This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്മിത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്മിത്തം

കേരളത്തില്‍ നിലനിന്ന ഭൂവുടമസ്ഥതയിലധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥ. 'ജന്മം' എന്ന വാക്കിന് ജനനം എന്നര്‍ഥമാകുന്നു. ഈ വാക്ക് ഭൂമിസംബന്ധമായ അര്‍ഥത്തില്‍ ആദ്യം പ്രയോഗിക്കപ്പെട്ടത് 1861-ലാണ്. 'ജന്മം' എന്ന വാക്കില്‍ നിന്നാണ് 'ജന്മി' എന്ന വാക്കുണ്ടായത്. ഭൂമിയുടമസ്ഥതയെ സംബന്ധിച്ച് 'ജന്മം', 'ജന്മി' എന്നീ വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളത് ആധുനിക കാലങ്ങളിലാണ്. സര്‍ക്കാര്‍ കണക്കുകളില്‍ 'വകതനതു' എന്നല്ലാതെ 'വകജന്മി' എന്നു കാണുന്നില്ല.

പരശുരാമന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ ജന്മിസമ്പ്രദായത്തിന്റെ അടിവേരുകള്‍ സ്ഥിതിചെയ്യുന്നതെന്നു കാണാം. പരശുരാമന്‍ കേരളക്കരയെ കടലില്‍ നിന്നു വീണ്ടെടുത്ത് അതിനെ അറുപത്തിനാലു ഗ്രാമക്കാരായ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അറുപത്തിനാലു ഗ്രാമക്കാര്‍ക്ക് അനുഭവിക്കാന്‍ 'പൂവും നീരും' കൂട്ടി ദാനം ചെയ്തതിന് 'ജന്മം' എന്നു പറയുന്നു. ഒരു ഗ്രാമത്തിലെ തറവാട്ടുകാര്‍ക്ക് ഒന്നായി കൊടുത്തതിന് 'ഏകോദകം' എന്നും, പത്തുഗ്രാമക്കാരായ 3600 ബ്രാഹ്മണര്‍ക്ക് വാളിന്മേല്‍ നീരുപകര്‍ന്നു കൊടുത്തതിന് 'രാജാംശം' എന്നും പറയുന്നു. അവര്‍ക്കു വെള്ളത്തില്‍ വിരല്‍മുക്കി ഇത് എന്റെ ജന്മമാണ് എന്നും പറയാം. പരശുരാമന്‍ കൊണ്ടുവന്ന് പാര്‍പ്പിച്ച ബ്രാഹ്മണര്‍ മുമ്പു വാഗ്ദാനം ലഭിച്ചിട്ടുള്ളതനുസരിച്ച് ധ്യാനിക്കുകയും അദ്ദേഹം അവരുടെ മുമ്പില്‍ പ്രത്യക്ഷനാവുകയും ചെയ്തത്രെ. എന്നാല്‍ തക്കകാരണം കൂടാതെ പരശുരാമനെ പരീക്ഷിച്ചതിനാല്‍ അവര്‍ക്കു ലജ്ജയുണ്ടായി എന്നു പറയപ്പെടുന്നു. ഈ ലജ്ജ എന്ന പദം വര്‍ണ വിപര്യാസത്താല്‍ 'ജല്' എന്നായി. അതില്‍ നിന്നുമാണെത്രെ 'ജന്മി' എന്ന പദം ഉദ്ഭവിച്ചത്. പരശുരാമന്‍ നാനാരാജ്യങ്ങളില്‍ നിന്നും ശൂദ്രരെ വരുത്തി കേരളത്തില്‍ താമസിപ്പിക്കുകയും അവരുടെ ആചാരങ്ങളെ നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹം ദേശത്ത് അടിമയും കുടിമയും നിര്‍മിച്ചു. അടിയാന്മാരെയും കുടിയാന്മാരെയും രക്ഷിച്ചു. തറകളും സങ്കേതങ്ങളും നിശ്ചയിച്ചു. നായന്മാരെ തറകളില്‍ സ്ഥാപിച്ചു. അവര്‍ക്ക് 'കണ്ണും കൈയും' കല്പിച്ചു. അവരവരുടെ അവകാശങ്ങളും അധികാരങ്ങളും വീഴ്ച വരാതെ നോക്കേണ്ട ഭാരം നായന്മാര്‍ക്കാകുന്നു. കുടിയാന്മാര്‍ക്ക് കീഴ്ക്കൂറും ബ്രാഹ്മണര്‍ക്ക് മേല്‍ക്കൂറും കുടിയാന് കാണവും ബ്രാഹ്മണര്‍ക്ക് ജന്മവും കൊടുത്തു. കാണ-ജന്മ മര്യാദയും ബ്രാഹ്മരുടെ നിയമങ്ങളും ശൂദ്രരുടെ ആചാരങ്ങളും നിബന്ധന ചെയ്തു എന്നാണ് പരശുരാമപുരാവൃത്തം പറയുന്നത്.

നമ്പൂതിരിമാരുടെ ആഗമനത്തിനു മുമ്പ് സ്വത്തുടമാസമ്പ്രദായം കേരളത്തില്‍ പതിവില്ലായിരുന്നു എന്നു കാണാം. കാടുകള്‍ വെട്ടിതെളിക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തതിതു ശേഷമാണ് ഭൂമി സമുദായത്തിന്റെ അടിത്തറയും ഉത്പാദനോപകരണവും ആയി മാറിയത്. എ.ഡി. 7, 8 ശ.ങ്ങളില്‍ തുളുനാട്ടില്‍ക്കൂടി കേരളത്തിലേക്കു പ്രവഹിച്ച നമ്പൂതിരിസമൂഹം ജന്മികളായി മാറിയത് 12-ാം ശ.-ത്തോടുകൂടിയാണ്. വേദബ്രാഹ്മണര്‍ തെക്കോട്ടേക്കുള്ള അവരുടെ കുടിയേറ്റ പ്രയാണത്തിനിടയില്‍, നാട്ടുകാര്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ സ്വീകരിച്ച പ്രധാനമാര്‍ഗം സംസ്കൃതഭാഷയിലുള്ള മന്ത്രോച്ചാരണമായിരുന്നു. ഹോമകര്‍മാദികള്‍ നടത്തി ദൈവങ്ങളെക്കൊണ്ട് ഉദ്ദിഷ്ടകാര്യങ്ങള്‍ ചെയ്യിക്കാന്‍ തങ്ങള്‍ക്ക് ദിവ്യസിദ്ധി ഉണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചു. അത് അവരുടെ സ്വാധീനശക്തിക്ക് നിദാനമായി വര്‍ത്തിച്ചു. ബ്രാഹ്മണരെ ആദരിക്കുന്നവര്‍ക്ക് അടുത്ത ജന്മത്തില്‍ സമസ്തനന്മകളും നേടിക്കൊടുക്കാനും അവര്‍ക്കും അവരുടെ പിതൃ പരമ്പരയ്ക്കും മോക്ഷപ്രാപ്തി ഉറപ്പുവരുത്താനും തങ്ങള്‍ക്കു കഴിയുമെന്നു പ്രചരിപ്പിക്കാന്‍ ബ്രാഹ്മണ പൌരോഹിത്യം പ്രത്യേകം ശ്രദ്ധിച്ചു. ഭൂമിയുടെ മേലുള്ള ജന്മാവകാശം ബ്രാഹ്മണര്‍ക്ക് മാത്രമായുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള വൈദികവും സാമൂഹികവുമായ ശക്തി അന്നവര്‍ക്കുണ്ടായിരുന്നു.

ഓരോ കൃഷിഭൂമിക്കും കൃഷിചെയ്യുന്നവരും ചെയ്യാത്തവരും എന്ന രണ്ടു തരം ഉടമസ്ഥരാണുണ്ടായിരുന്നത്. കാലക്രമത്തില്‍ നമ്പൂതിരിക്കും നാടുവാഴിക്കും സമൂഹത്തിലുള്ള സ്ഥാനം വര്‍ധിച്ചു. കൃഷിഭൂമിക്ക് മേല്ക്കോയ്മാധികാരം ഉണ്ടെന്നു വന്നു. നാടുവാഴികളും ദേശവാഴികളുമായ സാമന്തന്മാരും നായന്മാരും തങ്ങളുടെ സൈനികശക്തിയുടെയും നാട്ടുകാരില്‍ നിന്നു ലഭിച്ച അംഗീകാരത്തിന്റെയും ഫലമായി ഭൂവുടമകളായി മാറി. ഇന്നത്തെ രീതിയിലുള്ള ക്ഷേത്രനിര്‍മാണം ആരംഭിച്ചത് 750 മുതലാവാനാണു സാധ്യതയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ക്ഷേത്രങ്ങള്‍ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടിയാണ്. കൃഷി ചെയ്യാതെ തന്നെ തങ്ങള്‍കൂടി വിളയില്‍ ഓഹരിക്കാരാകുന്നതിന് സഹായിക്കുന്ന ഒരേര്‍പ്പാട് സാമാന്യജനങ്ങളുടെ ബ്രാഹ്മണ ഭക്തി ചൂഷണം ചെയ്ത് നടപ്പിലാക്കാന്‍ നമ്പൂതിരിമാര്‍ക്കു കഴിഞ്ഞു.

നൂറ്റാണ്ടുയുദ്ധം എന്നറിയപ്പെടുന്ന ചോള-ചേരയുദ്ധകാലഘട്ടത്തിലാണ് നമ്പൂതിരിമാരുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചത്. യുദ്ധത്തിന്റെ കെടുതികള്‍ ബ്രഹ്മസ്വവും ദേവസ്വവുമായ വസ്തുവകകളെ ബാധിക്കുകയില്ലെന്നു കരുതി സാധാരണക്കാര്‍ തങ്ങളുടെ ഭൂസ്വത്തു മുഴുവനും ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും കൈമാറ്റം ചെയ്തു. നികുതികളില്‍ നിന്നും രക്ഷപ്പെടുന്നതിന് ചിലര്‍ സ്വന്തം ഭൂമി പേരിനു മാത്രം ക്ഷേത്രങ്ങള്‍ക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്കും മാസവിശേഷങ്ങള്‍ക്കും ആട്ടവിശേഷങ്ങള്‍ക്കും കലാശാലകളുടെയും മറ്റും നടത്തിപ്പിനും ഒക്കെ പ്രഭുക്കന്മാര്‍ കൃഷിഭൂമി വിട്ടുകൊടുക്കുക പതിവായിത്തീര്‍ന്നു. നമ്പൂതിരിമാരായ ഊരാളന്മാര്‍ ഈ സ്വത്തുക്കളെല്ലാം കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഈ ഊരാണ്മാവകാശം പാരമ്പര്യവഴിക്കായിത്തീരുന്നതിനു മുമ്പ് ജന്മം മുഴുവന്‍ ആ അവകാശം വച്ചുപുലര്‍ത്തുന്ന ഒരു അന്തരാള ഘട്ടമുണ്ടായിരുന്നു. ആ അവകാശത്തില്‍ നിന്നാണ് ജന്മിയുടെ ഉദ്ഭവം. ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന ബ്രാഹ്മണരുടെ വളര്‍ച്ചയ്ക്ക് ആസ്പദമായി വര്‍ത്തിച്ച സാമൂഹികഘടകങ്ങളായിരുന്നു മരുമക്കത്തായ ജീവിതരീതിയും കൂട്ടുകുടുംബസമ്പ്രദായവുമെന്നു കാണാവുന്നതാണ്.

ഭൂമിയും ഭൂമിയിലുള്ള അവകാശവും എന്നും പുനര്‍നിര്‍ണയം ചെയ്തുകൊണ്ടേയിരുന്നു. കാലാകാലങ്ങളില്‍ ഉണ്ടാകാവുന്ന ഓരോ പ്രശ്നത്തെയും പരിഹരിച്ച് പുതിയ കീഴ്വഴക്കങ്ങളും ആചാരങ്ങളും നിയമങ്ങളും ഉണ്ടായി. തങ്ങളുടെ ഭൂമി കൃഷിചെയ്യിച്ച് ആദായം അനുഭവിക്കുന്നതിനുവേണ്ടി ബ്രാഹ്മണര്‍ വെറുമ്പാട്ടം മുതല്‍ അട്ടിപ്പേറുവരെയുള്ള പലതരത്തിലുള്ള അവകാശങ്ങളായി ഭൂമിയെ കൈമാറ്റം ചെയ്തുവന്നു. ഭൂമിയിന്മേല്‍ ഒരുവന് ലഘുവായിട്ടുള്ള അവകാശം വെറുമ്പാട്ടവും അറ്റകരണത്താല്‍ ജന്മിയുടെ ഉടമസ്ഥാവകാശം വിട്ട് അത് കുടിയാനില്‍ നിക്ഷിപ്തമാവുന്ന അവകാശം അട്ടിപ്പേറും ആകുന്നു. ഇതിനിടയ്ക്ക് പലതരത്തിലുള്ള കാരണങ്ങളും ഉണ്ട്. ആ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന എല്ലാ അവകാശങ്ങളും ദ്രവ്യബന്ധമുള്ളതായിരിക്കും. പാട്ടം, പണയം, പാട്ടവും പണയവും കൂടിച്ചേര്‍ന്നത് എന്നിങ്ങനെ ഇവ വേര്‍തിരിയുന്നു. ഉണ്ണാനും ഊട്ടാനും രമിക്കാനും വിശ്രമിക്കാനും വേണ്ടി ജനിച്ച കൂട്ടരായിരുന്നു ജന്മിമാര്‍. രാജപദവിയെക്കാള്‍ ഉന്നതമായിരുന്നു അവര്‍ക്കു ലഭിച്ച സ്ഥാനം. സ്വന്തം സ്വാധീനബലത്താല്‍ അവര്‍ രാജാക്കന്മാരെ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്ര ശക്തനായ രാജാവിനും ഒരു ജന്മിയെ സൃഷ്ടിക്കാനോ ഇല്ലാതാക്കാനോ സാധിച്ചിരുന്നില്ല.

ജന്മിത്തത്തിന്റെയും കുടിയാന്മയുടെയും സ്ഥിതി കേരളത്തില്‍ പലതായിരുന്നു. 'കുടിയാന്‍' എന്ന വാക്കിന്റെ അര്‍ഥം കുടിയില്‍ താമസിക്കുന്നവന്‍ എന്നാണ്. ജന്മിമാര്‍ എന്ന സമുദായത്തില്‍ ചേര്‍ന്ന ഒരാളും ഭൂസ്വത്തിനെ നന്നാക്കുന്നവരല്ല. എന്നാല്‍ കുടിയാന്മാര്‍ നന്നാക്കുന്നവരാണ്. കുടിയാന്‍ ഒരു സംഖ്യ കാണമായി ജന്മിക്കു കൊടുക്കുന്നു. ജന്മിയുടെ വസ്തു അകലെയാകുകയോ ജന്മി നേരിട്ടു കൃഷിചെയ്യാതിരിക്കുകയോ ഭൂമി അത്യധികം ആകുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് കാണക്കാരന്റെ ആവശ്യം വേണ്ടി വരുന്നത്. പണത്തിന്റെയും ചാര്‍ത്തിന്റെയും സ്വഭാവമുള്ള ഒരു കുടിയായ്മ രീതിയാണിത്. വളരെ സരളമായ ഒരു ബന്ധമാണ് ജന്മിയും കുടിയാനുമായി ഉണ്ടായിരുന്നത്.

ജന്മിയുടെ ഇഷ്ടത്തിനൊത്ത് കുടിയാനെ ഒഴിപ്പിക്കാമെന്ന സമ്പ്രദായത്തിനെതിരെ പിന്നീട് നിയമവ്യവസ്ഥകള്‍ ആവിഷ്കൃതമായി. 1895-ലെ ജന്മി-കുടിയാന്‍ നിയമപ്രകാരം കാണക്കുടിയാന്മാര്‍ക്ക് വസ്തുവില്‍ സ്ഥിരാവകാശം ലഭിച്ചു. (നോ. ജന്മി-കുടിയാന്‍ വിളംബരം) 20-ാം ശ.-ലുണ്ടായ ദേശീയ സ്വാതന്ത്യ്രസമരവും ജാതിനവീകരണപ്രസ്ഥാനങ്ങളും കേരളത്തിലെ ഭൂവുടമാസമ്പ്രദായത്തിന്റെ അസ്ഥിവാരമിളക്കുവാന്‍ സഹായകമായി. ദേശീയ ജനാധിപത്യ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു.

1958-ലെ കര്‍ഷകബന്ധബില്ലും 1971-ല്‍ നടപ്പിലാക്കപ്പെട്ട കുടികിടപ്പുനിയമവും പരമ്പരാഗത ജന്മിത്തത്തെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

1957-ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ജന്മിത്തത്തിന്റെ അടിത്തറയിളക്കുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രമായ ഒരു കാര്‍ഷികബന്ധബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു (1957 ഡി.). കുടിയായ്മ സംരക്ഷണം, മര്യാദപ്പാട്ടനിര്‍ണയം, കുടികിടപ്പുകാര്‍ക്കുള്ള പ്രത്യേക സംരക്ഷണം, നടപ്പുകുടിയാന് (പാട്ടക്കാരന്) ഭൂവുടമയില്‍ നിന്നും ഭൂമിയിലെ അവകാശങ്ങള്‍ വിലയ്ക്കുവാങ്ങുവാനുള്ള അധികാരം എന്നിവയ്ക്കു പുറമെ, ഭൂപരിധി നിര്‍ണയിക്കുവാനും മിച്ചഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുവാനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ചരിത്രപ്രധാനമായ ഈ ബില്‍. നിയമസഭ പാസാക്കി അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയച്ചെങ്കിലും, ചില ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് അദ്ദേഹം ബില്ല് തിരിച്ചയയ്ക്കുകയുണ്ടായി. ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ 1960 ഒക്ടോബറില്‍ നിയമസഭ പാസ്സാക്കുകയും 1961 ഫെ. 15-ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരള കാര്‍ഷികബന്ധനിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ഈ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനവധി കേസുകളുണ്ടായി. നിയമം ഭേദഗതി ചെയ്യുന്നതിലും ഭേദം പുതിയൊരു നിയമം ആവിഷ്കരിക്കുകയാണെന്നു തീരുമാനിക്കുകയാല്‍, 1963-ല്‍ കേരള ഭൂപരിഷ്കരണനിയമം കേരളനിയമസഭ പാസ്സാക്കി. 1964-ല്‍ ഇത് ഭരണഘടനയുടെ 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഈ നിയമത്തിലെ മൂന്നാം അധ്യായം ഒഴികെയുള്ള വകുപ്പുകളെല്ലാം 1964 ഏ. 1-ന് നിലവില്‍ വന്നു. 1969-ല്‍ ഭൂപരിഷ്കരണനിയമത്തിലെ പല വകുപ്പുകളിലും സമഗ്രമായ ഭേദഗതികള്‍ കൊണ്ടുവന്നു. 1970 ജനു.-ല്‍ മൂന്നാം അധ്യായവും പ്രാബല്യത്തില്‍ വന്നു. 1971, 72, 73, 74, 75, 78, 79, 81, 88 വര്‍ഷങ്ങളിലും ഭൂപരിഷ്കരണത്തിലെ ചില വകുപ്പുകള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. ഈ നിയമത്തിന്റെ നടത്തിപ്പിനായി കേരള ഭൂപരിഷ്കരണ (കുടിയായ്മ) നിബന്ധന 1970, കേരള ഭൂപരിഷ്കരണ (ഭൂപരിധി) ചട്ടങ്ങള്‍ 1970, കേരള ഭൂപരിഷ്കരണ (കര്‍ഷക പുനരധിവാസ ചട്ടങ്ങള്‍ 1970, കേരള ഭൂപരിഷ്കരണ (ക്രയവിലനഷ്ടപരിഹാരം) ചട്ടങ്ങള്‍ 1980 എന്നിവ കേരളസര്‍ക്കാര്‍ നടപ്പിലാക്കി.

ഭൂപരിഷ്കരണ നിയമത്തിലെ രണ്ടാം അധ്യായത്തില്‍ കുടി യായ്മയെ സംബന്ധിക്കുന്ന വകുപ്പുകളും മൂന്നില്‍ ഭൂപരിധി നിര്‍ണയം, മിച്ചഭൂമി വിതരണം എന്നിവ സംബന്ധിച്ചുള്ള ചട്ടങ്ങളും ഉള്‍ക്കൊള്ളുന്നു. കൃഷിഭൂമി യഥാര്‍ഥ കര്‍ഷകനു നല്കുന്നതിലൂടെ കാര്‍ഷികപുരോഗതിക്കു തടസ്സമായി നില്ക്കുന്ന ഫ്യൂഡല്‍ ഉത്പാദനബന്ധങ്ങള്‍ തകര്‍ക്കുകയെന്നതായിരുന്നു ഭൂപരിഷ്കരണത്തിനു പിന്നിലെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഭൂമിയെ സംബന്ധിച്ച ആധികാരികരേഖകള്‍ വേണ്ടത്ര ഇല്ലായെന്നതും നിയമവ്യവഹാരങ്ങളും തോട്ടങ്ങള്‍ മുതലായ ഭൂമികളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയതും മധ്യവര്‍ത്തികളെ പരോക്ഷമായി സഹായിക്കുന്ന വ്യവസ്ഥകളും ഭൂപരിഷ്കരണ നിയമത്തിലെ ന്യൂനതകളായി അവശേഷിക്കുന്നു. എങ്കിലും ജന്മിത്തം അവസാനിപ്പിക്കുന്നതില്‍ ഭൂപരിഷ്കരണ നിയമം വഹിച്ച പങ്ക് നിര്‍ണായകമാണ്.

(ആര്‍. സുരേഷ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍