This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജക്കോബാബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജക്കോബാബാദ്

Jacobabad

പാകിസ്താനിലെ ഒരു ജില്ലയും ആസ്ഥാനപട്ടണവും. ഖൈര്‍പൂര്‍ ഡിവിഷനില്‍പ്പെടുന്ന ഈ പട്ടണം പാകിസ്താനിലെ ഹൈദരാബാദിന് 320 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. സമാന്തരങ്ങളായ അഞ്ചു തെരുവുകളുള്ള ഈ പട്ടണത്തിലെ മിക്കവാറും എല്ലാ തെരുവുകളുടെയും ഇരുവശങ്ങളും മരങ്ങള്‍ നട്ടു മോടിപിടിപ്പിച്ചിട്ടുള്ളതാണ്. ചൂട് വളരെ കൂടുതലായ ഈ പട്ടണത്തില്‍ 52.2oC വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിലെ പടിഞ്ഞാറന്‍ റെയില്‍വേ ലൈനിലുള്ള ഒരു പ്രധാന ജങ്ഷനാണ് ഈ പട്ടണം. ഇവിടെ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രധാന റോഡുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു.

ജനറല്‍ ജോണ്‍ ജേക്കബ് ആണ് ജക്കോബാബാദ് സ്ഥാപിച്ചത് (1847). ഖാങ്ഗാര്‍ ഗ്രാമത്തിലായിരുന്നു ഇത്. ജക്കോബാബാദ് ജില്ലയിലെ ആദ്യത്തെ ഡെപ്യൂട്ടി കമ്മിഷണറും വര്‍ഷങ്ങളോളം സിന്ധ് അശ്വാരൂഢ റെജിമെന്റിന്റെ കമാന്‍ഡന്ററും ആയിരുന്നു ഇദ്ദേഹം. 1858-ല്‍ അന്തരിച്ച ജനറല്‍ ജോണ്‍ ജേക്കബിന്റെ ജക്കോബാബാദിലുള്ള അന്ത്യവിശ്രമസ്ഥലം 'വിക്ടോറിയ ക്ലോക് ടവര്‍' എന്നറിയപ്പെടുന്നു. ഇത് 1887-ല്‍ പണികഴിപ്പിച്ചതാണ്. ജക്കോബാബാദില്‍ ഒരു പ്രക്ഷേപണനിലയവും വിമാനത്താവളവുമുണ്ട്.

ജക്കോബാബാദ് ജില്ല മുമ്പ് 'അപ്പര്‍ സിന്ധു അതിര്‍ത്തി ജില്ല' എന്നറിയപ്പെട്ടിരുന്നു. കിഴക്കുഭാഗത്തായുള്ള സിന്ധുവില്‍ നിന്നാരംഭിച്ച് ചരിഞ്ഞിറങ്ങുന്ന ഒരു എക്കല്‍ സമതലം ഈ പ്രദേശത്തുണ്ട്. 'കഷ്മോര്‍ ഭിത്തി' എന്നറിയപ്പെടുന്ന മനുഷ്യനിര്‍മിതമായ ഒരു ചിറ ഈ സമതലത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കുന്നു. ബുഗ്തി കുന്നുകള്‍ ജില്ലയുടെ വടക്കേ അതിരു സംരക്ഷിക്കുമ്പോള്‍ തെക്കുകിഴക്കേ അതിര് രക്ഷിക്കുന്നത് കീര്‍ഹാര്‍ കുന്നുകളാണ്. ജലസേചന സൗകര്യമുള്ള ഇടങ്ങളില്‍ ചാമ, ഗോതമ്പ്, നെല്ല്, എണ്ണക്കുരുക്കള്‍ തുടങ്ങിയവ കൃഷി ചെയ്യപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍