This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുകഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്തുകഥകള്‍

ജന്തുക്കളെ കഥാപാത്രങ്ങളാക്കിയുള്ള കഥകള്‍. നാടോടിക്കഥകളില്‍ ഒരു വലിയ വിഭാഗം ജന്തുകഥകളാണ്. കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെടുന്ന കഥകളിലും ഭൂരിഭാഗവും ജന്തുകഥകളാണ്. വായനക്കാരന് ഒരു ഗുണപാഠം ലഭിക്കത്തക്ക രീതിയിലായിരിക്കും ഇതിന്റെ രചന.

ഇത്തരം കഥകളില്‍ എല്ലാ കഥാപാത്രങ്ങളും ജന്തുക്കളായിരിക്കും. ചിലതില്‍ പക്ഷികള്‍ മാത്രമേ കഥാപാത്രങ്ങളായുണ്ടാവുകയുള്ളൂ. മറ്റു ചിലതില്‍ മൃഗങ്ങള്‍ മാത്രമായിരിക്കും. പക്ഷികളും മൃഗങ്ങളും ജലജീവികളുമെല്ലാമുള്ള കഥകളുമുണ്ട്. കഥാപാത്രങ്ങളെല്ലാം രൂപം കൊണ്ട് ജന്തുക്കളാണെങ്കിലും പ്രവൃത്തി കൊണ്ടും ബുദ്ധി കൊണ്ടും മനുഷ്യര്‍ക്കു തുല്യരായിരിക്കും. മനുഷ്യസഹജമായ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും ജന്തുക്കളില്‍ ആരോപിച്ചു ചമച്ചിട്ടുള്ളവയാണ് ഇത്തരം കഥകള്‍ അധികവും. കഥാപാത്രങ്ങളായ ജന്തുക്കള്‍ അതതുസമൂഹത്തിനു പരിചിതമായിട്ടുള്ളവ ആയിരിക്കും. അദ്ഭുതജീവികളൊന്നും ലക്ഷണമൊത്ത ജന്തുകഥയില്‍ കാണുകയില്ല എന്നുമാത്രമല്ല, ഓരോ ജന്തുവിന്റെയും സ്വഭാവവിശേഷങ്ങള്‍ അവയെക്കുറിച്ച് അതതു സമൂഹത്തിലുള്ള സാംസ്കാരിക ധാരണയനുസരിച്ചു മാത്രമായിരിക്കുകയും ചെയ്യും. എലി, പൂച്ച, കുറുക്കന്‍, കാക്ക, കൊക്ക്, മുയല്‍, സിംഹം, ആന, അരയന്നം, കുരങ്ങ്, ആമ, കരടി തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടിട്ടുള്ള കഥാപാത്രങ്ങള്‍. വലിയ ജന്തുക്കളെ ചെറിയ ജന്തുക്കള്‍ കീഴ്പ്പെടുത്തുക, ക്രൂരജന്തുക്കളെ സാധുജന്തുക്കള്‍ വകവരുത്തുക, സ്വതഃസിദ്ധമായ കഴിവുകളില്‍ അഹങ്കരിക്കുന്ന ജന്തുക്കളെ സ്വപ്രയത്നവും ബുദ്ധിയുംകൊണ്ട് അബലരായ ജന്തുക്കള്‍ പരാജയപ്പെടുത്തുക എന്നിങ്ങനെയെല്ലാമാണ് ഇതിന്റെ പൊതുഘടന.

ഈ കഥകളിലധികവും വാമൊഴിയായി പ്രചരിച്ചിട്ടുള്ളതും അജ്ഞാതകര്‍ത്തൃകവുമാണ്. എന്നാല്‍ ലിഖിതരൂപമുള്ളതും വാമൊഴിയായും വരമൊഴിയായും പ്രചാരം നേടിയിട്ടുള്ളതും ആയ ധാരാളം കഥകളുമുണ്ട്. ഇത്തരം കഥകളേറെയും സദാചാരബോധനം ലക്ഷ്യം വയ്ക്കുന്നവയും ജന്തുക്കളോടൊപ്പം മനുഷ്യരും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുള്ളവയുമാണ്. പഞ്ചതന്ത്രകഥകളിലേറെയും ഇതിനു തെളിവാണ്. ജാതകകഥകള്‍ തുടങ്ങിയുള്ള നീതിസാരകഥകളും ഈ സ്വഭാവമുള്ളവയാണ്. കഥാസരിത്സാഗരത്തിലും വളരെയധികം ജന്തുകഥകളുണ്ട്. ഇത്തരം ജന്തുകഥകളെ ഫോക്ലോര്‍ പഠനമേഖല സദാചാര(ജന്തു)കഥകള്‍ (Fables) എന്നാണ് വിളിക്കുക ഇതനുസരിച്ച് ജന്തുക്കള്‍ മാത്രം കഥാപാത്രങ്ങളായുള്ള കഥകള്‍, സദാചാര(ജന്തു)കഥകള്‍ എന്നിങ്ങനെ ജന്തുകഥകളെ രണ്ടായി വിഭജിച്ചിട്ടുണ്ട്.

ലോകമെങ്ങും പിഞ്ചുകുട്ടികള്‍ക്ക് പ്രിയങ്കരങ്ങളായി നിരവധി ജന്തുകഥകള്‍ പ്രചാരത്തിലുണ്ട്. ഇതിന്റെ ആവിര്‍ഭാവം ഭാരതത്തില്‍ നിന്നാണെന്ന് ഏണസ്റ്റ് റൈസ്, മാക്സ് മുള്ളര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍