This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലദോഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലദോഷം

ഊര്‍ധശ്വസന പഥത്തെ തീവ്രമായി ബാധിക്കുന്ന അതിസാംക്രമിക വൈറസ് രോഗം. വായുമാര്‍ഗമാണ് രോഗപകര്‍ച്ച. കോമണ്‍ കോള്‍ഡ് (common cold) എന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പൊതുവേ വ്യവഹരിക്കപ്പെടുന്ന ഈ രോഗത്തിന് കോറിസാ (Coryza), അക്യൂട്ട് റിനിറ്റസ് (Rhinitus) എന്നും പേരുകളുണ്ട്.

ജലദോഷം ബാധിച്ച ഒരാള്‍ തുമ്മുമ്പോള്‍ പുറത്തുവിടുന്ന ദ്രവബിന്ദുക്കള്‍ ശ്വസിച്ചാണ് മറ്റുള്ളവര്‍ക്കു രോഗം പിടിപെടുന്നത്. ഇങ്ങനെ വൈറസ് ബാധയേറ്റ് 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രോഗകാരികളായ 40-ലധികം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിരോധശക്തികുറഞ്ഞ ഏതൊരാളെയും വൈറസുകള്‍ ആക്രമിക്കും. ജലദോഷം വളരെ അലോസരം സൃഷ്ടിക്കുന്ന ഒരു രോഗമാണെങ്കിലും അപകടകാരിയല്ല. എന്നാല്‍ ശിശുക്കള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ആസ്ത്മാ, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം എന്നീ രോഗമുള്ളവര്‍ക്കും ജലദോഷം ബാധിച്ചാല്‍ അടിയന്തിരമായി വൈദ്യസഹായം തേടണം.

രോഗകാരികളായ വൈറസുകളും വ്യക്തിഗത പ്രതിക്രിയകളും വ്യത്യസ്തങ്ങളാകയാല്‍ എല്ലാ ജലദോഷങ്ങളും സമാനസ്വഭാവം കാണിക്കാറില്ല. സാധാരണയായി ജലദോഷം ആരംഭിക്കുന്നത് നേരിയ തലവേദന, ശരീരവേദന, ക്ഷീണം, ഉദാസീനത എന്നീ ലക്ഷണങ്ങളോടെയായിരിക്കും. ചിലപ്പോള്‍ ചെറിയ പനിയും അനുഭവപ്പെടും. പിന്നീട് നാസാദ്വാരത്തില്‍ നീര്‍വീക്കവും മൂക്കടപ്പും ഉണ്ടാകുന്നു. നാസാദ്വാരത്തിലൂടെ ശ്വസനം സാധ്യമല്ലാതാകും. മിക്കപ്പോഴും നീര്‍വീക്കം തൊണ്ടയെ ബാധിച്ച് തൊണ്ടവേദനയും ചുമയും ഉണ്ടാവുന്നു. ഘ്രാണ-രസനേന്ദ്രിയങ്ങള്‍ മന്ദിക്കുന്നതുകൊണ്ട് വിശപ്പുകുറയും. ഉന്മേഷം നഷ്ടപ്പെട്ട് ഒന്നിനോടും താത്പര്യമില്ലാതെ വെറുതെ കിടക്കാനാവും രോഗി ഇഷ്ടപ്പെടുക. ആറേഴു ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. മൂക്കൊലിപ്പും നീര്‍വീക്കവും കുറയുന്നതോടെ മൂക്കിലൂടെ ശ്വസിക്കാനാവും.

ഏതെങ്കിലും ഘട്ടത്തില്‍ ജലദോഷം വഷളാകുന്നുവെങ്കില്‍-അതായത് കുളിരു നീണ്ടു നില്ക്കുക, കൂടുതല്‍ പനിയുണ്ടാവുക; നെഞ്ചുവേദന, ചെവിവേദന എന്നിവ അനുഭവപ്പെടുക; ശ്വാസഹ്രസ്വത തോന്നുക, രക്തച്ചുവയുള്ളതോ തുരുമ്പിന്റെ നിറമുള്ളതോ ആയ കഫം ചുമച്ചുതുപ്പുക-അടിയന്തിരമായി വൈദ്യസഹായം തേടണം.

ജലദോഷത്തിന്റെ ആരംഭം മുതല്‍ തന്നെ ശ്രദ്ധിക്കുന്നതാണ് നന്ന്. പരിപൂര്‍ണ വിശ്രമമെടുക്കുന്നതാണ് അഭികാമ്യം. രോഗശമനം വേഗം ഉണ്ടാകുമെന്നു മാത്രമല്ല, മറ്റുള്ളവര്‍ക്കു പകരാതിരിക്കാനും വിശ്രമം സഹായിക്കും. ദ്രാവകങ്ങള്‍ ധാരാളം കുടിക്കുകയും ഇഷ്ടമുള്ള ആഹാരങ്ങള്‍ മിതമായ തോതില്‍ കഴിക്കുകയും വേണം. ചെവിയെയും സൈനസിനെയും ബാധിക്കുമെന്നതുകൊണ്ട് മിതമായ തോതിലേ മൂക്കു ചീറ്റാവൂ.

ജലദോഷത്തിന് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. വേദനസംഹാരികളായ ആസ്പിരിന്‍, പാരസിറ്റമോള്‍ എന്നിവ രോഗിക്ക് ആശ്വാസമുണ്ടാക്കുന്നു. മൂക്കില്‍ നിന്നുള്ള പ്രസ്രവങ്ങള്‍ ഉണക്കാന്‍ ആന്റിഹിസ്റ്റമിന്‍ ഔഷധങ്ങള്‍ സഹായിക്കും. തൊണ്ടവേദന, ചുമ എന്നിവയ്ക്ക് ലോസന്‍ജുകളും ചുമ ഔഷധങ്ങളും നല്ലതാണ്. ഒരളവുവരെ ആവിപിടിക്കലും ഫലപ്രദമാണ്. ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും ജലദോഷത്തിനു ഫലപ്രദമായ ഔഷധങ്ങളുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%A6%E0%B5%8B%E0%B4%B7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍