This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്യരാഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്യരാഗം

മേളകര്‍ത്താരാഗത്തില്‍ നിന്നും ജനിച്ചത് ജന്യരാഗം. ജനകരാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ തന്നെ ജന്യരാഗങ്ങള്‍ക്കും വരികയാണെങ്കില്‍ ആ രാഗങ്ങള്‍ ഉപാംഗ രാഗങ്ങളായിരിക്കും. അന്യസ്വരങ്ങള്‍ വരുന്ന ജന്യരാഗങ്ങള്‍ ഭാഷാംഗ രാഗങ്ങളാണ്. ഹരികാംബോജി മേളത്തിന്റെ ജന്യമായ കാംബോജി രാഗത്തിന് കാകലി നിഷാദം അന്യസ്വരമാണ്. മറ്റൊരു ഉദാഹരണമാണ് കമാശ്. ഈ രാഗവും ഹരികാംബോജിയുടെ ജന്യരാഗമാണ്. കമാശ് രാഗത്തിലും കാകലിനിഷാദം അന്യസ്വരമാണ്. ഹരികാംബോജി മേളത്തിന്റെ ജന്യരാഗമായ കേദാരഗൌളയില്‍ ഹരികാംബോജി മേളത്തിന്റെ സ്വരസ്ഥാനങ്ങള്‍ തന്നെയാണ് വരുന്നത്. അതുകൊണ്ട് കേദാരഗൌള ഒരു ഉപാംഗരാഗമാണ്.

ജന്യരാഗങ്ങളെ ജന്യസമ്പൂര്‍ണം, വര്‍ജ്യം, വക്രം, ഉപാംഗം, ഭാഷാഗം, നിഷാദാന്ത്യ, ധൈവതാന്ത്യ, പഞ്ചമാന്ത്യ, ഘന, നയ, ദേശ്യ, കര്‍ണാടകദേശ്യ, ശുദ്ധ-ഛായാലഗ സങ്കീര്‍ണ, സമ്പൂര്‍ണ കമ്പിതം, അര്‍ധകമ്പിതം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ജന്യസമ്പൂര്‍ണ മേളത്തിന് ഉദാഹരണമാണ് ഭൈരവി. ആരോഹണാവരോഹണങ്ങള്‍ സമ്പൂര്‍ണമാണെങ്കിലും ജന്യസമ്പൂര്‍ണമായാണ് അറിയപ്പെടുന്നത്. ആ: സഗരിഗമ പധനിസ, അ: സനിധപമ ഗരിസ. മേളകര്‍ത്താരാഗത്തിന്റെ ആരോഹണാവരോഹണങ്ങള്‍ വക്രമായിരിക്കാന്‍ പാടില്ല; ക്രമസമ്പൂര്‍ണമാവണം. ആരോഹണത്തില്‍ വരുന്ന സ്വരങ്ങള്‍ തന്നെ അവരോഹണത്തിലും വരണം. ഈ നിയമങ്ങള്‍ക്കു വിരുദ്ധമാണ് ഒരു മേളമെങ്കില്‍ അത് ജന്യസമ്പൂര്‍ണ മേളമാണ്. ഭൈരവിയും ജന്യസമ്പൂര്‍ണമാണ്.

ഒന്നോ രണ്ടോ മൂന്നോ സ്വരങ്ങള്‍ ഒരു രാഗത്തില്‍ വര്‍ജിച്ചിട്ടുണ്ടെങ്കില്‍ അത് വര്‍ജ്യരാഗമാണ്. ആരോഹണാവരോഹണങ്ങളില്‍ 5 സ്വരങ്ങള്‍ മാത്രം വരികയാണെങ്കില്‍ അത് ഔഡവരാഗം. ഉദാ. ശുദ്ധ സാവേരി, ആ: സരിമപധസ, അ: സധപമരിസ. 6 സ്വരങ്ങള്‍ ഒരു രാഗത്തില്‍ വരികയാണെങ്കില്‍ അത് ഷാഡവരാഗം. ഉദാ. മലയമാരുതം, ആ: സരിഗപധനിസ, അ: സനിധപഗരിസ. ചക്രവാകത്തിന്റെ ജന്യമാണ് ഈ രാഗം. ആരോഹണത്തിലോ അവരോഹണത്തിലോ നാല് സ്വരങ്ങള്‍ വരികയാണെങ്കില്‍ അത് സ്വരാന്തരം. ഉദാ. നവരസകന്നഡ, ആ: സഗമപസ, അ: സനിധമഗരിസ. അവരോഹണം ഷാഡവമാണ്. അതുകൊണ്ട് ഈ രാഗം സ്വരാന്തരഷാഡവത്തിന് ഉദാഹരണമാണ്. ഇതുപോലെ സമ്പൂര്‍ണഷാഡവം, സമ്പൂര്‍ണ ഔഡവം, ഷാഡവസമ്പൂര്‍ണം, ഔഡവസമ്പൂര്‍ണം എന്ന് പല വിഭാഗങ്ങളുണ്ട്.

1. ശാമ-സരിമപധസ-ഔഡവഷാഡവം. 28-ല്‍ ജന്യം സധപമഗരിസ

2. നാട്ടക്കുറിഞ്ചി, സരിഗമധനിസ-ഷാഡവഔഡവം-28-ല്‍ ജന്യം സനിധമഗസ

3. കാംബോജി-സരിഗമപധസ-ഷാഡവസമ്പൂര്‍ണം-28-ല്‍ ജന്യം സനിധപമഗരിസ

4. ധന്യാശി-സഗമപനിസ-ഔഡവസമ്പൂര്‍ണം-8-ല്‍ ജന്യം സനിധപമഗരിസ.

5. ഗരുഡധ്വനി-സരിഗമപധനിസ-സമ്പൂര്‍ണഔഡവം-29-ല്‍ ജന്യം സധപഗരിസ.

സ്വരങ്ങള്‍ ക്രമമായല്ലാതെ വക്രമായി വരുന്ന രാഗങ്ങളെ വക്രരാഗങ്ങള്‍ എന്നു പറയുന്നു. ഇവയില്‍ തന്നെ ആരോഹണവക്രം, അവരോഹണ വക്രം, ഉഭയവക്രം എന്നീ വിഭാഗങ്ങളുണ്ട്.

ആരോഹണം മാത്രം വക്രം.

ഉദാ. ബേഗഡ-സഗരിഗമപധനീധപസ സനീധപമാഗരിസ അവരോഹണം മാത്രം വക്രം.

ഉദാ. ശ്രീരാഗം-സരിമപനിസ സനിപമരിഗരിസ

ആരോഹണവും അവരോഹണവും വക്രമായി വരുന്ന രാഗം.

ഉദാ. രീതിഗൌള-സഗരിഗമനിദമനിനിസ

സനിധമഗമപമാഗരിസ

ഇത്തരത്തില്‍ രണ്ടും വക്രമായി വരുന്ന രാഗങ്ങളെ ഉഭയവക്രം എന്നു പറയുന്നു.

നിഷാദാന്ത്യ, ധൈവതാന്ത്യ, പഞ്ചമാന്ത്യരാഗങ്ങള്‍.

1. ഉദാ. നാഥനാമക്രിയ-സരിഗമപധനി-നിധപമ-ഗരിസനി (നിഷാദാന്ത്യരാഗം)

2. ഉദാ. കുറിഞ്ചി-സനിസരിഗമപധ-ധപമഗരിസനിസ (ധൈവതാന്ത്യരാഗം)

3. ഉദാ. നവറോജ്-പധനിസരിഗമപ-മഗരിസനിധപ (പഞ്ചമാന്ത്യരാഗം)

താനം പാടുന്ന രീതിയില്‍ ശോഭിക്കുന്ന രാഗങ്ങളെ ഘനരാഗങ്ങള്‍ എന്നു പറയുന്നു.

ഉദാ. നാട്ട, ഗൌള, ആരഭി, വരാളി, ശ്രീ.

ചൌക്കകാല ആലാപനയില്‍ ശോഭിക്കുന്ന രാഗങ്ങളെ നയരാഗങ്ങള്‍ എന്നു പറയുന്നു. താനം പാടുന്ന രീതിയിലും ഈ രാഗങ്ങള്‍ പാടാന്‍ കഴിയും. ഉദാ. കല്യാണി, ഭൈരവി, ദേശ്യരാഗങ്ങള്‍:

വേറൊരു ദേശത്തു നിന്നുമുള്ള സ്വാധീനം ദേശ്യരാഗങ്ങളില്‍ കാണാം.

ഉദാ. ഹിന്ദുസ്ഥാനി കാപ്പി, ബിഹാഗ്. നമ്മുടെ പരമ്പരാഗതരാഗങ്ങളെ കര്‍ണാടക രാഗങ്ങള്‍ (ദേശിരാഗങ്ങള്‍) എന്നു പറയുന്നു.

ഉദാ. നീലാംബരി, ആനന്ദഭൈരവി, യദുകുല കാംബോജി: ഇവ ശുദ്ധരാഗങ്ങള്‍ക്കും ഉദാഹരണമാണ്. ഛായാലഗരാഗങ്ങള്‍-മറ്റൊരു രാഗത്തിന്റെ ഛായ കലര്‍ന്നുവരുന്ന രാഗങ്ങളാണിവ. ഉദാ. സൗരാഷ്ട്രം.

സങ്കീര്‍ണം: ഒന്നില്‍ക്കൂടുതല്‍ രാഗങ്ങളുടെ ഛായ ഒരു രാഗത്തില്‍ കാണപ്പെടുന്നുവെങ്കില്‍ അത് സങ്കീര്‍ണരാഗം. ഇതിന് സംക്രമരാഗം എന്നും പേരുണ്ട്. ഉദാ. ദ്വിജാവന്തി. കര്‍ണാടക സംഗീതത്തിലെ ദ്വിജാവന്തി രാഗത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിലെ ജയ്ജയ്വന്തി രാഗവുമായി വളരെ വ്യത്യാസങ്ങളുണ്ട്.

കമ്പിതരാഗം: സമ്പൂര്‍ണ കമ്പിതം, അര്‍ധകമ്പിതം-കമ്പവിഹീനം. സ, പ എന്നീ സ്വരങ്ങള്‍ ഒഴികെ, മറ്റുള്ള സ്വരങ്ങള്‍ കമ്പിതമായിപ്പാടുമ്പോള്‍ അത് സമ്പൂര്‍ണ കമ്പിതരാഗം.

ഉദാ. കല്യാണി.

അര്‍ധകമ്പിതരാഗം.

ഉദാ. കുന്തളവരാളി. സമപധനിധസ സനിധപമസ

കമ്പവിഹീനരാഗം.:

ഉദാ. കദന കുതൂഹലം. സരിമധാനിഗപസ സനിധപമഗരിസ കമ്പവിഹീനം എന്ന ഒരു വിഭജനം ഉണ്ടെങ്കിലും കമ്പിതഗമകം ഇല്ലാത്ത രാഗങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ കുറവാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍