പതോ അതിലധികമോ ചരക്കുവണ്ടികളെക്കാള്‍ ഭാരം വഹിക്കാന്‍ കഴിയും. ഒന്നിലധികം ബാര്‍ജുകള്‍ കൂട്ടിക്കെട്ടുമ്പോള്‍ ഒരു 'റ്റോ' ഉണ്ടാകുന്നു. ടഗ് ബോട്ടുപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന ഇത്തരം റ്റോകള്‍ക്ക് ഒരു ചരക്കുതീവണ്ടിയോളം ഭാരം ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയും.

ഒരേ തീരത്തെ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജലപാതയാണ് 'തീരാന്തര ജലപാത' (Intracoastal Waterway). യു.എസ്സിന്റെ അത്ലാന്തിക് തീരത്തുള്ള അത്ലാന്തിക് ഇന്‍ട്രാ കോസ്റ്റല്‍ വാട്ടര്‍വേ ഇത്തരത്തില്‍പ്പെട്ടതാണ്. വിനോദ-വാണിജ്യ-നൗകകള്‍ക്കു മാത്രമായുള്ള ഒരു ജലപാതയാണിത്. നോര്‍ഫോക് മുതല്‍ കീ വെസ്റ്റ് വരെ നീണ്ടു കിടക്കുന്ന ഈ ജലപാതയ്ക്ക് 1930 കി.മീ. ദൈര്‍ഘ്യവും 3.7 മീറ്ററിലേറെ ആഴവുമുണ്ട്. ഉള്‍ക്കടലുകള്‍, നദികള്‍, കനാലുകള്‍ തുടങ്ങിയ നൈസര്‍ഗികവും കൃത്രിമവുമായ ജലാശയങ്ങള്‍ ഇതില്‍പ്പെടുന്നു. അത്ലാന്തിക് ഇന്‍ട്രാകോസ്റ്റല്‍ വാട്ടര്‍വേയും ഗള്‍ഫ് ഇന്‍ട്രാകോസ്റ്റല്‍ വാട്ടര്‍വേയും ഒന്നിച്ചു ചേര്‍ന്ന് ഇന്‍ട്രാകോസ്റ്റല്‍ വാട്ടര്‍വേ സിസ്റ്റത്തിനു രൂപം നല്കിയിരിക്കുന്നു. ബോസ്റ്റണ്‍ (മസാച്യുസെറ്റ്സ്) മുതല്‍ ബ്രൌണ്‍ സ്വീല്‍ (ടെക്സസ്) വരെ വ്യാപിച്ചിരിക്കുന്ന ഒരു ജലപാതാശൃംഖലയാണ് ഇത്.

ഈറി കനാല്‍

യു.എസ്സിലെ മിസിസിപ്പി ജലപാതാശൃംഖല ഇവിടത്തെ പൂര്‍വ കുടിയേറ്റക്കാര്‍ക്കെന്നപോലെ ആധുനിക ജനതയ്ക്കും വളരെ ഉപയോഗപ്രദമായിക്കൊണ്ടിരിക്കുന്നു. മിസിസിപ്പി-ഒഹായോ നദികളും അവയുടെ പോഷകനദികളുമായി ചേര്‍ന്നാണ് തിരക്കേറിയ ഈ ജലപാതാശൃംഖലയ്ക്കു ജന്മമേകിയിട്ടുള്ളത്. മറ്റൊരു പ്രധാന ജലപാതയായ ഗ്രേറ്റ് ലേക്സ്-സെന്റ് ലോറന്‍സ് സീവേ ശൃംഖല കാനഡയിലെയും യു.എസ്സിലെയും വ്യവസായ പുരോഗതിയില്‍ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ഇതു കൂടാതെ മക്കെന്‍സീ നദി, കൊളറാഡോ തുടങ്ങിയവയിലെ നൈസര്‍ഗിക ജലപാതകളും മറ്റു കൃത്രിമ ജലപാതകളും ഇവിടെ ഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. സെന്റ് ലോറന്‍സ്-ഗ്രേറ്റ് ലേക്സ് ജലപാതാശൃംഖല ലോകത്തിലെ ഏറ്റവും ഉപയോഗപ്രദമായ ജലപാതകളിലൊന്നാണ്. 1959-ല്‍ സെന്റ് ലോറന്‍സ് സീവേയുടെ പണി പൂര്‍ത്തിയായതോടെ നേരിട്ടുള്ള സമുദ്രഗതാഗതത്തിന് ഇത് പൂര്‍ണമായും അഭിഗമ്യമായിത്തീര്‍ന്നു. സെന്റ്ലൂയി നദിയില്‍ നിന്നാരംഭിച്ച് ഗ്രേറ്റ് ലേക്സ് കടന്ന് സെന്റ് ലോറന്‍സ് ഉള്‍ക്കടല്‍ വഴി അത്ലാന്തിക് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ജലപാതയുടെ ദൈര്‍ഘ്യം 3,800 കി.മീ. ആകുന്നു.

യൂറോപ്പിലെ പ്രമുഖ നദിയായ ഡാന്യൂബിന്റെ ഏറെ ഭാഗങ്ങളും ഗതാഗതയോഗ്യമാണ്; ജര്‍മന്‍ സിറ്റിയായ ഉള്‍മ് മുതല്‍ കരിങ്കടല്‍ വരെ. എന്നാല്‍ റേഗന്‍സ്ബുര്‍ക്കിനു മുകളിലേക്ക് ഇത് അത്രതന്നെ ഉപയോഗിക്കപ്പെടാറില്ല. മഞ്ഞുകാലത്ത് ഹിമാവൃതമാവുകയും മറ്റു സമയങ്ങളില്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്നതിനാല്‍ ജലഗതാഗതം തടസ്സപ്പെടുക ഇവിടെ പതിവാണ്. യൂറോപ്പിലെ മറ്റു നദീതടങ്ങളുമായി ഡാന്യൂബിനെ ബന്ധിപ്പിക്കുന്ന പല പദ്ധതികളും നിലവിലുണ്ട്. ഗ്രേറ്റ് ബ്രിട്ടനില്‍ ചരക്കുഗതാഗതത്തിനനുയോജ്യമായ ധാരാളം നദികളും ഹാര്‍ബറുകളുമുണ്ടായിരുന്നു. കല്‍ക്കരി, ഇരുമ്പ് തുടങ്ങിയ ഭാരമേറിയ ചരക്കുകളെ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കെത്തിച്ചിരുന്ന ചെലവു കുറഞ്ഞതും ഫലപ്രദവുമായ ഗതാഗതമാര്‍ഗങ്ങളായിരുന്നു 1800-കളുടെ ആരംഭം വരെ ഇവയെല്ലാം. വ്യാവസായിക വിപ്ലവകാലത്ത് ഇവയ്ക്ക് അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കല്‍ക്കരിപ്പാടങ്ങളെ നദികളുമായി ബന്ധിപ്പിക്കുന്നതുമായ കനാലുകള്‍ നിര്‍മിച്ചതും ഉപയോഗയോഗ്യമല്ലാതിരുന്ന ചെറുനദികളെ ആഴവും വീതിയും കൂട്ടി ഗതാഗതയോഗ്യമാക്കി മാറ്റിയതും ഇക്കാലത്താണ്. 1777-ല്‍ ഗ്രാന്‍ഡ് ട്രങ്ക് കനാല്‍ മര്‍സീ നദിയെ ട്രെന്റ് കൂടാതെ മറ്റ് ഏഴ് നദികളുമായി ബന്ധിപ്പിച്ചു. ബ്രിറ്റോള്‍, ഹള്‍, ലിവര്‍പൂള്‍ എന്നീ ബ്രിട്ടീഷ് തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുവാന്‍ ഇത് കാരണമായി.

സൂയസ് കനാല്‍

റോഡ്, റെയില്‍, ജലപാത തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ ഒട്ടും പുരോഗമിച്ചിട്ടില്ലാത്തതിനാല്‍ വികസനത്തിന്റെ പാതയില്‍ ഏറെ പിന്നോക്കം നില്ക്കുന്ന ഒരു ഭൂഖണ്ഡമാണ് ആഫ്രിക്ക. ആഫ്രിക്കയിലെ ഉള്‍നാടന്‍ ജലപാതകള്‍ ഗതാഗതത്തിന് ഉപയോഗപ്രദമാകുന്നതേയില്ല എന്നുവേണം പറയാന്‍. ഒരു പീഠഭൂപ്രദേശത്തു സ്ഥിതിചെയ്യുന്ന ആഫ്രിക്കയിലെ നദികളില്‍ പലതരത്തിലുള്ള ജലപാതങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ്. കോങ്ഗോ, നൈജര്‍ തുടങ്ങിയ വന്‍നദികളുടെ കാര്യത്തില്‍പ്പോലും ഇതു പ്രസക്തമായിരിക്കുന്നു. എന്നാല്‍ ഇവിടെ സമുദ്രഗതാഗതം താരതമ്യേന ഏറെ വികസിതമാണ്. മോസാംബിക്കിലെ മാര്‍കേസ് (മാപുതോ), ആങ്ഗോളയിലെ ലോബീതോ എന്നീ പ്രധാന തുറമുഖങ്ങളെല്ലാം തന്നെ ആഫ്രിക്കയുടെ തെക്കന്‍തീരത്തു സ്ഥിതിചെയ്യുന്നു. പടിഞ്ഞാറും കിഴക്കും തീരങ്ങളില്‍ മേന്മയേറിയ നൈസര്‍ഗിക തുറമുഖങ്ങള്‍ കണ്ടത്താം. നിര്‍മാണച്ചെലവ് അധികമാവുമെന്നതിനാല്‍ കൃത്രിമ-ഹാര്‍ബറുകള്‍ അത്രതന്നെയില്ല എന്നു പറയേണ്ടിയിരിക്കുന്നു.

നൈസര്‍ഗിക ജലപാതകളെ വികസിപ്പിക്കുവാനോ, അവയുടെ ദൈര്‍ഘ്യം കൂട്ടുവാനോവേണ്ടി നിര്‍മിക്കപ്പെട്ട കൃത്രിമ ജലപാതകളാണ് കനാലുകള്‍. മുഖ്യ വാണിജ്യപാതകള്‍ക്കാവശ്യമായ സഹായം നല്കുന്ന കുറുക്കുവഴികളാണ് ഇവ. പ്രധാന നദികളെ തടാകങ്ങളുമായോ അതുപോലുള്ള മറ്റ് ജലാശയങ്ങളുമായോ ബന്ധിപ്പിക്കുകയാണ് കനാലുകളുടെ അടിസ്ഥാന ധര്‍മം. ഭൂരിഭാഗം ജലപാതാപദ്ധതികളും ഇന്നു രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് പ്രധാന ജലവൈദ്യുതപദ്ധതികളെയും ജല-നിയന്ത്രണ-വിതരണ ബൃഹദ്പദ്ധതികളെയും ഉള്‍ക്കൊള്ളുവാന്‍ പറ്റിയ തരത്തിലാണ്.

കനാലുകള്‍ പലപ്പോഴും ഗതാഗതത്തിനുവേണ്ടി മാത്രമായല്ലാതെ ജലസേചനത്തിനും അപൂര്‍വമായി മാലിന്യനിര്‍മാര്‍ജനത്തിനും ഉപയോഗിക്കാറുണ്ട്. യു.എസ്. പോലെയുള്ള വികസിത രാഷ്ട്രങ്ങളുടെ വികസനത്തില്‍ കനാലുകള്‍ക്ക് മുഖ്യമായ പങ്കുണ്ടായിരുന്നു.

പുരാതനകാലം മുതല്‍ തന്നെ ഉത്തരേന്ത്യയിലെ വ്യാപാര-വാണിജ്യമേഖലയെ പരിപോഷിപ്പിച്ചിരുന്ന ഘടകങ്ങളാണ് അവിടത്തെ പരന്ന ഭൂപ്രകൃതിയും ഗതാഗതയോഗ്യമായ നദികളും. എന്നാല്‍ ഇന്ത്യയില്‍ റെയില്‍പ്പാതകളുടെ വികസനത്തോടെ ജലപാതകളുടെ പ്രാധാന്യം കുറഞ്ഞു. നദീസമൃദ്ധമായ ഒരു രാജ്യമാണ് ഇന്ത്യ എങ്കിലും ഇവിടത്തെ നദികളില്‍ ജലനിരപ്പിനുണ്ടാകുന്ന പ്രകടമായ ഏറ്റക്കുറച്ചിലുകള്‍ ജലഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ന് രാജ്യത്തെ പ്രധാന നദികളിലെല്ലാം കൂടി ഉദ്ദേശം 3,700 കി.മീ. നീളത്തില്‍ ജലപാതയുണ്ടെങ്കിലും ഇതില്‍ 2,000 കി. മീ. മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളു. അതുപോലെ 4,300 കി. മീറ്ററിലധികം ദൈര്‍ഘ്യമുള്ള കനാലുകളില്‍ 900 കി. മീ. മാത്രമാണ് ഗതാഗതത്തിനുപയോഗിക്കപ്പെടുന്നത്. ലോയര്‍ ബംഗാള്‍, അസം, ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ എക്കല്‍തടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതാനം എന്നും ഉയര്‍ന്നുതന്നെയിരിക്കുന്നതിനാല്‍ ഇവിടെ ഗതാഗതം സുഗമമാണ്. ഈ പ്രദേശങ്ങളില്‍ റെയില്‍പ്പാതകളും റോഡുകളും ആവശ്യത്തിനില്ലാത്തതും ജലഗതാഗതം ജനങ്ങളുടെ പ്രധാന സഞ്ചാരമാര്‍ഗമായിരിക്കുന്നതിനുള്ള മുഖ്യ കാരണമാകുന്നു.

ഡക്കാണ്‍ മേഖലയിലെ മിക്ക നദികളും അവയുടെ അവസാനഘട്ടത്തിലാണ് ഗതാഗതയോഗ്യമാകുന്നത്; അതും മിക്കവാറും മഴക്കാലത്തുമാത്രവും. ഉദാ. നര്‍മദ, തപ്തി, മഹാനദി, കൃഷ്ണ, കാവേരി തുടങ്ങിയവ. ഇവിടെ കനാലുകള്‍ക്ക് നദികളെ അപേക്ഷിച്ച് പ്രാധാന്യം കുറവാണ്. കനാലുകള്‍, കായലുകള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയിലൂടെയുള്ള ഗതാഗതത്തില്‍ പശ്ചിമബംഗാള്‍ സംസ്ഥാനത്തിനാണ് മുഖ്യസ്ഥാനം. 116.8 കി. മീ. ദൈര്‍ഘ്യമുള്ള കര്‍ണൂല്‍-കഡപ്പാ കനാല്‍, 272 കി.മീ. ദൈര്‍ഘ്യമുള്ള ഒറീസ്സാ കനാല്‍, 459.2 കി.മീ. ദൈര്‍ഘ്യമുള്ള മിഡ്നാപ്പൂര്‍ കനാല്‍, 326.4 കി.മീ. നീളമുള്ള സോന്‍ കനാല്‍ എന്നിവ ഗതാഗതത്തിനായി നിര്‍മിക്കപ്പെട്ട പ്രധാന ഇന്ത്യന്‍ കനാലുകളാണ്. തമിഴ്നാട്ടിലെ ബക്കിങ്ങാം കനാലിന് 412.8 കി.മീ. നീളമുണ്ട്. തീരത്തിനു സമാന്തരമായി പോകുന്ന ഈ കനാല്‍ പല ജലാശയങ്ങളെയും കായലുകളെയും ക്രമമായി ബന്ധിപ്പിക്കുന്നു. കല്‍ക്കത്ത-മദ്രാസ് റെയില്‍പ്പാതയുടെ നിര്‍മാണത്തോടുകൂടി ഈ കനാലിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഇന്ന് അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് വിറകും ഉപ്പും കൊണ്ടുവരുവാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. ഇന്ത്യന്‍ കടല്‍ത്തീരത്തിന് 5,600 കി.മീ. ദൈര്‍ഘ്യമുണ്ടെങ്കിലും ഷിപ്പിങ് വ്യവസായത്തിന് ഇവിടെ പ്രാധാന്യം കുറവാണ്.

കേരളത്തില്‍ സമുദ്ര ഗതാഗതം മാത്രമല്ല നദികളും കായലുകളും ചേര്‍ന്ന ഉള്‍നാടന്‍ ജലപാതകളും വികസിതമായിരുന്നു. എന്നാല്‍ റെയില്‍-റോഡ് ഗതാഗത വികസനത്തോടെ ജലഗതാഗതം ഏതാണ്ട് നാമമാത്രമായി മാറിയിരിക്കുന്നു.

കേരളത്തിലെ മുഖ്യജലപാതകളിലൊന്നാണ് വെസ്റ്റ് കോസ്റ്റ് കനാല്‍. തിരുവനന്തപുരം മുതല്‍ വടകര വരെയും കുട്ടമ്പള്ളി മുതല്‍ ഹോസ്ദുര്‍ഗ് വരെയും ഉള്ള 558.4 കി.മീ. ദൂരം വരുന്ന ജലപാതാശൃംഖലയാണ് വെസ്റ്റ് കോസ്റ്റ് കനാല്‍. തിരുവനന്തപുരം-കൊല്ലം (62.0 കി.മീ.), കൊല്ലം-ആലപ്പുഴ (74.8 കി.മീ.), ആലപ്പുഴ-കൊച്ചി (70.8 കി.മീ.), കൊച്ചി-ആല (35.4 കി.മീ.), ആല-പൊന്നാനി (79.7 കി.മീ.), പൊന്നാനി-കടലുണ്ടി (61.3 കി.മീ.), കടലുണ്ടി-വടകര (72.4 കി.മീ.), വടകര-അഴീക്കല്‍ (47.5 കി.മീ.), അഴീക്കല്‍-ഹോസ്ദുര്‍ഗ് (54.5 കി.മീ.) എന്നിങ്ങനെയാണ് ഇതിന്റെ വിന്യാസം.

വെസ്റ്റ് കോസ്റ്റ് കനാലിനു പുറമെയുള്ള ജലപാതകള്‍ ഫീഡര്‍ (ക്രോസ്) കനാലുകള്‍ എന്നറിയപ്പെടുന്നു. 1000 കി.മീ. ആണ് ഇതിന്റെ മൊത്തം ദൈര്‍ഘ്യം. കുട്ടനാട് മേഖലയിലെ മുഖ്യ ജലപാതകളാണിവ. കൊച്ചി മുതല്‍ അമ്പലമുകള്‍-ഉദ്യോഗമണ്ഡല്‍ വരെ ഈ ജലപാതകള്‍ കാണപ്പെടുന്നു.

പശ്ചിമഘട്ടത്തില്‍ ജന്മമെടുത്ത് കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും പടിഞ്ഞാറേക്കൊഴുകുന്ന 41 നദികളുമാണ് കേരളത്തിലുള്ളത്. ഇതോടൊപ്പം കടല്‍ത്തീരത്തിനു സമാന്തരമായി കാണപ്പെടുന്ന കായലുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കൃത്രിമ കനാലുകളും ചേര്‍ന്ന് കേരളത്തില്‍ ജലപാതയ്ക്ക് അരങ്ങൊരുക്കുന്നു. റോഡുകളുടെയും റെയിലിന്റെയും ഇന്നത്തെ നിലയിലുള്ള വികസനത്തിനു മുമ്പ് ഇവിടത്തെ പ്രധാന വാണിജ്യ-ഗതാഗതോപാധിയായിരുന്നു ജലപാത. കാലഭേദമെന്യെ ജലസമൃദ്ധമായിരുന്ന മണിമല, അച്ചന്‍കോവില്‍, പമ്പ, കല്ലായി തുടങ്ങിയ പുഴകള്‍ കായല്‍ പോലുള്ള ജലാശയങ്ങളുമായി ബന്ധിതമായിരുന്നതിനാല്‍ ഈ ജലപാതകള്‍ക്ക് നിത്യജീവിതത്തില്‍ സുപ്രധാനസ്ഥാനമുണ്ടായിരുന്നുതാനും.

വേമ്പനാട്, കായംകുളം, അഷ്ടമുടി എന്നിവ കേരളത്തിലെ പ്രധാന കായലുകളില്‍ ചിലതാണ്. മഴക്കാലമാകുന്നതോടെ ഉന്നതതടങ്ങളില്‍ നിന്ന് ധാരാളം വെള്ളം നദികള്‍ വഴി കായലുകളിലേക്ക് ഒഴുകിയെത്തുന്നു. കായലുകളില്‍ രൂപമെടുത്തിട്ടുള്ള തുരുത്തുകള്‍ ജലപാതകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നവയാണ്. കാവൈ കായലിലെ മുദാക്കല്‍, എടലക്കാട്, വടക്കേക്കാട് എന്നീ തുരുത്തുകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതിനെ പഴയങ്ങാടി-വളപട്ടണം നദികളുമായി ബന്ധിപ്പിക്കുന്ന തോടാണ് സുല്‍ത്താന്‍ കനാല്‍ (3.2 കി.മീ.). ഹൈദരലിക്കുവേണ്ടി ആലിരാജ 1766-ല്‍ നിര്‍മിച്ചതാണ് ഇത്. ഏഴിമലയാറിനെ പഴയങ്ങാടി-വളപട്ടണം നദികളുമായും ബന്ധിപ്പിക്കുന്ന ഈ കനാല്‍ വര്‍ഷം മുഴുവനും തടസ്സമില്ലാത്ത ഒരു ജലപാതയ്ക്കു ജന്മം കൊടുത്തിരിക്കുന്നു.

ജലപാത ആലപ്പുഴ

അഗളിപ്പുഴയെ കോട്ടാറുമായി ബന്ധിപ്പിക്കുന്ന പയ്യോളി കനാല്‍ 1.6 കി.മീ. നീളമുള്ള ഒരു കൃത്രിമ തോടാണ്. കോഴിക്കോട് ജില്ലയിലെ കോനോലി കനാല്‍ ഏലത്തൂര്‍, കല്ലായി, ബേപ്പൂര്‍ എന്നീ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. തിരുവിതാംകൂറിനെ മലബാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉള്‍നാടന്‍ ജലപാതാ പദ്ധതിയുടെ ഭാഗമായി 1948-ല്‍ രൂപംകൊണ്ട ഈ കനാല്‍ അന്ന് പൂര്‍ണമായി പ്രവര്‍ത്തനയോഗ്യമായില്ല. അനേകം ചെറുകുന്നുകളെ മുറിച്ചുകടന്നുപോകുന്ന ഈ കനാലിന്റെ വീതി പലയിടത്തും പലതരത്തിലാണ്. ഭാരതപ്പുഴയുടെ രണ്ടു കനാലുകളില്‍ വലത്തേക്കുള്ളത് തിരൂര്‍ വരെ എത്തുമ്പോള്‍ ഇടത്തേക്കുകാണുന്ന പൊന്നാനി കനാല്‍ (3.2 കി.മീ.) വെള്ളിയംകോട് കായലുമായി ബന്ധപ്പെട്ടതിനു ശേഷം ചേറ്റുവായ്പ്പുഴ വരെ എത്തുന്നു. വെള്ളിയംകോട് കായല്‍ ചാവക്കാട് കായലുമായി ചെറുതോടുകളാല്‍ ബന്ധിതമാണ്. ഉദ്ദേശം 24 കി.മീ. ദൈര്‍ഘ്യമുള്ള ഈ ശൃംഖല ചേറ്റുവായ്പ്പുഴ വഴി തെ. ഭാഗത്ത് കടലുമായി ചേരുന്നു.

തൃശൂര്‍ ജില്ലയിലെ കൊനോലി കനാല്‍ (12.8 കി.മീ.), ഷണ്‍മുഖം കനാല്‍, പുത്തന്‍തോട് എന്നിവ പൊന്നാനി കനാലിനോടൊപ്പം പ്രാധാന്യമുള്ളവ തന്നെ. എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലുള്ള ചേരാനല്ലൂര്‍-ഇടപ്പള്ളി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കനാലും (11.2 കി.മീ.), ഏഴംകുളം-എറണാകുളം പ്രദേശങ്ങളുടെ അതിരിലൂടൊഴുകുന്ന മറ്റൊരു കനാലും (8 കി.മീ.) ആണ് ഇവിടത്തെ മുഖ്യ കനാലുകള്‍. കായലുകളോടൊപ്പം ജലപാതാശൃംഖലയില്‍ ഇവ ഒരു പ്രമുഖ പങ്കു വഹിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കൊച്ചി മുതല്‍ ആലപ്പുഴ വരെയെത്തുന്നു (ദൂരം: 83 കി.മീ.; വിസ്തീര്‍ണം: സു. 205 ച.കി.മീ.). അമ്പലപ്പുഴ, ചേര്‍ത്തല, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളാണ് ഈ ജലപാതയുടെ മുഖ്യ ഉപഭോക്താക്കള്‍.

കാര്‍ത്തികപ്പള്ളി മുതല്‍ പന്മന വരെ നീണ്ടു കിടക്കുന്ന കായംകുളം കായല്‍ (നീളം: 30.4 കി.മീ.; വിസ്തൃതി: 59.6 ച.കി.മീ.) വേമ്പനാടിന് തെക്കായി കാണപ്പെടുന്നു. ഇതിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നതാണ് ചവറ-പന്മന തോട്. കായംകുളത്ത് ഇടുങ്ങിയ ഒരു തോടുവഴി കടലുമായി കായംകുളം കായലിനു ബന്ധമുണ്ട്.

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍ എട്ടു ദിക്കുകളിലേക്ക് പിരിഞ്ഞു കാണുന്നു. കായല്‍ കടലുമായി ബന്ധിക്കുന്ന നീണ്ടകര ഒരു മുഖ്യ മത്സ്യബന്ധനകേന്ദ്രമാണ്. അഷ്ടമുടിക്കു തെക്കായി കാണുന്ന ചെറുതെങ്കിലും ആഴമേറിയ കായലാണ് പരവൂര്‍ കായല്‍. ഇതിന് കടലിലേക്കുള്ള ബന്ധം പലപ്പോഴും മണല്‍ത്തിട്ടകളാല്‍ തടസ്സപ്പെട്ടിരിക്കുന്നു. പരവൂര്‍ കായലിനെ അഷ്ടമുടിയുമായി ബന്ധിപ്പിക്കുന്നതാണ് കൊല്ലം തോട്. പരവൂര്‍ തോട് ഇതിനെ ഇടവാ-നടയറക്കായലുകളുമായി ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലും കൂടി ഭാഗികമായി കാണപ്പെടുന്ന ഈ ചെറുകായലുകള്‍ക്കും സമുദ്രവുമായുള്ള ബന്ധം മണല്‍ത്തിട്ടകളാല്‍ തടസ്സപ്പെട്ടാണു കാണുന്നത്. മഴക്കാലത്ത് ഈ മണ്‍തിട്ടകള്‍ വെട്ടിമാറ്റുകയാണു പതിവ്.

തീരദേശത്തു കൂടെയുള്ള ഉള്‍നാടന്‍ ജലഗതാഗതത്തിനു സഹായകമായരീതിയില്‍ കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കൃത്രിമ തോടുകള്‍ തിരുവനന്തപുരം വരെയുള്ള ജലപാതയെ സുസാധ്യമാക്കിയിരുന്നു. അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ പ്രധാന കായലുകള്‍. താരതമ്യേന ചെറുതും ആഴം കുറഞ്ഞവയുമാണ് ഇവ. തടസ്സരഹിതമായ ഒരു ജലപാതയ്ക്കുവേണ്ടി വര്‍ക്കല കുന്നുകളില്‍ യഥാക്രമം 283 മീ., 721 മീ. വീതം ദൈര്‍ഘ്യമുള്ള രണ്ടു 'തുരപ്പുകള്‍' സൃഷ്ടിച്ചിരുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വമായ അറ്റകുറ്റപണികളുടെയും സംരക്ഷണത്തിന്റെയും അഭാവത്തില്‍ ഇവ ഇന്ന് ഉപയോഗശൂന്യമായിത്തീര്‍ന്നിരിക്കുകയാണ്. ശരിയായി സംരക്ഷിച്ചാല്‍ ഈ ജലപാത തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള ഋജുവായ ഒരു യാത്രാമാര്‍ഗമായി തീരും. റാണി ഗൌരി പാര്‍വതീബായിയുടെ ഭരണകാലത്തു നിര്‍മിച്ച (1825) പാര്‍വതീ പുത്തനാര്‍ ഒരു കാലത്ത് തിരുവനന്തപുരത്തെ പ്രമുഖ ജലപാതയായിരുന്നു. നോ. ജലഗതാഗതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍