This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനോവ

Genoa

ഇറ്റലിയിലെ ഒരു പ്രവിശ്യയും പ്രവിശ്യാതലസ്ഥാനവും പ്രധാന തുറമുഖനഗരവും. പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലെ ആഴം കൂടിയ ഉള്‍ക്കടലിനും ജനോവ എന്നാണ് പേര്‍. ഉള്‍ക്കടു ല്‍ത്തീരത്തായി റോമിന് 400 കി.മീ. വടക്കു പടിഞ്ഞാറുമാറി ജനോവ നഗരം സ്ഥിതിചെയ്യുന്നു. ചരിത്രപ്രാധാന്യമുള്ള ഈ നഗരം ഇറ്റലിയിലെ ഒരു പ്രധാന വ്യാവസായിക-സാമ്പത്തിക കേന്ദ്രമാണ്. ലിഗ്യൂറിന്‍ പര്‍വതനിരകളുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ബി.സി. 8-ാം ശതകത്തില്‍ സ്ഥാപിതമായി എന്നാണ് വിശ്വാസം.

പഴമയുടെയും പുതുമയുടെയും മിശ്രഭാവങ്ങളുള്‍ക്കൊള്ളുന്നതാണ് ഈ നഗരം. ഡൂക്കല്‍ കൊട്ടാരം, ക്രിസ്റ്റഫര്‍ കൊളംബസിന്റെ ഭവനം, സ്റ്റാഗ് ലീനോ ശ്മശാനം, മത്സീനിയുടെ ശവകുടീരം എന്നിവയെല്ലാം പഴമയുടെ പ്രൌഢീ വിളിച്ചോതുന്നു. ഇവയെല്ലാം ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ്. 1139-ല്‍ സ്ഥാപിച്ചതും പലതവണ പുതുക്കിപ്പണിതതുമായ ഒരു ദീപസ്തംഭവും ജനോവയിലെ മറ്റൊരാകര്‍ഷണകേന്ദ്രമാകുന്നു. 1243-ല്‍ സ്ഥാപിതമായ ഒരു സര്‍വകലാശാലയും ഇവിടെയുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡടക്കമുള്ള ഒരു വലിയ യൂറോപ്യന്‍ പ്രദേശത്തിന് മെഡിറ്ററേനിയന്‍ ഭാഗങ്ങളിലേക്കും മറ്റു ദിശകളിലേക്കുമുള്ള ഒരു പ്രധാന കവാടമാണ് ജനോവ തുറമുഖം. തുറമുഖത്തിനാവശ്യമായ പല പ്രധാന ആഭ്യന്തര-അന്താരാഷ്ട്ര സ്ഥാപനങ്ങളോടൊപ്പം ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെയുണ്ട്. കൊളംബസ്, മത്സീനി, പാഗനീനി തുടങ്ങിയ പ്രശസ്തര്‍ക്ക് ജന്മം നല്കിയ സ്ഥലം കൂടിയാണിത്.

204 ബി.സി.-യില്‍ മാഗോ ആക്രമിച്ചു നശിപ്പിച്ച നഗരം റോമാക്കാര്‍ പുതുക്കിപ്പണിതു. ഗോത്തുകള്‍, ലോങ്ഗോബാര്‍ഡുകള്‍, കാര്‍ലവിന്‍ജീയര്‍ എന്നീ രാജവംശങ്ങളും ഇവിടം ഭരിച്ചിരുന്നു. 10-ാം ശതകത്തിന്റെ ആരംഭത്തില്‍ ഇതൊരു സ്വതന്ത്രരാഷ്ട്രമായെങ്കിലും 15-ാം ശതകത്തില്‍ മിലാന്റെയും 16-ാം ശതകത്തില്‍ ഫ്രാന്‍സിന്റെയും കീഴിലായിരുന്നു ഈ പ്രദേശം. ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1798-ല്‍ ഇത് 'ലിഗ്യൂറിന്‍ റിപ്പബ്ളിക്' എന്നു പേരുള്ള ഒരു പ്രധാന നഗരമായി മാറി. പിന്നീട് നെപ്പോളിയന്റെ സാമ്രാജ്യഭാഗമായിത്തീര്‍ന്ന ഈ പ്രദേശം (1805) അദ്ദേഹത്തിന്റെ പതനത്തിനുശേഷം സാര്‍ഡീനിയന്‍ രാജവംശത്തിന്റെ അധീനതയിലാവുകയാണുണ്ടായത് (1815). രണ്ടാം ലോകയുദ്ധകാലത്ത് ഈ പ്രദേശം വ്യോമാക്രമണത്തിനിരയായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B5%8B%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍