This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛായാചിത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഛായാചിത്രങ്ങള്‍

റാഫേലിന്റെ രചന:മഡോണ ദി ഫോളിഞ്ഞോ

ഒരു വ്യക്തിയുടെയോ വ്യക്തികളുടെയോ ഛായ അങ്ങേയറ്റം സാദൃശ്യത്തോടുകൂടി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍. അന്തരിച്ച വ്യക്തിയുടെ പ്രതിമ ശവക്കല്ലറയില്‍ സ്ഥാപിക്കുന്ന പതിവാണ് ആദ്യകാലങ്ങളില്‍ നിലവില്‍ വന്നത്. പിന്നീട് ചുവര്‍ചിത്രങ്ങള്‍ എന്ന നിലയില്‍ ഛായകള്‍ ആലേഖനം ചെയ്യപ്പെട്ടു. കാലക്രമേണ ഛായാചിത്രങ്ങള്‍ ജലച്ചായം, എണ്ണച്ചായം തുടങ്ങിയ മാധ്യമങ്ങളിലേക്കു വഴിമാറി. ഇപ്പോള്‍ പൊതുവേ എണ്ണച്ചായങ്ങളാണ് ഉപയോഗിക്കുന്നത്.

ഛായ നിലനിര്‍ത്തുന്നതിലൂടെ അതിനാധാരമായ വ്യക്തി അന്വശ്വരനാകും എന്ന വിശ്വാസമാകണം ഛായാചിത്രരചനയ്ക്കു പ്രചോദകമായത്. ഛായാചിത്രങ്ങള്‍ അമരത്വം നല്കുമെന്ന ഈജിപ്തുകാരുടെ വിശ്വാസം ഇതിനു നിദര്‍ശനമാണ്. അവിടെയാണ് ആദ്യമായി ഛായാചിത്രങ്ങള്‍ ഉണ്ടായതെന്നതും ഇതിന് ഉപോദ്ബലകമായ വസ്തുതയാണ്. ഈജിപ്ഷ്യന്‍, അസീറിയന്‍ സംസ്കാരങ്ങളില്‍ നിന്നും ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ചിത്രരചനാശൈലി വ്യാപിക്കുകയുണ്ടായി. 18-ാം ശ.-ല്‍ മാത്രമാണ് ഇംഗ്ളണ്ടില്‍ ഇത് ആരംഭിച്ചത്. ശരീരത്തെക്കാള്‍ ആത്മാവിനു പ്രാധാന്യം കൈവന്ന മധ്യകാലങ്ങളില്‍ ഛായാചിത്രങ്ങള്‍ അപ്രസക്തമെന്ന ചിന്തയ്ക്കു പ്രചാരം ലഭിച്ചു. അത് ഈ ചിത്രരചനാ ശാഖയെ ഏതാണ്ട് നിശ്ചലാവസ്ഥയിലെത്തിക്കുകയും ചെയ്തു. 14, 15 ശതകങ്ങളില്‍ നേര്‍ച്ചച്ചിത്രങ്ങ(Voltive Picture)ളിലൂടെയാണ് അവ വീണ്ടും രംഗപ്രവേശം ചെയ്തത്. ദൈവകൃപയ്ക്കു പ്രത്യുപകാരമെന്ന നിലയില്‍ പള്ളിച്ചുവരുകളെ അലങ്കരിക്കുന്നതിനായി ഭക്തര്‍ വരപ്പിക്കുന്ന ചിത്രങ്ങളാണിവ. അവയില്‍ ദിവ്യരൂപങ്ങളോടൊപ്പം നേര്‍ച്ചക്കാരനെക്കൂടി ഉള്‍പ്പെടുത്തിത്തുടങ്ങിയതു മുതലാണ് ഛായാചിത്രങ്ങള്‍ പുനര്‍ജനിച്ചത്. ഇതിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന പ്രസിദ്ധരചനയാണ് റാഫേലിന്റെ മഡോണ ദി ഫോളിഞ്ഞോ. ഡിഗിസ്മോണ്‍ടോ ദെ കോണ്‍ടി എന്ന ചരിത്രകാരന്‍, മാരകമായ ഒരു ഉല്‍ക്കവീഴ്ചയില്‍ നിന്ന് തന്റെ ജീവന്‍ രക്ഷപ്പെടുത്തിയ ഈശ്വരകാരുണ്യത്തിനു മുന്നില്‍ വരപ്പിച്ചു സമര്‍പ്പിച്ചതാണ് ഈ ചിത്രം. ഇതില്‍ നടുവില്‍ മുകളിലായി കന്യകയും ശിശുവും, ഇടതുവശത്ത് ഫ്രാന്‍സിസ്, ജോണ്‍ എന്നീ വിശുദ്ധന്മാരുമാണുള്ളത്. വിശുദ്ധ ജെറോം പരിശുദ്ധ കന്യകയ്ക്കുമുമ്പില്‍ നേര്‍ച്ചക്കാരനായ കോണ്‍ടിയെ സമര്‍പ്പിക്കുന്നതായി വലതുവശത്ത് ആലേഖനം ചെയ്തിട്ടുണ്ട്. പശ്ചാത്തലത്തില്‍ നേര്‍ച്ചയ്ക്കു കാരണമായ സംഭവം (ഉത്കാപതനം) ആണുള്ളത്.

നേര്‍ച്ചച്ചിത്രങ്ങളിലൂടെ പുനര്‍ജനിച്ച ഛായാചിത്രകല, വ്യക്തി ബോധത്തിന് പ്രാധാന്യം സിദ്ധിച്ച നവോത്ഥാനകാലഘട്ടത്തില്‍ കൂടുതല്‍ വികസ്വരമായി. ശൈലീവത്കരണം ഉപേക്ഷിച്ച് അത് യഥാതഥമായ ആവിഷ്കരണരീതി നേടുകയും ചെയ്തു. സാദൃശ്യാത്മകത അതിന്റെ പാരമ്യത്തിലെത്തിനില്ക്കുന്ന ഈ ചിത്രകലയുടെ പ്രചരണസ്വഭാവം തിരിച്ചറിയപ്പെട്ടതും ഇക്കാലത്താണ്. ഭരണാധികാരികള്‍ വൈകാതെ ഇതിനെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങി. കൊട്ടാരങ്ങളും പൊതുമന്ദിരങ്ങളും ഭരണാധിപന്മാരുടെ ഛായാചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടു. കൊട്ടാരങ്ങളില്‍ ആസ്ഥാനഛായാചിത്രകാരന്മാരുണ്ടായി. ഈ ഘട്ടത്തിലെ മികച്ച ആദ്യമാതൃകയാണ് ടിഷ്യന്റെ ഫിലിപ്പ്-കക എന്ന ചിത്രം. ക്രമേണ പ്രഭുകുടുംബങ്ങളിലേക്കുകൂടി ഇതു വ്യാപിച്ചു. കുലീന കുടുംബത്തില്‍ പിറന്നവര്‍ ഒറ്റയ്ക്കും കുടുംബസമേതവുമുള്ള ചിത്രങ്ങള്‍ വരപ്പിച്ച് തങ്ങളുടെ മാളികകള്‍ അലങ്കരിച്ചു. ഇതിനിടെ വിവാഹനിശ്ചയങ്ങളില്‍പ്പോലും ഛായാചിത്രങ്ങള്‍ക്കു സ്ഥാനം കൈവന്നു. ചിത്രങ്ങള്‍ വരപ്പിച്ചു കൈമാറി വിവാഹം നിശ്ചയിക്കുക എന്ന സമ്പ്രദായത്തിലൂടെയാണ് ഇതു നടപ്പായത്. ഫിലിപ്പ്-മേരി ട്യൂഡ് പരിണയത്തെപ്പറ്റി ഇത്തരമൊരു ഐതിഹ്യമുണ്ട്. ടിഷ്യന്‍ വരച്ച ഫിലിപ്പിന്റെ ചിത്രം ഇംഗ്ലണ്ടിലേക്കയച്ചുവെന്നും മേരിയുടെ ചിത്രം വരയ്ക്കാനായി ഫിലിപ്പ് ഡച്ചുചിത്രകാരനായ അന്റോണിസിനെ അയച്ചുവെന്നുമാണത്.


'കുലീനചിത്രകല' എന്നു ഖ്യാതി നേടിയ ഇതിനെ സാധാരണക്കാരന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിക്കുന്നതിനും സാധ്യമായ മാധ്യമമാക്കിത്തീര്‍ത്തത് ഈ രംഗത്തെ എക്കാലത്തെയും മികച്ച ചിത്രകാരനായ റെംബ്രാന്റ് ആണ്. ദ നൈറ്റ് വാച്ച് എന്ന ചിത്രം ഒരുദാഹരണം. അദ്ദേഹവും സ്പാനിഷ് ചിത്രകാരനായ വെലാക്യുസും ചേര്‍ന്ന് ദരിദ്രരുടെയും വൃദ്ധജനങ്ങളുടെയും അധഃസ്ഥിതരുടെയും ചിത്രങ്ങള്‍ വരച്ചുകൊണ്ട് ഇതിനെ കൂടുതല്‍ ജനകീയമാക്കുവാന്‍ ശ്രമിച്ചു.

ക്രമേണ ഛായാചിത്രകലയുടെ ശൈലിയിലും ഉള്ളടക്കത്തിലും നിരവധി പരിഷ്കാരങ്ങളുണ്ടായി. ഒരാളുടെ സ്ഥാനത്ത് രണ്ടു പേരെ ചിത്രീകരിച്ചു തുടങ്ങി. റാഫേലിന്റെ ലിയോ ആന്‍ഡ് ദ് ഫ്യൂച്ചര്‍, ക്ലമന്റ് VII, ഹോള്‍ബിന്‍സ് ദി അംബാസിഡേഴ്സ്, ഫിലിപ്പ് ദെ ക്യാംപയ്നിന്റെ നണ്‍സ് ഒഫ് പോര്‍ട്ട് റോയല്‍, ഗൊഗര്‍ണിന്റെ ഗാരിക് ആന്‍ഡ് ഹിസ് വൈഫ് എന്നിവ ഉദാഹരണങ്ങള്‍. പിന്നീട് കുടുംബചിത്രങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിക്കുകയുണ്ടായി. റോമിലാണ് ഇതു കൂടുതലായുണ്ടായത്. റൂബന്‍സ്, ഡെവിസ് എന്നിവര്‍ ഈ രംഗത്തെ ശ്രദ്ധേയരാണ്. തുടര്‍ന്നുവന്ന മറ്റൊരുതരം ചിത്രങ്ങളാണ് ആള്‍ക്കൂട്ടത്തിന്റെ ദൃശ്യശകലങ്ങള്‍. അവ 'കോണ്‍വര്‍സേഷണല്‍ പീസസ്' എന്നറിയപ്പെട്ടു. ഒരു കൂട്ടത്തിന്റെ ഒരു പ്രത്യേകമുഹൂര്‍ത്തം ചിത്രീകരിക്കുന്നവയാണിവ. കോര്‍ബെറ്റിന്റെ ദ സ്റ്റുഡിയോ ഒഫ് പെയിന്റര്‍, റെംബ്രാന്റിന്റെ സിന്‍ഡിക്സ് ഒഫ് ദ ക്ളോത്ത് ഹാള്‍ കകക, എല്‍ഗ്രെക്കോയുടെ ബറിയല്‍ ഒഫ് ദ് കൗണ്ട് ഓര്‍ഗസ് എന്നിവ മികച്ച മാതൃകകളാണ്. പശ്ചാത്തല ദൃശ്യങ്ങള്‍ക്കു കൈവന്ന പ്രതീകാത്മക സ്വഭാവമാണ് മറ്റൊരു ശൈലീവ്യതിയാനം. ചിലര്‍ ഛായയുടെ ഉടമയുടെ തൊഴിലിനെയോ പദവിയെയോ വെളിപ്പെടുത്തുന്ന സൂചനാത്മകസ്വഭാവമുള്ള യഥാതഥദൃശ്യങ്ങള്‍ പശ്ചാത്തലമാക്കി (ഉദാ. എഴുത്തുകാരന്‍: വായനമുറി, പുസ്തകങ്ങള്‍, തൂലിക). ചിലര്‍ കുറേക്കൂടി പ്രതീകാത്മക ചിഹ്നങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തി. റാഫേലിന്റെ യങ് വുമണ്‍ വിത്ത് എ യൂണിക്കോണ്‍ എന്ന ചിത്രത്തില്‍ പാതിവ്രത്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഒരു മൃഗത്തെ ചിത്രീകരിച്ചിട്ടുള്ളത് ഉദാഹരണം.

ഛായാചിത്രരംഗത്തെ മറ്റൊരു മാതൃകയാണ് സ്വന്തം ഛായാചിത്രങ്ങള്‍ വരയ്ക്കുക എന്നത്. 'കോണ്‍വര്‍സേഷണല്‍' ചിത്രങ്ങളില്‍ യാദൃച്ഛികമെന്നോണം സ്വന്തം ഛായ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രകാരന്മാര്‍ ഇതിനു തുടക്കം കുറിച്ചത്. അഡൊറേഷന്‍ ഒഫ് ദ മജൈയിലെ ബോട്ടിസെല്ലിയുടെ ചിത്രം ഇതിനുദാഹരണമാണ്. ആദ്യമായി സ്വന്തം ഛായാചിത്രങ്ങള്‍ വരച്ചത് ഡ്യൂറെര്‍ ആണ്. അദ്ദേഹം ക്രിസ്തുവിന്റെ ഛായ നല്കിയാണ് തന്നെ വരച്ചത്. ആദ്യചിത്രങ്ങളില്‍ പലതിലും ഇത്തരം ശൈലീവത്കരണങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അത് യഥാതഥമായിത്തീര്‍ന്നു. ടിഷ്യന്‍, ഇംഗ്രെ, ഗ്രാഫ്, റെംബ്രാന്റ്, പിക്കാസ്സോ, ഗോഗെയ്ന്‍, വാന്‍ഗോഗ് എന്നിവരെല്ലാം ആത്മ ഛായാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇവരില്‍ പലരും ആത്മവിമര്‍ശനം പോലെ ചിത്രങ്ങള്‍ വരച്ചവരാണ്. വാന്‍ഗോഗിന്റെ ഛായാചിത്രം സാദൃശ്യം കൊണ്ടെന്നതിലേറെ അതിന്റെ പ്രതീകാത്മകസ്വഭാവം കൊണ്ടാണ് കൂടുതല്‍ ശ്രദ്ധേയമായത്. വിരുദ്ധവര്‍ണങ്ങള്‍ കൊണ്ട് ശീതോഷ്ണാവസ്ഥകളുടെയും താടിയിലെ ഓറഞ്ചുനിറം കൊണ്ട് അഗ്നിയുടെയും പശ്ചാത്തലവര്‍ണത്തിന്റെ വിന്യാസവിശേഷം കൊണ്ട് തീവ്ര ദുഃഖത്തിന്റെയും സൂചനകള്‍ അതു നല്കുന്നു.

ബി.സി. 5-4 ശതകങ്ങളിലേതെന്നു കരുതപ്പെടുന്ന യക്ഷപ്രതിമകളിലാണ് ഛായാചിത്രകലയുടെ ഇന്ത്യന്‍ പ്രാഗ്രൂപം കണ്ടെത്തിയിട്ടുള്ളത്. കുമാരഗുപ്തന്‍ ക-ന്റെ കാലത്തെ (എ.ഡി. 4-ാം ശ.) നാണയങ്ങളില്‍ ഛായകള്‍ കൊത്തിവച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗുപ്തകാലത്ത് ഛായാചിത്രരചന നിലവിലിരുന്നതായി സാഹിത്യകൃതികളില്‍ പരാമര്‍ശമുണ്ട്.

മുഗള്‍ ചിത്രകലയും ഈ രംഗത്തിന് മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ ഉറച്ചപ്പോള്‍ ഇവിടെ എണ്ണച്ചായാശൈലി പ്രചാരം നേടി. അത് ഛായാചിത്രരചനയെ വളരെയേറെ പരിപോഷിപ്പിച്ചു. രാജാരവിവര്‍മയാണ് ഈ രംഗത്ത് ഏറെ പ്രശസ്തനായ ചിത്രകാരന്‍. ഭാരതത്തിലെ പ്രമുഖ ചിത്രകാരന്മാരില്‍ ഭൂരിഭാഗവും ഛായാചിത്രരചന സമര്‍ഥമായി നിര്‍വഹിച്ചിട്ടുള്ളവരാണ്.

കേരളത്തില്‍ രവിവര്‍മയ്ക്കുശേഷം കുറേക്കാലം ഛായാചിത്രരചനയും എണ്ണച്ചായാചിത്രരചനയും നിശ്ചലാവസ്ഥയിലായിരുന്നു. രവിവര്‍മയുടെ സഹോദരി മംഗളാഭായിത്തമ്പുരാട്ടി വരച്ച 'രവിവര്‍മ' എന്ന ഛായാചിത്രമാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായ ശ്രദ്ധേയമായ ഏക രചന. പിന്നീട് രവിവര്‍മയുടെ പുത്രനായ മാവേലിക്കരക്കൊട്ടാരത്തിലെ രാമവര്‍മത്തമ്പുരാനും പടിഞ്ഞാറേ മഠത്തില്‍ പദ്മനാഭന്‍ തമ്പിയും നിരവധി ഛായാചിത്രങ്ങള്‍ രചിച്ച് ശ്രദ്ധേയരായി. ഇപ്പോള്‍ കേരളത്തിലെ എണ്ണച്ചായ ചിത്രകാരന്മാരില്‍ പലരും ഛായാചിത്രങ്ങളും വരയ്ക്കുന്നവരാണ്. കെ. ഗോവിന്ദന്‍ ആശാരി, പി. ശ്രീധരന്‍ നായര്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഫോട്ടോഗ്രഫിയിലെ പുതിയ സാങ്കേതിക സാധ്യതകള്‍ ഈ ചിത്രരചനാശൈലിക്കു ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ വേരുകള്‍ അറ്റുപോയിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍