This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനം. വ്യഞ്ജനത്തിന്റെ മൗലികരൂപം 'ഛ്' എന്നാണ്. ഉച്ചാരണ സൌകര്യത്തിനായി 'അ' എന്ന സ്വരം ചേര്‍ത്ത രൂപമാണ് ഛ (ഛ് + അഛ). ചവര്‍ഗത്തിലെ അതിഖരമാണിത്. ച എന്ന ഖരത്തിന്റെ മഹാപ്രാണീകരണം കൂടിയാണ് ഛ. നാവിന്റെ അഗ്രം കഠിനതാലുവിനോടു ചേര്‍ത്തിട്ട് വേര്‍പെടുത്തിയാണ് ഇതുച്ചരിക്കുന്നത്. അതിനാല്‍ സ്ഥാനഭേദമനുസരിച്ച് ഇത് താലവ്യമാണ്. ദ്രാവിഡ ഭാഷാകുടുംബത്തിനു സ്വന്തമായുള്ള അക്ഷരമല്ലിത്. എങ്കിലും പഴയ മലയാളത്തിലും തെലുഗു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഇത് കാണുന്നുണ്ട്. ഇത് സംസ്കൃതത്തില്‍ നിന്നും കടം കൊണ്ടതാണ്.

ചിത്രം:Pg 350 chha.png

പദാദിയിലൊഴികെ ഇത് ദ്വിത്വമായിട്ടേ പ്രയോഗിക്കാറുള്ളൂ. സ്വരങ്ങള്‍ ചേര്‍ന്ന രൂപങ്ങള്‍ ഇവയാണ്-ഛ, ഛാ, ഛി, ഛീ, ഛു, ഛൂ, ഛൃ, ഛെ, ഛേ, ഛൈ, ഛൊ, ഛോ, ഛൗ. 'ഛ' ചേര്‍ന്നുവരുന്ന കൂട്ടക്ഷരങ്ങള്‍ ച്ഛ, ച്ഛ്ര, ഞ്ഛ, മ്ച്ഛ, ര്‍ച്ഛ, ച്ഛ്വ എന്നിവയാണ്.

ഉദാ. ച്ഛ - കച്ഛപി

ച്ഛ്ര - ഉച്ഛ്രയം

ഞ്ഛ - ഗുളുഞ്ഛം

മ്ച്ഛ - ഗുലുമ്ച്ഛം

ര്‍ച്ഛ - മൂര്‍ച്ഛ

ച്ഛ്വ - ഉച്ഛ്വാസം

ഈ കൂട്ടക്ഷരങ്ങളൊന്നും തന്നെ ദ്രാവിഡഭാഷകളില്‍ പദാദിയില്‍ പ്രയോഗിച്ചു കാണുന്നില്ല. സംസ്കൃതഭാഷയില്‍ ഛ്യു ധാതുവില്‍ നിന്നുണ്ടായ ചില പദങ്ങളില്‍ ഛ ചേര്‍ന്നുള്ള കൂട്ടക്ഷരം ഉപയോഗിക്കുന്നുണ്ട്.

തത്ഭവങ്ങളില്‍ 'ഛ' 'ച' ആയി മാറുന്നു.

ഉദാ. ഛായ - ചായ

ഛിന്ന - ചിന്ന

ഛുരിക - ചുരിക

ഛേദം - ചേതം

നിന്ദ, പുച്ഛം, പരിഹാസം എന്നിവയെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകശബ്ദം കൂടിയാണ് ഛ. ഉദാ. ഛ! തെണ്ടി!... കടപയാദി സമ്പ്രദായത്തില്‍ 'ഛ' 7 എന്ന സംഖ്യയെയാണ് കുറിക്കുന്നത്. ഇതിന് പരിശുദ്ധമായ പൈതല്‍, ആവരണം, മറ, രസം എന്നീ അര്‍ഥങ്ങളുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍