This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയ്പൂര്‍

Jaipur

രാജസ്ഥാന്റെ തലസ്ഥാനം. സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ജയ്പൂര്‍, ഇതേ പേരുള്ള ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ന്യൂ ഡല്‍ഹിയില്‍ നിന്നു 307 കി.മീ. തെ. പടിഞ്ഞാറായി കിഴക്കന്‍ രാജസ്ഥാന്‍ സമതലങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ജില്ലയുടെ വിസ്തീര്‍ണം: 14,068 ച.കി.മീ.; ജനസംഖ്യ: 66,26,178 (2011). കടല്‍നിരപ്പില്‍ നിന്ന് 455 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിരമണീയമാണ്. ധാരാളം ചെറുകുന്നുകള്‍ സമതലത്തില്‍ നിന്ന് കുത്തനെ ഉയര്‍ന്നു നില്ക്കുന്ന ഇവിടെ ചിലയിടങ്ങളില്‍ അരുവികള്‍ മരുഭൂമിയിലെത്തി വറ്റിപ്പോയിട്ടുമുണ്ട്. പൊതുവെ വരണ്ടതെങ്കിലും ആരോഗ്യകരമായ കാലാവസ്ഥയാണ് ജയ്പൂരിലുള്ളത്. മഞ്ഞുകാലത്ത് രാജസ്ഥാനിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തണുപ്പിന്റെ കാഠിന്യം കുറഞ്ഞ് ശീതളമായ കാലാവസ്ഥയാണനുഭവപ്പെടുക.

അംബര്‍ നഗരം

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ വ്യാപിച്ചിരിക്കുന്ന ആരവല്ലി പര്‍വതനിരകള്‍ രാജസ്ഥാനിലൂടെയും കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള 'മടക്കുപര്‍വത'ങ്ങളാണിവ. മിക്കവാറും എല്ലാ ഭാഗത്തും ഒറ്റപ്പെട്ട മലനിരകളായാണ് ഇവ കാണപ്പെടുന്നത്. ജയ്പൂരിനടുത്തുള്ള ഖേത്രിയില്‍ വച്ച് ഇവയുടെ ഉയരംകൂടി വ്യക്തമായ ദിശയും ആകൃതിയും ലഭിക്കുന്നു.

ജില്ലയില്‍ പൊതുവെ എക്കല്‍മണ്ണാണുള്ളത്. ഇളം ചുവപ്പുനിറത്തില്‍ കാണുന്ന ഈ മണ്ണിന് ക്ഷാരഗുണം കുറവാണ്. മാത്രമല്ല ഹ്യൂമസിന്റെയും ഫോസ്ഫോറിക് അമ്ലത്തിന്റെയും അളവ് ഈ മണ്ണില്‍ വളരെ കുറഞ്ഞുമിരിക്കുന്നു. കളിമണ്ണിന്റെയും മണ്ണു കലര്‍ന്ന ചെളിയുടെയും ഘടനയാണിതിനുള്ളത്. രാജസ്ഥാനിലെ മറ്റു പ്രദേശങ്ങളോടൊപ്പം ജയ്പൂരില്‍ ഗോമേദകം ഖനനം ചെയ്യപ്പെടുന്നുണ്ട്. മാര്‍ബിളും ഫെല്‍സ്പാറും ജയ്പൂരിലെ കിഷന്‍ ഗഡ്ഡില്‍ നിന്നു ഖനനം ചെയ്തെടുക്കുന്നു. ജയ്പൂരിലെ മിക്ക കൃഷിയിടങ്ങളും ജലസേചിതമാണ്. ധാന്യങ്ങളും ബാര്‍ലിയും നിലക്കടലയുമാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രം ഇവിടെയുണ്ട്. രാജസ്ഥാനിലെ പല വ്യവസായങ്ങളും ജയ്പൂരില്‍ കേന്ദ്രീകൃതമാണ്. ഒരു സുപ്രധാന വാണിജ്യ-ഗതാഗത കേന്ദ്രമായ ജയ്പൂരില്‍ ധാരാളം ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പരമ്പരാഗത കുടില്‍വ്യവസായങ്ങള്‍ക്കാണ് ഇന്നും മുന്‍തൂക്കം. വസ്ത്ര നിര്‍മാണം, വെങ്കല നിര്‍മാണം, ആഭരണങ്ങള്‍ എന്നിവ ഇവിടത്തെ പരമ്പരാഗത വ്യവസായങ്ങളില്‍പ്പെടുന്നു.

ജയ്പൂരിലെ നക്ഷത്ര ബംഗ്ലാവ്

മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു വ്യത്യസ്തമായി ജയ്പൂരിന് ചതുരാകൃതിയാണ്. വീതി കൂടിയ തെരുവുകള്‍ ഈ നഗരത്തിന്റെ പ്രത്യേകതയാകുന്നു. മൂന്നു ദിക്കിലും കോട്ടകളും 8 കവാടങ്ങളോടുകൂടിയ ഒരു ചുറ്റുമതിലുമുള്ള നഗരമാണ് ജയ്പൂര്‍. നഗരത്തിലങ്ങളോമിങ്ങോളം ഇളം റോസ് നിറത്തിലുള്ള രമ്യഹര്‍മ്യങ്ങള്‍ ധാരാളമായി കാണാം. ഇത് നഗരത്തിന് 'ഇന്ത്യയിലെ പിങ്ക്-നഗരം' എന്ന പേരു നേടിക്കൊടുത്തിരിക്കുന്നു. ഈ കെട്ടിടങ്ങള്‍ പണിയുവാനായി ചുവന്ന മണല്‍ക്കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. തെരുവുകളുടെ ഇരുഭാഗത്തുമായി നിലകൊള്ളുന്ന ഈ കൂറ്റന്‍ മാളികകളുടെ ജനാലകളെല്ലാംതന്നെ ജാലത്തട്ടി വച്ചവയാണ്. ആസൂത്രിതമായുണ്ടാക്കിയിരിക്കുന്ന ഈ നഗരത്തിലൂടെ തെ. വടക്കായും കി. പടിഞ്ഞാറായും പോകുന്ന റോഡുകള്‍ ഇതില്‍ ഖണ്ഡങ്ങളുണ്ടാക്കിയിരിക്കുന്നു.

ജയ്സിംഹന്‍ II (1699-1743) സ്ഥാപിച്ച (1727) ഈ നഗരത്തിന്റെ ആസൂത്രണവും കെട്ടിട നിര്‍മാണവും നിര്‍വഹിച്ചതും ഇദ്ദേഹം തന്നെയാണ്. അംബറില്‍ നിന്നും തലസ്ഥാനം ഈ നഗരത്തിലേക്കു മാറ്റുവാനായിരുന്നു ഇത്. 12-ാം ശ.-ല്‍ രജപുത്രരുടെ തലസ്ഥാനമായിരുന്നു അംബര്‍. ജയ്പൂരില്‍ നിന്നു 11 കി.മീ. മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കച്വാഹന്മാരുടെ മുന്‍ തലസ്ഥാനമായിരുന്നു. ശ്രീരാമപുത്രനായ കുശന്റെ പിന്‍ഗാമികളാണെന്നാണ് ഇവരുടെ അവകാശവാദം. പുരാതന അയോധ്യാരാജാവായിരുന്ന അംബരീഷന്റെ സ്മരണയ്ക്കാകാം ഈ പ്രദേശത്തിന് 'അംബര്‍' എന്ന പേരു നല്കിയതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. ശിവഭക്തരായിരുന്ന രജപുത്ര ഭരണാധികാരികള്‍ 'അംബികേശ്വര'ന്റെ (ശിവന്‍) പേരില്‍ നിന്ന് നല്കിയതാകണം ഇതെന്നാണ് മറ്റൊരു ചിന്താഗതി.

അംബര്‍കോട്ട ഒരു കുന്നിന്‍ ചരിവില്‍ നിര്‍മിതമായിരിക്കുന്നു. മസ്താ തടാകക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്കുള്ളില്‍ ഹിന്ദു-മുസ്ലിം-വാസ്തുകലാ വൈദഗ്ധ്യത്തിന്റെ സമ്മിശ്ര രൂപങ്ങള്‍ കാണാം. കോട്ടയ്ക്കുള്‍ഭാഗത്ത് ആദ്യമാദ്യം പണിതീര്‍ത്തിരിക്കുന്ന ലളിതമായ കെട്ടിടങ്ങള്‍ ഹിന്ദുവാസ്തുശില്പവിദ്യയ്ക്കും പിന്നീട് പണിതീര്‍ത്തിരിക്കുന്ന മോടിയായി അലങ്കരിച്ച കെട്ടിടങ്ങള്‍ മുഗള്‍വാസ്തുശില്പകലയ്ക്കും ഉത്തമോദാഹരണങ്ങളാണ്. കോട്ടയ്ക്കുള്ളിലെ 'സുഖ് നിവാസ്' എന്ന സൗധം വാതാനുകൂലനം ചെയ്തതാണ്. അക്കാലത്തെ വാസ്തുശില്പികള്‍ കെട്ടിടത്തിനുള്ളിലെ വായുപ്രവാഹത്തെ നൈസര്‍ഗികമായി തണുപ്പിച്ചിരുന്നു. പുറത്തുനിന്നു വരുന്ന വായുവിനെ ചെറിയ ജലപാതങ്ങളിലൂടെ (cascade) കടത്തിവിട്ടിട്ടായിരുന്നു ഇത്. കോട്ടയ്ക്കുള്ളിലെ 'ജയ്മന്ദിര്‍' സകല കലകളുടെയും കേദാരമായിരുന്നു. പരിസരം വീക്ഷിക്കുവാനായി കോട്ടയ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ നിരീക്ഷണ സ്തൂപങ്ങള്‍ സ്ഥാപിച്ചിരുന്നു.

ഹവാ മഹല്‍

'കാറ്റിന്റെ കൊട്ടാരം' എന്നര്‍ഥം വരുന്ന 'ഹവാ മഹല്‍' ആണ് ജയ്പൂരിലെ ഏറ്റവും പ്രധാനവും മനോഹരവുമായ ചരിത്ര സ്മാരകം. പ്രതാപ്സിംഗ് രാജാവ് ആണ് ഇതു പണികഴിപ്പിച്ചത് (1799). അഞ്ചുനിലകളുള്ള ഈ മനോഹര സൗധത്തില്‍ അര്‍ധചന്ദ്രാകൃതിയില്‍ പുറത്തേക്കു തള്ളിനില്ക്കുന്ന ജനാലകള്‍ കാഴ്ചക്കാരന്റെ ശ്രദ്ധയെ ഹഠാദാകര്‍ഷിക്കുന്നു. തേനീച്ചക്കൂടിനെ ഓര്‍മിപ്പിക്കും വിധം അടുത്തടുത്തു കാണുന്ന ഈ ജനാലകള്‍ അന്തഃപുരത്തിലുള്ളവര്‍ക്ക് അന്യദൃഷ്ടിയില്‍ പെടാതെ നഗരം കാണുന്നതിനുവേണ്ടി ഉണ്ടാക്കിയതാണ്. കൊത്തുപണി ചെയ്ത യവനികകളും കമാനങ്ങളും ഇവിടത്തെ പ്രത്യേകതകളാണ്. ഇവ വായുവിനെ സുഗമമായി കടത്തിവിടുന്നു. ഈ മാളികയ്ക്ക് 'ഹവാമഹല്‍' എന്ന പേരു കിട്ടാന്‍ കാരണവും ഇതുതന്നെ.

ജയ്പൂരില്‍ നിന്ന് 8 കി.മീ. മാറി സ്ഥിതിചെയ്യുന്ന ഗാല്‍താ താഴ്വരയില്‍ പ്രകൃതി തന്നെ കൊത്തുപണികള്‍ ചെയ്തിരിക്കുകയാണ്. ഇവിടെ കല്ലില്‍ത്തീര്‍ത്ത ഒരു പശുവിന്റെ പ്രതിമയുണ്ട്. ഗാല്‍വ മഹര്‍ഷി തപസ്സു ചെയ്തിരുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ഒരു വൈഷ്ണവ വിഭാഗമായ 'രാമാനന്ദരു'ടെ ആസ്ഥാനവും ഇവിടെത്തന്നെ.

സിറ്റി പാലസ്, മ്യൂസിയം, ജന്ദര്‍-മന്ദര്‍, സിസോദിയ റാണി കാ ബാഗ് (സിസോദിയ റാണിയുടെ ഉദ്യാനം) എന്നിവയെല്ലാം ജയ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. സിറ്റി പാലസ് ജയ്പൂര്‍ മഹാരാജാവിന്റെ വസതിയും ഔദ്യോഗിക കാര്യാലയവും ആയിരുന്നു. 'മുബാറക് മഹല്‍' ആണ് ഇതിനുള്ളിലെ ഏറ്റവും മനോഹര സൗധം. മാധോ സിങ് II രാജാവ് പണികഴിപ്പിച്ച (1900) ഈ സൗധത്തിലെ അതിലോലമായ കൊത്തുപണികള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. കൊട്ടാരത്തിനുള്ളിലെ ദിവാനി-ആം രാജാവുമായി ജനങ്ങള്‍ക്കു പൊതുദര്‍ശനത്തിനും ദിവാനി-ഖാസ് സമൂഹത്തിലെ ഉന്നത വ്യക്തികള്‍ക്കു സ്വകാര്യദര്‍ശനത്തിനും വേണ്ടി ഉപയോഗിച്ചിരുന്നതാണ്.

അനേകം സ്മാരക സ്തൂപങ്ങളുടെ നാടാണ് ജയ്പൂര്‍. ജയ്സിങ് രാജാവിന്റെതാണ് ഇതില്‍ ഏറ്റവും പ്രധാനം. ശുദ്ധമായ വെണ്ണക്കല്‍ കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ സ്തൂപം നയന മനോഹരമാണ്. പ്രസിദ്ധമായ 'സംഭാര്‍ തടാകം' ജയ്പൂരിനടുത്തായി സ്ഥിതി ചെയ്യുന്നു.

ജയ്പൂരിന്റെ സ്ഥാപകനായ ജയ്സിംഹ് നല്ലൊരു പണ്ഡിതനും ഭരണകര്‍ത്താവും വാസ്തുശില്പിയും ജ്യോതിഃശാസ്ത്രജ്ഞനുമായിരുന്നു. ജ്യോതിഃശാസ്ത്രത്തില്‍ ഇദ്ദേഹത്തിന്റെ അഗാധപ്രാവീണ്യത്തിന്റെ സ്മാരകമാണ് ജയ്പൂരിലെ നക്ഷത്ര ബംഗ്ളാവുള്‍പ്പെടെ ഇദ്ദേഹം പണികഴിപ്പിച്ച അഞ്ചു വാനനിരീക്ഷണ കേന്ദ്രങ്ങള്‍. ഇതിലേറ്റവും വലുത് ജയ്പൂരിലേതാണ്. മഹാരാജാവ് മണിക്കൂറുകള്‍ തന്നെ ഇവിടെ ചെലവഴിക്കുകയും ജ്യോതിര്‍ഗോളങ്ങളുടെ ചലനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാസ്തുശില്പ ശാസ്ത്രങ്ങള്‍ക്കനുസൃതമായാണ് ജയ്സിംഹ മഹാരാജാവ് ജയ്പൂര്‍ നഗരം പണി കഴിപ്പിച്ചിട്ടുള്ളത്. 'ഷീലാദേവി'യും 'ജഗത് ശ്രീമണി'യും ജയ്പൂരിലെ ഹിന്ദുമാതൃകയിലുള്ള രണ്ടു മുഖ്യ ആരാധനാകേന്ദ്രങ്ങളാണ്. ഇവ ഹൈന്ദവ മാതൃകയില്‍ പണിതിട്ടുള്ള അപൂര്‍വ ചരിത്രസ്മാരകങ്ങളാണുതാനും. കൃഷ്ണന്റെയും രാധയുടെയും പൂര്‍ണകായ ശിലാവിഗ്രഹങ്ങള്‍ ഇവിടത്തെ പ്രത്യേകതയാകുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സാമന്ത രാജ്യമായിരുന്ന ജയ്പൂര്‍ 1949-ല്‍ രാജസ്ഥാന്‍ യൂണിയനില്‍ ലയിച്ചു. 1956-ല്‍ ഈ പ്രദേശം രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ ഭാഗമായി. ഇന്ന് ഒരു പ്രധാന റെയില്‍ ജങ്ഷനായിരിക്കുന്ന ഈ നഗരം ഡല്‍ഹി, മുംബൈ എന്നിവയുമായി വ്യോമ ഗതാഗതത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി കൂടാതെ മെഡിക്കല്‍ കോളജ്, മ്യൂസിയം, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഒരു ആര്‍ട്ട് സ്കൂള്‍ തുടങ്ങിയവയാണ് ജയ്പൂരിലെ മുഖ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 55-ാം വാര്‍ഷിക സമ്മേളനവും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനവും ഈ നഗരത്തില്‍ വച്ചായിരുന്നു.

രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിതമായ ഈ നഗരം ഇന്നും അതിന്റെ ഭംഗിയും പ്രൌഢിയും കാത്തു സൂക്ഷിക്കുന്നു. ഭാരതീയ വാസ്തുകലയുടെ ഭംഗിയും ഗുണമേന്മയും വിളിച്ചോതുന്ന ഈ നഗരത്തിലെ മണിമാളികകള്‍ ഇന്നും ധാരാളം വിനോദ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍