This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനകരാഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനകരാഗം

മേളകര്‍ത്താരാഗം. ഇതിനു കര്‍ത്താരാഗം, തായ്രാഗം (തമിഴില്‍), രാഗാംഗരാഗം എന്നൊക്കെ പേരുകളുണ്ട്. ജനകരാഗത്തിന് ആരോഹണ അവരോഹണങ്ങളില്‍ സരിഗമപധനി എന്ന ഏഴ് സ്വരങ്ങളും ഉണ്ടാവണം. കൂടാതെ ആരോഹണ അവരോഹണങ്ങളില്‍ സ്വരങ്ങള്‍ ഒന്നുതന്നെയാവണം. അതായത് ആരോഹണത്തില്‍ ഒരു തരത്തിലുള്ള സ്വരവും അവരോഹണത്തില്‍ മറ്റൊരു തരത്തിലുള്ള സ്വരവും വരാന്‍ പാടില്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആരോഹണത്തില്‍ ശുദ്ധരിഷഭം, അന്തരഗാന്ധാരസ്വരങ്ങള്‍ വരികയാണെങ്കില്‍ അവരോഹണത്തിലും ശുദ്ധരിഷഭം, അന്തരഗാന്ധാരം ഉണ്ടാവണം. ആരോഹണത്തില്‍ ശുദ്ധരിഷഭവും അവരോഹണത്തില്‍ ചതുശ്രുതിരിഷഭവും ആകാന്‍ പാടില്ല. ഈ നിയമം ധ, നി സ്വരങ്ങള്‍ക്കും ബാധകമാണ്. ഇതുകൂടാതെ സരിഗമപധനിസ-സനിധപമഗരിസ എന്ന രീതിയില്‍ അവസാനത്തെ സ കൂടി ചേരുമ്പോള്‍ എട്ട് സ്വരങ്ങളും ഒരു മേളകര്‍ത്താരാഗത്തില്‍ ഉണ്ടാവണം. ആരോഹണ-അവരോഹണങ്ങള്‍ ക്രമസമ്പൂര്‍ണമായിരിക്കണം. വക്രമാകരുത്. ഉദാ. സരിഗമപധനിസ എന്നു ക്രമമായ രീതിയിലാവണം. സഗരിഗമപനിധനി എന്ന രീതിയിലാവരുത്. മേളകര്‍ത്താരാഗങ്ങള്‍ 72 എണ്ണമാണുള്ളത്. മേളകര്‍ത്താചക്രത്തെ 12 ആയി ഭാഗിച്ചിരിക്കുന്നു. ഓരോ ചക്രത്തിലും 6 മേളങ്ങള്‍ വീതം 12 ചക്രങ്ങളില്‍ 12 x 6 = 72 മേളങ്ങള്‍. ഇവയില്‍ ആദ്യത്തെ 36 മേളങ്ങള്‍ ശുദ്ധമധ്യമമേളങ്ങളും പിന്നീടുവരുന്ന 36 മേളങ്ങള്‍ പ്രതിമധ്യമമേളങ്ങളുമാണ്. 12 ചക്രങ്ങള്‍, ഇന്ദു, നേത്ര, അഗ്നി, വേദ, ബാണ, രുതു, ഋഷി, വസു, ബ്രഹ്മ, ദിശി, രുദ്ര, ആദിത്യ എന്നീ പേരുകളിലാണറിയപ്പെടുന്നത്. ചന്ദ്രന്‍ ഒന്നേയുള്ളൂ. അതുകൊണ്ട് ഒന്നാമത്തെ ചക്രത്തിന് ഇന്ദു എന്ന പേരു നല്കി. കണ്ണുകള്‍ രണ്ടെണ്ണമാണുള്ളത്. രണ്ടാമത്തെ ചക്രത്തിന് നേത്രചക്രം എന്നുപേര്. ഇതുപോലെ മറ്റു ചക്രങ്ങള്‍ക്ക് ചതുര്‍വേദം, പഞ്ചബാണ എന്നിങ്ങനെയാണ് പേരുകള്‍.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%95%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍