This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛായാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഛായാവാദം

1918 മുതല്‍ 38 വരെ ഹിന്ദി കവിതയില്‍ നിലനിന്നിരുന്ന ഒരു വിശേഷസരണി. ഇതിന് മിസ്റ്റിസിസം, റൊമാന്റിസിസം തുടങ്ങിയ പാശ്ചാത്യസാഹിത്യ പ്രസ്ഥാനങ്ങളോട് വളരെയധികം സാദൃശ്യങ്ങളുണ്ട്. ഈ പ്രസ്ഥാനത്തിലുള്‍പ്പെട്ട മുഖ്യകവികള്‍ ജയശങ്കര്‍ പ്രസാദ് (1889-1937), സുമിത്രാനന്ദന്‍ പന്ത് (1901-77), മഹാദേവിവര്‍മ (1907-87) എന്നിവരാണ്. പല്ലവ്, ഗുഡ്ജന്‍, ലഹര്‍, കാമായനി, പരിമള്‍, തുളസീദാസ, യാമ എന്നിവയാണ് മുഖ്യ കൃതികള്‍.

സാംസ്കാരിക നവോത്ഥാനം, ദേശീയവിമോചനസമരം രൂഢമൂലമാക്കിയ സ്വാതന്ത്യ്രദാഹം, ആധുനിക വിജ്ഞാനം കൈമാറിയ നവവിമോചന സങ്കല്പങ്ങള്‍, സ്വത്വാഭിമാനം, ലോകയുദ്ധങ്ങളുയര്‍ത്തിയ അസ്തിത്വപ്രശ്നങ്ങള്‍, വിവേകാനന്ദന്റെയും ടാഗൂറിന്റെയും ദര്‍ശനങ്ങള്‍ ഇതെല്ലാമാണ് ഛായാവാദത്തിന്റെ പിറവിക്കു പ്രചോദകമായ ചരിത്രസാഹചര്യങ്ങള്‍. ജയശങ്കര്‍ പ്രസാദിന്റെ ഝര്‍ന (ജലപാതം) ആണ് ഛായാവാദത്തിന്റെ മുഖമുദ്ര സാക്ഷാത്കരിച്ച ആദ്യകൃതി (1918). തുടര്‍ന്ന് രണ്ടു ദശകത്തോളം ഹിന്ദി കവിതാരംഗത്ത് പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചുകൊണ്ട് അതു നിലനിന്നു. അത് ദ്വിവേദി യുഗ(മഹാവീര്‍ പ്രസാദ് ദ്വിവേദി നേതൃത്വം നല്കിയത്)ത്തിലെ ഇതിവൃത്തപ്രധാനവും ഉപദേശാത്മകവുമായ രചനകളുടെ സ്ഥാനത്ത് 'ഹൃദയമിടിപ്പുകളുടെ താളവും ഊഷ്മളതയുമുള്ള' കവിതകളെ പ്രതിഷ്ഠിച്ചു. പ്രേമവും സൗന്ദര്യാരാധനയും വൈയക്തികവികാരത്തിന്റെ തീവ്രത ചോര്‍ന്നുപോകാത്ത രീതിയില്‍ത്തന്നെ കവിതകളിലാവിഷ്കരിക്കുന്നതിന് അത് അവസരമൊരുക്കി. സാംസ്കാരികപാരമ്പര്യത്തെയും മാനുഷികമൂല്യങ്ങളെയും സ്വാതന്ത്യ്രബോധത്തെയും അത് ഉയര്‍ത്തിപ്പിടിച്ചു. പരമ്പരാഗതമയ അലങ്കാരശാസ്ത്രത്തിന്റെ സാങ്കേതികത്വത്തെയും ആഖ്യാനകാവ്യപ്രസ്ഥാനത്തിന്റെ ഗതാനുഗതികത്വത്തെയും ധിക്കരിക്കുവാന്‍ ഛായാവാദകവികള്‍ ഒരുപോലെ ശ്രമിച്ചു.

ഛായാവാദത്തിലെ ഏറ്റവും മികച്ച രചനയാണ് ജയശങ്കര്‍ പ്രസാദിന്റെ കാമായനി. ആധുനിക ജീവിതസമസ്യകളുടെ പശ്ചാത്തലത്തില്‍ മനുവിന്റെ കഥ പറയുന്ന കാവ്യമാണത്. കവിതയെ ഹൃദയത്തോടും ജീവിതത്തോടും മതത്തോടും അടുപ്പിക്കുന്ന രചനകള്‍ കൊണ്ട് നിരാലയും ഈ പ്രസ്ഥാനത്തെ സമ്പന്നമാക്കിയിട്ടുണ്ട്. സുമിത്രാനന്ദന്‍ പന്ത് കാല്പനികതയുടെ സമസ്ത ശോഭകളും കവിതകളിലേക്ക് ആവാഹിച്ചുകൊണ്ടാണ് ഈ സരണിയിലെ കണ്ണിയായത്. 'ആധുനിക മീരാഭായി' എന്നറിയപ്പെടുന്ന മഹാദേവിവര്‍മയാകട്ടെ, പ്രണയത്തിന്റെയും കരുണയുടെയും ഗഹനമായ മുഹൂര്‍ത്തങ്ങള്‍ക്ക് കാവ്യരൂപം നല്കുകയും ചെയ്തു. മറ്റു രചയിതാക്കളില്‍ ചിലരാണ് രാംകുമാര്‍ വര്‍മ, ഭഗവതിചരണ്‍വര്‍മ, ഉദയശങ്കര്‍, നരേന്ദ്രശര്‍മ, വിദ്യാവതികോകില എന്നിവര്‍. ഛായാവാദത്തിന്റെ ഉദ്ഭവവും പ്രവാഹവും ജയശങ്കര്‍ പ്രസാദിന്റെ കാവ്യജീവിതത്തിനു സമാന്തരമായാണു സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം (1937) അതിന്റെ ഹംസഗീതമാവുകയും ചെയ്തു. നോ. കാമായനി; ജയശങ്കര്‍ പ്രസാദ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍