This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛാഡ് റിപ്പബ്ലിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഛാഡ് റിപ്പബ്ലിക്

Chad Republic

വടക്കേ ആഫ്രിക്കയുടെ മധ്യഭാഗത്തായുള്ള ഒരു രാജ്യം. തെക്കു വടക്കായി 1600 കിലോമീറ്ററും കിഴക്കുപടിഞ്ഞാറായി 1100 കിലോമീറ്ററും വരെ വ്യാപിച്ചിരിക്കുന്ന ഈ റിപ്പബ്ളിക് വലുപ്പത്തിന്റെ കാര്യത്തില്‍ ആഫ്രിക്കാഭൂഖണ്ഡത്തില്‍ അഞ്ചാം സ്ഥാനത്താണ്. അതിരുകള്‍: വടക്ക്-ലിബിയ, കിഴക്ക്-സുഡാന്‍, തെക്ക്-മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, പടിഞ്ഞാറ്-കാമറൂണ്‍, നൈജീരിയ, നൈജര്‍; വിസ്തീര്‍ണം: 12,84,000 ച.കി.മീ.; ജനസംഖ്യ : 10,329,208 (2009 Est); തലസ്ഥാനം: എന്‍ജാമേന (N'djamena) മറ്റു പ്രധാന നഗരങ്ങള്‍: സേര്‍ഹ്, മോണ്ഡ, അബീച്ചേ, ബോങ്ഗര്‍, ഡോബ. ഔദ്യോഗിക ഭാഷകള്‍: ഫ്രഞ്ച്, അറബി.

ഭൂപ്രകൃതി

പടിഞ്ഞാറുള്ള ഛാഡ് തടാകത്തിനടുത്തു നിന്ന് അതിവിസ്തൃതവും ഊഷരവും ആയ ഒരു താഴ്വര (basin) ആരംഭിക്കുന്നത് വടക്കും കിഴക്കും തെക്കുമുള്ള ഉന്നതതടങ്ങള്‍ വരെ വ്യാപിച്ചിരിക്കുന്നു. ഛാഡ് റിപ്പബ്ലിക്കിന്റെ വടക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ സഹാറാ മരുഭൂമിയില്‍പ്പെടുന്നതാണ്. മണല്‍ സമതലങ്ങളും ചിതറിക്കിടക്കുന്ന മണല്‍ക്കൂനകളും നിറഞ്ഞ പ്രദേശമാണിത്. അവിടവിടെയായി കുന്നുകളും കാണാം. വടക്കേയറ്റത്തുള്ള തിബെസ്തി ഉന്നതതടങ്ങളില്‍ സ്ഥിതിചെയ്യുന്ന ഏമികൂസി ഛാഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് (3415 മീ.) മൃതമായ ഒരു അഗ്നിപര്‍വതമാണിത്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ഈ പ്രദേശത്തു ലഭിക്കുന്ന മഴയുടെ തോത് വളരെ കുറവാണ്. ശരാശരി വാര്‍ഷികവര്‍ഷപാതം 200 മില്ലിമീറ്റര്‍.

സഹാറയ്ക്കു തെക്കുഭാഗത്ത് സഹാറയിലേതിനേക്കാള്‍ ഊഷരത കുറവാകുന്നു. 'സാഹേല്‍' എന്നറിയപ്പെടുന്ന ഇവിടെ വേനല്‍ക്കാലത്തു മാത്രമേ മഴ ലഭിക്കുന്നുള്ളൂ. ഇത് ഒരു സ്ഥിരമായ പ്രതിഭാസമല്ല. വര്‍ഷപാതത്തോത് 760 മില്ലിമീറ്റര്‍. 'സ്റ്റെപ്പി' വിഭാഗത്തില്‍പ്പെടുന്ന ഭൌമസമ്പത്തില്‍ പുല്‍വര്‍ഗങ്ങള്‍, അക്കേഷ്യ, മൈമോസ, പന എന്നിവയുള്‍പ്പെടുന്നു. 1500 മീ. ഉയരമുള്ള ഉദായി പീഠഭൂമിയില്‍ നിന്ന് പടിഞ്ഞാറുള്ള ഛാഡ് തടാക തീരത്തേക്കാണ് ഭൂമിയുടെ ചരിവ്. ഛാഡ് താഴ്വരയെ തടാകം ജലസിക്തമാക്കുന്നു. ഈ തടാകത്തില്‍ എത്തിച്ചേരുന്ന പ്രധാന നദികളാണ് ചാരി, ലോഗോണ്‍ എന്നിവ. തടാകത്തിനു ചുറ്റുമുള്ള ചതുപ്പുപ്രദേശങ്ങള്‍ കാലിപ്പുല്ലിനാല്‍ സമൃദ്ധമാണ്. സാഹേല്‍ പ്രദേശത്ത് സ്റ്റെപ്പി പ്രദേശങ്ങള്‍ കൂടാതെ വരണ്ട പുല്‍പ്രദേശങ്ങളും കാണാം.

ഛാഡ് റിപ്പബ്ലിക്കിന്റെ തെക്കുഭാഗത്ത് മിതോഷ്ണമേഖലാ പുല്‍പ്രദേശങ്ങള്‍ കാണപ്പെടുന്നു. ഇടയ്ക്കിടെ മുള്‍ച്ചെടികളും കാണാം. പുല്‍പ്രദേശങ്ങളും വൃക്ഷങ്ങളും ഇടകലര്‍ന്നു കാണുന്ന ഈ പ്രദേശത്ത് 900-1200 മി.മീ. വരെ മഴ ലഭിക്കുന്നു. ഊഷ്മാവും അന്തരീക്ഷ ഈര്‍പ്പത്തിന്റെ തോതും കൂടുതലാണ്.

മരുപ്രദേശത്തെ ഊഷരമണലും പര്‍വതപ്രദേശത്തെ പാറക്കെട്ടുകളും ഉള്‍പ്പെടുന്ന പലതരം മണ്ണിനങ്ങള്‍ ഛാഡിലുണ്ട്. ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്ന പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്ക്കുന്ന മണ്ണാണുള്ളത്. ഉദായി മലനിരകളിലുള്ള തുറന്ന പ്രദേശത്ത് ഉഷ്ണമേഖലാ പ്രദേശത്തിന്റെ പ്രത്യേകതയായ ഇരുമ്പിന്റെ അംശമുള്ള മണ്ണ് കാണുന്നു. ഇതിന്റെ നിറം ചുവപ്പാണ്. കോറസോണില്‍ കാണുന്ന മണ്ണില്‍ ഇരുമ്പിന്റെ അംശം വളരെ കുറവാകുന്നു. ഛാഡ് തടാകത്തിനു വടക്കായി വരുന്ന കാനെം പ്രദേശത്ത് ഉപോഷ്ണമേഖലാമണ്ണാണുള്ളത്. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിനങ്ങള്‍ ഈര്‍പ്പമുള്ളവയാണ്.

ജലസമ്പത്ത്

ഛാഡിലെ മുഖ്യനദികള്‍ പ്രധാനമായി തെക്കുഭാഗത്തുള്ളവയാണ്. വര്‍ഷം മുഴുവന്‍ വെള്ളമുള്ളവയും കൂടുതലും ഈ ഭാഗത്തുതന്നെ. ചാരി, ലോഗോണ്‍ എന്നീ മുഖ്യനദികള്‍ വടക്കോട്ടൊഴുകി ഛാഡ് തടാകത്തില്‍ വീഴുന്നു. നദികളുടെ തീരങ്ങളില്‍ കാണുന്ന ചതുപ്പുനിലങ്ങളുടെ വിസ്തൃതി മഴക്കാലങ്ങളില്‍ അധികമാണ്. റിപ്പബ്ളിക്കിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ മധ്യഭാഗത്തായുള്ള ഛാഡ് തടാകം കടല്‍നിരപ്പിന് 281 മീ. മുകളിലായി സ്ഥിതിചെയ്യുന്നു. കളിമണ്ണും മണ്ണും ജൈവാവശിഷ്ടങ്ങളും പാളിപാളിയായി അടിഞ്ഞുണ്ടായതാണ് ഈ തടാകത്തിന്റെ അടിത്തട്ട്.

കാലാവസ്ഥ

ഛാഡ് റിപ്പബ്ലിക്കിലെ കാലാവസ്ഥ അക്ഷാംശവ്യതിയാനങ്ങള്‍ക്കനുസൃതമായിരിക്കുന്നു: ചൂടേറിയ ഉഷ്ണമേഖലാകാലാവസ്ഥ മുതല്‍ വരണ്ട കാലാവസ്ഥ വരെ. ഛാഡില്‍ മഴക്കാലത്തിന് ദൈര്‍ഘ്യം പൊതുവേ കുറവാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ കാലയളവില്‍ ചൂട് താരതമ്യേന കുറവായിരിക്കും. പിന്നീട് അന്തരീക്ഷത്തിന്റെ ചൂട് ക്രമേണ വര്‍ധിക്കുകയും ഒടുവിലായി മഴക്കാലം തുടങ്ങുകയും ചെയ്യുന്നു. ലഭ്യമായ മഴയുടെ തോത് ഇവിടത്തെ സസ്യസമ്പത്തിനെ നിയന്ത്രിക്കുന്നു.

ഛാഡിന്റെ വടക്കുഭാഗത്തായി വരുന്ന സഹാറാ പ്രദേശത്ത് വരണ്ട് ചൂടേറിയ കാലാവസ്ഥയും തെക്കുഭാഗങ്ങളില്‍ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയുമനുഭവപ്പെടുന്നു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കുന്ന മഴയുടെ തോത് വടക്കോട്ടു പോകുന്തോറും കുറഞ്ഞാണ് വരുന്നത്. തെക്കു ഭാഗത്തെ ശരാശരി വാര്‍ഷിക വര്‍ഷപാതം 1270 മില്ലിമീറ്ററാണ്.

സസ്യ-ജന്തുജാലം

ഛാഡിന്റെ തെക്കുഭാഗത്തായുള്ള ചൂടും ഈര്‍പ്പവുമേറിയ ഈ പ്രദേശത്ത് പൊക്കം കൂടിയ പുല്‍ച്ചെടികളും കുറ്റിച്ചെടികളുമാണ് പ്രധാന സസ്യജാലം. വീതികൂടിയ ഇലകളുള്ള ഇലപൊഴിയുംമരങ്ങളും അവിടവിടെയായി കാണുന്നു. സാവനാ വിഭാഗത്തില്‍പ്പെട്ട പുല്‍പ്രദേശങ്ങളും കുറ്റിച്ചെടികളും തുറസ്സായ സ്റ്റെപ്പി പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് സാഹേല്‍ മേഖല. വടക്കായി വരുന്ന മരുപ്രദേശത്ത് മണല്‍ക്കൂനകളും പീഠഭൂമികളുമാണുള്ളത്. ഈ പ്രദേശത്തെ സസ്യസമ്പത്ത് വളരെ ശുഷ്കമാണ്. ചിലയിടങ്ങളില്‍ പലതരത്തില്‍പ്പെട്ട പനകളും മരുപ്പച്ചകളും കാണുന്നു.

ഛാഡ് റിപ്പബ്ലിക്കിലെ പൊക്കം കൂടിയ പുല്‍പ്രദേശങ്ങളും വിസ്താരമേറിയ ചതുപ്പുനിലങ്ങളും വന്യമൃഗസമ്പന്നമാണ്. ഇവിടെ ധാരാളം സസ്തനികളും പക്ഷികളും ഇഴജന്തുക്കളും കാണപ്പെടുന്നു. ജലസമൃദ്ധമായതിനാല്‍ മത്സ്യബന്ധനത്തിനും ഇവിടെ പ്രാധാന്യമുണ്ട്.

സമ്പദ്ഘടന

ഛാഡ് റിപ്പബ്ലിക് പ്രധാനമായി ഒരു കാര്‍ഷികരാജ്യമാണ്. പരുത്തിയാണ് മുഖ്യോത്പന്നം. ഏതാണ്ട് 90 ശ.മാ. ജനങ്ങളുടെ ഉപജീവനമാര്‍ഗവും പരുത്തിക്കൃഷി തന്നെ. ഇത് പ്രധാനമായും തെക്കന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടത്തെ മുഖ്യ നാണ്യവിള മാത്രമല്ല, കയറ്റുമതി വിഭവവും കൂടിയാണ് പരുത്തി. അടിസ്ഥാന ധാന്യവിളകള്‍ പ്രധാനമായി ആഭ്യന്തരോപയോഗത്തിനുവേണ്ടി ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ചാമ, ചോളം, നെല്ല്, മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയാണ് പ്രധാനയിനങ്ങള്‍. തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് നെല്ല് സമൃദ്ധം. പരുത്തിക്കൃഷി കഴിഞ്ഞാല്‍ കന്നുകാലിവളര്‍ത്തലിനാണ് ഇവിടെ പ്രാമുഖ്യം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ധാരാളം ആടുകളുണ്ട്. കുതിര, ഒട്ടകം, കഴുത എന്നിവയും പ്രധാന വളര്‍ത്തുമൃഗങ്ങള്‍ തന്നെ. നദികളിലും ഛാഡ് തടാകത്തിലുമുള്ള മത്സ്യങ്ങളും ഇവിടത്തെ സമ്പദ്ഘടനയില്‍ പ്രധാന പങ്കുവഹിക്കുന്നു. കന്നുകാലികള്‍, ഇറച്ചി, മീന്‍, മൃഗചര്‍മം, മരപ്പട്ട എന്നിവ മുഖ്യകയറ്റുമതി വിഭവങ്ങളാണ്. കാര്‍ഷികോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ലഘുപാനീയങ്ങള്‍, മറ്റു വിവിധങ്ങളായ ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവ ഇവിടത്തെ പ്രധാന വ്യവസായങ്ങളില്‍പ്പെടുന്നു

ഛാഡിലെ ധാതുസമ്പത്ത് വ്യക്തമായി കണക്കാക്കപ്പെട്ടിട്ടില്ല. സോഡിയം കാര്‍ബണേറ്റിന്റെ ഒരു മിശ്രിതമായ 'നാട്രണ്‍' ആണ് പ്രധാന ധാതു. എഴുപതുകളില്‍ എണ്ണയുത്പാദനം തുടങ്ങി. ടങ്സ്റ്റണ്‍, യുറേനിയം, കാസിലറൈറ്റ്, സ്വര്‍ണം എന്നിവയും ഇവിടത്തെ ധാതുനിക്ഷേപങ്ങളില്‍പ്പെടുന്നു. ഉത്പാദനമേഖലയുടെ പ്രധാനാശ്രയമായ 'കോട്ടണ്‍-മില്ലിങ്', കരിമ്പു ശുദ്ധീകരണം, എണ്ണക്കുരു സംസ്കരണം, മീറ്റ് പാക്കിങ്, വൈദ്യുതസാമഗ്രികളുടെ നിര്‍മാണം എന്നിവയും പ്രധാനം തന്നെ.

ഛാഡിന്റെ വ്യവസായപങ്കാളിയാണ് ഫ്രാന്‍സ്. ഇവിടെ നിര്‍മിക്കുന്ന പരുത്തി ഒഴികെയുള്ള മറ്റെല്ലാ ഉത്പന്നങ്ങളും ഫ്രാന്‍സ് ഇറക്കുമതി ചെയ്യുന്നു. ഇവിടെ നിന്നു കന്നുകാലികളും കന്നുകാലി ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു. പെട്രോളിയം, ധാന്യങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഛാഡ് ഇറക്കുമതി ചെയ്യുന്നു.

രാജ്യത്തിലെ ഗതാഗതം റോഡുകളെ മാത്രം ആശ്രയിച്ചുള്ളതാണ്. റെയില്‍പ്പാതകളും തുറമുഖങ്ങളും ഈ രാജ്യത്തില്ല. ഗതാഗതമാര്‍ഗങ്ങളുടെ അപര്യാപ്തതയും സമുദ്ര സാമീപ്യരാഹിത്യവും നാടിന്റെ വികസനത്തിനു തടസ്സമായി നില്ക്കുന്നു. നദികള്‍ ഗതാഗതയോഗ്യമാണെങ്കിലും ജലനിരപ്പിലുണ്ടാകുന്ന വന്‍വ്യതിയാനങ്ങള്‍ ഇവയുടെ ചൂഷണത്തിനു വിഘാതമാകുന്നു. തലസ്ഥാനമായ എന്‍ജാമേനയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.

ഗവണ്‍മെന്റ്

ഛാഡ് ഒരു റിപ്പബ്ലിക് ആണ്. 1958-ല്‍ ഫ്രഞ്ച് അധീനതയില്‍ തന്നെയുള്ള ഒരു സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. 1960 ആഗ. 11-നാണ് ഇതിനു പരിപൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചത്. ഫ്രാങ്സ്വാ റ്റൊംബാല്‍ബായി ആയിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യപ്രസിഡന്റ്. ഇദ്രിസ് ഡെബിയുടെ നേതൃത്വത്തില്‍ 1997 ഫെ. 23-ന് രൂപീകൃതമായ ഗവണ്‍മെന്റാണ് ഇപ്പോള്‍ നിലവിലുള്ളത്. ഭരണ നിര്‍വഹണത്തിന് പ്രസിഡന്റിന്റെ കീഴില്‍ നാലു വര്‍ഷം കാലാവധിയുള്ള 125 അംഗങ്ങളുള്ള നാഷണല്‍ അസംബ്ളിയുണ്ട്. ഭരണാവശ്യങ്ങള്‍ക്കുവേണ്ടി ഛാഡിനെ 14 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. യു.എന്‍. അംഗമാണ്. ഇവിടത്തെ നാണയം ഫ്രാങ്ക് സി.എഫ്.എ. ആകുന്നു.

ഛാഡ് റിപ്പബ്ലിക്കിലെ ഔദ്യോഗികഭാഷയാണ് ഫ്രഞ്ച്. അറബിയും പല ഗോത്രഭാഷകളും പ്രാബല്യത്തിലുണ്ട്. പ്രകൃതിയിലുള്ള എല്ലാറ്റിനെയും പൂജിക്കുന്ന 'ജഡാത്മവാദം' (Animism), ഇസ്ലാം എന്നിവയാണ് മുഖ്യമതങ്ങള്‍. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാണെങ്കിലും സെക്കന്‍ഡറിതല വിദ്യാഭ്യാസം വരെയെത്തുന്ന കുട്ടികള്‍ വിരളമാണ്. യുനെസ്കൊയുടെ കണക്കനുസരിച്ച് 92-ല്‍ ഇവിടത്തെ സാക്ഷരതാ നിരക്ക് 70.2 ശ.മാ. ആയിരുന്നു. തലസ്ഥാന നഗരിയില്‍ ഒരു സര്‍വകലാശാലയുണ്ട്.

ജനങ്ങള്‍

ഛാഡ് റിപ്പബ്ലിക്കിലെ ജനങ്ങള്‍ പ്രധാനമായി പതിനൊന്നു വംശീയ വിഭാഗങ്ങളില്‍പ്പെടുന്നു. ഇതു കൂടാതെ പല അവാന്തരവിഭാഗങ്ങളും ഇവിടെയുണ്ട്. ചാരി നദിക്കു തെക്കായി വരുന്ന ജനവിഭാഗത്തിന് ആഫ്രിക്കന്‍ പരമ്പരാഗതമതവിശ്വാസങ്ങളാണുള്ളത്. ഛാഡിന്റെ വടക്കും കിഴക്കുമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ അധികവും അറബികളും നീഗ്രോ-അറബി സങ്കര വര്‍ഗത്തിലുള്ളവരുമാണ്. തെക്കുഭാഗത്തുള്ള നീഗ്രോ ആദിവാസികള്‍ 'ബന്തു' ഭാഷ സംസാരിക്കുന്നവരാണ്. തലസ്ഥാന നഗരമായ എന്‍ജാമേനയാണ് വലുപ്പത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തില്‍ മുന്നില്‍. ഛാഡയില്‍ ജനസാന്ദ്രത പൊതുവേ കുറവാണ്. തെക്കന്‍ ഛാഡിലുള്ള 'സേറാ' എന്ന നരവംശ വിഭാഗത്തില്‍പ്പെട്ടവരാണ് എണ്ണത്തില്‍ കൂടുതലുള്ളത്.

ഛാഡില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണ്. ഇവരില്‍ അധികവും റോമന്‍ കത്തോലിക്കരാണ്.

ബി.സി. 5000-ല്‍ തന്നെ ഛാഡില്‍ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പണ്ടുകാലങ്ങളില്‍ പല ദിശകളില്‍ നിന്ന്-പ്രത്യേകിച്ച് വടക്കും കിഴക്കും ദിശകളില്‍-ജനങ്ങള്‍ ഈ പ്രദേശത്തേക്കു കുടിയേറിയത് ഇവിടെ പല ഗോത്രവര്‍ഗ സ്ഥാനങ്ങളുണ്ടാകുവാന്‍ സഹായകമായി. സഹാറയ്ക്കു കുറുകെയുള്ള 'ട്രാന്‍സ് സഹാറന്‍ ട്രേഡ് റൂട്ട്' ഇതുവഴി കടന്നുപോയിരുന്നതിനാല്‍ ഇവിടം ഒരു സുപ്രധാന വാണിജ്യകേന്ദ്രമായിത്തീര്‍ന്നു.

ചരിത്രം

സാവോ ആദിവാസികള്‍ 7-ാം ശ.-ല്‍ ഛാഡിലെ എക്കല്‍ത്തടങ്ങളില്‍ കടന്നുകയറി തങ്ങളുടെ അധീശത്വം സ്ഥാപിക്കുകയും ബൂലാലകളുടെ ഈ പ്രദേശത്തേക്കുള്ള കടന്നു കയറ്റത്തില്‍നിന്ന് ഇതിനെ സംരക്ഷിക്കുകയും ചെയ്തു. 11-ാം ശ. ആയപ്പോള്‍ 'കേനം' എന്നൊരു രാജവംശം ഛാഡില്‍ നിലനിന്നിരുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 'സൈഫവസ്' എന്ന ബെര്‍ബര്‍ മുസ്ലിം രാജവംശത്തിന്റെ ഭരണത്തിലായിരുന്നു അന്ന് ഈ പ്രദേശം. ഈ രാജവംശത്തിലെ രാജാക്കന്മാര്‍ 'മയി' എന്നറിയപ്പെട്ടിരുന്നു.

1220 ആയപ്പോഴേക്കും ഇപ്പോഴുള്ള ഛാഡ് റിപ്പബ്ലിക്കന്‍ പ്രദേശത്തു മുഴുവനും വ്യാപിച്ചുതുടങ്ങിയിരുന്ന കേനം സാമ്രാജ്യം ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കും അരാജകത്വത്തിനും ശേഷം ബൂലാലകളുടെ കൈകളിലെത്തിച്ചേര്‍ന്നു. 14-ാം ശ.-ല്‍ രാജ്യഭ്രഷ്ടനാക്കപ്പെട്ട രാജാവ് ബോര്‍ണുവില്‍ രാജധാനി രൂപീകരിച്ച് കേനമിന്റെ അവകാശം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്നുള്ള മൂന്നു ശതകത്തോളം കേനം-ബോര്‍ണു വംശങ്ങള്‍ ഛാഡിയന്‍ തടം തങ്ങളുടേതാക്കുവാനുള്ള കിടമത്സരം നടത്തിവന്നു. ഈ കാലഘട്ടത്തിന്റെ അവസാനത്തില്‍ ഛാഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വികസിച്ചുവന്ന ഹൗസ സംസ്ഥാനങ്ങളുടെ കടന്നാക്രമണത്തിനെതിരായും ഇവര്‍ക്ക് പോരാടേണ്ടിവന്നിരുന്നു.

16-ാം ശ.-ല്‍ ഈ പ്രദേശം വീണ്ടം കീഴടക്കുവാന്‍ ബോര്‍ണു രാജവംശത്തിനു കഴിഞ്ഞു. തുടര്‍ന്ന് 19-ാം ശതകം വരെ കേനം-ബോര്‍ണു രാജവംശങ്ങള്‍ ബാഗിര്‍മി രാജ്യത്തിന്റെയും സുഹൃദ് രാജ്യമായ ബൂലാലയുടെയും തുടരെയുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുനിന്നു. ഏകീകരിച്ച ഹൗസപ്രദേശങ്ങള്‍ 1808-ല്‍ ബോര്‍ണു കീഴടക്കുന്നതില്‍ വിജയിച്ചതിനെത്തുടര്‍ന്ന് പലായനം ചെയ്ത രാജാവ് തന്റെ ബന്ധുവായ മുഹമ്മദ് അല്‍-അമീന്‍-അല്‍ കേനമിയോട് സഹായമഭ്യര്‍ഥിച്ചു. ഇതില്‍ വിജയിച്ച അല്‍-കേനമി ജനനേതാവായി മാറുകയും ഷേഗു എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയുമുണ്ടായി. ഇതോടെ 'മായി' വെറു നാമമാത്ര രാജാവായിത്തീര്‍ന്നു. പ്രസിദ്ധ അടിമച്ചന്തയായി മാറിയ കുക്കാവയിലായിരുന്നു അല്‍-കേനമി തന്റെ തലസ്ഥാനം സ്ഥാപിച്ചിരുന്നത്.1846-ല്‍ അവസാനത്തെ മായിയും കൊല്ലപ്പെട്ടതോടെ 11-ാം ശ.-ല്‍ ജന്മംകൊണ്ട സൈഫവസ് രാജവംശത്തിന്റെ അവസാനം കുറിക്കപ്പെട്ടു. തുടര്‍ന്ന് ഛാഡിലെ പല പ്രദേശങ്ങളും സുഡാനിസിലെ സാഹസികനായ റാബേയുടെ അധികാരത്തില്‍ കീഴിലായിത്തീര്‍ന്നു. 1822-ല്‍ ഛാഡിയന്‍ തടത്തിലെത്തിയ ഡിക്സന്‍ ഡെനാം, ഹ്യൂ ക്ളാപ്പെട്ടണ്‍ എന്നിവരായിരുന്നു ഇവിടെ ആദ്യമായി കാലുകുത്തിയ ബ്രിട്ടീഷ് പര്യവേക്ഷകര്‍. 1870-ലും 71-ലും ഹൈന്റിഷ് ബാര്‍ത്, ഹുസ്താവ് നാഹ്തിഗല്‍ എന്നിവരുള്‍പ്പെടെയുള്ള പല ജര്‍മന്‍ സഞ്ചാരികളും ഇവിടെ പര്യടനം നടത്തി. 1893-ല്‍ ഇവിടെ ആദ്യമായി കാലുകുത്തിയ ഫ്രഞ്ചുകാര്‍ 16 വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശം തങ്ങളുടെ അധീനതയിലാക്കുകയുണ്ടായി. 1897-ല്‍ അവസാനത്തെ ബാഗിര്‍മി നേതാവായ ഗാവോ റാങ് ഫ്രാന്‍സുമായുള്ള ഒരു ഉടമ്പടിയില്‍ ഒപ്പു വച്ചതിന്‍ പ്രകാരം ഫ്രഞ്ച് സംരക്ഷണത്തിലുള്ള ഒരു സംസ്ഥാനമായി മാറിയ ഛാഡ് 1920-ല്‍ 'ദ ഫെഡറേഷന്‍ ഒഫ് ഫ്രഞ്ച് ഇക്വറ്റോറിയല്‍ ആഫ്രിക്ക'യുടെ കീഴിലുള്ള ഒരു കോളനിയാക്കപ്പെട്ടു.

1958-ല്‍ ഛാഡ് ഫ്രഞ്ചധീനതയിലുള്ള ഒരു സ്വയംഭരണ റിപ്പബ്ലിക്കായി മാറി. 1960 ആഗ. 11-നാണ് ഛാഡിന് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചത്. ഛാഡ് യു.എന്നില്‍ അംഗത്വം നേടിയതും ഇതേ വര്‍ഷം തന്നെ. ഒരു മുന്‍ തൊഴിലാളി സംഘടനാ നേതാവായിരുന്ന ഫ്രാങ്സ്വാ റ്റോംബാല്‍ബായി ആയിരുന്നു സ്വതന്ത്ര ഛാഡിന്റെ ആദ്യ പ്രസിഡന്റ്. തന്റെ പാര്‍ട്ടിയൊഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളെയും 1962-ല്‍ ഇദ്ദേഹം നിരോധിച്ചിരുന്നു. 1960-കളുടെ അവസാനത്തില്‍ വടക്കന്‍ പ്രദേശത്തുള്ള മുസ്ലിങ്ങളുടെയും തെക്കുള്ള ബന്തൂ വിഭാഗക്കാരുടെയുമിടയില്‍ നിലനിന്നിരുന്ന ലഹളകള്‍ 70-കളുടെ ആദ്യം വരെ തുടരുകയുണ്ടായി. ഇതിനിടെ ഫ്രാന്‍സില്‍ നിന്ന് ആയുധസഹായം കിട്ടിക്കൊണ്ടിരുന്ന മുസ്ലിങ്ങള്‍ ഗവണ്‍മെന്റിനെതിരായി അണിനിരന്നു.

1975 ഏ. 13-ന് ഉണ്ടായ ഒരു പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് റ്റോംബാല്‍ബായിക്കുശേഷം ഏ. 16-ന് ബ്രിഗേഡിയര്‍ ജനറല്‍ ഫെലിക്സ് മല്ലും സായുധസേനാ കമാന്‍ഡറും രാഷ്ട്രത്തലവനും ആയി സ്ഥാനമേറ്റു. മല്ലൂം നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെത്തുടര്‍ന്ന് 1978 ആഗസ്റ്റില്‍ ഛാഡിന്റെ വടക്കന്‍ പ്രദേശത്തു നിന്നുള്ള ഹിസ്സെനെ ഹാബ്റി പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. എന്നാല്‍ മല്ലൂമിനും ഹാബ്റിക്കുമിടയിലുടലെടുത്ത അസ്വാരസ്യങ്ങള്‍ 1979 മാര്‍ച്ചില്‍ മല്ലൂം തന്റെ പദവി രാജിവച്ച് നാട്ടില്‍ നിന്നു പലായനം ചെയ്യുന്നതുവരെ കൊണ്ടെത്തിച്ചു. ഇതിനെത്തുടര്‍ന്ന് ഒരു താത്കാലിക ഗവണ്‍മെന്റ് ഛാഡില്‍ നിലവില്‍ വന്നെങ്കിലും രാജ്യത്തു നടമാടിയിരുന്ന വര്‍ഗീയ ലഹളകളും കലാപങ്ങളും നിയന്ത്രിക്കുവാന്‍ ഇതിനായില്ല.

1979 ആഗ. 11-ന് ഗോകൂനി ഔദീ പ്രസിഡന്റും അബ്ദുല്‍ ഖാദര്‍ കമോഗി വൈസ് പ്രസിഡന്റും ആയുള്ള ഒരു പുതിയ ഗവണ്‍മെന്റ് ഛാഡില്‍ നിലവില്‍ വന്നു. 1980 മാര്‍ച്ചോടെ രാജ്യത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ ചെറുക്കാനുള്ള ഗണ്‍മെന്റ് ശ്രമങ്ങള്‍ വിഫലമായതിനെത്തുടര്‍ന്ന് ഗോകൂനിയുടെ പിന്തുണയ്ക്കായി കലാപബാധിതപ്രദേശങ്ങളില്‍ ലിബിയന്‍ സേന എത്തി. കലാപത്തിന് നേതൃത്വം നല്കിയിരുന്ന ഹാബ്റിയുടെ പതനത്തിനുശേഷം 1981 ന.-ല്‍ ലിബിയന്‍ സേന പിന്‍വാങ്ങി. എന്നാല്‍ പിന്നീടുണ്ടായ കലാപങ്ങള്‍ 1982 ജൂണില്‍ തലസ്ഥാന നഗരമായ എന്‍ജാമേന കീഴടക്കാന്‍ ഹാബ്റിക്ക് സഹായകമാവുകയാണുണ്ടായത്. തുടര്‍ന്ന് ഒ. 21-ന് ഹാബ്റി ഛാഡ് പ്രസിഡന്റായി. ലിബിയയുടെ പിന്തുണയോടുകൂടി ഗോകൂനിയുടെ വിമതവിഭാഗം 1983 ആഗ.-ല്‍ വടക്കന്‍ പ്രദേശത്തുള്ള ഫായ-ലാര്‍ഗൂ കീഴടക്കി. ഛാഡിന്റെ തെക്കുഭാഗത്ത് കേന്ദ്രീകരിച്ചിരുന്ന 'കുഡോസ്' എന്ന വിമത വിഭാഗം 1984 ആഗ.-ല്‍ ഗവണ്‍മെന്റിനെതിരെ ഗറില്ലായുദ്ധം തുടങ്ങിയെങ്കിലും പട്ടാളം ഇവരുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്തുകയാണുണ്ടായത്.

1986-ല്‍ ലിബിയന്‍ സേനയും ഗോകൂനിയുടെ സേനാവിഭാഗവും-ഇത് ഫാപ് (Forces Armees Populaires) എന്നറിയപ്പെട്ടു-തമ്മില്‍ റ്റിബസ്ത് പ്രദേശത്തു വച്ച് പല തവണ ഏറ്റുമുട്ടി. 1989 ഏപ്രിലില്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിന് നേതൃത്വം നല്കിയിരുന്ന മുന്‍ സായുധസേനാമേധാവി ഈദ്രിസ് ഡെബി സുഡാനിലെത്തി. അവിടെ വച്ച് ഒരു പുതിയ പ്രതിപക്ഷ വിഭാഗത്തിനു രൂപം നല്കി. 1989 ജൂണായപ്പോഴേക്കും ലിബിയയും ഛാഡും തമ്മിലുള്ള ബന്ധങ്ങള്‍ തികച്ചു വഷളായിത്തീര്‍ന്നു.

1989 ഡിസംബറില്‍ നിലവില്‍ വന്ന ഭരണഘടന അനുസരിച്ച് പല ഉന്നതാധികാരങ്ങളും പ്രസിഡന്റില്‍ നിക്ഷിപ്തമായി. മടങ്ങിയെത്തിയ ഈദ്രിസ് ഡെബിയും കൂട്ടരും 1990 മാ.-ല്‍ രാജ്യത്തിന്റെ കിഴക്കു ഭാഗത്തുള്ള പല ഗ്രാമങ്ങളും ആക്രമിച്ചു കീഴടക്കി. സുഡാനിലേക്കു മടങ്ങിപ്പോയെങ്കിലും 1990 ന.-ല്‍ ഛാഡിലേക്കു തിരിച്ചു വന്ന ഇവര്‍ സര്‍ക്കാരിനെതിരായി ഒരു തുറന്ന യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ഹാബ്റിയും കൂട്ടരും കാമറൂണിലേക്കു പലായനം ചെയ്തു. തുടര്‍ന്ന് താത്കാലിക രാഷ്ട്രത്തലവനായി ഡെബി സ്ഥാനമേറ്റു. ഹാബ്റിയെ എതിര്‍ത്തിരുന്ന പല രാഷ്ട്രീയ കക്ഷികളും ഡെബിക്ക് പിന്തുണ നല്കി. ഫ്രാന്‍സ്, ലിബിയ, സുഡാന്‍ എന്നീ രാജ്യങ്ങളും ഈ ഗവണ്‍മെന്റിനെ പിന്താങ്ങി. 1991 മാര്‍ച്ചില്‍ ഡെബിയുടെ പ്രസിഡന്റ് സ്ഥാനം സ്ഥിരീകരിക്കപ്പെട്ടു. 1991 ഒക്ടോബറിലും 92 ഫെബ്രുവരിയിലും സായുധസേനാവിഭാഗം അട്ടിമറിശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവയൊന്നും തന്നെ വിജയത്തിലെത്തിയില്ല. 1996 ജൂല. 3-ന് ഡെബി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1997 മാര്‍ച്ചില്‍ രൂപംകൊണ്ട പുതിയ ഭരണകൂടത്തില്‍ നാസ്സര്‍ ഔയദൂ ആണ് പ്രധാനമന്ത്രി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍