This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗസിംഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗസിംഗ

ചൗസിംഗ

നാല്‍ക്കൊമ്പന്‍ കൃഷ്ണമൃഗം. ടെട്രാസെറിനി (Tetracerini) വര്‍ഗത്തിലെ ഏക അംഗമാണിത്. ശാസ്ത്രനാമം: ടെട്രാസെറസ് ക്വാഡ്രിക്കോര്‍ണിസ് (Tetracerus quadricornis). ഹിമാലയത്തിന്റെ ദക്ഷിണസാനുക്കളിലും കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. തുറന്ന കാടുകളും പുല്ലുനിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളും ആണ് ഇവയുടെ ഇഷ്ടവാസ സ്ഥലങ്ങള്‍. ധാരാളം വെള്ളം കുടിക്കാറുള്ള ഈ മൃഗം ജലാശയങ്ങള്‍ക്കടുത്താണ് കഴിയുക.

90-110 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ മൃഗത്തിന് രണ്ടു ജോടി കൊമ്പുകളുണ്ട്. നെറ്റിയിലുള്ള ഒരു ജോടി ചെറിയ കൊമ്പുകള്‍ക്ക് 2-5 സെ.മീ. നീളം വരും. ഇതിനു പിറകിലുള്ളവ വലുതും 7-10 സെന്റിമീറ്ററോളം നീളമുള്ളവയുമാണ്. പെണ്‍മൃഗത്തിന് കൊമ്പുകള്‍ ഇല്ല. വലയിതമല്ലാത്ത കൊമ്പുകള്‍ ഇവയുടെ പ്രത്യേകതയാണ്.

തോളിനെക്കാള്‍ ഉയര്‍ന്ന ജഘനമുള്ള ഈ മൃഗത്തിന് ഇളം തവിട്ടു നിറമാണ്. കാലുകള്‍ക്കിടിയിലുള്ള ഭാഗത്തിന് വെള്ള നിറമാണ്. കാലുകളുടെ മുന്‍വശത്തായി ഇരുണ്ട ഒരു വര കാണാറുണ്ട്. ആണ്‍മൃഗത്തിനും പെണ്‍മൃഗത്തിനും കപടഖുരങ്ങള്‍ക്കിടിയിലായി ഒരു ഗ്രന്ഥി കാണപ്പെടുന്നു. വാല്‍ ചെറുതും രോമാവൃതവും ആയിരിക്കും. ഇവയ്ക്ക് 15-25 കിലോഗ്രാം ഭാരം വരും.

ചൗസിംഗകളെ പറ്റങ്ങളായി കാണാറില്ല. രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച് മേഞ്ഞു നടക്കുന്നു. ജൂണ്‍-ആഗസ്റ്റ് കാലത്താണ് ഇണ ചേരുന്നത്. ഗര്‍ഭകാലം ഏതാണ്ട് എട്ടു മാസമാണ്. ജനുവരി-ഫെബ്രുവരിയില്‍ പ്രസവിക്കും. ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടായിരിക്കും. അപകടസമയങ്ങളില്‍പ്പോലും പെണ്‍മൃഗം കുഞ്ഞുങ്ങളെ വിട്ടുപോകാറില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%97%E0%B4%B8%E0%B4%BF%E0%B4%82%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍